ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ബി.ജെ.പി കണക്കുകൂട്ടിയത് എന്താണ്? ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായി ഉയർന്നുവരാൻ സാധ്യതയുള്ളൊരു ദേശീയ പാർട്ടിയെ വേരോടെ പിഴുതെറിയുകയോ? അതിനെതിരെ ഒരു താക്കീത് നൽകുകയോ?
എന്തായാലും സംഭവിച്ചത് മറ്റൊന്നാണ്.
400 സീറ്റ് ലക്ഷ്യമായി പ്രഖ്യാപിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ കേന്ദ്ര വിഷയമായിരിക്കുകയാണ് കെജ്രിവാളിന്റെ അറസ്റ്റ്. മാർച്ച് 31ന് ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയിൽ പ്രതിപക്ഷ നിരയിലെ എല്ലാ പ്രമുഖ നേതാക്കളെയും അണിനിരത്താൻ ‘ഇന്ത്യ’ സഖ്യം തീരുമാനിച്ചതിലൂടെ, ഒരു യഥാർഥ പ്രതിപക്ഷത്തിന്റെ അണിചേരലാണ് നടക്കാൻ പോകുന്നത്.
തങ്ങൾ കള്ളപ്പണത്തിനും അഴിമതിക്കും എതിരെ നിലകൊള്ളുന്നവരാണ് എന്ന അവകാശ വാദം ബി.ജെ.പി പത്തുവർഷമായി ആവർത്തിച്ചുറപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇലക്ടറൽ ബോണ്ടിലുടെ ആ വാദം തകർന്നുതരിപ്പണമായത്. നിയമവിരുദ്ധമെന്ന് സുപ്രീംകോടതി തന്നെ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയ ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിയും കോർപറേറ്റുകളും തമ്മിലുള്ള അവിഹിത ഇടപാടുകളാണ് പുറത്തുവന്നത്.
ബോണ്ട് വാങ്ങി സംഭാവനക്കാർക്ക് അവിഹിത നേട്ടങ്ങൾ തരപ്പെടുത്തിക്കൊടുത്തതിന്റെ തെളിവുകൾ വോട്ടർമാരുടെ മുന്നിലെത്തിയതിന്റെ അതേ രാത്രി തന്നെ കെജ്രിവാളിന്റെ അറസ്റ്റും സംഭവിച്ചു. യു.പി.എ സർക്കാറിന്റെ വൻ അഴിമതിക്കെതിരെ നിരന്തരം സംസാരിച്ച് അധികാരത്തിലേറിയ ബിജെപിക്ക് തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ട്, അഴിമതി എന്ന വിഷയത്തെ പ്രധാന തെരഞ്ഞെടുപ്പ് കാമ്പയിനായി നേരിടേണ്ടിവരികയാണ്, അതും പ്രതിസ്ഥാനത്തുനിന്നുകൊണ്ട്. അത് 400 സീറ്റ് എന്ന അവരുടെ സ്വപ്നത്തിനും നരേന്ദ്ര മോദിയുടെ തുടർഭരണമെന്ന പ്രതീക്ഷക്കും ഏൽപ്പിക്കുന്നത് വലിയ ആഘാതമാണ്.
വർഗീയതയും ധ്രുവീകരണ രാഷ്ട്രീയവും തീവ്ര ദേശീയതയും പോലുള്ള വിഷയങ്ങൾ അജണ്ടകളാക്കി മാറ്റി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ബി ജെ പിയുടെ തന്ത്രപരമായ തെരഞ്ഞെടുപ്പ് ആചാരത്തിന് വിരുദ്ധമായി, പ്രതിപക്ഷത്തിന് മോദി സർക്കാറിനെ അടിക്കാനുള്ള ഏറ്റവും മാരകമായ ആയുധമായി മാറുകയാണ് ഇലക്ട്രൽ ബോണ്ടും കെജ്രിവാളിന്റെ അറസ്റ്റും.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആംആദ്മി നടത്തുന്ന പ്രതിഷേധമാർച്ച് ബി ജെ പിക്കെതിരായ ജനവികാരമായി മാറുമെന്ന് ഉറപ്പാണ്. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുരക്ഷ ഒരുക്കിയിരിക്കുന്ന ഡൽഹി പോലീസിനുമുന്നിലേക്ക് വരുന്ന എ എ പി പ്രവർത്തകരുടെ ചിത്രങ്ങൾ പ്രതിപക്ഷത്തിന്റെ ശക്തമായ അടയാളമായി മാറും. കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിലാക്കിയതിന്റെ നാലാം ദിവസവും ഇടവേളകളില്ലാതെ തുടരുന്ന പ്രതിഷേധം ബി.ജെ.പി പ്രതീക്ഷിച്ചതുമല്ല.
'മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാൾ' എന്നെഴുതിയ മുഖ്യമന്ത്രിയുടെ ചിത്രം മുഖചിത്രമാക്കിയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് ഹോളി ആഘോഷിക്കാതിരിന്ന എ എ പി കാമ്പയിനും വൻ ചർച്ചയായി,
‘തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തിന്റെ പ്രതീകമാണ് ഹോളി. തിന്മയ്ക്കും അനീതിക്കുമെതിരായ പാർട്ടിയുടെ പോരാട്ടം തുടരും. രാമൻ തന്നെ നിഗ്രഹിക്കുമെന്നറിഞ്ഞ രാവണനെപ്പോലെ മോദി കെജ്രിവാളിനെ ഭയക്കുകയാണ്. രണ്ടുവർഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താതിരുന്ന ഇ.ഡി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അറസ്റ്റിലേക്ക് കടന്നത് അതിനാലാണ്’ - കെജ്രിവാളിന്റെ വിശ്വസ്തയും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയുടെ വാക്കുകൾ ബി ജെ പിക്കെതിരായ ശക്തമായ താക്കീതാവുകയാണ്. കെജ്രിവാൾ ജിയിലാലാണെന്ന് വെച്ച് ഒന്നും അവസാനിക്കാൻ പോകുന്നില്ലെന്നും അതിഷി കൂട്ടിച്ചേർക്കുന്നുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ അഭാവത്തിൽ അതിഷി ആം ആദ്മിയുടെ ശബ്ദമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ രാജിവെപ്പിച്ച് ഭൂമി കുംഭകോണക്കേസിൽ അറസ്റ്റ് ചെയ്തതു പോലെ അരവിന്ദ് കെജ്രിവാളിന്റടുത്ത് ചെലവായില്ലെന്നതും ജയിലിൽ കിടന്നും തങ്ങളുടെ മുഖ്യമന്ത്രി ഭരിക്കുകയാണെന്ന മന്ത്രി അതിഷിയുടെ പ്രഖ്യാപനവും ബി.ജെ.പി ആഗ്രഹിച്ചിടത്തല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്നു.
മാർച്ച് 31 ന് ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ബി.ജെ.പിക്കെതിരെയുള്ള ദേശീയ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പോരാട്ടവേദി കൂടിയാകും, മാത്രമല്ല, ‘ഇന്ത്യ’ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും പങ്കെടുക്കുന്ന ആദ്യ സമ്പൂർണ പൊതുസമ്മേളനമായും അത് മാറും. അഞ്ച് വർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽ പരസ്പരം പോരടിച്ച ആം ആദ്മിയും കോൺഗ്രസും നേതൃത്വം കൊടുക്കുന്ന ഐക്യദാർഢ്യ സമ്മേളനം ബി.ജെ.പിക്കെതിരെ ഉയരുന്ന സമീപകാലത്തെ ഏറ്റവും വലിയ പ്രതിപക്ഷ മുന്നേറ്റവുമായും മാറും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ (ഡി എം കെ), ഉദ്ധവ് താക്കറെ (ശിവസേന താക്കറെ വിഭാഗം), ശരദ് പവാർ (എൻ സി പി പവാർ വിഭാഗം), തേജസ്വി യാദവ് (ആർ ജെ ഡി), സീതാറാം യച്ചൂരി (സി പി എം), ഡി.രാജ (സി പി ഐ) തുടങ്ങിയവർ സമ്മേളനത്തിനെത്തും.
സംസ്ഥാനങ്ങൾ ഓരോന്നായി കൈപ്പിടിയിലൊതുക്കി മുന്നേറുന്ന ബി ജെ പിക്ക് ഡൽഹി സംസ്ഥാനം കയ്യിലില്ലാത്തതിന്റെ ക്ഷീണം കൂടി തീർക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്നും ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ കെജ്രിവാളിനെ മോചിപ്പിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഡൽഹിയിലെ ഏഴ് സീറ്റിനപ്പുറം കെജ്രിവാളിന്റെ അറസ്റ്റിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത് ദീർഘകാല പദ്ധതികളാണ് എന്ന വാദം ശരിയായാലും ഇല്ലെങ്കിലും ഫലത്തിൽ ഈ നീക്കം ഒരു ദേശീയ പ്രതിപക്ഷത്തിന്റെ പ്രസക്തിയും ശേഷിയും ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.