ബാബറി പള്ളി പൊളിച്ചത്
ഒരു സാധാരണ മലയാളിയുടെ ബോധത്തിൽ വരുത്തിയ
അദൃശ്യ ആഘാതങ്ങൾ

ബാബറി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം ഒരു മലയാളിയുടെ കൗമാരത്തെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് ഓർത്തെടുക്കുകയാണ് എം.എസ്. ​ഷൈജു. അത് രാജ്യത്തിൻ്റെ മൊത്തം പ്രശ്‌നമാകുമ്പോഴും ഒരു ഇന്ത്യൻ മുസ്‌ലിമിന്, അവരല്ലാത്ത മറ്റൊരു മതേതര ജനാധിപത്യ വിശ്വാസിക്ക് അനുഭവപ്പെടുന്നത് പോലെയായിരുന്നില്ല അത് എന്ന് അദ്ദേഹം എഴുതുന്നു.

ബാബറി മസ്ജിദ് എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ബഞ്ചിൽ തൊട്ടടുത്തിരുന്ന ഷംനാദാണ് ‘ആർ എസ് എസുകാർ ബാബറി മസ്ജിദ് പൊളിച്ചു കളഞ്ഞു’വെന്ന വാർത്ത എന്നോടു പറയുന്നത്. ‘ആർ എസ് എസ് എന്നാൽ മുസ്‌ലിംകളെ ശത്രുക്കളായി കാണുന്നവരാണ്’ എന്ന വിവരവും അവൻ തന്നെയാണ് പറഞ്ഞത്. ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. അതെനിക്ക് പുതിയൊരു വാക്കും വാർത്തയുമായിരുന്നു.

ഒരു മുസ്‌ലിം സമുദായാംഗം എന്ന നിലയിലാണ് അന്നതെന്നിൽ സങ്കടവും ആകുലതയുമുണ്ടാക്കിയത്. ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും ജനാധിപത്യ ബോധം പുലർത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാമൂഹ്യജീവി എന്ന നിലയിലും ഈ വാർത്തയ്ക്കാധാരമായ സംഭവം എൻ്റെ പിന്നീടുള്ള ജീവിതത്തിൻ്റെ വീക്ഷണങ്ങളെയും നിലപാടുകളെയും ഏതൊക്കെ വിധത്തിൽ സ്വാധീനിക്കാൻ പോന്നതാണ് എന്ന് മനസ്സിലാക്കാനുള്ള പ്രായമോ ബോധമോ അന്നുണ്ടായിരുന്നില്ല. എവിടെയാണ് ബാബറി മസ്ജിദ് ഉണ്ടായിരുന്നതെന്നോ അത് എന്തിനാണ് പൊളിച്ച് കളഞ്ഞതെന്നോ എനിക്കന്നറിയില്ലായിരുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള റാണൂർ പള്ളിയുടെ ചിത്രമായിരുന്നു ആദ്യം മനസ്സിൽ വന്നത്. നിറയെ മനുഷ്യർ നിന്ന് നമസ്കരിക്കുന്ന, അതുപോലെയുള്ള ഒരു പള്ളി ചില ആളുകൾ ചേർന്ന് പൊടുന്നനെ വന്ന് പൊളിക്കുമ്പോൾ അതിനുള്ളിലെ മനുഷ്യർ എങ്ങനെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന വിഹ്വലതയായിരുന്നു ആദ്യം. മലയാള മനോരമ പത്രത്തിൻ്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലുള്ള വാർത്തകളിലൂടെയും വീട്ടിലും പുറത്തുമുള്ള പലരുടെ സംസാരങ്ങളിലൂടെയുമാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. ആർ എസ് എസ് എന്ന വാക്ക് മനസ്സിൽ വിധ്വംസകതയുടെ പ്രതീകമായി മാറാൻ ആരംഭിച്ചത് ഒരുപക്ഷേ അവിടെ നിന്നാകണം. എന്തായിരുന്നു ബാബറി മസ്ജിദ് എന്നും അതെന്ത് കൊണ്ടാണ് തകർക്കപ്പെട്ടത് എന്നുമൊക്കെ മനസ്സിലാക്കുന്നത് ആ വാർത്ത ആദ്യമായി കേട്ടതിനും ഒരുപാട് വർഷങ്ങൾക്ക് ശേഷമായിരുന്നു.

