അയോധ്യയിലെ പള്ളി തകർത്തതിന്റെ പൂർണ ഉത്തരവദിത്തം ഇന്ത്യൻ നാഷനൽ കോൺഗ്രസിനാണ്. ഈ വിഷയം കുത്തിപ്പൊക്കിയതും കോൺഗ്രസാണ്. ഇന്ന് നിലനിൽക്കുന്ന പല കിരാത നിയമങ്ങളും കൊണ്ടുവന്നത് കോൺഗ്രസാണ്. അതിനെ കുറെക്കൂടി കഠിനമാക്കി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തത്.
നമ്മളെ സംബന്ധിച്ച് തീർച്ചയായും, നിരാശാജനകമായ ഒരവസ്ഥയിലേക്ക് ഇന്ത്യൻ സെക്യുലറിസത്തെ കൊണ്ടുപോയിട്ടുണ്ട്. അതിൽ ഒരു പ്രധാന കക്ഷി സുപ്രീംകോടതിയാണ്. സുപ്രീംകോടതി വിധിയെ രാഷ്ട്രീയവിവേകമുള്ള ഒരാൾ എങ്ങനെയാണ് മനസ്സിലാക്കുക? പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളും നിയമവ്യവസ്ഥകളുമൊക്കെ അടങ്ങുന്ന ഒന്നായിട്ടാണ് ആ വിധിയെ എനിക്കു തോന്നിയിട്ടുള്ളത്. യാതൊരുവിധ നീതിയോ ന്യായമോ ആ വിധിയിലുണ്ട് എന്ന് തോന്നുന്നില്ല. ഭരണവ്യവസ്ഥക്ക് അനുകൂലമായി ഭരണകൂടത്തെ മാറ്റാൻ പറ്റുന്ന രീതിയിലേക്ക് ഇന്ത്യൻ ജുഡീഷ്യറി ചെയ്ത ഒന്നാണ് ഈ വിധി. എന്തായാലും ഇന്ത്യൻ ചരിത്രത്തിലെ വളരെ പരിതാപകരമായ ഒരവസ്ഥയാണിത്.
മുസ്‌ലികൾ അയോധ്യയിൽ പള്ളിയുണ്ടാക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതിന്റെ ആവശ്യമില്ല. ഒരു പള്ളിയുണ്ടാക്കി ഈ പ്രശ്നത്തിന് ഒരുത്തരം തേടുകയോ, സുപ്രീംകോടതി വിധിയെ തങ്ങൾ വേറൊരു രീതിയിൽ മാനിക്കുന്നു എന്നു പറയുകയോ ചെയ്യേണ്ട ആവശ്യമില്ല. ആ പള്ളിയുടെ ആവശ്യമില്ല. അവിടെ ഒരു അമ്പലം പണിതുകഴിഞ്ഞു. അവിടെ പ്രാർഥന നടക്കട്ടെ.
അയോധ്യയിൽ നടന്ന സംഭവങ്ങൾ ചരിത്രത്തിലെ ഒരു മോശം ഏടായി കിടക്കും. അതിന് പ്രതികാരം ചെയ്യലല്ല, മുസ്‌ലിം സമൂഹത്തിന്റെ പണി. ഇന്ത്യ വളരെ മതേതരമായ ഒരു രാജ്യമാണ്. ഇന്ത്യൻ ജനത വളരെ മതേതരമായ കാഴ്ചപ്പാടുള്ളവരാണ്. ഹിന്ദു മതവിശ്വാസികളായ ആളുകളാണ് ഇവിടുത്തെ മതേതരത്വത്തെ കാത്തുരക്ഷിക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ അവരുള്ളിടത്തോളം ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും നിലനിൽക്കും. അവരോടൊത്തുചേർന്ന് പോകലാണ് ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ കടമ, ഈ മുഹൂർത്തത്തിൽ. പ്രത്യേകിച്ച്, ഇന്ത്യയിലെ മതേതരവാദികളായ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളിൽ പെട്ട ആളുകളുമായി കൈകോർത്തുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും പൂർണമായും സംരക്ഷിക്കലാണ് എല്ലാവരുടെയും കടമ.