മോദിയെ കാത്തിരിക്കുന്നത് ശ്വാസം മുട്ടിക്കുന്ന സഖ്യ സർക്കാർ

ജെ.ഡി.യു ബീഹാറിൽ നേടിയ 12 സീറ്റുകളും ടി.ഡി.പി ആന്ധ്രാപ്രദേശിൽ നേടിയ 16 സീറ്റുകളും ചെർന്നാണ് എൻ.ഡി.എ കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയത്. പുതിയ സഖ്യ സർക്കാറിൽ ബി.ജെ.പിക്ക് ചെറുതല്ലാത്ത വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.

Election Desk

543-ൽ 240 സീറ്റിലൊതുങ്ങിയ ബി.ജെ.പിക്ക് ഇനി സഖ്യകക്ഷികളുടെ സമ്മർദതന്ത്രങ്ങിൽ ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ടിവരും. കഴിഞ്ഞ തവണത്തേക്കാൾ 63 സീറ്റുകളുടെ കുറവാണ് ബി.ജെ.പിക്ക്. ഏറ്റവും വലിയ ഒറ്റകക്ഷി എന്നു പറയാമെങ്കിലും കേവല ഭൂരിപക്ഷമില്ല. 'മുന്നാംതവണയും സർക്കാർ രൂപീകരിക്കാൻ അവസരം തന്നതിന് ജനങ്ങൾക്ക് നന്ദി' എന്ന് മോദി പറഞ്ഞെങ്കിലും സർക്കാർ ഉണ്ടാക്കി മുന്നോട്ടുപോകുന്നത് ബി.ജെ.പിയെ സംബന്ധിച്ച് അത്ര സുഗമമായിരിക്കുകയില്ല.

ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും കൂടി ആകെ ലഭിച്ചത് 292 സീറ്റുകളാണ്. ‘ഇന്ത്യ’ മുന്നണി നേടിയത് 234 സീറ്റും.

എൻ.ഡി.എ മുന്നണി: 291

ബി.ജെ.പി: 240
ടി.ഡി.പി: 16
ജനതാദൾ- യു: 12
ശിവസേന: 7
എൽ.ജെ.പി: 5
ജനതാദൾ- എസ്.: 2
ആർ.എൽ.ഡി: 2
ജനസേന പാർട്ടി: 2
എൻ.സി.പി: 1
എച്ച്.എ.എം.എസ്: 1
എ.ജെ.എസ്.യു: 1
യു.പി.പി.എൽ: 1
എ.ജി.പി: 1
അപ്‌നാദൾ: 1

നരേന്ദ്രമോദിയോടൊപ്പം ചന്ദ്രബാബു നായിഡു
നരേന്ദ്രമോദിയോടൊപ്പം ചന്ദ്രബാബു നായിഡു

ഇന്ത്യ സഖ്യം: 234

കോൺഗ്രസ്: 99
സമാജ്‌വാദി പാർട്ടി: 37
തൃണമൂൽ കോൺഗ്രസ്: 29
ഡി.എം.കെ: 22
എൻ.സി.സി (പവാർ): 8
സി.പി.എം: 4
ആപ്പ്: 3
ആർ.ജെ.ഡി: 4
മുസ്‌ലിം ലീഗ്: 3
ജെ.എം.എം: 3
സി.പി.ഐ: 2
നാഷനൽ കോൺഫറൻസ്: 2
വി.സി.കെ: 2
സി.പി.ഐ- എം.എൽ: 2
കേരള കോൺഗ്രസ്: 1
ആർ.എസ്.പി: 1
ഭാരതീയ ആദിവാസി പാർട്ടി: 1
ആർ.എൽ.ടി.പി: 1
എം.ഡി.എം.കെ: 1

നിതീഷ്കുമാറും നരേന്ദ്രമോദിയും
നിതീഷ്കുമാറും നരേന്ദ്രമോദിയും

മറ്റുള്ളവർ: 18

വൈ.എസ്.ആർ കോൺഗ്രസ്: 4
വി.ജ.ടി.പി.പി (മേഘാലയ): 1
എ.എസ്.പി.കെ.ആർ: 1
എ.ഐ.എം.ഐ.എം: 1
സോറം പീപ്പിൾസ് മൂവ്‌മെന്റ്: 1
എസ്.കെ.എം: 1
അകാലിദൾ: 1
ബിജു ജനതാദൾ: 1
സ്വതന്ത്രർ: 7

ആന്ധ്രപ്രദേശ് അസംബ്ലിയിൽ 175-ൽ 135 സീറ്റും ടി.ഡി.പിക്കാണ്. സഖ്യകക്ഷിയായ ബി.ജെ.പിക്ക് എട്ടും. ആന്ധ്രയിൽ സഖ്യകക്ഷിയായ ടി.ഡി.പി മുമ്പ് ബി.ജെ.പിയുമായി ഇടഞ്ഞിട്ടുണ്ട്. ഇത് മനസ്സിൽ വെച്ചായിരിക്കും ടി.ഡി.പിയുടെ രാഷ്ട്രീയ അസ്തിത്വത്തെ ബി.ജെ.പി പരിഗണിക്കുക. ച​ന്ദ്രബാബു നായിഡു ഇപ്പോൾ തന്നെ ചില ഉറപ്പുകൾ ബി.ജെ.പി നേതൃത്വത്തിൽനിന്ന് തേടിക്കഴിഞ്ഞു.

