മുസ്‍ലിം ജനസംഖ്യാ വർധനയെച്ചൊല്ലിയുള്ള
വിദ്വേഷ കാമ്പയിനും ചില വസ്തുതകളും

‘‘ജനസംഖ്യാ വളര്‍ച്ചയുടെ അടിസ്ഥാന കാരണം വരുമാനക്കുറവ്, വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം എന്നിവയാണ്. ഈ സാമൂഹിക- സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനുപകരം ഒരു സമുദായത്തെ അപഹസിക്കുന്ന പ്രചാരണങ്ങളിലാണ് സംഘപരിവാര്‍ നേതാക്കള്‍ മുഴുകിയിരിക്കുന്നത്’’- സാമ്പത്തിക വികസനത്തെയും വിശ്വാസ രാഷ്ട്രീയത്തെയും ദേശരാഷ്ട്ര സങ്കല്പങ്ങളെയും സംബന്ധിച്ച് സംഘപരിവാർ സൃഷ്ടിച്ച വ്യാജ വാർത്തകളെക്കുറിച്ച് വിലയിരുത്തുന്ന പരമ്പരയുടെ നാലാം ഭാഗം.

സംഘികാലം നിർമിച്ചെടുത്ത
നുണകളുടെ റിപ്പബ്‌ളിക് - 4

2002-ലെ ഗുജറാത്ത് കലാപത്തിനുശേഷം എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുമായി കലാപബാധിതരെ താമസിപ്പിച്ചിരുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചുകൊണ്ട് അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒരു പ്രസ്താവന നടത്തി. 2002 സെപ്തംബര്‍ 9-ന് ഗുജറാത്തിലെ മേഹ്‌സാന ജില്ലയിലെ ബേച്ചരാജിയില്‍ നിന്ന് ആരംഭിച്ച ഗൗരവ് യാത്ര (സ്വാഭിമാന യാത്ര) ഉത്ഘാടനം ചെയ്തുകൊണ്ടായിരുന്നു വിവാദപരമായ ആ പ്രസ്താവന മോദി നടത്തിയത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പൂട്ടാനുള്ള തന്റെ തീരുമാനത്തെ പരാമര്‍ശിച്ച്, അവ 'കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍' ആണെന്നായിരുന്നു മോദി പറഞ്ഞത്. ഉറ്റവരും ഉടയവരും
നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മുസ്‍ലിംകൾ തിന്നും കുടിച്ചും കുഞ്ഞുങ്ങളെ പെറ്റുകൂട്ടുകയാണെന്നായിരുന്നു മോദിയുടെ സൂചന. രാജ്യത്തെ കുടുംബാസൂത്രണ പരിപാടികളോട് മുസ്‍ലിംകൾ വിമുഖത കാട്ടുകയാണെന്ന ആരോപണവും മോദിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ചര്‍ച്ചകളില്‍ പ്രാമുഖ്യം നേടി.
‘ഹം പാഞ്ച്, ഹമാരെ പച്ചീസ്’ (നമ്മള്‍ അഞ്ച്, നമുക്ക് ഇരുപത്തിയഞ്ച്) എന്നായിരുന്നു മുസ്‍ലിം സമുദായത്തെ പരാമര്‍ശിച്ച് മോദി സൂചിപ്പിച്ചത്.

