‘ശുചിത്വ ഭാരത’ത്തിൽ മാലിന്യം കോരുന്ന പണി
ഇപ്പോഴും പിന്നാക്ക വിഭാഗക്കാർക്കു​തന്നെ

News Desk

2014-ല്‍ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ ‘ശുചിത്വ ഭാരതം’ പദ്ധതി പത്തു വര്‍ഷത്തിനുശേഷം എവിടെയെത്തിനിൽക്കുന്നു?
തുടങ്ങിയിടത്തുതന്നെ എന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ട കണക്ക് തെളിയിക്കുന്നു.
ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും ശുചീകരിക്കുന്ന അപകടകരമായ ജോലി ചെയ്യുന്നവരിൽ 92%- വും പിന്നാക്ക വിഭാഗക്കാരാണ്. മാലിന്യനിർമാർജനം യന്ത്രവൽക്കരിക്കാനും അപകടകരമായ ശുചീകരണ ജോലി മൂലമുള്ള മരണങ്ങൾ തടയാനുമുള്ള പദ്ധതിയായ ‘നമസ്‌തേ’യുടെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം പുറത്തുവിട്ട അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ (Sewers and septic tanks-SSWs) കണക്കുപ്രകാരം നഗരപ്രദേശങ്ങളിലെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്ന 38,000 തൊഴിലാളികളിൽ 68.9 ശതമാനം പേരും പട്ടികജാതിക്കാരാണ്. 14.7 ശതമാനം ഒ.ബി.സി വിഭാഗക്കാരും 8.3 ശതമാനം പട്ടികവർഗക്കാരും. 29 സംസ്ഥാനങ്ങളിലെ 3000 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

2019- 2023 കാലത്ത്, ഇത്തരം പണിയിലേർപ്പെട്ട 377 പേരെങ്കിലും മരിച്ചതായും സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം പണി ചെയ്യുന്നവര്‍ സാമൂഹിക വിവേചനം നേരിടുന്നുവെന്നുമാത്രമല്ല, മറ്റ് മികച്ച തൊഴിലവസരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാകുന്നുമില്ല.

കേന്ദ്ര സർക്കാറിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളിൽ ഒന്നാകുകയാണ് ‘ശുചിത്വ ഭാരത’വും എന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. ശൗചാലയ നിര്‍മാണത്തിനുള്ള കണക്കെടുപ്പിനായി കോടികള്‍ ചെലവാക്കിയ ഈ പദ്ധതിയില്‍ 60 ശതമാനം ഗ്രാമീണര്‍ക്കും ശുചിത്വം ഉറപ്പാക്കാനായില്ല. ഇപ്പോഴും രാജ്യത്തെ 53 ശതമാനം വീടുകളിലും ശൗചാലയമില്ല. ഗ്രാമങ്ങളില്‍ 70 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയമില്ല. മാലിന്യസംസ്‌കരണത്തിലെ വീഴ്ചയാണ്, ഇത്തരം പണികളില്‍ അധഃകൃതവിഭാഗങ്ങള്‍ തളച്ചിടപ്പെടാന്‍ കാരണം. 2019-23 കാലത്ത് നടത്തിയ ഒരു സര്‍വേയിലും കണ്ടെത്തിയത്, 68.9 ശതമാനം സ്വീവേജ് പണിക്കാര്‍ പട്ടികജാതിക്കാരും 14.7 ശതമാനം ഒ.ബി.സിക്കാരും 8.3 ശതമാനം പട്ടികവര്‍ഗക്കാരുമാണ് എന്നാണ്.

മാലിന്യം കോരുന്ന അപകടകരമായ പണിയില്‍ ഇപ്പോഴും കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നുകൂടി ഈ ഡാറ്റ സൂചിപ്പിക്കുന്നു. 2013-ലെ Prohibition of Employment as Manual Scavengers and their Rehabilitation Act തുടങ്ങിയ നിയമങ്ങളുണ്ടെങ്കിലും ഇപ്പോഴും ഇത്തരം പണികളിലേര്‍പ്പെടുന്നവരെ തീരുമാനിക്കുന്നത് ജാതിയാണ്.

സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്ക് ജാതി സെന്‍സസിന്റെ അനിവാര്യത വ്യക്തമാക്കുന്ന ഒന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. ജാതി സെന്‍സസിലൂടെ മാത്രമേ പിന്നാക്ക വിഭാഗങ്ങളുടെ ഇത്തരം തൊഴിലിലുള്ള പ്രാതിനിധ്യത്തിന്റെ കണക്ക് കണ്ടെത്താനാകൂ. ഈ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പുറത്തുവരുമെന്നതിനാലാണ് ബി.ജെ.പി സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ പേടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വർഷം മുൻപ് ആരംഭിച്ച ‘നമസ്തേ’ പദ്ധതിയുടെ ഭാഗമായി 3,326 നഗര തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം തൊഴിൽ മേഖലയിൽ എർപ്പെട്ടിരിക്കുന്ന 38,000 പേരുടെ വിവരം ശേഖരിച്ചു. 2021-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 4,800 നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം ജോലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളം, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കണക്കെടുപ്പ് പൂർത്തിയാക്കി. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ 17 സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് നടക്കുകയാണ്. ഛത്തീസ്ഗഡ്, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല. തമിഴ്‌നാടും ഒഡീഷയും ഇത്തരം തൊഴിലാളിയ്ക്കായി സ്വയം പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും പദ്ധതികളുടെ ഡാറ്റ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് ചെയ്യാറില്ല.

കേരളവും കർണാടകയും പോലുള്ള സംസ്ഥാനങ്ങൾ പ്രത്യേക ക്യാമ്പുകളിലെ തൊഴിലാളികൾക്കായി വിവര വിദ്യാഭ്യാസ ആശയവിനിമയ (ഐഇസി) കാമ്പയിൻ നടത്തുന്നുണ്ട്. ആന്ധ്രാപ്രദേശിൽ നഗര തദ്ദേശ സ്ഥാപനങ്ങൾ തൊഴിലാളികളുടെ വീടുകളും ജോലിസ്ഥലങ്ങളും സന്ദർശിച്ചാണ് 30% ഡാറ്റയും ശേഖരിച്ചത്.

2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ ഈ മേഖലയിലെ 31,999 തൊഴിലാളികൾ സബ്സിഡി ലഭിക്കാൻ അർഹത നേടിയതായി മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് പറയുന്നു. ഇതര സ്വയം തൊഴിൽ പദ്ധതികൾക്കായി 191 ഗുണഭോക്താക്കൾക്കും അവരുടെ ആശ്രിതർക്കും 2.26 കോടി രൂപ മൂലധന സബ്‌സിഡിയും, 413 ശുചീകരണ തൊഴിലാളികൾക്കും ആശ്രിതർക്കും ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 10.6 കോടി രൂപ മൂലധന സബ്സിഡിയും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനുള്ള സ്വയം തൊഴിൽ പദ്ധതി (Self Employment Scheme for Rehabilitation of Manual Scavengers- SRMS) പ്രകാരം 2018 വരെ 58,098 തോട്ടിപ്പണിക്കാരെ സർക്കാർ കണ്ടെത്തി. എന്നാൽ തോട്ടിപ്പണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന 6,500-ലധികം പരാതികളിൽ ഒന്നുപോലും പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞ തോട്ടിപ്പണിക്കാരിൽ, 43,797 ​പേരുടെ സാമൂഹിക വിഭാഗങ്ങളുടെ കണക്കുകൾ സർക്കാർ കൈവശമുണ്ട്. അവരിൽ 97.2% പട്ടികജാതിക്കാരാണ്. എസ്.ടി, ഒ ബി സി, മറ്റുള്ളവർ തുടങ്ങിയവർ ഏകദേശം 1% മാത്രമാണ്.

2018 വരെ കണ്ടെത്തിയ തോട്ടിപ്പണിക്കാരിൽ 58,098 പേർക്ക് ഒറ്റത്തവണയായി 40,000 രൂപ നൽകിയതായി സർക്കാർ രേഖകൾ പറയുന്നു. അവരിൽ 18,880 പേരെ ഇതര തൊഴിലുകളിൽ നൈപുണ്യ പരിശീലനത്തിന് തിരഞ്ഞെടുത്തു. മറ്റു ബിസിനസുകൾ ആരംഭിക്കുന്നതിന് 2,051 പേർ വായ്പയെടുത്തിട്ടുണ്ട്.

തോട്ടിപ്പണിക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ പണി ചെയ്യുന്നവർക്ക് കൃത്യമായി കൂലി ലഭിക്കുന്നില്ല, പലപ്പോഴും വേതനത്തിന് പകരം ഭക്ഷണം മാത്രമാണ് കിട്ടുന്നത് എന്ന് 2019 ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.


Summary: Shocking report from central government authorities says that almost 92 percentage of India's sewage workers from backward castes including SC, ST and OBCs


Comments