അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുന്നു.

'പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരെ മോദി ജയിലിലടക്കും', മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

‘‘ബി.ജെ.പിക്ക് 230-ൽ കൂടുതൽ സീറ്റ് കിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സീറ്റ് കുറയും. ‘ഇന്ത്യ’ സഖ്യ സർക്കാർ അധികാരത്തിലെത്തും’’- അരവിന്ദ് കെജ്രിവാൾ.

Election Desk

ജാമ്യത്തിൽ പുറത്തുള്ള 21 ദിവസവും താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

50 ദിവസത്തെ ജയിൽവാസത്തിനുശേഷം ഇന്നലെ പുറത്തിറങ്ങിയ അദ്ദേഹം ഇന്ന് ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കവേയാണ് മോദിക്കും ബി.ജെ.പിക്കും എതിരെ ആഞ്ഞടിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതാൻ അദ്ദേഹം പൗരസമൂഹത്തിന്റെ പിന്തുണ അഭ്യർഥിച്ചു: ‘‘ഏകാധിപതികളായ ഏതു നേതാവിനെയും രാജ്യം പുറത്താക്കുക തന്നെ ചെയ്യും. ഇന്ത്യയിൽ കഴിഞ്ഞ കാലത്ത് നിരവധി നേതാക്കൾ സ്വേച്ഛാധിപത്യ പ്രവണതകൾ കാണിച്ചിട്ടുണ്ട്. എന്നാൽ, അവരെയെല്ലാം ജനം അധികാരത്തിൽനിന്ന് പുറത്താക്കിയിട്ടുമുണ്ട്. ഇപ്പോൾ, മറ്റൊരു സ്വേച്ഛാധിപതി ഇന്ത്യൻ ജനാധിപത്യത്തെ തന്നെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. ഞാൻ അതിനെതിരെയാണ് പോരാടുന്നത്. എനിക്കിത് ഒറ്റയ്ക്ക് ചെയ്യാനാകില്ല. എനിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്, ആ പിന്തുണക്കായി ഞാൻ നിങ്ങളോട് യാചിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ആക്രമണങ്ങൾക്ക് ഒരു പാറ്റേണുണ്ട്. എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലിടക്കുക, ആ സർക്കാറുകളെ മറിച്ചിടുക. ജാർക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ കേന്ദ്ര ഏജൻസികളാൽ 'ആദരിക്കപ്പെട്ടു'. കെജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നതിലൂടെ അവർ ഒരു കാര്യം വ്യക്തമാക്കാൻ ശ്രമിച്ചു. ഇനി അവർക്ക് ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യാം. ഈ മിഷന്റെ പേരാണ് 'ഒരു രാജ്യം ഒരു നേതാവ്'.

''നമ്മുടെ മന്ത്രിമാര്‍, ഹേമന്ത് സോറന്‍, മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ എന്നിവര്‍ ജയിലിലാണ്. അവര്‍ വീണ്ടും ജയിക്കുകയാണെങ്കില്‍ മമതാ ബാനര്‍ജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്, പിണറായി വിജയന്‍, ഉദ്ധവ് താക്കറേ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ ജയിലിടക്കും''- അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ

ബി.ജെ.പിക്ക് 230-ൽ കൂടുതൽ സീറ്റ് കിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സീറ്റ് കുറയുമെന്നും ‘ഇന്ത്യ’ സഖ്യ സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിക്ക് പങ്കുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരും. അഴിമതി നടത്തിയെന്നു പറയുന്നവർ തന്നെ ബി.ജെ.പിയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലെ അധികാരപ്രയോഗങ്ങളുടെ എഞ്ചിനീയർമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുമ്പ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം മോദിക്ക് 75 വയസാകുമെന്നും അപ്പോൾ അമിത് ഷായെ പ്രധാനമന്ത്രിയാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

മുതിർന്ന നേതാക്കളുടെ രാഷ്ട്രീയഭാവി മോദി ഇല്ലാതാക്കി. ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. മോദി വിജയിക്കുകയാണെങ്കിൽ ഒരു മാസത്തിനകം അദ്ദേഹം യോഗിയെ മാറ്റുമെന്ന് കെജ്രിവാൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും

‘‘നിങ്ങള്‍ ജനാധിപത്യത്തെ ജയിലിടച്ചാല്‍ ജനാധിപത്യം ജയിലില്‍ കിടന്ന് പ്രവര്‍ത്തിക്കും. ഹേമന്ത് സോറന്‍ പോലും രാജിവച്ചില്ല. രാജി​ വെയ്ക്കാതിരുന്നതിലൂടെ ഞാന്‍ ഏകാധിപത്യത്തിനെതിരെ പോരാടുകയാണ്. ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ചിലര്‍, ഞാന്‍ എന്തുകൊണ്ട് രാജിവെക്കുന്നില്ല എന്നു ചോദിച്ചിരുന്നു. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാനല്ല ഞാന്‍ വന്നത്. കഴിഞ്ഞ 75 വര്‍ഷങ്ങളില്‍നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. എന്നാല്‍, ഡല്‍ഹിയില്‍ ആപ്പ് അധികാരത്തിലേറിയത് ചരിത്രപരമായ ഭൂരിപക്ഷത്തോടെയാണ്. ഒരു സംസ്ഥാനത്തും ഒരു പാര്‍ട്ടിയും ഇത്തരമൊരു വലിയ ഭൂരിപക്ഷം നേടിയിട്ടില്ല. അതുകൊണ്ട് അവര്‍ക്കറിയാം, ആപ്പിനെ തോല്‍പ്പിക്കാനാകില്ല എന്ന്. അതുകൊണ്ട് ഒരു ഗൂഢാലോചന കൊണ്ടുവന്ന് കെജ്‌രിവാളിനെ ജയിലിലടച്ചു. സര്‍ക്കാര്‍ വീണുപോയേക്കാം, എന്നാല്‍, ഞങ്ങള്‍ അവരുടെ കെണിയില്‍ വീണുപോകില്ല''- കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തിനായി ചോര ചിന്താൻ താൻ തയാറാണ്. രാജ്യത്തൊട്ടാകെ സഞ്ചരിച്ച് ജനങ്ങളോട് സംസാരിക്കും.

''ഞങ്ങളുടെ ആം ആദ്മി പാർട്ടി ഒരു ചെറിയ പാർട്ടിയാണ്. രണ്ടു സംസ്ഥാനങ്ങളിലേ അധികാരത്തിലുള്ളൂ. എങ്കിലും പ്രധാനമന്ത്രി ഞങ്ങളുടെ പാർട്ടിയെ തകർക്കാൻ സകല ശ്രമവും നടത്തുകയാണ്. ഞങ്ങളുടെ നേതാക്കളെ ജയിലിടക്കുന്നു. വലിയ പാർട്ടികളുടെ നാല് വലിയ നേതാക്കൾ ജയിലിൽ പോയാൽ ആ പാർട്ടി അവസാനിക്കും. അങ്ങനെ ആം ആദ്മി പാർട്ടിയെ അവസാനിപ്പിക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. കാരണം, ആംആദ്മി പാർട്ടി ഒരു ആശയമാണ്. നശിപ്പിക്കാൻ ശ്രമിച്ചാലും അത് കൂടുതൽ കൂടുതൽ വളർന്നുകൊണ്ടിരിക്കും. ആം ആദ്മി പാർട്ടിയാണ് രാജ്യത്തിന് ഒരു ഭാവിയുണ്ടാക്കാൻ പോകുന്നത് എന്ന് പ്രധാനമന്ത്രി തന്നെ കരുതുന്നു എന്നാണ് ഇതിന്റെ അർഥം''. അദ്ദേഹം പറഞ്ഞു.

ഫ്‌ളയിങ് കിസ് നൽകിയാണ് കെജ്‌രിവാൾ ആവേശഭരിതരായ പ്രവർത്തകരെ സ്വാഗതം ചെയ്തത്.

പങ്കാളി സുനിതക്കൊപ്പം കൊണാട്ട്‌പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന അരവിന്ദ് കെജ്രിവാൾ

പങ്കാളി സുനിതക്കൊപ്പം കൊണാട്ട്‌പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് അദ്ദേഹം പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും എം.പി സഞ്ജയ് സിങ്ങും ഡൽഹി മന്ത്രിമാരായ അതിഷി മർലേനയും സൾൗരവ് ഭരദ്വാജും ഒപ്പമുണ്ടായിരുന്നു. ഇന്നു വൈകീട്ട് നാലിന് സൗത്ത് ഡൽഹിയിലെ മെഹ്‌റോളിയിലും ആറിന് ഈസ്റ്റ് ഡൽഹിയിലെ കൃഷ്ണ നഗറിലും കെജ്‌രിവാൾ റോഡ് ഷോയിൽ പങ്കെടുക്കും.

Comments