ഇന്ത്യയുടെ ചരിത്രമെഴുതുക എന്ന ദൗത്യത്തിന് തുടക്കമിട്ടത് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. ചരിത്രമെഴുതുന്നതോടൊപ്പം ചരിത്രത്തെ മിത്ത്‌വൽക്കരിക്കാനുള്ള ശ്രമങ്ങൾക്കുകൂടിയാണ് അത് ആരംഭം കുറിച്ചത്.
ബ്രിട്ടൻ ഇന്ത്യയിൽ നടത്തിയ ഓരോ പ്രവർത്തിയും അവരുടെ ഭരണതാത്പര്യങ്ങളെ മുൻ നിർത്തിക്കൊണ്ടുള്ളതായിരുന്നു. പരിശോധിക്കുമ്പോൾ, അതല്ലാത്തതായി ഒന്നും നമുക്ക് കാണാൻ കഴിയില്ല. ഇന്ത്യയുടെ ചരിത്രമെഴുതാനുള്ള തീരുമാനത്തിന് പിന്നിലും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഇന്ത്യയെ കാര്യക്ഷമമായി ഭരിക്കണമെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ സാമൂഹികഘടന, ആചാരങ്ങൾ, വിശ്വാസങ്ങൾ, നിയമങ്ങൾ, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്നവർ മനസിലാക്കി.
ഇന്ത്യയിലെ വൈവിധ്യമാർന്ന ജാതി, മത വിഭാഗങ്ങളുടെ ആചാരങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും മനസ്സിലാക്കിയാൽ മാത്രമേ അതിനനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കാനും തർക്കങ്ങൾ പരിഹരിക്കാനും സാധിക്കുകയുള്ളൂ എന്നിവർ തിരിച്ചറിഞ്ഞു. ഇതിനായി മനുസ്മൃതി പോലെയുള്ള പുരാതന നിയമ തത്വ ഗ്രന്ഥങ്ങളെ അവർ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു. മുൻപ് നിലനിന്നിരുന്ന ഭരണ സമ്പ്രദായങ്ങളെയും നിയമങ്ങളെയും കുറിച്ച് പഠിക്കുന്നത് ഭരണത്തെ എളുപ്പമാക്കുമെന്നവർ വിശ്വസിച്ചു. ആദ്യകാല ചരിത്ര രചയിതാക്കളായ പാശ്ചാത്യർ ഇന്ത്യയുടെ ചരിത്രത്തെ ഇങ്ങനെ മുൻ ധാരണയോടെയും പക്ഷപാതത്വം കലർത്തിയുമാണ് എഴുതിയത്. ഇതായിരുന്നു യഥാർത്ഥ ചരിത്രത്തെ വിശ്വാസങ്ങളുമായും മിത്തുകളുമായും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന ഒരു രചനാ രീതി ആദ്യകാല ഇന്ത്യൻ ചരിത്ര രചനയിൽ കടന്ന് വരാനുണ്ടായ ചരിത്ര പശ്ചാത്തലം.