ജെ.ഡി.യു ബീഹാറിൽ നേടിയ 12 സീറ്റും ടി.ഡി.പി ആന്ധ്രാപ്രദേശിൽ നേടിയ 16 സീറ്റുകളും ചെർന്നാണ് എൻ.ഡി.എ കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയത്. എൻ.ഡി.എയുടെ കൂടെ തന്നെയെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചിട്ടുണ്ട്. നിതീഷ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

230 സീറ്റു നേടിയ ഇന്ത്യാ സഖ്യവും നിതീഷിനും ടി.ഡി.പിക്കും പുറകേയുണ്ട്. ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷ സഖ്യം - ‘ഇന്ത്യ’ - രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയിട്ട് എല്ലാമൊത്തുവന്നപ്പോൾ ബി.ജെ.പിയിലേക്ക് കൂടുമാറിയയാളാണ് നിതീഷ്. കോൺഗ്രസിന് പണിയെടുക്കേണ്ടത് നിതീഷിന്റെ ഈ വീക്ക് പോയന്റിലാണ്.

നിതീഷിനും ജെ.ഡി.യുവിനും മുന്നേ ടി.ഡി.പി എൻ.ഡി.എയിൽ തുടരുമെന്ന് ചന്ദ്രബാബു നായിഡു പറയുന്നത് മറ്റ് പലതും മുന്നിൽ കണ്ടിട്ടാണ്. താൻ പരിചയ സമ്പന്നനാണ്, രാഷ്ട്രീയത്തിലെ പല മാറ്റങ്ങളും കണ്ടയാളാണ്, എൻ.ഡി.എയിൽ തുടരും എന്നാണ് അദ്ദേഹം പറഞ്ഞത്. ടി.ഡി.പിയെ സംബന്ധിച്ച് ആന്ധ്രപ്രദേശിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അലട്ടുന്ന പ്രശ്‌നമാണ്. മാത്രമല്ല വലിയ വാഗ്ദാനങ്ങൾ നൽകിയാണ് നായിഡു വീണ്ടും അധികാരം പിടിച്ചതും. കിട്ടിയത് നിലനിർത്തണമെങ്കിൽ കൊടുത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കിയേ മതിയാവൂ. അതിന് കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങൾ കൈയ്യയച്ച് കിട്ടണം. ഇല്ലെങ്കിൽ ചിലപ്പോൾ അടുത്ത ഒരു തവണ കൂടെ ആന്ധ്ര ടി.ഡി.പിയുടെ കയ്യിൽ നിന്ന് പൊയ്‌പ്പോകും. ആന്ധ്രയ്ക്ക് പരമാവധി നേട്ടങ്ങൾ ഈ കാലയളവിൽനേടിയെടുക്കാനാവും നായിഡുവിന്റെ ശ്രമങ്ങൾ.

സർക്കാരിൽ നിർണായക ശക്തിയാകുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ആനുകൂല്യങ്ങൾ വാരിക്കോരി നടപ്പാക്കണമെന്ന പക്ഷക്കാരാണ്.

അജിത് പവാർ
അജിത് പവാർ

നിതീഷിന്റെ മൗനം ബി.ജെ.പിയെ ആശങ്കയിലാക്കുന്നുണ്ട്. എങ്ങോട്ടുവേണമെങ്കിലും മറിയാവുന്നതാണ് നിതീഷിന്റെ രാഷ്ട്രീയം. അതാണ് ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കുന്നതും. പ്രതിപക്ഷ കക്ഷികളെയെല്ലാം ചേർത്ത് ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷ സഖ്യം ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണ് നിതീഷ്. അവസാനം കൂടെ പോയവരെയെല്ലാം ഒറ്റയടിക്ക് തള്ളിപ്പറഞ്ഞ് നിതീഷ് മോദിയോടൊപ്പം പോയി. അത്ര നേർത്ത രാഷ്ട്രീയം പേറുന്ന നിതീഷിന് ‘ഇന്ത്യാ’ സഖ്യത്തിലേക്ക് വീണ്ടും മടങ്ങിപ്പോവാനും കോൺഗ്രസുമായി സന്ധിചെയ്യാനുമൊന്നും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബി.ജെ.പി മനസ്സിലാക്കുന്നു.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി, ടി.ഡി.പിക്ക് സുപ്രധാന വകുപ്പുകൾ, എൻ.ഡി.എ കൺവീനർ സ്ഥാനം തുടങ്ങിയവയായിരിക്കും നായിഡുവിന്റെ ഡിമാന്റുകൾ. ആന്ധ്രയിൽ ടി.ഡിപി മുമ്പ് എൻ.ഡി.എയുമായി അകലാനുള്ള കാരണങ്ങളിലൊന്ന് സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാൻ മോദി തയ്യാറാകാത്തതായിരുന്നു. ആവശ്യങ്ങൾ ഇന്ന് ചേരുന്ന എൻ.ഡി.എ യോഗത്തിൽ വ്യക്തമാക്കാമെന്നാണ് നിതീഷ് അറിയിച്ചിട്ടുള്ളത്. ഉപപ്രധാനമന്ത്രി പദം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നിതീഷ് മുന്നോട്ട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

മഹാരാഷ്ട്രയിൽ എൻ.സിപി അജിത് പവാർ വിഭാഗത്തിലെ 19 എം.എൽ.എമാർ തിരിച്ചെത്തുമെന്ന് എൻ.സിപി ശരദ് പവാർ വിഭാഗം നേതാവ് രോഹിത് പവാർ അവകാശപ്പെടുന്നുണ്ട്. അജിത് പവാർ വിഭാഗത്തിലെ 9 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്നും ശരദ് പവാർ വിഭാഗം നേതാവ് രോഹിത് പറയുന്നു. റിസൾട്ടിലുണ്ടായ തിരിച്ചടിയോടെയാണ് തിരിച്ചുവരവിനെപ്പറ്റി അജിത് പവാർവിഭാഗം എം.എൽ.എമാർ ആലോചിച്ചു തുടങ്ങിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Comments