പ്രധാനമന്തി നരേന്ദ്രമോദി

പരാതി ഇലക്ഷൻ കമീഷൻ ‘പഠിക്കുക’യാണ്,
മോദി വിദ്വേഷ പ്രസംഗം തുടരുകയുമാണ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിക്ക് ഇലക്ഷൻ കമീഷൻ മടിച്ചുനിൽക്കുന്നത്, വിദ്വേഷ കാമ്പയിൻ കൂടുതൽ ശക്തമായി തുടരാൻ സാഹചര്യമൊരുക്കിയിരിക്കുകയാണ്. മോദിക്കുപുറകേ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളും വിഷം വമിപ്പിക്കുന്ന പരാമർശങ്ങളുമായി രംഗത്തുണ്ട്.

Election Desk

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ മുസ്‌ലിംകൾക്കെതിരെ നടത്തിയ കടുത്ത വിദ്വേഷ പ്രസംഗം രാജ്യമാകെ പ്രതിഷേധത്തിനിടയാക്കിയെങ്കിലും, അത് വകവെക്കാതെ, കൂടുതൽ ശക്തമായി തുടരുകയാണ് ബി.ജെ.പിയും മോദിയും. നിരവധി പരാതികൾ ലഭിച്ചിട്ടും മോദിക്കെതിരെ നടപടിക്ക് ഇലക്ഷൻ കമീഷൻ മടിച്ചുനിൽക്കുന്നതും, വിദ്വേഷ കാമ്പയിൻ തുടരാൻ സാഹചര്യമൊരുക്കിയിരിക്കുകയാണ്. മോദിക്കുപുറകേ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളും വിഷം വമിപ്പിക്കുന്ന പരാമർശങ്ങളുമായി രംഗത്തുണ്ട്. ഏറ്റവുമൊടുവിൽ, ഇന്ന് ഛത്തീസ്ഗഢിൽ നടന്ന ബി.ജെ.പി റാലിയിൽ, കോൺഗ്രസ് പ്രകടനപത്രിയകയിലുള്ളത് മുസ്‍ലിം ലീഗിന്റെ ആശയങ്ങളാണെന്നും പട്ടികജാതി- പട്ടികവർഗ സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു: ‘‘പാരമ്പര്യസ്വത്തിന് നികുതി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പറയുന്നു. ഇങ്ങനെ തട്ടിയെടുക്കുന്ന സ്വത്ത് ആർക്കാണ് വിതരണം ചെയ്യുകയെന്ന് ഞാൻ പറയേണ്ടതില്ലല്ലോ’, രാജസ്ഥാനിലെ മുസ്‍ലിം വിരുദ്ധ പരാമർശം ആവർത്തിച്ച് മോദി പറഞ്ഞു.