ഹിന്ദുത്വയുടെ വീക്ഷണങ്ങൾ വൈദേശിക വിരുദ്ധമാണെന്നാണ് അവരവകാശപ്പെടുന്നതെങ്കിലും കൊളോണിയൽ ഭരണകൂടം നിർമ്മിച്ച ഇതേ ചരിത്രമിത്തുകൾ തന്നെയാണ് പിന്നീട് ഹിന്ദുത്വ ദേശീയവാദികൾ തങ്ങളുടെ ആശയങ്ങളുടെയും അടിസ്ഥാനമായി സ്വീകരിച്ചത് എന്നത് ചരിത്രപരമായ ഒരു തമാശയാണ്. ആ വൈരുദ്ധ്യം സംഘപരിവാറിൻ്റെ ചരിത്ര വീക്ഷണത്തിലും ആഖ്യാനത്തിലും തെളിഞ്ഞ് കാണാം. ബ്രിട്ടീഷ് കൊളോണിയലിസം കേവലം ഒരു ഭരണകൂടം എന്നതിലുപരി ഇന്ത്യയെ ഭരിക്കാൻ പാകത്തിൽ അവരുടേതായ ഒരു ചരിത്രബോധത്തെക്കൂടി നിർമ്മിച്ചെടുക്കുകയായിരുന്നു ചെയ്തത്. ഇന്ന് ചരിത്രത്തിലും അക്കാദമിക മേഖലകളിലും ഇടപെട്ട് കൊണ്ട് സംഘപരിവാർ എന്തൊക്കെയാണോ ചെയ്യാൻ ആഗ്രഹിക്കുന്നത്, അതേ കാര്യങ്ങൾ തന്നെയാണ് ഈ രണ്ട് മേഖലകളിലുമായി ബ്രിട്ടീഷുകാരും ഇന്ത്യയോട് ചെയ്തത്.

ചരിത്രരചനയിലെ കൊളോണിയൽ രീതിശാസ്ത്രം
കൊളോണിയൽ ചരിത്രകാരന്മാർ ഇന്ത്യയുടെ ചരിത്രത്തെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്നതിനുപകരം, തങ്ങളുടെ ഭരണത്തെ ന്യായീകരിക്കാൻ പാകത്തിലുള്ള ഒരു നിർമ്മിതിയായാണ് കണ്ടത്. ഇന്ത്യ എന്നത് പരസ്പരം കലഹിക്കുന്ന മതവിഭാഗങ്ങളുടെ ഒരു കൂട്ടം മാത്രമാണെന്ന് സ്ഥാപിക്കാനായിരുന്നു അവർ എപ്പോഴും ശ്രമിച്ചത്. ഇന്ത്യയെ പൗരാണിക സാംസ്‌കാരികതയുടെ വേരുകളുള്ള ഒരു രാഷ്ട്രം എന്നതിലുപരി വംശീയവും മതപരവുമായ കൂട്ടായ്മകളുടെയും അപരിഷ്കൃതരായ മനുഷ്യരുടെയും ഭൂപ്രദേശമാണെന്ന ഒരു ധാരണയാണ് അവർ പ്രചരിപ്പിച്ചത്. ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ ആധുനികത കൊണ്ടുവന്നതെന്നും അതിനുമുമ്പ് ഇന്ത്യ മധ്യകാല അന്ധകാരത്തിലായിരുന്നുവെന്നും സ്ഥാപിക്കുന്നതിലൂടെ തങ്ങളുടെ കൊളോണിയൽ അധിനിവേശത്തെ ഇന്ത്യക്കാർക്ക് ലഭിച്ച വലിയ ഒരു സൗഭാഗ്യമായാണ് അവർ അവതരിപ്പിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചെയ്തത് ഒരു സേവനമായും അവർ രേഖപ്പെടുത്തി. ഇങ്ങനെ എഴുതപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ ചരിത്രബോധത്തെ ഏറ്റവും മാരകമായി സ്വാധീനിച്ച പുസ്തകങ്ങളിലൊന്നായിരുന്നു 1817-ൽ പ്രസിദ്ധീകരിച്ച ജെയിംസ് മില്ലിന്റെ ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന പുസ്തകം. ആ പുസ്തകത്തിലൂടെ ഇന്ത്യൻ ചരിത്രത്തോട് മില്ല് കാണിച്ചത് വലിയ ഒരപരാധമായിരുന്നു. ഇന്ത്യയുടെ വർഗീയമായ ചേരി തിരിവുകൾക്ക് ചരിത്രപരവും സൈദ്ധാന്തികവുമായ ഒരു പിൻബലമുണ്ടാക്കി നൽകുന്നതിൽ ആ പുസ്തകം വലിയ പങ്ക് വഹിച്ചു. ഒരു ജനതയെ ചരിത്രപരമായി ബന്ധിപ്പിക്കുന്ന വേരുകളിൽ നിന്ന് അടർത്തി മാറ്റാനും മതപരമായ പിൻബലത്തിൽ അവരെ വിഭജിക്കാനുമാണ് തൻ്റെ ചരിത്രാഖ്യാനങ്ങളിലൂടെ മില്ല് ശ്രമിച്ചത്.