ബാബറി മസ്ജിദ് പൊളിച്ച വാർത്ത, ദി ടൈംസ് ഓഫ് ഇന്ത്യയിൽനിന്ന്
ബാബറി മസ്ജിദ് പൊളിച്ച വാർത്ത, ദി ടൈംസ് ഓഫ് ഇന്ത്യയിൽനിന്ന്

റേഡിയോ വാർത്തകളുടെ കാലമാണന്ന്. തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ വരുന്നവരും കടകൾക്ക് മുന്നിലിരുന്ന് ഉച്ചത്തിൽ റേഡിയോ വാർത്തകൾ കേൾക്കുന്നവരും ബാബറി മസ്ജിദിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു. എവിടെയൊക്കെയോ അതിൻ്റെ പേരിൽ കലാപങ്ങളും സംഘർഷങ്ങളും നടക്കുന്നതായറിഞ്ഞു. മതത്തിൻ്റെ പേരിൽ മനുഷ്യർ തമ്മിൽ നടക്കുന്ന പോർവിളികൾ ഭീതിയുണ്ടാക്കി. പലയിടങ്ങളിലും മതസൗഹാർദ്ദ റാലികൾ നടന്നു. സ്കൂളിൽ നിന്ന് മതമൈത്രിയുടെ സന്ദേശമുയർത്തി ഒരു റാലി നടന്നു. ഏതാണ്ട് അഞ്ച് കിലോമീറ്റർ വരെ നടന്ന് അടുത്തുള്ള ഓയൂർ പട്ടണത്തിലെത്തി ഒരു യോഗത്തോടെയാണ് റാലി അവസാനിച്ചത്. ഇത്രയൊക്കെയാണ് അന്നത്തെ ഓർമകൾ. പൊളിക്കപ്പെട്ടത് ഒരു മുസ്‌ലിം പള്ളിയാണെങ്കിലും അത് എന്തുകൊണ്ട് രാജ്യത്തെ മതേതര വിശ്വാസികളുടെ പ്രശ്നമായി മാറുന്നുവെന്ന ഒരു ബോധം ഈ സംഭവങ്ങളിലൂടെയൊക്കെ ഏതാണ്ട് രൂപപ്പെട്ടിരുന്നു.

സൗഹൃദങ്ങളിലെ ചർച്ചകളിൽ എപ്പോഴെങ്കിലും ആകസ്മികമായി ബാബറി മസ്ജിദ് കടന്നു വരുമ്പോൾ തന്നെ ഞാൻ നിശ്ശബ്ദനാകുമായിരുന്നു.

ബാബറി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം ആളിക്കത്തിയ എൻ്റെ കൗമാരകാലത്ത് വൈകാരികതയെക്കാൾ ഉള്ളിൽ കനം തൂങ്ങിയത് കദനവും നിരാശയുമായിരുന്നു. മുസ്‌ലിം അപരത്വം എനിക്ക് എൻ്റെ വ്യക്തിജീവിതത്തിൽ പലയിടങ്ങളിൽ നിന്നും അനുഭവപ്പെടേണ്ടി വന്നിട്ടുണ്ട്. പുറത്തു നിന്നല്ല, കേരളത്തിൽ നിന്നുള്ള അനുഭവമാണ് പറയുന്നത്. ഒന്നിലധികം അനുഭവങ്ങൾ.