കാമ്പയിന്റെ തുടക്കത്തിൽ 'മോദി ഗ്യാരണ്ടി' എന്ന പേരിൽ നടത്തിയ അവകാശവാദങ്ങളും വികസന അജണ്ടകളുമൊന്നും ഫലിക്കാതായപ്പോഴാണ്, ബി.ജെ.പിയുടെ ആവനാഴിയിൽ എന്നും അവശേഷിക്കുന്ന വർഗീയത പുറത്തെടുത്തത്. നരേന്ദ്രമോദി തന്നെയാണ് അതിന് നേതൃത്വം നൽകുന്നത് എന്നത്, വർഗീയ കാമ്പയിൻ ബി.ജെ.പി ഔദ്യോഗികമായി തന്നെ ഏറ്റെടുത്തതിന്റെ സൂചന കൂടിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടന പത്രികയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടന പത്രികയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ആദിവാസി, ദലിത് മേഖലകളിലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും അതാത് വിഭാഗങ്ങളെ വർഗീയമായി ധ്രുവീകരിക്കുന്ന മട്ടിലുള്ള മുസ്‌ലിം വിരുദ്ധതയാണ് ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്. മുസ്‍ലിം വിഭാഗ​ത്തെ എതിർപക്ഷത്തുനിർത്തിയുള്ള കടുത്ത ആക്രമണമാണ് ബി.ജെ.പി ലക്ഷ്യം വക്കുന്നത്. ഇതിനായി, രാജ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും വിഭവങ്ങളും തട്ടിയെടുക്കുന്ന വിഭാഗമായി അവരെ മുദ്രകുത്തുന്നു.
കോൺഗ്രസിനെയും 'ഇന്ത്യ' മുന്നണിയെയും 'ഹിന്ദു വിരുദ്ധർ' എന്ന നിലയ്ക്കും 'ഒ.ബി.സി- ദലിത്- ആദിവാസി' വിരുദ്ധർ എന്ന നിലയ്ക്കും ടാർഗറ്റ് ചെയ്യുകയാണ് മോദിയും ബി.ജെ.പിയും. കോൺഗ്രസ് പ്രകടനപത്രികയിലെ ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനവും ''Congress will establish an authority to monitor the distribution to the poor of government land and surplus land under the land ceiling Acts' എന്ന വാഗ്ദാനവുമാണ് മോദിയെയും ബി.ജെ.പിയെയും വിറളി പിടിപ്പിച്ചത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ഒരു 'ഇൻക്ലൂഷൻ സൂത്രം' മാത്രമായി ഒ.ബി.സി- ആദിവാസി- ദലിത് വോട്ടുബാങ്കുകളെ സമീപിച്ചിരുന്ന ബി.ജെ.പിക്ക്, കോൺഗ്രസ് മുന്നോട്ടുവച്ച തുല്യതയുടെയും വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിന്റെയും മുദ്രാവാക്യം വലിയ തിരിച്ചടിയാകമെന്നുറപ്പാണ്. അതുകൊണ്ടാണ്, രാജസ്ഥാൻ, യു.പി, മധ്യപ്രദേശ് അടക്കമുള്ള ഹിന്ദുത്വയുടെ 'ഹൃദയഭൂമി'കളിൽനിന്ന് വിദ്വേഷപ്രസംഗങ്ങളുയരുന്നത്.

രാജസ്ഥാനിലെ തന്നെ ആദിവാസി മേഖലയായ ടോങ്ക്- സവായ് മഥോപുർ മേഖലയിൽ നടന്ന ബി.ജെ.പി പൊതുയോഗത്തിലാണ് മോദി, മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ കൂടുതൽ വർഗീയമായി ആവർത്തിച്ചത്. ആദിവാസി മേഖലയായതിനാൽ, സംവരണത്തിലാണ് മോദി പിടിച്ചുകയറിയത്. കർണാടകയിലെ ബി.ജെ.പി സർക്കാർ മുസ്‌ലിംകൾക്കുണ്ടായിരുന്ന സംവരണത്തെ, വോട്ടുബാങ്ക് മുന്നിൽ കണ്ട് പ്രബല വിഭാഗങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കുമായി വീതിച്ചുനൽകാനെടുത്ത തീരുമാനത്തെ മോദി ശക്തിയായി ന്യായീകരിക്കുന്നു. എന്നാൽ, ഈ തീരുമാനം വികലമായ ഒന്നാണെന്ന് സുപ്രീംകോടതി തന്നെ വിമർശിച്ചതാണ്.

''ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് വീതം വക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന സത്യമാണ് ഞാൻ ജനങ്ങളോട് പറഞ്ഞത്. ചില ആളുകൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയവും പ്രീണന രാഷ്ട്രീയവുമാണ് ഞാൻ പുറത്തുകൊണ്ടുവന്നത്. അതിനെ കോൺഗ്രസ് ഭയക്കുകയാണ്. സമ്പത്തിനെക്കുറിച്ച് സർവേ നടത്തുമെന്ന് അവരുടെ പ്രകടനപത്രികയിലുണ്ട്, അവരുടെ നേതാവും അത് പ്രഖ്യാപിച്ചിട്ടുണ്ട്. മോദി ആ രഹസ്യം പുറത്തുകൊണ്ടുവന്നപ്പോൾ അവരുടെ ഒളി അജണ്ട പുറത്തായി. ഇപ്പോൾ അവർ വിറയ്ക്കുകയാണ്''- മോദി പറഞ്ഞു.