മതപരമായ വിഭജനവും
അപരവൽക്കരണത്തിൻ്റ തുടക്കവും
ഇന്ത്യൻ ചരിത്രത്തെ ഹിന്ദു കാലഘട്ടം, മുസ്‌ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ മില്ല് വിഭജിച്ചു. ഭരണാധികാരികളുടെ മതത്തെ മുൻ നിർത്തിയാണ് മില്ല് കാലത്തെയും സമൂഹത്തെയും ഇങ്ങനെ വിഭജിച്ചത്. ചരിത്രത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെ പരിഗണിക്കാതെ, ഭരണാധികാരിയുടെ മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ വർഗ്ഗീകരണം ഇന്ത്യൻ മനസ്സിൽ വലിയൊരു വിഭജനത്തിന് വഴിവെച്ചു. ഇന്ത്യാ ചരിത്രത്തിൽ ഹിന്ദു കാലഘട്ടം സുവർണ്ണകാലമായും, മുസ്‌ലിം കാലഘട്ടം അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും കാലമായും ചിത്രീകരിക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ ചരിത്ര രചനാ രീതിക്ക് ശേഷമായിരുന്നു. അതിന് മുമ്പ് അങ്ങനെയൊരു വേർതിരിവുണ്ടായിരുന്നില്ല. ഇത് മുസ്‌ലിം ഭരണാധികാരികളെ വിദേശികളായും ഇന്ത്യയുടെ സ്വാഭാവിക ഉടമസ്ഥർ ഹിന്ദുക്കളാണെന്നുമുള്ള ധാരണയ്ക്ക് അടിത്തറ പാകി. ചരിത്രത്തെ മതപരമായ സംഘർഷങ്ങളുടെ പരമ്പരയായി കാണാൻ തുടങ്ങിയതോടെ, ജനങ്ങൾക്കിടയിൽ പരസ്പരം സംശയവും വെറുപ്പും വളരാൻ ഇത് കാരണമായി.
ഭരണീയർക്കിടയിൽ ആഭ്യന്തരമായ ഒരു വിഭാഗീയത രൂപപ്പെടേണ്ടത് ഭരണകൂടമെന്ന നിലയിൽ ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. അതിന് വേണ്ട എല്ലാ ചേരുവകളുമൊത്ത രണ്ട് സമുദായങ്ങളായി ബ്രിട്ടീഷുകാർക്ക് അനുഭവപ്പെട്ടത് ഹിന്ദുക്കളെയും മുസ്ലിംകളെയുമായിരുന്നു. ബ്രിട്ടീഷുകാർക്ക് മുമ്പ് ഡച്ചുകാരും പോർച്ചീസുകാരുമൊക്കെ ഇന്ത്യയിൽ ഭരണം നടത്തിയിരുന്നെങ്കിലും അവരാരും ആഭ്യന്തരമായി ഇങ്ങനെയൊരു വിഭജനത്തിന് ശ്രമിച്ചിരുന്നില്ല. പ്രധാനമായും മുസ്ലിം ഭരണകൂടങ്ങളോടായിരുന്നു ബ്രിട്ടീഷുകാർക്ക് കൂടുതലായി ഏറ്റുമുട്ടേണ്ടി വന്നത്. അത് കൊണ്ട് തന്നെ മുസ്ലിംകൾ ബ്രിട്ടീഷുകാർക്ക് രാഷ്ട്രീയ ശത്രുക്കളായിരുന്നു. ഈ ശത്രുതയാണ് മുസ്‌ലിം അപരവൽക്കരണത്തിൻ്റ വിത്ത് പാകലിന് കാരണമായത്.