പ്രീഡിഗ്രിക്ക് ചാത്തന്നൂർ എസ് എൻ കോളേജിൽ പഠിക്കുമ്പോൾ എന്നോട് ഏറെ അടുപ്പവും സൗഹൃദവും പുലർത്തിയിരുന്ന അധ്യാപകൻ എൻ്റെ വീട് നിൽക്കുന്ന സ്ഥലത്തേക്കുറിച്ച് നടത്തിയ ഒരു പരാമർശമാണതിലൊന്ന്. അവിടെയൊക്കെ 'മേത്തന്മാർ' മാത്രമുള്ള സ്ഥലമല്ലേയെന്ന അദ്ദേഹത്തിൻ്റെ ചോദ്യം എൻ്റെ സ്വത്വബോധത്തിൽ ആഴത്തിൽ ആഘാതമുണ്ടാക്കി. എൻ്റെ പേരാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ധൈര്യപൂർവ്വം ചോദിപ്പിച്ചത്. ഞാൻ ഒരു മുസ്‌ലിം സമുദായംഗമാണ് എന്നദ്ദേഹം ധരിച്ചിരുന്നില്ല. വിദ്യാഭ്യാസപരമായി പുറകിൽ നിൽക്കുന്ന അവിടെ മുസ്‌ലിം സമുദായത്തിൽ നിന്ന് പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിന് പഠിക്കാൻ ഒരാൾ വരില്ല എന്ന ഒരു ബോധം അദ്ദേഹത്തിൻ്റെയുള്ളിൽ എങ്ങനെയോ നിലനിന്നിരുന്നു.

ബാബറി മസ്ജിദ് പൊളിച്ചശേഷം ആഹ്ലാദപ്രകടനം നടത്തുന്ന കര്‍സേവകര്‍
ബാബറി മസ്ജിദ് പൊളിച്ചശേഷം ആഹ്ലാദപ്രകടനം നടത്തുന്ന കര്‍സേവകര്‍

പെട്ടെന്ന് എനിക്ക് മറുപടി പറയാൻ തോന്നിയത്, 'ഞാനും ഒരു മേത്തനാണ് സാറേ എന്നാണ്'. പക്ഷേ അപകർഷത കൊണ്ട് പറഞ്ഞില്ല. അതെന്തു കൊണ്ടാണ്, പൊതുവേ എല്ലാത്തിലും പ്രതികരിക്കുന്ന ഞാൻ അന്ന് നിശ്ശബ്ദനായതെന്ന് പിന്നീട് ആലോചിച്ചിട്ടുണ്ട്. സ്വന്തം സ്വത്വം പരിക്കേൽക്കപ്പെട്ടിട്ടും നിശ്ശബ്ദനായിരിക്കാൻ ബാബറി മസ്ജിദിൻ്റെ ധ്വംസനത്തെ തുടർന്ന് മുസ്‌ലിം സമൂഹത്തിൽ പൊതുവെയുണ്ടായ അരക്ഷിത്വത്വവും ക്ഷാമാപണമനസ്സും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഇന്ന് ആ സംഭവത്തെപ്പറ്റി ഓർക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്. എൻ്റെ സ്വത്വ ബോധം മുറിവേറ്റുവെങ്കിലും എൻ്റെ സുഹൃത്തുക്കൾക്കുമുമ്പിൽ ഞാൻ അതിനെ വെറുമൊരു താമശക്കുള്ള വിഭവമാക്കി മാത്രമെടുത്തു.

ബാബറി മസ്ജിദിൻ്റെ തകർക്കൽ ഒരു മലയാളി മുസ്‍ലിമിന്റെ സാമൂഹിക ഇടപെടലുകളിലും കാഴ്ചപ്പാടുകളിലും ഏല്പിച്ച ആഘാതത്തെ പറ്റി ഒരു കുറിപ്പ് എഴുതാൻ പറയുമ്പോൾ ഇതൊക്കെ ഇങ്ങനെ പറയണ്ടതുണ്ടോ എന്നാശങ്കിച്ചും പുനരാലോചിച്ചും എഴുതേണ്ടി വരുന്ന ഒരു ഗതികേട് ഞാനും അനുഭവിക്കുകയാണ്.

ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തിൻ്റെ വീട്ടിൽ ചെന്നപ്പോഴുള്ള ഒരനുഭവം കൂടി പറയാം. വിഖ്യാതമായ ദേവീക്ഷേത്രത്തിൻ്റെ അടുത്താണ് അവൻ്റെ വീട്. ഞങ്ങളോട് വളരെ സ്നേഹമുള്ള അമ്മ. ഭക്ഷണം കഴിച്ചതിനുശേഷമാണ് എന്നോടവർ മതം ചോദിച്ചത്. എൻ്റെ പേരുകൊണ്ട് മനസിലാക്കാൻ സാധിക്കാത്തതുകൊണ്ടാകണം അവർ തുറന്നു​ചോദിച്ചത്. അങ്ങനെ ചോദിക്കുന്നത് അരോചകമാണ് എന്ന് എനിക്കും അവർക്കും അന്ന് തോന്നിയിരുന്നില്ല. എൻ്റെ മറുപടി കേട്ടിട്ട് അവർ പറഞ്ഞു, ‘നിങ്ങടെ ജാതിക്കാരുടെ ഒരു കുടുംബം ഇവിടെയുണ്ടായിരുന്നു, ദേവി ചൈതന്യമുള്ള സ്ഥലമല്ലേ, ഇവിടെ താമസിക്കാൻ അന്യ ജാതിക്കാർക്ക് പറ്റില്ല.’
ഇത്രയുംകൊണ്ട് ആ അമ്മ നിർത്തിയില്ല; ‘നിങ്ങടെ ബാബറി പള്ളി ഇപ്പൊ പൊളിച്ചില്ലേ? ഈ ചൈതന്യമുള്ള സ്ഥലങ്ങളിൽ അത് പറ്റില്ല. അതാണ്.’ എന്നോട് വളരെ സ്നേഹത്തിലാണ് ആ അമ്മ അത് പറഞ്ഞതെങ്കിലും അപരത്വത്തിൻ്റെ ഉഗ്രതയാണ് അന്ന് ഞാൻ അനുഭവിച്ചത്.

ഡിഗ്രിക്ക് പഠിക്കുമ്പോഴും കോളേജിൽ എൻ്റെ ക്ലാസിൽ ഞാനും മറ്റൊരു കുട്ടിയും മാത്രമേ മുസ്‌ലിം വിദ്യാർത്ഥികളായുണ്ടായിരുന്നുള്ളൂ. സൗഹൃദങ്ങളിലെ ചർച്ചകളിൽ എപ്പോഴെങ്കിലും ആകസ്മികമായി ബാബറി മസ്ജിദ് കടന്നു വരുമ്പോൾ തന്നെ ഞാൻ നിശ്ശബ്ദനാകുമായിരുന്നു. അതൊരു മതപ്രശ്‌നമല്ല, മറിച്ച് ഒരു ജനാധിപത്യ രാജ്യത്തിൻ്റെ നീതിന്യായ സംവിധാനങ്ങൾക്ക് പുല്ലു വില കൊടുത്ത് രാജ്യത്ത് നടന്ന ഒരു ക്രിമിനൽ നടപടിയാണതെന്ന് മനസ്സിലാക്കാൻ വേണ്ട ബോധം അന്നൊക്കെയായിട്ടുണ്ടായിരുന്നു. പക്ഷേ രാജ്യത്തിൻ്റെ ഭരണഘടനക്കുപോലും സംരക്ഷിക്കാൻ കഴിയാത്ത വിധം അപരവൽകരിക്കപ്പെട്ടുപോയ ഒരു സമുദായമാണ് എൻ്റേത് എന്ന ബോധ്യമാണ് ആ നിശ്ശബ്ദതക്ക് കാരണമായിരുന്നത്.