പട്ടികജാതി- പട്ടികവർഗക്കാരുടെയും പിന്നാക്കവിഭാഗക്കാരുടെയും അവകാശങ്ങൾ തട്ടിയെടുത്ത് വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി മറ്റു വിഭാഗങ്ങൾക്ക് നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നത് എന്നാണ് മോദിയുടെ പുതിയ ആരോപണം: ‘‘ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ഒരു പ്രത്യേക വിഭാഗത്തിന് സംവരണം നൽകുമെന്നുറപ്പാണ്. ഭരണഘടന ഇതിന് പൂർണമായും എതിരാണ്. ബാബാ സാഹേബ് അംബേദ്കറാണ് ദലിതർക്കും പിന്നാക്കക്കാർക്കും ആദിവാസികൾക്കും സംവരണം അവകാശമാക്കിയത്. കോൺഗ്രസും 'ഇന്ത്യ' മുന്നണിയുമാകട്ടെ, അത് മതത്തിന്റെ പേരിൽ മുസ്‌ലിംകൾക്ക് നൽകുകയാണ്. ഭരണഘടനയുടെ കരടുചർച്ചയിൽ, പട്ടികജാതി- പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാൻ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ശക്തിയായി എതിർക്കപ്പെട്ടിരുന്നു. എന്നാൽ, മൻമോഹൻസിങ് പറഞ്ഞത്, രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്‌ലിംകൾക്ക് പ്രാഥമികമായ അവകാശമുണ്ട് എന്നാണ്. ഇതൊരു ഒറ്റപ്പെട്ട പ്രസ്താവനയായിരുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്നതായിരുന്നു എന്നും കോൺഗ്രസ് നയം. 2004-ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് പട്ടികജാതി- പട്ടികവർഗ സംവരണം വെട്ടിക്കുറിച്ച് മുസ്‌ലിംകൾക്ക് സംവരണം നൽകാനാണ്. 2004നും 2010നുമിടയിൽ നാലു തവണയാണ് ആന്ധ്രപ്രദേശിൽ കോൺഗ്രസ് മുസ്‌ലിം സംവരണത്തിന് ശ്രമിച്ചത്. എന്നാൽ, നിയമപരമായ തടസം മൂലമാണ് അത് നടക്കാതെപോയത്. ഞങ്ങൾക്ക് കർണാടകയിൽ ഭരണം കിട്ടിയപ്പോൾ മുസ്‌ലിം ക്വാട്ട റദ്ദാക്കുകയാണ് ചെയ്തത്’’- രാജസ്ഥാനിലെ ആദിവാസി മേഖലയായ ടോങ്ക്- സവായ് മഥോപുരിൽ നടന്ന ബി.ജെ.പി യോഗത്തിൽ മോദി പറഞ്ഞു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

''കോൺഗ്രസ് ഭരണത്തിൽ വിശ്വാസം പിന്തുടരുന്നതുപോലും അസാധ്യമാണ്. ഹനുമാൻ ചാലിസ കേൾക്കുന്നതുപോലും കോൺഗ്രസ് ഭരണത്തിൽ കുറ്റമായി മാറും. കർണാടകയിൽ ഹനുമാൻ ചാലിസ കേട്ടയാളെ മർദ്ദിച്ചു. സംവരണം അട്ടിമറിച്ച് ഒരു പ്രത്യേക സമുദായത്തെ കൂടി ഉൾപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചു. ബി.ജെ.പിയാണ് അത് തടഞ്ഞത്''- മോദി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ മംഗല്യസൂത്രം പോലും നഷ്ടമാകുമെന്ന മോദിയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ മോദിയെ വെല്ലുവിളിച്ചു: ''ഇപ്പോൾ, വൈകാരികതകളുടെ പുറത്താണ് ഇലക്ഷൻ കാമ്പയിൻ ഓടിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ അധികാരത്തിലെത്തിയാൽ മംഗല്യസൂത്രവും സ്വർണവും നഷ്ടമാകുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാൽ, മോദിയെ ഒരു കാര്യം ഓർമിപ്പിക്കുന്നു, ജവാന്മാരുടെ സംരക്ഷണത്തിനുവേണ്ടി സ്വർണം വിറ്റയാളാണ് ഇന്ദിരാഗാന്ധി. എന്റെ അമ്മയ്ക്ക് മംഗലംസൂത്രം നഷ്ടമായി. മോദിക്ക് മംഗല്യസൂത്രത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുമായിരുന്നുവെങ്കിൽ, അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല''- ബംഗളൂരുവിൽ കാമ്പയിനിൽ പ്രിയങ്ക പറഞ്ഞു.

''ദുരിതത്തിലായ കർഷകർക്കുവേണ്ടി അവരുടെ കുടുംബത്തിലെ സ്ത്രീകൾക്ക് സ്വർണം പണയം വക്കേണ്ടിവരുന്നു. കുട്ടികൾക്ക് അസുഖം വന്നാൽ, അവരുടെ സ്‌കൂൾ അഡ്മിഷന്, സ്ത്രീകൾക്ക് മംഗല്യസൂത്രം വിൽക്കേണ്ടിവരുന്നു''- നോട്ടുനിരോധനവും ലോക്ക്ഡൗണുമെല്ലാമാണ് ഈയൊരു ദുരിതം വരുത്തിവച്ചതെന്ന് പ്രിയങ്ക ഓർമിപ്പിച്ചു.

‘‘കർഷക പ്രക്ഷോഭത്തിൽ 600 കർഷകരാണ് മരിച്ചത്, അവരുടെ സ്ത്രീകൾക്ക് മംഗല്യസൂത്രം നഷ്ടമായില്ലേ? മോദി അതേക്കുറിച്ച് ഒന്നും മിണ്ടിയില്ലല്ലോ. മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ചപ്പോൾ മോദി എവിടെയായിരുന്നു? അദ്ദേഹം ഒന്നും മിണ്ടിയില്ല. ഇപ്പോൾ അദ്ദേഹം ജനങ്ങളെ പേടിപ്പിക്കുന്നു. മോദിക്ക് ശരിക്കും മംഗല്യസൂത്രയോട് ആദരവുണ്ടെങ്കിൽ യുവാക്കൾക്ക് ജോലി നൽകുകയാണ് വേണ്ടത്’’- പ്രിയങ്ക പറഞ്ഞു.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അംബേദ്കറിയെും ഭരണഘടനയെയും ഉയർത്തിപ്പിടിച്ചായിരുന്നു യോഗിയുടെ പ്രസംഗം എന്നതും കൗതുകകരമാണ്: ''അധികാരത്തിലേറിയാൽ വ്യക്തിനിയമം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. അതിനർഥം, മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരീഅത്ത് നിയമം കൊണ്ടുവരുമെന്നാണ്.

അതിനിടെ, നരേന്ദ്രമോദി രാജസ്ഥാനിൽ മുസ്‌ലിംകൾക്കെതിരായി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള പരാതി പരിശോധിച്ചുകൊണ്ടിരിക്കുന്നതായി ഇലക്ഷൻ കമീഷൻ. 'വിശദ പഠനമാണ്' നടത്തുന്നതെന്നാണ് റിപ്പോർട്ട്. മോദിയുടെ പ്രസംഗം ഏതെങ്കിലും പ്രത്യേക ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണോ, കോൺഗ്രസിനെതിരെ വോട്ടു ചെയ്യാനുള്ള വർഗീയമായ അഭ്യർഥനയാണോ, അതോ, മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന വച്ചുകൊണ്ട് കോൺഗ്രസ് പ്രകടനപത്രികയെ വിലയിരുത്തിയതാണോ എന്നൊക്കെയുള്ള ആംഗിളുകളിലാണ് പരിശോധനയെന്നറിയുന്നു.

Comments