കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ പ്രക്ഷോഭം അലയടിക്കുകയാണ്. അതിനിടയിൽ, രാജ്യത്തെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുള്ള ജനപ്രതിനിധികളുടെയും ഭരണകർത്താക്കളുടേയും കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (Assosication for Democratic reforms-ADR), നാഷണൽ ഇലക്ഷൻ വാച്ച് ( National Election Watch- NEW) എന്നീ ഏജൻസികൾ. ആകെ 151 ജനപ്രതിനിധികളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 16 എം.പിമാരും 135 എം.എൽ.എമാരുമാണ് ഉള്ളത്. പട്ടികയിലുള്ളവരിൽ രണ്ട് എം.പിമാരും 16 എം.എൽ.എമാരും ബലാത്സംഗകുറ്റത്തിന് പ്രതികളായവരാണെന്നും റിപ്പോർട്ട് പറയുന്നു.
സ്ത്രീകളെ തട്ടികൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കൽ, ബലാത്സംഗം, വാക്കാലോ ആംഗ്യങ്ങളാലോ സ്ത്രീകളെ അപമാനിക്കൽ, പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികളെ വിലയ്ക്ക് വാങ്ങൽ തുടങ്ങിയ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2019-നും 2024-നും ഇടയിൽ നടന്ന തെരെഞ്ഞെടുപ്പുകൾ പ്രകാരം നിലവിൽ എം.പിയോ എം.എൽ.എയോ ആയ വ്യക്തികൾ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ ആകെ എം.പിമാരും എം.എൽ.എമാരുമായി 4693 പേരാണുള്ളത്.
രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപി തന്നെയാണ് ഈ പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ബി.ജെ.പിയുടെ 54 ജനപ്രതിനിധികളാണ് ഈ പട്ടികയിലുള്ളത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസാണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ 23 കേസുകൾ കോൺഗ്രസിലെ ജനപ്രതിനിധികൾക്കെതിരെയുണ്ട്. ബിജെപിയുടെയും കോൺഗ്രസിൻെറയും അഞ്ച് വീതം ജനപ്രതിനിധികൾക്കെതിരെ ബലാത്സംഗക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിൽ, ആന്ധ്രാപ്രദേശ് ഭരിക്കുന്ന തെലുങ്കുദേശം പാർട്ടിയാണ് (ടി.ഡി.പി) മൂന്നാമത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെറ പേരിൽ 17 കേസുകളാണ് ടിഡിപി ജനപ്രതിനിധികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയിൽ നിന്ന് 13 ജനപ്രതിനിധികളും ബംഗാൾ ഭരിക്കുന്ന തൃണമുൽ കോൺഗ്രസിൽ നിന്ന് 10 പേരും ഈ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് പശ്ചിമബംഗാളിൽ നിന്നുള്ള ഭരണകർത്താക്കളാണ്. ബംഗാളിൽ നിന്നുള്ള 25 പേർ പട്ടികയിലുണ്ട്. ഇതേ ബംഗാളിലാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകം സംഭവിച്ചതും, അതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ നടക്കുന്നതും. സംസ്ഥാനങ്ങളുടെ പട്ടികയിൽ, 21 കേസുകളുമായി ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തും 17 കേസുകളുമായി ഒഡിഷ മൂന്നാം സ്ഥാനത്തുമാണ്. കേരളത്തിൽ നിന്ന് 5 ജനപ്രതിനിധികളാണ് ഈ പട്ടികയിലുള്ളത്.
ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 376 പ്രകാരം 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കേസുകളും ജീവപര്യന്തം വരെ ലഭിക്കാവുന്ന കേസുകളും ഈ പട്ടികയിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തടയണമെന്നും, എം.പിമാർക്കും എം.എൽ.എമാർക്കും എതിരെയുള്ള കേസുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത്തരം കേസുകളിലുള്ള പൊലീസ് അന്വേഷണം കോടതി നിരീക്ഷണത്തിൽ ആയിരിക്കണമെന്നും അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ശുപാർശ ചെയ്യുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വ്യക്തികളെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയാക്കുമ്പോൾ ജനങ്ങൾ തള്ളിക്കളയണമെന്നും എ.ഡി.ആർ റിപ്പോർട്ട് ആവശ്യപ്പെടുന്നു.