''ആര്‍ക്കാണ് ഈ വികസനത്തില്‍ നിന്ന് പ്രയോജനം ലഭിക്കുക? ഗുജറാത്തില്‍ കുടുംബാസൂത്രണം ആവശ്യമില്ലേ?'', ''അഞ്ച് കോടി ഗുജറാത്തികളുടെ ആത്മാഭിമാനവും മനോവീര്യവും ഉയര്‍ത്തിയാല്‍ ആലിയമാരുടെയും മാലിയമാരുടെയും ജമാലിയമാരുടെയും പദ്ധതികള്‍കൊണ്ട് നമുക്ക് ഒരു ദോഷവും വരുത്താനാകില്ലെ''ന്നും ഇതേ പ്രസംഗത്തില്‍ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പുകാലം സംഘപരിവാരങ്ങളെ സംബന്ധിച്ച് നുണ ഉത്പാദനത്തിന്റെ കാലം കൂടിയാണ്. അപരവിദ്വേഷം ലക്ഷ്യമിട്ട്, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ അന്തരീക്ഷത്തിലേക്ക് പടര്‍ത്തിവിടുന്നതില്‍ ആര്‍.എസ്.എസിന്റെ സര്‍ സംഘചാലക് തൊട്ട് ഭരണപദവികളിലിരിക്കുന്നവര്‍ വരെ ഒട്ടും പിന്നിലായിരുന്നിട്ടില്ല. മുസ്‍ലിം ജനസംഖ്യാ വര്‍ധനവ് എന്ന വിഷയത്തെ ഊതിപ്പെരുപ്പിച്ച് കാലാകാലങ്ങളില്‍ മോഹന്‍ ഭാഗവത് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ ഈയവസരത്തില്‍ ഓര്‍മിക്കുക.

ജനസംഖ്യാ വളര്‍ച്ചയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലയളവില്‍ നിന്ന് ഭിന്നമായ പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്ന് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.

2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ജനസംഖ്യാ വര്‍ദ്ധനവ് സംബന്ധിച്ച പരാമര്‍ശം നടത്തി. ഈ പ്രസംഗത്തില്‍ ‘അശ്രദ്ധമായ ജനസംഖ്യാ വിസ്‌ഫോടന'ത്തെ സംബന്ധിച്ച്  ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരമൊരു സാഹചര്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ കാരണക്കാരായി ചൂണ്ടിക്കാട്ടിരുന്നില്ലെങ്കിലും, ഈ പ്രസംഗം ഏറ്റുപിടിച്ച് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് മുസ്‍ലിം സമുദായത്തെ കുറ്റപ്പെടുത്തുകയും അവരിലെ ജനസംഖ്യാവര്‍ധനവ് രാജ്യത്തെ ഹിന്ദുക്കളെ മറികടക്കുന്ന തരത്തിലുള്ളതാണെന്ന് പ്രചരിപ്പിക്കാനും സംഘപരിവാര്‍ നേതൃത്വം ശ്രമിച്ചു. ഇതിന് തടയിടാന്‍ ''ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും പ്രസവിക്കണ''മെന്ന് ഉദ്‌ബോധിപ്പിക്കാനും ചിലര്‍ മറന്നില്ല.

ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ ഒരു സാമൂഹിക, സാമ്പത്തിക വിഷയമായി പരിഗണിക്കാതെ, അവയെ മതപരവും വര്‍ഗ്ഗീയവുമായി ഉയര്‍ത്തിക്കൊണ്ടുവന്ന്, ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും ഉത്പാദിപ്പിക്കുക എന്നതില്‍ കവിഞ്ഞ ഒരു താല്‍പ്പര്യവും സംഘപരിവാര്‍ രാഷ്ട്രീയ സംഘടനകള്‍ക്കോ ഭരണകൂടങ്ങള്‍ക്കോ ഇല്ലെന്നതാണ് വസ്തുത.

സംഘപരിവാര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം ജനസംഖ്യാ വര്‍ധനവും അതുമൂലമുണ്ടാകാന്‍ പോകുന്ന ജനസംഖ്യാപരമായ അവരുടെ ആധിപത്യവും സംബന്ധിച്ച വാദങ്ങള്‍ക്ക് സ്ഥിതിവിവരക്കണക്കുകളുടെ യാതൊരു പിന്‍ബലവുമില്ല. Photo: Shafeeq Thamarassery

സംഘപരിവാര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം ജനസംഖ്യാ വര്‍ധനവും അതുമൂലമുണ്ടാകാന്‍ പോകുന്ന ജനസംഖ്യാപരമായ അവരുടെ ആധിപത്യവും സംബന്ധിച്ച വാദങ്ങള്‍ക്ക് സ്ഥിതിവിവരക്കണക്കുകളുടെ യാതൊരു പിന്‍ബലവും ഇല്ലെന്ന് കണ്ടെത്താം.

1951 മുതല്‍ 2011 വരെ നടന്ന സെന്‍സസുകളില്‍ നിന്ന് ഹിന്ദു- മുസ്‍ലിം ജനസംഖ്യയിലുണ്ടായ മാറ്റം മനസ്സിലാക്കാം. ഇതനുസരിച്ച് 1951-ല്‍ മുസ്‍ലിം ജനസംഖ്യ 9.8% ആയിരുന്നത് 2011-ല്‍ എത്തുമ്പോഴേക്കും 14.2% ആയി ഉയര്‍ന്നുവെന്നതും, ഇതേ കാലയളവില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 80.3%ത്തില്‍ നിന്ന് 79.80% ആയി കുറഞ്ഞുവെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈയൊരു കണക്ക് അടിസ്ഥാനപ്പെടുത്തി വിദൂര ഭാവിയിലെങ്കിലും മുസ്‍ലിംകൾ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് പറയാന്‍ കഴിയുമോ?
ഈയൊരു സന്ദേഹത്തിന് ഉത്തരം കണ്ടെത്താന്‍ രാജ്യത്ത് 1992-93 കാലയളവുതൊട്ട് നടന്ന നാല് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ (NFHS: 1992-93, 1998-99, 2005-06, 2015-16) നല്‍കുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതി.

മുസ്‍ലിംകൾക്കിടയിലെ ബഹുഭാര്യാത്വത്തെ ഉയര്‍ത്തിക്കാട്ടുന്നവര്‍, മുസ്‍ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ പ്രകടമായ മാറ്റങ്ങളെ പരിഗണിക്കാന്‍ തയ്യാറല്ലെന്നതാണ് വസ്തുത.

ജനസംഖ്യാ വളര്‍ച്ചയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലയളവില്‍ നിന്ന് ഭിന്നമായ പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്ന് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. പുതുസഹസ്രാബ്ദത്തിന്റെ ആദ്യ ദശകത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ മതങ്ങളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇടിവ് സംഭവിച്ചതായി കാണാം.
2001-2011 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 19.92 ശതമാനത്തില്‍ നിന്ന് 16.76 ശതമായി കുറഞ്ഞു. ഇതേ കാലയളവിലെ മുസ്‍ലിം ജസംഖ്യാ വളര്‍ച്ച 29.52 ശതമാനത്തില്‍ നിന്ന് 24.60% ആയും കുറഞ്ഞു. 2011-21 കാലയളവിലും സമാനമായ രീതിയില്‍ ഇടിവ് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2011-21 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 16.76 ശതമാനത്തില്‍ നിന്ന് 15.7 ശതമാനമായും മുസ്‍ലിംകൾക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 24.60%  നിന്ന് 18.2% ആയും കുത്തനെ ഇടിഞ്ഞേക്കാമെന്നാണ് പ്രവചനങ്ങള്‍. (2021-ലെ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ വളര്‍ച്ചാ പ്രവചനങ്ങളുടെ
യാഥാര്‍ത്ഥ്യമെന്തെന്ന് മനസ്സിലാക്കുവാന്‍ സാധ്യമല്ല).

2031-ലും ജനസംഖ്യാ വളര്‍ച്ചയില്‍ സമാന പ്രവണത തുടരുമെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഏത് കണക്കുകളും പോപ്പുലേഷന്‍ പ്രൊജക്ഷനുകളും പരിശോധിച്ചാലും വിദൂരഭാവിയില്‍പ്പോലും മുസ്‍ലിംകൾ
ഹിന്ദുക്കളെ മറികടക്കുമെന്ന വാദത്തില്‍ തരിമ്പുപോലും യാഥാര്‍ത്ഥ്യമില്ലെന്ന് കണ്ടെത്താം.

