ജർമൻ ഡോക്യുമെന്ററി സംവിധായകന്റെ ക്യാമറക്കുമുമ്പിൽ സാക്ഷി മാലിക് പറയുന്ന ഒരു കാര്യമുണ്ട്. കായിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് വാചാലരാകുന്നവർ ഇന്ത്യൻ പുരുഷ പരിശീലകരിൽ ചിലരുടെയെങ്കിലും വനിതകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുകയോ പരിഭവിക്കുകയോ ചെയ്യാൻ ഭയക്കുന്നവരാണ്.
ഭയരഹിതമായ ഒരു പ്രഖ്യാപനത്തിലൂടെ ഇന്ത്യയുടെ ഫ്രീസ്റ്റൈൽ റെസ്ലിംഗ് താരം, ഒളിംപിക്സ് മെഡൽ താരം, സാക്ഷി മാലിക് ബൂട്ടഴിച്ചു വെച്ചു, താൻ ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. റെസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റായിരുന്ന, പാർലമെന്റംഗം ബ്രിജ് ഭൂഷൻ ശരൺസിംഗിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിക്കുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഗോദയിൽ മിന്നൽപ്പിണരുകൾ സൃഷ്ടിക്കുകയും ചെയ്ത ചരിത്രം സാക്ഷി മാലികിന് സ്വന്തം. ഇന്ത്യൻ കായികലോകത്തിന് നാണക്കേടുണ്ടാക്കിയ ഇതേ ബ്രിജ് ഭൂഷൻശരൺസിംഗിന്റെ വലംകൈയായ സഞ്ജയ്‌സിംഗിനെ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് താൻ ഇനി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ സാക്ഷിയുടെ ഈ തീരുമാനം പൊരുതുന്ന ഇന്ത്യൻ സ്ത്രീത്വത്തിന്റെ മുന്നിൽ പുതിയൊരു റെക്കാർഡിട്ടിരിക്കുകയാണ്.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു, ദൽഹി പ്രസ് ക്ലബിൽ വാർത്താസമ്മേളനം വിളിച്ച് അവർ വൈകാരികമായി പ്രതികരിച്ചത്. വാർത്താ സമ്മേളനത്തിനുശേഷം ഷൂസ് ഊരിവെച്ച് കണ്ണീരോടെയാണ് അവർ ഇറങ്ങിപ്പോയത്. രാജ്യത്തിനകത്തും പുറത്തും നിരവധി റെസ്ലിംഗ് റിംഗുകളിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ സാക്ഷി മാലിക്കിന്റെ ഈ തീരുമാനം നിശ്ചയദാർഢ്യത്തിന്റേതുകൂടിയായിരുന്നു:
‘‘രാജ്യത്തിനുവേണ്ടി ഒളിമ്പിക്സ് മെഡൽ നേടിയ ഞങ്ങൾ നാൽപത് ദിവസം തലസ്ഥാനത്തെ തെരുവീഥിയിലാണ് ഉറങ്ങിയത്. രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലുള്ള ആളുകൾ ഞങ്ങളെ പിന്തുണച്ചു. ബ്രിജ്ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഇനി റിംഗിലേക്കില്ല, ഗുസ്തി അവസാനിപ്പിക്കുകയാണ്’’
ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ ഗുസ്തി താരങ്ങളും കായിക മന്ത്രി അനുരാഗ് താക്കൂറും തമ്മിൽ നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷൺ സിങോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ളവരോ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ധാരണയായിരുന്നു. എന്നാൽ കായികമന്ത്രാലയം ഗുസ്തി താരങ്ങൾക്ക് നൽകിയ ഉറപ്പ് നിറവേറ്റിയില്ല. സഞ്ജയ് സിങ്, ബ്രിജ്ഭൂഷന്റെ മനഃ സാക്ഷി സൂക്ഷിപ്പുകാരനാണെന്നും സാക്ഷി മാലിക് പറഞ്ഞു.
സാക്ഷി മാലികിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട്, ഗുസ്തിയെ രക്ഷിക്കാൻ സഞ്ജയ്‌സിംഗിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു.
‘‘ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കും എന്നറിയില്ല. സമരം സംഘടിപ്പിക്കുന്നതിനൊപ്പം പ്രശ്നങ്ങൾ എല്ലാവരിലേക്കും ഞങ്ങൾ എത്തിച്ചതാണ്. പുതിയ നേതൃത്വത്തിന് കീഴിൽ ഞങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നില്ല’’- വിനേഷ് ഫോഗട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാക്ഷി മാലിക്കുമായി അവരുടെ ഹരിയാനയിലെ വീട്ടിൽ നടന്ന ഒരു കൂടിക്കാഴ്ചയുടെ ഓർമ കൂടി പങ്കുവെക്കട്ടെ.
പുരാതന ഹരിയാനയ്ക്ക് ഒരു ചീത്തപ്പേരുണ്ടായിരുന്നു - പെൺ ഭ്രൂണഹത്യയുടെ നാട്. ഹരിയാനയുടെ ഹൃദയമായ റോത്തക്ക് വില്ലേജിൽഒരു ബസ് കമ്പനി ജീവനക്കാരന്റേയും അംഗനവാടി ജീവനക്കാരിയുടേയും മകളായിപ്പിറന്ന സാക്ഷി മാലിക്, റിയോ ഒളിംപ്ക്സിൽ റെസ്ലിംഗിൽ ഇന്ത്യയ്ക്ക് വെങ്കലം നേടിത്തന്നപ്പോൾ പെൺഭ്രൂണഹത്യയുടേയും ദുരഭിമാനക്കൊലയുടേയും ദുഷ്പേര് മാറി. പകരം റോത്തക്ക് വില്ലേജ് ദേശീയ ഖ്യാതി നേടിയ സ്ഥലമായി മാറി.
വീരേന്ദർ സെവാഗ് ഇങ്ങനെ ട്വീറ്റ് ചെയ്തു: പെൺകുഞ്ഞുങ്ങളെ കൊല്ലാതിരുന്നാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് സാക്ഷി മാലിക്. കാര്യങ്ങൾ ദുഷ്‌കരമാകുമ്പോൾ തുണയ്ക്കെത്തി അഭിമാനം കാക്കുക ഒടുവിൽ പെൺകുട്ടികളാകും...
ദൽഹിയിൽ നിന്ന് സാക്ഷി മാലിക്കിനെത്തേടി കടുക് പാടവും ചോള വയലുകളും കരിമ്പുചെടികൾ അതിരിട്ട ഹരിതനിലങ്ങളും കണ്ട്, ഡാബയിലെ മസാലച്ചായ കുടിച്ച് നൂറു കിലോമീറ്ററോളം സഞ്ചരിച്ച് അവിടെയെത്തിയപ്പോൾ ഞങ്ങൾക്കത് വ്യക്തമായി. ഹരിയാനയിലെ ഓരോ മനുഷ്യനും അഭിമാനപൂർവം സാക്ഷിയെ നെഞ്ചേറ്റിയിരിക്കുന്നു. എല്ലാ ദിക്കിലും ദേശീയപതാകയേന്തിയ സാക്ഷിയുടെ കൂറ്റൻ ഫ്ലക്സുകൾ. സെക്ടർ നാലിലെ നാൽപത്തഞ്ചാം നമ്പർ വീടിനു മുകളിൽ ദേശീയപതാകയ്ക്കൊപ്പം റോത്തക്കിലെ ഗുസ്തിക്കാരിയുടെ പുഞ്ചിരി. സഹോദരൻ സച്ചിൻ മാലിക് എല്ലാ സഹായവും ചെയ്ത് തന്നു.
ഗൾഫിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് സാരഥി കെ.ടി.റബീഉള്ളക്കുവേണ്ടി സാക്ഷി മാലിക്കിനുള്ള സ്നേഹാദരമായി പത്ത് പവൻ സ്വർണപ്പതക്കം നൽകാനുള്ള സംഘാംഗമായായിരുന്നു ഞാനും സുഹൃത്തുക്കളായ കെ. പി.
എം. സക്കീർ, കെ.ടി. അബ്ദുൽഹഖ്, എ.ടി. യൂസഫലി എന്നിവരും റോത്തക്കിലെത്തിയത്. അവിസ്മരണീയ അനുഭവമായി സാക്ഷിയുമായും അവരുടെ കുടുംബാംഗങ്ങളുമായുള്ള
കൂടിക്കാഴ്ച.
റിയോ ഒളിംപിക്‌സിൽ, കിർഗിസ്ഥാൻകാരിയായ ഐസിലു തൈനിബോകോവയെ മലർത്തിയടിച്ച് വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഈ ഗുസ്തിക്കാരി, കാനഡയുടെ അന്ന ഗോഡിനെസ് ഗോൺസാൽവാസിനെ 62 കിലോഗ്രാം ഫ്രീ സ്‌റ്റൈൽ റെസ്ലിംഗിൽ പരാജയപ്പെടുത്തിയാണ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പട്ടിക ഉയർത്തിയ ചരിത്രവുമുണ്ട്. 2010- ൽ ബുഡാപെസ്റ്റിൽ വേൾഡ് ജൂനിയർ ചാംപ്യൻഷിപ്പ് നേടി. മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുള്ള സാക്ഷി, ഇന്ത്യൻ റെയിൽവെ ഉദ്യോഗസ്ഥയാണ്. റെസ്ലിംഗ് താരം സത്യവ്രത് കാടിയനാണ് ജീവിതപങ്കാളി.
വഴുതിമാറുന്ന പദവികളുടെ നഷ്ടസ്വർഗങ്ങളിൽ ഭയാക്രാന്തരാകുന്ന പലരും മൗനം പാലിക്കുമ്പോഴാണ് അനീതിയുടെ മുഖം നോക്കി ഇടിച്ച് റെസ്ലിംഗിന്റെ ലോകത്ത് നിന്ന് സാക്ഷി മാലിക് പടിയിറങ്ങുന്നത്. അതെ, അതൊരു നിലപാടിന്റെ മെഡൽ വിജയം കൂടിയാണ്.