ചരിത്രം ഒരു രാഷ്ട്രീയായുധം
ചരിത്രത്തെ ഒരു രാഷ്ട്രീയായുധമാക്കിയാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ സാമുദായികമായി വിഭജിച്ചത്. യഥാർത്ഥത്തിൽ രാജ്യം ഭൂമിശാസ്ത്രപരമായി വിഭജിക്കപ്പെടുന്നതിന് വളരെ മുമ്പ് തന്നെ ചരിത്രത്തെ ഉപയോഗിച്ച് ബ്രിട്ടീഷുകാർ ഇന്ത്യയെ സാമുദായികമായി വിഭജിച്ചിരുന്നു. ഇതിനായി നടത്തിയ ശ്രമങ്ങളുടെ പരിണതിയായിരുന്നു ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വിഭജനത്തിലേക്ക് നയിച്ചത്. ജാതി, ഭാഷ, പ്രാദേശികത എന്നിങ്ങനെയുള്ള വൈവിധ്യങ്ങളെ പൂർണമായും വിസ്മരിച്ച്, ഇന്ത്യയെ ഹിന്ദു എന്നും മുസ്‌ലിം എന്നും രണ്ട് വലിയ ബ്ലോക്കുകളായി വിഭജിക്കാനുള്ള കൊളോണിയൽ ഭരണകൂടത്തിൻ്റ ശ്രമം വിജയം കണ്ടു. ആധുനികതയുടെ എല്ലാ ഉപകരണങ്ങളും കൈവശമുള്ള അവർക്കത് എളുപ്പമായിരുന്നു. സെൻസസ് കണക്കെടുപ്പുകൾ പോലും ഇതിനായി ഉപയോഗിക്കപ്പെട്ടു. മധ്യകാല ചരിത്രത്തിലെ യുദ്ധങ്ങളെയും രാഷ്ട്രീയ സംഘർഷങ്ങളെയും മതപരമായ പോരാട്ടങ്ങളായി ചിത്രീകരിച്ചത് ഹിന്ദു മുസ്‌ലിം വിദ്വേഷം വളർത്താൻ തീവ്രവാദ സംഘടനകൾക്ക് പിന്നീട് എളുപ്പമായി.
ആര്യൻ ഇൻവേഷൻ തിയറി പോലെയുള്ള സിദ്ധാന്തങ്ങൾ അന്നത്തെ ചരിത്രകാരന്മാർ ഉപയോഗിച്ചത് പ്രധാനമായും വടക്കേ ഇന്ത്യക്കാരെയും ദക്ഷിണേന്ത്യക്കാരെയും തമ്മിൽ അകറ്റാനും, ഇന്ത്യയുടെ സാംസ്കാരിക അടിത്തറയെ വംശീയമായി അടയാളപ്പെടുത്താനുമായിരുന്നുവെങ്കിൽ പിന്നീട് അതിൻ്റെ സൗകര്യം അനുഭവിച്ചത് ഹിന്ദുത്വ ആശയക്കാരായിരുന്നു. ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് ചരിത്രത്തെ അപനിർമിച്ച് വംശീയ ബോധത്തെ വളർത്തുന്ന ഒരു ശൈലിയാണ് ചരിത്ര രചനയിൽ ബ്രിട്ടീഷുകാർ സ്വീകരിച്ചതെന്നാണ്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ രൂപപ്പെടുത്തിയ ചരിത്ര രചന രീതി എങ്ങനെയാണ് ഇന്ത്യയുടെ ദേശീയ സങ്കല്പങ്ങളെയും സാമൂഹിക മനോഭാവത്തെയും സ്വാധീനിച്ചതെന്ന് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാരെ സംബന്ധിച്ചേടത്തോളം ഇന്ത്യയുടെ ചരിത്രം കേവലമായ ഒരു അക്കാദമിക് വിഷയമായിരുന്നില്ല. അത്, വിഭജിച്ചു ഭരിക്കുക എന്ന അവരുടെ രാഷ്ട്രീയതന്ത്രം പ്രാവർത്തികമാക്കാനുള്ള ശക്തമായ ആയുധം കൂടിയായിരുന്നു.