പ്രത്യുത്പാദനക്ഷമതയില്‍ സംഭവിച്ച മാറ്റങ്ങള്‍ പൊതുവില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്നത് ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ക്ക് അറിയാവുന്ന സംഗതിയാണ്.

മുസ്‍ലിംകൾക്കിടയിലെ ബഹുഭാര്യാത്വത്തെ ഉയര്‍ത്തിക്കാട്ടുകയും അവര്‍ ''പന്നികളെപ്പോലെ പെറ്റുകൂട്ടുന്നു'' വെന്ന് ആരോപിക്കുകയും ചെയ്യുന്നവര്‍, മുസ്‍ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ പ്രകടമായ ഈ മാറ്റങ്ങളെ പരിഗണിക്കാന്‍ തയ്യാറല്ലെന്നതാണ് വസ്തുത.

ജനസംഖ്യാ വളര്‍ച്ചയില്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവുകളുടെ ശാസ്ത്രീയ കാരണങ്ങള്‍ അന്വേഷിച്ചാല്‍ രണ്ട് സുപ്രധാന ഘടകങ്ങള്‍ കണ്ടെത്താം. അതിലൊന്ന്, പ്രത്യുല്‍പ്പാദനക്ഷമതയും മറ്റൊന്ന് വളര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗ സ്വഭാവവും ആണ്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കഴിഞ്ഞ 25 വർഷത്തെ (1992-2016) ഡാറ്റകളുടെ വിശകലനം നടത്തി എസ്.വൈ.ഖുറേഷി അഭിപ്രായപ്പെടുന്നത്, പുതു തലമുറ മുസ്‍ലിം കുടുംബങ്ങള്‍ കുടുംബാസൂത്രണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെന്നതാണ്. (ദ പോപ്പുലേഷന്‍ മിത്ത് 2021). 'ഏകശിലാരൂപത്തിലുള്ള ദരിദ്രസമൂഹത്തെക്കുറിച്ചുള്ള ധാരണ, പുതുതായി വളര്‍ന്നുവരുന്ന, ചെറുതെങ്കിലും
ദൃശ്യപരതയുള്ള മുസ്‍ലിം മധ്യവര്‍ഗ്ഗം തകര്‍ക്കുന്നു'വെന്ന് ഹാര്‍വാര്‍ഡ്
സര്‍വകലാശാലയിലെ നിമാന്‍ ഫെല്ലോ അഷ്വാഖ് മസൂദി അഭിപ്രായപ്പെടുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

സാമ്പത്തിക വരുമാന വളര്‍ച്ചയില്‍ ഇതര മതസ്ഥരേക്കാള്‍ താഴ്ന്ന നിലയിലാണ് മുസ്‍ലിംകളുടെ സ്ഥാനം എന്നത് വസ്തുതയാണെങ്കില്‍ കൂടിയും 90-കളുടെ മധ്യത്തോടെ ഒരു സമൂഹമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നേറാന്‍ മുസ്‍ലിം
സമുദായത്തിന് സാധിച്ചത് മേല്‍പ്പറഞ്ഞ നേട്ടം കൈവരിക്കാന്‍ അവരെ സഹായിച്ചുവെന്ന് വിവിധ പഠനങ്ങള്‍ തെളിവു നല്‍കുന്നുണ്ട്. ഈയൊരു പ്രവണത മദ്രസ പാഠ്യപദ്ധതികളില്‍പ്പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ ഉള്‍പ്പെടുത്താന്‍ അവരെ നിര്‍ബന്ധിതരാക്കിയെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

90-കളുടെ മധ്യത്തോടെ ഒരു സമൂഹമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നേറാന്‍ മുസ്‍ലിം
സമുദായത്തിന് സാധിച്ചു

