ഉത്തർപ്രദേശിലെ ദലിത് രാഷ്ട്രീയത്തിന് പുതിയ ദിശ നൽകി നാഗിനയിൽ ചന്ദ്രശേഖർ ആസാദിന് ഉജ്വല ജയം. ആസാദ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി ഒറ്റക്കു മത്സരിച്ച ആസാദ് ബി.ജെ.പിയിലെ ഓം കുമാറിനെ 1,51,473 വോട്ടിന് തോൽപ്പിച്ചു. സമാജ്‌വാദി പാർട്ടിയുടെ മനോജ് കുമാറാണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ തവണ എസ്.പിയുമായുള്ള സഖ്യത്തിൽ ബി.എസ്.പിയാണ് ഇവിടെ ജയിച്ചത്. ഇത്തവണയും ബി.എസ്.പി സ്ഥാനാർഥിയായി സുരേന്ദ്ര പാൽ സിങ് മത്സരിച്ചിരുന്നുവെങ്കിലും എസ്.പിക്കും പുറകേ നാലാം സ്ഥാനത്തായി.
'ഇന്ത്യ' സഖ്യം ആസാദുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒറ്റയ്ക്കു മത്സരിക്കുകയായിരുന്നു. 'എല്ലാ പാർട്ടികളെയും നമ്മൾ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്‌വാദി പാർട്ടിയെ പരീക്ഷിക്കാം' എന്ന ചന്ദ്രശേഖർ ആസാദിന്റെ മുദ്രാവാക്യത്തിന് വൻ ജനപ്രീതിയാണ് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി നേടിയെടുത്തിരുന്ന ദലിത് വോട്ടുബാങ്കിലേക്കാണ് ആസാദിന്റെ കടന്നുവരവ്. നാലു വർഷം മുമ്പാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിച്ചത്.
ആസാദ് സമാജ് പാർട്ടിയുടെ ഏക സ്ഥാനാർത്ഥിയായിരുന്നു ആസാദ്. ബി ജെ പിയെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മുൾമുനയിൽ നിർത്തിയായിരുന്നു കാമ്പയിൻ.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ മണ്ഡലത്തിൽ മത്സരിച്ച ആസാദിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടിരുന്നു. 4,501 വോട്ടുകൾ മാത്രമാണ് അന്ന് 37 കാരനായ ആസാദിന് നേടാനായത്. ‘ഇന്ത്യ’ മുന്നണിയോട് ചേർന്നു നിൽക്കാനുള്ള ക്ഷണം നിരസിച്ച ആസാദിന്റെ തീരുമാനം രാഷ്ട്രീയമായി ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് നാഗിനിയിലെ ജയം.