ജെയിംസ് മില്ലിന്റെ വിഭജനയുക്തി ഹിന്ദു കാലഘട്ടത്തെ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും കാലമായും, മുസ്‌ലിം കാലഘട്ടത്തെ അടിച്ചമർത്തലിന്റെയും മതാധിപത്യത്തിന്റെയും കാലമായും ചിത്രീകരിച്ചപ്പോൾ ഈ രണ്ട് വിഭാഗങ്ങളെയും പരസ്പര വിരുദ്ധരായ രണ്ട് അസ്തിത്വങ്ങളാക്കി മാറ്റാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു. ഇത് വഴിവെച്ചത് ഇന്ത്യക്കാർക്ക് ഒരിക്കലും ഒന്നിച്ചുചേരാൻ കഴിയില്ലെന്ന ഒരു മിത്ത് സൃഷ്ടിക്കുന്നതിലേക്കായിരുന്നു.
ചരിത്രത്തെ മതപരമായ സംഘർഷങ്ങളായി മാത്രം അവതരിപ്പിച്ചതോടെ, മധ്യകാല ഇന്ത്യയിൽ നിലനിന്നിരുന്ന സാംസ്കാരിക കൈമാറ്റങ്ങളും സഹവർത്തിത്വവും വിസ്മരിക്കപ്പെട്ടു. ഇസ്‌ലാമിക ഭരണാധികാരികളെ വിദേശികളായും ഹിന്ദുക്കളെ തദ്ദേശീയരായും ചിത്രീകരിച്ച്, നൂറ്റാണ്ടുകളായി കൂടെക്കഴിഞ്ഞവർക്കിടയിൽ അവിശ്വാസത്തിന്റെ വിത്തിട്ടു. കൊളോണിയൽ ചരിത്രകാരന്മാർ നൽകിയ ഈ മതപരമായ സ്വത്വം ഇന്ത്യൻ രാഷ്ട്രീയത്തിൻ്റ ഉള്ളടക്കങ്ങളിൽ പോലും സ്വാധീനമുണ്ടാക്കുന്നതായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യാ ചരിത്രത്തിലുണ്ടാക്കിയ ഈ ആഘാതങ്ങളാണ് പിൽക്കാലത്ത് ഹിന്ദു, മുസ്‌ലിം വിഭാഗീയതയ്ക്ക് ആക്കം കൂട്ടുകയും, വിഭജനത്തിന്റെ രാഷ്ട്രീയത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്തത്.

ബ്രിട്ടീഷുകാർ ഒഴിഞ്ഞുപോയെങ്കിലും, അവർ നിർമ്മിച്ച ഈ ചരിത്രരചനാ രീതി പിന്നീട് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ കുത്തകയായാണ് മാറിയത്. അവർക്ക് ഈ ആഖ്യാനങ്ങൾ വലിയയെളുപ്പമായിരുന്നു. ഹിന്ദുത്വ എന്ന പേരിൽ ആവിഷ്കരിച്ച വംശീയ സിദ്ധാന്തത്തിന്, അവർക്കനുകൂലമാകുന്ന നിലയിലുള്ള ഒരു ചരിത്ര നിർമിതി ആവശ്യമായിരുന്നു. ലോകത്തെ സമാനമായ പ്രത്യയശാസ്ത്രങ്ങൾ അവർക്കായി സ്വയം ചരിത്ര നിർമിതി നടത്തുമ്പോൾ അക്കാര്യത്തിൽ സംഘപരിവാറിന് ബ്രിട്ടീഷുകാരോട് കടപ്പാടുണ്ട്. അവർക്കായി ചരിത്രാഖ്യാനങ്ങൾ ഉണ്ടാക്കി നൽകിയത് ബ്രിട്ടീഷുകാരാണ്. ഹിന്ദുത്വ ദേശീയത തങ്ങളുടെ ആശയങ്ങൾക്കായി ചരിത്രത്തെ പുനർവായിക്കുമ്പോൾ ജെയിംസ് മിൽ ആരംഭിച്ച ഈ മതപരമായ ചരിത്രരചന തന്നെയാണ് അവർക്ക് ഇന്നും ഏറ്റവും വലിയ ആധാരശിലയാകുന്നത്.