പ്രത്യുത്പാദന ക്ഷമതയില്‍ സംഭവിച്ച മാറ്റങ്ങള്‍ പൊതുവില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്നത് ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ക്ക് അറിയാവുന്ന സംഗതിയാണ്. ഗര്‍ഭധാരണ നിരക്കില്‍ (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്- ടി എഫ് ആര്‍) കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ സംഭവിച്ച മാറ്റങ്ങളും ഇക്കാര്യത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. പൊതുവില്‍ ഹിന്ദു സ്ത്രീകളെ അപേക്ഷിച്ച് മുസ്‍ലിം സ്ത്രീകളില്‍ ഗര്‍ഭധാരണ നിരക്ക് കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുസ്‍ലിം സ്ത്രീകളിലെ ഗര്‍ഭധാരണ നിരക്ക് 4.3 കുട്ടികള്‍ എന്നായിരിക്കുമ്പോള്‍ ഹിന്ദു സ്ത്രീകളില്‍ അത് 3.3 ആണ്. അതായത് ഇരു സമുദായങ്ങള്‍ക്കും ഇടയിലെ പ്രത്യുല്‍പ്പാദന നിരക്കിലെ വിടവ് 30.3% ആണ്. (ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 1992-93). എന്നാല്‍ 2015-16 കാലയളവില്‍ ഇത് 20.5% ആയി കുറഞ്ഞുവെന്ന് എന്‍ എഫ് എച്ച് എസ് -4 ഡാറ്റ സൂചിപ്പിക്കുന്നു.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സിന്റെ (ഐ ഐ പി എസ്) മുന്‍ ഡയറക്ടറും പ്രശസ്ത ഡെമോഗ്രാഫറുമായ പി.എന്‍.മാരി ഭട്ട്, 2021-ഓടെ ഹിന്ദുക്കളില്‍ പ്രത്യുല്‍പ്പാദനക്ഷമതയും 2061-ഓടെ ജനസംഖ്യയും സ്ഥിരത കൈവരിക്കുമെന്ന് കണക്കാക്കിയിരുന്നു (2011). മുസ്‍ലിംകള്‍ക്കിടയില്‍ ഇത് യഥാക്രമം 2031, 2101 ആണെന്നാണ് മാരി ഭട്ടിന്റെ കണക്കുകൂട്ടല്‍. ഈ കണക്കുകള്‍ പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ 2100-ഓടെ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 18.8% എന്ന നിലയില്‍ സ്ഥിരത കൈവരിക്കും. ഭട്ടിന്റെ പ്രവചനങ്ങള്‍ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണക്കുകളുമായി പൊരുത്തപ്പെടുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസ്താവനകളിലൂടെ ഒരു സമുദായത്തെ മൊത്തത്തില്‍ അപഹസിക്കുന്ന പ്രചാരണങ്ങളിലാണ് സംഘപരിവാര്‍ നേതാക്കള്‍ മുഴുകിയിരിക്കുന്നത്.

ജനസംഖ്യാ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണമായി വര്‍ത്തിക്കുന്നത് വരുമാനക്കുറവ്, വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം എന്നിവയാണ് എന്നത് സുവിദിതമാണ്. ഈ സാമൂഹിക- സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനുപകരം വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസ്താവനകളിലൂടെ ഒരു സമുദായത്തെ മൊത്തത്തില്‍ അപഹസിക്കുന്ന പ്രചാരണങ്ങളിലാണ് സംഘപരിവാര്‍ നേതാക്കള്‍ മുഴുകിയിരിക്കുന്നത്. കുടുംബാസൂത്രണ സേവനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് ആധുനിക സൗകര്യങ്ങള്‍ അവയ്ക്കായി ഉപയോഗപ്പെടുത്തി പ്രശ്‌നപരിഹാരം സാധ്യമാക്കുക എന്നതാണ് ആധുനിക സമൂഹത്തിന് അഭികാമ്യം.
മറ്റെല്ലാ പ്രചാരണങ്ങളും സമൂഹത്തില്‍ അസ്വസ്ഥതയും ആശങ്കയും വിതയ്ക്കുന്നതിന് മാത്രമേ സഹായകമാകൂ.

(തുടരും)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments