ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു അധ്യാപികയ്ക്ക് തോന്നുമോ? സാധിക്കുമോ? ഒരു മനുഷ്യന് കഴിയുമോ? എന്ന് നമുക്ക് തോന്നും. ഒരു പരിഷ്കൃത സമൂഹത്തിലെ മനുഷ്യർക്ക് അവരാർജ്ജിച്ച സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ബോധത്തിന്റെ അടിസ്ഥാനത്തിൽ, അതൊക്കെയും രൂപപ്പെട്ടുവന്ന ചരിത്രത്തിന്റെ ഉറപ്പിൽ, ചെയ്യാൻ തോന്നാത്ത, ചെയ്യാൻ സാധിക്കാത്ത ക്രൂരതകൾ പക്ഷേ സംഘപരിവാർ തലച്ചോറുകൾക്ക് തോന്നും, അതവർ ഒരു സംശയവുമില്ലാതെ ഒരു രാഷ്ട്രീയ- പ്രത്യയശാസ്ത്ര പരിപാടിയായി ആഘോഷമായി നടപ്പാക്കും. മുസ്ലീമായ, മുഹമ്മദനായ ഒരു ഏഴുവയസ്സുകാരനെ മുഖത്തടിക്കാൻ ഹിന്ദുക്കളായ സഹപാഠികളോട് ആജ്ഞാപിക്കുന്ന ഒരധ്യാപികയിൽ, ഹിന്ദുത്വ മസ്തിഷ്കത്തിൽ, പരിഷ്കൃത മനുഷ്യരുടെ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല എന്ന് നാമറിയണം.
ഉത്തർ പ്രദേശിലെ മുസഫർ നഗർ ഖുബ്ബാപുരിലുള്ള നേഹ പബ്ലിക് സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്താൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ള സംഘപരിവാർ തലച്ചോറിലെ ക്രൂരതയെക്കുറിച്ച് നമ്മോട് പറഞ്ഞത്. ആ വീഡിയോയിലുള്ള സ്തീയുടെ പേര് തൃപ്ത ത്യാഗി. ആ സ്ത്രീയവിടെ ഹിന്ദു മതത്തിൽപ്പെട്ട, ഏഴുവയസ്സായ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത ഏറ്റവും ക്രൂരമായ പാഠം മുസ്ലീം എന്ന ശത്രുവിന്റെ നിർമാണമാണ്. ആ ശത്രു അടി കൊള്ളേണ്ടയാളാണ് എന്നാണ്. ആ ശത്രുവിനെ അടിക്കേണ്ടത് ഹിന്ദു ധർമ്മമാണ് എന്ന ക്രൂര വേദ പാഠമാണവിടെ ആ സ്ത്രീ കുട്ടികളിൽ പ്രായോഗികമായി അടിച്ചേൽപ്പിച്ചത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമേയാവില്ല, അല്ല. അത് വീഡിയോയിൽ പകർത്തപ്പെട്ടതുകൊണ്ടും സോഷ്യൽ മീഡിയയിൽ എത്തപ്പെട്ടതുകൊണ്ടും അതിന്റെ വിധ്വംസകത നമ്മളിലേക്ക് രോഷവും സങ്കടവുമായി പകർന്നുവെന്നു മാത്രം. ഈ ഹിന്ദുത്വ പ്രയോഗം കുട്ടികൾക്ക് മേൽ പ്രയോഗിക്കപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ ഷോക്കിന് കാരണം. ആ അടികളെ വീഡിയോയിൽ പകർത്തിയ ആളുടെ പ്രോത്സാഹനവും സന്തോഷവും കേട്ടില്ലേ? മുഖത്തടി കൊള്ളുന്ന ഒരു കുഞ്ഞിന്റെ, ഒരു മുഹമ്മദന്റെ, വേദനയും ദൈന്യതയും നിസ്സഹായതയും അയാളിലെ ഹിന്ദുത്വ ബോധത്തെ ഉത്തേജിപ്പിച്ചതും ചിരിപ്പിച്ചതും കേട്ടില്ലേ? ഈ ചിരി, വീഡിയോ കാണുന്ന ഓരോ ഹിന്ദുത്വവാദിയും സംഘപരിവാറുകാരും ഉള്ളിലും പുറത്തും ചിരിക്കുന്നുണ്ടെന്നും നാമറിയണം.
മോദി രാജ്യത്ത് മുസ്ലീങ്ങൾക്കുനേരെ ഹിന്ദുത്വ പ്രത്യയശാസ്ത്രം വ്യക്തിയായും ആൾക്കൂട്ടമായും പൊട്ടിത്തെറിക്കുന്നത് നിരന്തരമായ പ്രക്രിയയാണ്. ഒത്തു കിട്ടുന്ന ഓരോ അവസരത്തിലും അത് വളരെ സ്വാഭാവികമായി മുന്നിൽ നിൽക്കുന്ന മുസ്ലീമിനെ ആഞ്ഞടിക്കും, അതാണ് ആ സ്കൂളിൽ കണ്ടത്. കൊല്ലാനാണ് സാഹചര്യമെങ്കിൽ അതും ചെയ്യും. ഏറ്റവുമൊടുവിൽ അത് നാം കണ്ടത് മുംബൈ ജയ്പൂർ ട്രെയിനിലെ കൊലയിലാണ്. കുറച്ച് കാലം മുൻപ് വരെ ഹിന്ദുത്വ കേന്ദ്രങ്ങൾ കാരണങ്ങൾ പറയുമായിരുന്നു, വെറുതെയെങ്കിലും. ഇപ്പോൾ പറയാനൊരു കാരണം വേണ്ടാത്തത്ര സ്വഭാവിക വയലൻസിലേക്ക് അവരതിനെ പരുവപ്പെടുത്തി വളർത്തിയെടുത്ത് വിജയിച്ചിരിക്കുന്നു. വർത്തമാനകാല ചരിത്രത്തിന്റെ നമ്മുടെ രാഷ്ട്രീയ ഓർമകളിൽ ഗുജറാത്ത് വംശഹത്യ മുതൽ അത് ഇടതടവില്ലാതെ മുസ്ലീം മത വിഭാഗത്തിനു നേരെ കൊല്ലാനുള്ള ആക്രോശങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്. മുസ്ലീം ഉന്മൂലനമാണ് ഹിന്ദുത്വയുടെ സുപ്രധാന പരിപാടി. ഓരോ ഹിന്ദുമത വിശ്വാസിയേയും ആ ഹിന്ദുത്വ പ്രത്യയശാസ്ത്ര പരിവാറിലേക്ക് അവർ വെറുപ്പിന്റെ പാഠങ്ങളിലൂടെ ഒരുക്കിയെടുക്കുന്ന യജ്ഞത്തിലാണ്. ഹോമകുണ്ഡത്തിൽ ഹവിസ്സൊഴിച്ച് കാവി വസ്ത്രധാരികളെ ചുറ്റും അണിനിരത്തി, ചെങ്കോലു പിടിച്ച്, പട്ടുവസ്ത്രങ്ങളും ധരിച്ച് ചക്രവവർത്തിയുടെ ആലഭാരങ്ങളോടെ ഒരു ഫാസിസ്റ്റ് ഭരണാധികാരി ഭരിക്കുന്ന രാജ്യത്ത്, സൂപ്പർസ്റ്റാറുകൾ കാല് തൊട്ട് വന്ദിക്കുന്ന, സന്യാസി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഒരു ഏഴു വയസ്സുകാരൻ മുസ്ലീമിനെ സഹപാഠികളായ ഏഴുവയസ്സുകാരായ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സ്വാഭാവികതയുടെ ടെക്സ്റ്റ് ബുക്കിന്റെ പേര് ഹിന്ദുത്വ എന്നാണ്. മുസ്ലീംവെറുപ്പ് എന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര ജനിതക മൂലത്തിലേക്ക് അതില്ലാത്ത മനുഷ്യരെ ജനറ്റിക്ക് എഞ്ചിനിയറിങ്ങ് നടത്തുന്ന ബ്രഹദ് പദ്ധതി.
സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ആക്റ്റ് വഴിയും നാഷണൽ റജിസ്റ്റർ ഓഫ് സിറ്റിസൺ വഴിയും മുസ്ലീമിന്റെ തലയ്ക്കു മുകളിൽ ഹിന്ദുത്വ, അപരത്വത്തിന്റെ ആയുധം തൂക്കിയിട്ടു. ഏകീകൃത സിവിൽ കോഡ് വഴി കഴുത്തിൽ കത്തിമുന മുട്ടിച്ചു വെച്ചു. ഹിന്ദു - മുസ്ലീം ബൈനറിയുടെ ഔദ്യോഗികവും അദൃശ്യവുമായ സംസ്ഥാപനം.
മുസഫർ നഗറിലെ നേഹ പബ്ലിക് സ്കൂളും ദേശീയ ഭരണ നേതൃത്വവും ഒരുപോലെ മുസ്ലീം വെറുപ്പിന്റെ ഒരേ പ്രത്യയശാസ്ത്ര പാഠം പഠിപ്പിക്കുന്ന ഇന്ത്യയാണ് ഇന്നത്തെ ഇന്ത്യ. അടി കൊണ്ട കുഞ്ഞിന്റെ മുഖത്തെ മരണത്തോളമെത്തുന്ന ഭയത്തേയും നിസ്സഹായതയേയും ഇന്ത്യയിലെ 19.75 കോടി മുസ്ലീങ്ങളുടേയും മുഖത്ത് കാണാൻ പറ്റും. മുസ്ലീമായതു കൊണ്ടു മാത്രം, ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിന് മുസ്ലീങ്ങൾ. ആ മുഖങ്ങളിലെ നിസ്സഹായതയിൽ ആനന്ദമൂർച്ഛയനുഭവിക്കുന്ന തൃപ്തി ത്യാഗി. ഈ ഇന്ത്യയാണ് 2024ലെ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നത്. ബഹുസ്വരതയുടെ ഇന്ത്യൻ യാഥാർത്ഥ്യവും രാഷ്ട്രീയവും ജനാധിപത്യവും ഈ മുഖത്തടികൾക്ക് ഈ നിസ്സഹായതകൾക്ക്, കൊല്ലപ്പെടലുകൾക്ക് എങ്ങനെയായിരിക്കും മറുപടിയെഴുതാൻ പോകുന്നത്?