പൊളിച്ചുനീക്കപ്പെട്ട പള്ളിയില്‍ നമസ്കരിക്കുന്ന വിശ്വാസികള്‍
പൊളിച്ചുനീക്കപ്പെട്ട പള്ളിയില്‍ നമസ്കരിക്കുന്ന വിശ്വാസികള്‍

അടൽ ബിഹാരി വാജ്പേയ് നേതൃത്വം നൽകുന്ന ബി ജെ പി സർക്കാർ അധികാരത്തിൽ വന്നശേഷം നാടിലും പരിസരങ്ങളിലും നേരിട്ടറിയുന്ന പല ചെറുപ്പക്കാരും എൻ ഡി എഫ് പോലെയുള്ള അതിവൈകാരികതകളിൽ അമർന്നുപോകുന്നത് കാണാമായിരുന്നു. ഒരു വലിയ മതാത്മകമായ കുടുബാംന്തരീക്ഷമായിരുന്നില്ല എൻ്റേത്. കോൺഗ്രസുകാരനായ പിതാവ് ഇത്തരം വിഷയങ്ങളിൽ ഒട്ടും വൈകാരികത കാണിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ അപരവൽക്കരിക്കപ്പെട്ട മുസ്‌ലിം സ്വത്വത്തിൻ്റെ പ്രതിനിധിയാണ് ഞാൻ എന്ന് മനസ്സിലാക്കിയിട്ടും എൻ്റെ കുടുംബാന്തരീക്ഷമാണ് മേൽപ്പറഞ്ഞ സംഘങ്ങളിൽ നിന്നകന്നുനിൽക്കാൻ അക്കാലത്ത് കാരണമായത്.

പിന്നീട് ഒരു ദീർഘ കാലം കേരളത്തിലെ മുജാഹിദ് സംഘടന ഉയർത്തുന്ന ആശയധാരയുടെ സഹ സഞ്ചാരിയായിരുന്നു ഞാൻ. ബാബ്റി മസ്ജിദ് കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരെ വൈകാരികമായി സ്വാധീനിച്ച തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിൻ്റെ ആദ്യ പതിറ്റാണ്ടിലും അത്തരം അമിത വൈകാരികതയെ മതപക്ഷത്തുനിന്ന് പ്രതിരോധിക്കാൻ മുജാഹിദ് സംഘടന കാണിച്ച അവധാനതയും പരിശ്രമങ്ങളും കേരളത്തിൻ്റെ മുസ്‌ലിം പരിസരങ്ങളെ മതേതരമാക്കി നിർത്താൻ വലിയ കാരണമായിട്ടുണ്ട് എന്നുകൂടി ഞാൻ വിശ്വസിക്കുന്നു.

രാജ്യത്തിൻ്റെ മതേതര മുഖത്തിന് ഹിന്ദുത്വ ഏല്പിച്ച മറ്റേതൊരു പരിക്കിനെ സംബന്ധിച്ച് പറയുന്ന സ്വഭാവികതയിലും വൈകാരികതയിലും ബാബറി മസ്ജിദിനെ സംബന്ധിച്ച് പറയാൻ മുസ്‌ലിം സ്വത്വം പേറുന്ന ഒരു ജനാതിപത്യ മതേതര വിശ്വാസിക്ക് ഇന്നും പ്രതിബന്ധങ്ങളുണ്ട്.