ബ്രിട്ടീഷ് ചരിത്രകാരന്മാർ നിർമ്മിച്ച ഈ വർഗ്ഗീകരണം യഥാർത്ഥത്തിൽ ഇന്ത്യയുടെ ചരിത്രത്തെ തന്നെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. അവർ ഇന്ത്യയെ ഭരണകൂടപരമായി അടിമപ്പെടുത്തിയതിനേക്കാൾ വലിയൊരു ദ്രോഹം ചെയ്തത്, ഇന്ത്യക്കാരുടെ ചരിത്രബോധത്തെ വർഗീയമായി വിഭജിച്ചു എന്നതാണ്. ജെയിംസ് മില്ലിന്റെ ഈ വിഭജനം ഇന്നും ഇന്ത്യൻ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരു നിഴലായി തുടരുകയാണ്. ഹിന്ദുത്വ ദേശീയത ഇന്ന് മുന്നോട്ടുവെക്കുന്ന പല ചരിത്രപരമായ വാദങ്ങളും ഈ കൊളോണിയൽ നിർമ്മിതികളുടെ പുനരാവിഷ്കാരം മാത്രമാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം തങ്ങളുടെ ഭരണസ്ഥിരതയ്ക്കും ഇന്ത്യയെ വിഭജിച്ചു ഭരിക്കുന്നതിനുമായി ഉപയോഗിച്ച പല ചരിത്ര വിവരണങ്ങളുമാണ് പിൽക്കാലത്ത് ഹിന്ദുത്വ ദേശീയത തങ്ങളുടെ ആശയങ്ങൾ സ്ഥാപിക്കാനാവശ്യമായ ആഖ്യാനങ്ങളാക്കിയത്. ഇത് ചരിത്രം വളച്ചൊടിച്ചുകൊണ്ടല്ല, മറിച്ച് ചരിത്രത്തെ മതവൽക്കരിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാർ സാധ്യമാക്കിയത്. രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള ശാശ്വതമായ ശത്രുത സ്ഥാപിക്കുന്നതിലൂടെ, ഇന്ത്യക്കാർക്ക് സ്വയം ഭരിക്കാൻ കഴിയില്ലെന്നും ബ്രിട്ടീഷുകാർ ഒരു നിഷ്പക്ഷനായ മധ്യസ്ഥൻ എന്ന നിലയിൽ ഭരണം തുടരണമെന്നും സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു.
ദേശീയതയുടെ
വൈദിക പരിപ്രേക്ഷ്യങ്ങൾ
ഇന്ത്യൻ അടിസ്ഥാന സമൂഹം ഇന്നും ചരിത്രത്തിൽ നിന്ന് മുന്നോട്ട് പോകാത്തതിൻ്റെ പ്രധാന കാരണം ബ്രിട്ടീഷുകാർ അവരുടെ വിഭജന യുക്തി കൊണ്ട് സുവർണ കാലമെന്ന് പേരിട്ട പ്രാചീനമായ ഒരു കാലത്തെ ഉള്ളിൽ ആരാധിക്കുന്നതുകൊണ്ടാണ്. അതിനെ താലോലിച്ച് കൊണ്ടാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ദേശീയത സങ്കല്പങ്ങൾക്ക് അവർ രൂപംകൊടുക്കുന്നത്. പിൽക്കാലത്ത് മനുഷ്യർ ആർജിച്ച സകലമാന ബോധങ്ങളെയും ആധുനിക മൂല്യങ്ങളെയും അവഗണിക്കുകയോ അതിനോടൊക്കെ ശത്രുത പുലർത്തുകയോ ചെയ്ത് കൊണ്ടാണ് ഹിന്ദുത്വ പഴയ ആ സുവർണ്ണ കാലത്തെ പുനഃസ്ഥാപിക്കാൻ മാത്രമാഗ്രഹിക്കുന്നത്. ബ്രിട്ടീഷുകാർ അന്ധവിശ്വാസ ജഡിലമെന്നും പ്രാചീനമെന്നും അപരിഷ്‌കൃതമെന്നും പേരിട്ട ഒരു സാമൂഹികാവസ്ഥയെയാണ് സുവർണ്ണ കാല സങ്കൽപ്പമെന്ന ധാരണയിൽ ഹിന്ദുത്വ ദേശീയത ഏറ്റുപിടിച്ചുകൊണ്ടിരിക്കുന്നത്. കാലികമായ നവീകരണത്തിനുപകരം, ആ പ്രാചീന കാലത്തെ മഹത്വങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം എന്ന് സംഘപരിവാർ വാദിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന പല പുരാവസ്തു ഗവേഷണങ്ങളും സാംസ്കാരിക പഠനങ്ങളും സംസ്‌കൃതത്തെയും വേദങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു. ഇന്ത്യൻ ജാതി ഘടനയുടെ ശക്തി തിരിച്ചറിഞ്ഞ് കൊണ്ട് സുരക്ഷിതമായ ഭരണത്തിന് ഒരിടം കണ്ടെത്താനുള്ള കൊളോണിയൽ ബുദ്ധിയാണ് ഈ വേദസ്നേഹത്തിന് പിന്നിലുണ്ടായിരുന്നത്. യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ വേദങ്ങളും പാരമ്പര്യങ്ങളും വെറും തമാശക്കുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു.
അക്കാലത്തെ ബ്രാഹ്മണിക്കൽ ചിന്തകരുമായി സഹകരിച്ച് ഇന്ത്യയെ ഭരിക്കാൻ എളുപ്പമുള്ള ഒരു സാമൂഹിക ക്രമം ബ്രിട്ടീഷുകാർ പരീക്ഷിച്ചു നോക്കുകയായിരുന്നുവന്നതാണ് വസ്തുത. എന്നാൽ ഇന്ത്യയുടെ ഏകീകൃത സംസ്കാരം സനാതന ധർമ്മം മാത്രമാണെന്ന വാദത്തിന് ഈ കൊളോണിയൽ പഠനങ്ങൾ പിന്നീട് ബൗദ്ധികമായ പിന്തുണ നൽകി. ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ അജ്ഞതകളെ മുതലെടുത്ത് അവരെ സൗകര്യമായി ഭരിക്കാനായി മാത്രം ഉപയോഗിച്ച മത-ചരിത്ര ചട്ടക്കൂടിനെയും ആഖ്യാനങ്ങളെയും തന്നെയാണ് ഹിന്ദുത്വ ദേശീയത തങ്ങളുടെ ആശയപരമായ അടിത്തറയായി അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത് ചരിത്രപരമായ ഏറ്റവും വലിയ ഹാസ്യവും വൈരുദ്ധ്യവുമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കാതെയാണ് ബ്രിട്ടീഷ് ഭാഷ്യങ്ങളെ ഉപജീവിച്ച് ഒരു വിഭജന ദേശീയതയെ സൃഷ്ടിക്കാൻ ഹിന്ദുത്വ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
