‘ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ സോഷ്യൽ മീഡിയ ടീം ചെയ്യേണ്ട പണി മുഴുവൻ ഒറ്റയ്ക്ക് ചെയ്യുന്നവൻ’ എന്നാണ് ഒരു ഫേസ്ബുക്ക് ഹാൻഡിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ വിശേഷിപ്പിച്ചുകണ്ടത്. ‘ഫാക്ട് ചെക്കർ’ എന്നതിനേക്കാൾ സുബൈർ ചെയ്യുന്ന ജോലിയെ ഉൾക്കൊള്ളുന്നത് ആ വിശേഷണമാണ്. ആ വിശേഷണത്തെ ശരിവെക്കുന്നതാണ് സുബൈറിനെതിരെയുള്ള ഭരണകൂട വേട്ടയാടലും 2022-ലെ ഡൽഹി പൊലീസിന്റെ അറസ്റ്റും.
പോസ്റ്റ് കാർഡ് ന്യൂസ്, ഒപ് ഇന്ത്യ തുടങ്ങിയ സംഘപരിവാർ പോർട്ടലുകളും ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരുടെ ഉൾപ്പടെ ട്വിറ്റർ ഹാൻഡിലുകളും സുബൈറിനെതിരെ നിരന്തരം സൈബർ ആക്രമണവും വെറുപ്പും അഴിച്ചുവിടുന്നതും ഒരു പ്രതിപക്ഷ ശബ്ദമെന്ന നിലയിൽ സുബൈർ സംഘപരിവാറിനെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ്.
ഇന്ത്യയിലെ ഒട്ടു മിക്ക മാധ്യമങ്ങൾക്കും ഫാക്ട് ചെക്കിനായി പ്രത്യേക വിഭാഗം തന്നെയുണ്ട്. ദേശീയ തലത്തിൽ എൻ.ഡി.ടി.വി, ഇന്ത്യാ ടുഡേ തുടങ്ങിയ മാധ്യമങ്ങളും മലയാളത്തിൽ മാതൃഭൂമി, മനോരമ തുടങ്ങിയ മുൻനിര മാധ്യമങ്ങളും പ്രത്യേക ഡെസ്കുകൾ തന്നെ ഫാക്ട് ചെക്കിനായി സജ്ജീകരിച്ചിട്ടുണ്ട്. നിരവധി സ്വതന്ത്ര ഫാക്ട് ചെക്കേഴ്സും ഇന്ത്യയിലുണ്ട്. അവർക്കൊന്നും ലഭിക്കാത്ത താരപരിവേഷവും വിശ്വാസ്യതയും സുബൈറിനുണ്ടാവുന്നത്, എന്ത് ഫാക്ട് ചെക്ക് ചെയ്യണം എന്ന രാഷ്ട്രീയ തിരഞ്ഞെടുപ്പ് കൊണ്ടാണ്.
വ്യാജ ഹെൽത്ത് ടിപ്പുകൾ, രാഷ്ട്രീയക്കാർക്കെതിരെ വരുന്ന വ്യാജ പ്രചാരണങ്ങൾ, വാട്സ്ആപ്പ് ഫോർവേഡുകൾ തുടങ്ങിയ സാധാരണ വ്യാജ പ്രചാരണങ്ങളെ മുഖ്യധാര മാധ്യമങ്ങൾ കൂടി ഫാക്ട് ചെക്ക് ചെയ്യാൻ ആരംഭിച്ചതോടെ പഴയ രീതിയിൽ ഒരുപാട് നാൾ സോഷ്യൽ മീഡിയയിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്ന പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ആളുകൾ ഇൻറർനെറ്റ് സാക്ഷരതയിൽ മുന്നോട്ട് പോയതും വ്യാജ വാർത്തകളുടെ പ്രചാരണം ഒരു പരിധിവരെ തടയുന്നുണ്ട്.
ഇന്ത്യയിലെ മെയിൻ സ്ട്രീം മാധ്യമങ്ങളുടെ സംഘപരിവാർ വിധേയത്വം പല തവണ സുബൈർ തുറന്നുകാണിച്ചിട്ടുണ്ട്.
എന്നാൽ ഈ മുഖ്യധാര മാധ്യമങ്ങളുടെ ഫാക്ട്ചെക്ക് കവറേജിനുപുറത്ത് നടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം, രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധരിപ്പിക്കാനായി മനഃപൂർവ്വം സൃഷ്ടിക്കുന്ന സന്ദേശങ്ങൾ, തെറ്റിദ്ധരിപ്പിക്കുകയും വെറുപ്പു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസംഗങ്ങൾ, മെയിൻ സ്ട്രീം മീഡിയ തന്നെ മനഃപൂർവവും അല്ലാതെയും സൃഷ്ടിക്കുന്ന വ്യാജ പ്രചാരണം തുടങ്ങിയവ പലപ്പോഴും കൃത്യസമയത്ത് ആരാലും പരിശോധിക്കപ്പെടാതെ പോവാറുണ്ട്. ഈ ഒരു ഉത്തരവാദിത്വമാണ് സുബൈറും അദ്ദേഹത്തിന്റെ പങ്കാളിയായ പ്രതിക് സിൻഹയും അവരുടെ സ്ഥാപനമായ ആൾട്ട് ന്യൂസും ഏറ്റെടുത്ത് നടത്തുന്നത്.
വ്യാജവാർത്തയുമായുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെത്തന്നെയാണ് സുബൈറിന് പലപ്പോഴും പൊളിച്ചുകാണിക്കേണ്ടി വന്നിട്ടുള്ളത്. ഇന്ത്യയിലെ മെയിൻ സ്ട്രീം മാധ്യമങ്ങളുടെ സംഘപരിവാർ വിധേയത്വം പല തവണ സുബൈർ തുറന്നുകാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി രാജ്യത്തെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ എ.എൻ.ഐ സംഘപരിവാറിന് അനുകൂലമായി ചെയ്തുവരുന്ന നടപടികൾ സുബൈർ ഡോക്യുമെന്റ് ചെയ്തുവരികയാണ്. ക്രൈം റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതികളുടെ മുസ്‍ലിം പേരുകൾ പ്രത്യേകം പ്രസിദ്ധീകരിക്കുന്ന എ.എൻ.ഐ, ഹിന്ദു പേരുകൾ പരാമർശിക്കാതെ പോവുന്നതുപോലുള്ള പാറ്റേൺ സുബൈർ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തശേഷം കേന്ദ്ര സർക്കാരിന് അനുകൂലമായ നറേറ്റീവ് ഉണ്ടാക്കിയെടുക്കാൻ എ.എൻ.ഐ വസ്തുതകൾ വളച്ചൊടിക്കുന്നതായി സുബൈറിന്റെ ട്വീറ്റുകൾ വ്യക്തമാക്കുന്നു. അറസ്റ്റിന് തൊട്ടുപിന്നാലെ അണ്ണാ ഹസാരെ കെജ്രിവാളിനെതിരെ സംസാരിക്കുന്ന വീഡിയോ എ.എൻ.ഐ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വീഡിയോയിൽ ക്യാമറക്കുപിന്നിൽ നിന്ന് കെജ്രിവാളിനെതിരെയുള്ള പ്രസ്താവന അണ്ണാ ഹസാരയ്ക്ക് പ്രോംപ്റ്റ് ചെയ്ത് നൽകുന്നതായി സുബൈർ ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടി വക്താവ് അതിഷിയുടെ പത്രസമ്മേളനം എ.എൻ.ഐ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ‘ശരത് ചന്ദ്ര റെഡ്ഡിയിൽ നിന്ന് ബി.ജെ.പിക്ക് 59 കോടി ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചു’ എന്നു പറയുന്ന ഭാഗം വെട്ടിമാറ്റപ്പെട്ടതായും സുബൈർ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഇന്ത്യ ടുഡേ, എ ബി പി ന്യൂസ്, റിപ്പബ്ലിക് ടിവി, സീ ടി വി തുടങ്ങിയ എല്ലാ മുഖ്യധാര ചാനലുകളിലെയും വസ്തുതാ വിരുദ്ധമായതും വളച്ചൊടിക്കപ്പെട്ടതുമായ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തെളിവു സഹിതം സുബൈർ റിപ്പോർട്ട് ചെയ്യുകയും ചാനലുകളെ തിരുത്തുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തകരും ഉത്തരവാദിത്വപ്പെട്ട ഭരണ സ്ഥാനങ്ങളിലിരിക്കുകയും ചെയ്യുന്നവരുടെ വിദ്വേഷ പ്രചാരണവും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും പൊളിച്ചു കാണിക്കുക എന്നതാണ് സുബൈറിന്റെ ജോലിയിലെ ഏറ്റവും റിസ്കിയായ ഭാഗം. റൈറ്റ് വിംഗ് വലിയ തയ്യാറെടുപ്പുകളോടെ ആസൂത്രിതമായി കൊണ്ടുവരുന്ന നറേറ്റീവുകൾ പൊളിച്ചടുക്കുന്നു എന്നതാണ് സുബൈറിനോട് സംഘപരിവാറിന്റെ ശത്രുതയ്ക്ക് പ്രധാന കാരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും വിദ്വേഷ പ്രസംഗങ്ങളും സുബൈർ സമാഹരിച്ച് ഡോക്യുമെന്റ് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രസംഗങ്ങൾ തുടർച്ചയായി ഫാക്ട് ചെക്ക് ചെയ്യുകയും അതിലെ വിദ്വേഷ പരാമർശങ്ങളെ തുടർച്ചയായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഏക പോപ്പുലർ ഹാൻഡിൽ സുബൈറിന്റേതായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും വിദ്വേഷ പ്രസംഗങ്ങളും സുബൈർ സമാഹരിച്ച് ഡോക്യുമെന്റ് ചെയ്യുന്നു.
ഓൺലൈനിലെ ഏറ്റവും വലിയ സംഘടിത ശക്തിയാണ് ബി.ജെ.പി. ഐ.ടി. സെൽ. വ്യാജ നറേറ്റീവുകളും വിദ്വേഷവും പ്രചരിപ്പിക്കാൻ സുസംഘടിതമായ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഈ ഐ.ടി സെല്ലിനോടും ഇന്ത്യൻ ഹിന്ദുത്വ പൊതുബോധത്തിൽ ഏറ്റവും വേഗത്തിൽ പ്രചരിപ്പിക്കപ്പെടാൻ സാധ്യതയുള്ള വലതുപക്ഷ നുണപ്രചാരണങ്ങളോടും ഏറ്റുമുട്ടി നിൽക്കാൻ പറ്റുന്നു എന്നതാണ് സുബൈറിനെ ഒരു ഹീറോയാക്കുന്നത്.
മാർച്ച് 14-നാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇലക്ടറൽ ബോണ്ട് വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിടുന്നത്. വിവരങ്ങൾ പുറത്തുവന്നതിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും അവരെക്കുറിച്ച് മുമ്പുവന്ന വാർത്തകളും ശേഖരിച്ച് സുബൈർ സംശയങ്ങൾ ചോദിച്ച് തുടങ്ങിയിരുന്നു. സുബൈർ ഉൾപ്പടെയുള്ള ട്വിറ്റർ ഹാൻഡിലുകളുടെ ഈ പാറ്റേൺ പിന്തുടർന്നാണ് തുടർന്നുള്ള ദിവസങ്ങളിൽ മീഡിയയും പ്രതിപക്ഷവും ഇലക്ടറൽബോണ്ടിനെ അപഗ്രഥിച്ചത്. ബോണ്ട് വാങ്ങിയ വൻ കമ്പനികളുടെ ഓഫീസുകളിൽ അതിന് മുൻപുള്ള ദിവസങ്ങളിൽ ഇ.ഡി റെയ്ഡ് നടന്നിരുന്നുവെന്നും, നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ പോലും വൻ തുകയ്ക്ക് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നും കണ്ടെത്തെലുകൾ വന്നു. വളരെ പ്രക്ഷുബ്ദമായ ഇന്ത്യന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് ‘എന്താണ് പ്രധാനം’, ‘എന്താണ് ഫോളോ ചെയ്യേണ്ടത്’ എന്ന് പ്രതിപക്ഷത്തെയും മെയിന്‍സ്ട്രീം മീഡിയയെയും സ്വാധീനിക്കന്‍ ചില സന്ദര്‍ഭങ്ങളില്‍ സുബൈറിന് കഴിഞ്ഞിട്ടുണ്ട്.
പശു മാംസം കൈവശം വച്ചെന്നാരോപിച്ച് ഹിന്ദുത്വ ആൾക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‍ലാക്കിനെ എല്ലാവർക്കും ഓർമയുണ്ടാവും. മുസ്‍ലിം വിരുദ്ധ പരമാർശം നടത്തിയ സ്വാധി പ്രാചിയുടെ പേരും മിക്കവരുടെയും ഓർമയിൽ എളുപ്പമെത്തും. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മുസ്‍ലിം വിരുദ്ധ ആക്രമണങ്ങളും മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങളും ഒരു വാർത്തയേ അല്ലാതാവുന്നത്രയും സ്വാഭാവികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളെ കാൾ ഔട്ട് ചെയ്യുക, ഡോക്യുമെന്റ് ചെയ്യുക എന്ന ജോലി കൂടി സുബൈർ ഏറ്റെടുത്തിട്ടുണ്ട്.
2021 ജൂലൈയിലാണ് സുള്ളി ഡീൽ എന്ന മൊബൈൽ ആപ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ആക്ടിവിസ്റ്റുകളും ജേണലിസ്റ്റുകളും സാധാരണക്കാരുമായ മുസ്‍ലിം വനിതകളുടെ ചിത്രങ്ങൾ ‘വിൽപ്പനയ്ക്ക്’ എന്ന് ടാഗ് നൽകി സുള്ളി ഡീലിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള മറ്റൊരു ആപ്പ് ആയ ‘ബുള്ളി ബായി’യിൽ നടിയും ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയുടെ മകളുമായ ഷബ്ന അസ്മിയുടെതടക്കമുള്ള ചിത്രങ്ങളുണ്ടായിരുന്നു. മുസ്‍ലിം സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ആപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ ഓൺലൈൻ ഇൻവെസ്റ്റിഗേഷൻ നടത്തി കണ്ടെത്തി അവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചത് സുബൈറും ആൾട്ട് ന്യൂസുമാണ്.
മുസ്‍ലിം പ്രവാചകൻ മുഹമ്മദിനെതിരെ ബി.ജെ.പി. നേതാവ് നൂപൂർ ശർമ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സുബൈറിന്റെ ട്വീറ്റ് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമാവുകയും നൂപുർ ശർമക്കെതിരെ വലിയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തു. വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ പോലും ബി.ജെ.പിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടു. അവസാനം ബി.ജെ.പിക്ക്, ‘ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ എന്ന പ്രസ്താവനയോടെ ക്ഷമാപണം നടത്തേണ്ടിവന്നു.
ഈ സംഭവത്തെ തുടർന്നാണ് സംഘപരിവാറിന്റെ ഓൺലൈൻ ഹാൻഡിലുകൾ സുബൈറിനെതിരെ കാര്യമായി തന്നെ ഇറങ്ങിത്തിരിച്ചത്. സുബൈർ ഒരു ജിഹാദിസ്റ്റ് ആണെന്നും ഹിന്ദു വിരുദ്ധനാണെന്നും ആരോപിച്ച് #ArrestZubair എന്ന ഓൺലൈൻ കാമ്പയിൻ വരെ തുടങ്ങിവച്ചു.
വലതു പക്ഷ നുണകളെ തുടർച്ചയായി പൊളിച്ചു കാണിച്ച് ഇന്ത്യൻസൈബർ സ്പേസിൽ ഫാക്ട് ചെക്ക് എന്ന വാക്കിന്റെ പര്യായമായി സുബൈറും ആൾട്ട് ന്യൂസും മാറി.
ഇതിനുപിന്നാലെയാണ് 2022 ജൂണിൽ സുബൈർ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2008-ലെ ഒരു ട്വീറ്റിന്റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നത്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം സ്ഥലനാമങ്ങൾ ഹിന്ദു വൽക്കരിക്കുന്നത് ഒരു പതിവായതിനെ പരിഹസിച്ച് സുബൈർ പോസ്റ്റ് ചെയ്ത ട്വീറ്റാണ് അറസ്റ്റിന് കാരണമായത്. ഹണിമൂൺ എന്ന ഹോട്ടൽ 2014-നുശേഷം പേര് ഹനുമാൻ എന്നായിരിക്കും എന്നാണ് സുബൈർ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിൽ ഒരു സംഘപരിവാർ അനുകൂല ഹാൻഡിൽ ഡൽഹി പൊലീസിനെ ടാഗ് ചെയ്തതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഫോൺ നിർമാതാക്കളായ നോക്കിയയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു മുഹമ്മദ് സുബൈർ. 2017-ൽ സുഹൃത്തായ പ്രതിക് സിൻഹയുമായി ചേർന്ന് ആരംഭിച്ചതാണ് ഫാക്ട് ചെക്കിംഗ് പോർട്ടലായ ആൾട്ട് ന്യൂസ്. ആദ്യ വർഷം നോക്കിയയിൽ ഇരുന്നുകൊണ്ടുതന്നെ പ്രതിക് സിൻഹയെ സഹായിക്കുക മാത്രം ചെയ്ത സുബൈർ 2018-ൽ ജോലി രാജിവച്ച് മുഴുവൻ സമയ ഫാക്ട് ചെക്കിംഗിലേക്ക് വന്നു.
ഇന്ത്യൻ അതിർത്തികളിൽ സ്ഥാപിച്ച ഫ്ലഡ് ലൈറ്റുകൾ എന്ന പേരിൽ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലെ ചിത്രം സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ നിന്നുള്ളതാണ് എന്ന കണ്ടെത്തിൽ വൈറലായതോടെയാണ് ആൾട്ട് ന്യൂസും പിന്നാലെ മുഹമ്മദ് സുബൈറും പ്രതിക് സിൻഹയും ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. തുടർന്ന് വലതു പക്ഷ നുണകളെ തുടർച്ചയായി പൊളിച്ചു കാണിച്ച് ഇന്ത്യൻസൈബർ സ്പേസിൽ ഫാക്ട് ചെക്ക് എന്ന വാക്കിന്റെ പര്യായമായി സുബൈറും ആൾട്ട് ന്യൂസും മാറി. ഭരണകൂടത്തിന്റെയും ഐ.ടി. സെല്ലിന്റെയും വേട്ടയാടലുകൾക്ക് നടുവിലും സുബൈറും പ്രതിക് സിൻഹയും ആൾട്ട് ന്യൂസും ജോലി തുടരുന്നു.