രാജ്യത്തിൻ്റെ നീതിന്യായവ്യവസ്ഥയെ ഒരു കൽപ്രതിമയെ പോലെ നിശ്ചലമാക്കി നിർത്തി ബാബറി മസ്ജിദ് തകർക്കുമ്പോൾ യു.പിയിലെ ഫൈസാബാദിലെ അയോധ്യ എന്ന പ്രദേശത്തെ ഏതാനും ചില മുസ്‌ലിംകളുടെ ആരാധനാലയം തകർക്കുകയല്ല ആർ എസ് എസ് ചെയ്തത്. അവർ വിഭാവനം ചെയ്യുന്നത് പോലെ രാജ്യത്തെ മുസ്‌ലിംകളെ പരിപൂർണമായും അരക്ഷിതരാക്കാനും സ്വയം തന്നെ ഒരു രണ്ടാം തരക്കാരാണ് തങ്ങൾ എന്ന് തോന്നിപ്പിക്കാനും ഇടകൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തനമാണ് അവരതിലൂടെ നടത്തിയത്. അവരതിൽ വിജയിച്ചിരിക്കുന്നു എന്നുതന്നെ പറയേണ്ടിവരും. ബാബറി മസ്ജിദിൻ്റെ തകർക്കൽ ഒരു മലയാളി മുസ്‍ലിമിന്റെ സാമൂഹിക ഇടപെടലുകളിലും കാഴ്ചപ്പാടുകളിലും ഏല്പിച്ച ആഘാതത്തെ പറ്റി ഒരു കുറിപ്പ് എഴുതാൻ പറയുമ്പോൾ ഇതൊക്കെ ഇങ്ങനെ പറയണ്ടതുണ്ടോ എന്നാശങ്കിച്ചും പുനരാലോചിച്ചും എഴുതേണ്ടി വരുന്ന ഒരു ഗതികേട് ഞാനും അനുഭവിക്കുകയാണ്. രാജ്യത്തിൻ്റെ മതേതര മുഖത്തിന് ഹിന്ദുത്വ ഏല്പിച്ച മറ്റേതൊരു പരിക്കിനെ സംബന്ധിച്ച് പറയുന്ന സ്വഭാവികതയിലും വൈകാരികതയിലും ബാബറി മസ്ജിദിനെ സംബന്ധിച്ച് പറയാൻ മുസ്‌ലിം സ്വത്വം പേറുന്ന ഒരു ജനാതിപത്യ മതേതര വിശ്വാസിക്ക് ഇന്നും പ്രതിബന്ധങ്ങളുണ്ട്.

1992 ഡിസംബര്‍ 6ന് അയോധ്യയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്ന എം.എം. ജോഷി, എല്‍.കെ അദ്വാനി, വിജയരാജെ സിന്ധ്യ എന്നിവര്‍
1992 ഡിസംബര്‍ 6ന് അയോധ്യയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്ന എം.എം. ജോഷി, എല്‍.കെ അദ്വാനി, വിജയരാജെ സിന്ധ്യ എന്നിവര്‍

ബാബറി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതി വിധി ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് സാമാന്യ ബോധമുള്ളവരൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ്. യഥാർത്ഥത്തിൽ അവിടെ നടക്കേണ്ടത് നടന്നു കഴിഞ്ഞിരുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിൻ്റെ ആത്മവിശ്വാസത്തെയും ഭരണഘടന അവർക്ക് നൽകുമെന്ന് കരുതിയ സുരക്ഷിതത്വ ബോധത്തെയുമാണ് ആർ എസ് എസ് അന്നവിടെ പൊളിച്ചുകളഞ്ഞത്. മറിച്ചുള്ള ഒരു കോടതി വിധിക്കോ ബദൽ മസ്ജിദിനോ പകരം വെക്കാൻ കഴിയുന്നതല്ല അത്. കോടതി വിധി വന്നശേഷം ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നൽകിയ ഒരു അഭിമുഖത്തിൽ അക്കാര്യം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആർ എസ് എസ് ഇനിയൊരു മസ്ജിദിൻ്റെയും പുറകെ പോകില്ലെന്നും അതല്ല ആർ എസ് എസിൻ്റെ പണിയെന്നും ഒരു പ്രത്യേക സാഹചര്യത്തിലാണ് ബാബറി മസ്ജിദ് ആർ എസ് എസിൻ്റെ അജണ്ടയിൽ കയറിയതെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. എന്താണോ ബാബറി വിഷയത്തിൽ ആർ എസ് എസ് ആഗ്രഹിച്ചത്, അത് നടന്നുകഴിഞ്ഞു.

ആര്‍.എസ്.എസ് സർസംഘചാലക് മോഹന്‍ ഭഗവത്
ആര്‍.എസ്.എസ് സർസംഘചാലക് മോഹന്‍ ഭഗവത്

രാജ്യത്തെ ഏറ്റവും ഉയർന്ന പോസ്റ്റിൽ ഇരിക്കുന്ന ഒരു മുസ്‌ലിം സമുദായംഗത്തിന് മുതൽ ഒരു പ്രീഡിഗ്രി ക്ലാസിലെ വിദ്യാർത്ഥിക്ക് വരെ സ്വത്വപരമായ ഒരു പ്രതിസന്ധി സൃഷ്ടിച്ച് അവരെ അപരവൽക്കരിക്കുന്നതിൽ ആർ എസ് എസ് വരിച്ച വിജയമാണ് ബാബറി മസ്ജിദിൻ്റെ തകർച്ച. മുസ്‌ലിംകൾക്ക് നമസ്കരിക്കാൻ പള്ളിയില്ലാതെയായതല്ല ഇവിടുത്തെ പ്രശ്നം. അങ്ങനെ നോക്കിയാൽ ബാബറി മസ്ജിദിൻ്റെ തകർച്ചക്കുശേഷം ആയിരക്കണക്കിന് പുതിയ പള്ളികൾ രാജ്യത്ത് ഉയർന്നിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ ബാബർ എന്ന പേരിനോടോ ആ വ്യക്തിയോടോ എനിക്ക് യാതൊരു മമതയും പ്രത്യേകിച്ചില്ല. തിമോറുകാരനായ ഒരു യുദ്ധവീരനായ അയാൾ പണിത വിജയസ്തൂപമായ പള്ളികളുമായും എനിക്ക് ഒരു വൈകാരിക ബന്ധവുമില്ല. ബാബർ ഇന്ത്യയിൽ ആദ്യമായി പണിത ഒന്നാമത്തെ ബാബറി മസ്ജിദ് ഇന്നും നാശോന്മുഖമായി ഹരിയാനയിലെ പാനിപ്പത്തിലുണ്ട്. ഈയടുത്ത് ഒരു യാത്രാമധ്യേ അത് സന്ദർശിച്ചിരുന്നു. പദവിയിൽ, തകർക്കപ്പെട്ട ബാബറി മസ്ജിദിനു മുകളിലാണ് ചരിത്രപരമായി അതിൻ്റെ സ്ഥാനം. അത് ഓരോ ദിവസവും തകർന്നു വീണ് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് ആ തകർച്ചയിൽ ഒരു വേദനയും തോന്നുന്നുണ്ടാകില്ല. അങ്ങനെ തോന്നേണ്ട ആവശ്യവുമില്ല. എന്നാൽ അയോധ്യയിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് അങ്ങനെയല്ല. അതൊരു രാഷ്ട്രീയപ്രശ്നമാണ്. അത് രാജ്യത്തിൻ്റെ മൊത്തം പ്രശ്‌നമാകുമ്പോഴും ഒരു ഇന്ത്യൻ മുസ്‌ലിമിന് അവരല്ലാത്ത മറ്റൊരു മതേതര ജനാധിപത്യ വിശ്വാസിക്ക് അനുഭവപ്പെടുന്നത് പോലെയല്ല അത്. കാരണം അവരുടെ ആത്മവിശ്വാസത്തെയും തുല്യതാ ബോധത്തെയും ഭരണഘടനയിൽ അവർ അർപ്പിച്ചിരുന്ന വിശ്വാസത്തെയുമാണ് 1992 ഡിസംബർ 6 ന് നടന്ന ആ തകർച്ച പരിക്കേൽപിച്ചത്.


Summary: m s shaiju share his experience about babari masjid demolition


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments