അഞ്ച് എം.എൽ.എമാരെ തിരുകിക്കയറ്റി,
‘നയാ കാ​ശ്മീരി’ന് ബി.ജെ.പി നീക്കം

അംഗങ്ങളെ നാമനിർദേശം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്കുള്ള അവകാശം കൈക്കലാക്കി ജമ്മു കാശ്മീരിൽ ലഫ്റ്റനന്റ് ഗവർണർ നടത്തുന്ന നീക്കങ്ങൾ വിമർശിക്കപ്പെടുന്നു. നാമനിർദേശം ചെയ്യപ്പെടുന്നവർ ബി.ജെ.പിക്കാരായിരിക്കും എന്നതിനാൽ, ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ ഈ അഞ്ചുപേരുടെ പിന്തുണ ബി.ജെ.പിക്കാണ് ഗുണം ചെയ്യുക.

National Desk

മ്മു കാശ്മീരിൽ പത്തു വർഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കേ, ജനവിധി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് വേഗം കൂടുന്നു.

ലഫ്റ്റനന്റ് ഗവർണർക്ക് അമിതമായ അധികാരങ്ങൾ നൽകി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ നോക്കുകുത്തിയാക്കാനുള്ള ഗൂഢശ്രമങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ കേന്ദ്ര സർക്കാർതുടക്കമിട്ടിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ്, അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാനുള്ള വ്യവസ്ഥ തിടുക്കത്തിൽ നടപ്പാക്കാൻ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കം. അംഗങ്ങളെ നാമനിർദേശം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്കുള്ള അവകാശമാണ് ലഫ്റ്റനന്റ് ഗവർണർ കൈവശപ്പെടുത്തിയത്.

നോമിനേഷന് വലിയ തിടുക്കം

ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയ 2019-ലെ പുനഃസംഘടനാ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ്, പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളുടെ എണ്ണം ഉറപ്പാക്കാൻ ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് അംഗങ്ങളെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ആകെ 90 അംഗ നിയമസഭയിൽഇവർ കൂടിയായാൽ95 എം.എൽ.എമാരാകും. കേവല ഭൂരിപക്ഷത്തിന് 48 സീറ്റ് വേണ്ടിവരും.

അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കേന്ദ്ര ആഭ്യന്തര വകുപ്പിനോടായിരിക്കും 'ഉപദേശം' ചോദിക്കുക, സംസ്ഥാന സർക്കാറിനോടായിരിക്കുകയില്ല എന്ന് വ്യക്തമാണ്.
അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കേന്ദ്ര ആഭ്യന്തര വകുപ്പിനോടായിരിക്കും 'ഉപദേശം' ചോദിക്കുക, സംസ്ഥാന സർക്കാറിനോടായിരിക്കുകയില്ല എന്ന് വ്യക്തമാണ്.

നാമനിർദേശം ചെയ്യപ്പെടുന്നവർ ബി.ജെ.പിക്കാരായിരിക്കും എന്നതിനാൽ, ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ ഈ അഞ്ചുപേരുടെ പിന്തുണ ബി.ജെ.പിക്ക് വലിയ ഗുണം ചെയ്യും. നാമനിർദേശം ചെയ്യപ്പെടുന്ന അഞ്ച് അംഗങ്ങൾക്ക് വോട്ടവകാശം കൂടി ലഭിച്ചാൽ അത് വരാൻ പോകുന്ന പാർട്ടി സമവാക്യങ്ങളെ തകിടം മറിക്കും. പ്രത്യേകിച്ച്, ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു നിയമസഭ പ്രവചിക്കപ്പെടുന്ന സാഹചരത്തിൽ.
നോമിനേറ്റഡ് അംഗങ്ങൾക്ക് സഭയിൽ വോട്ടവകാശം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, പോണ്ടിച്ചേരി നിയമസഭയിൽ ഇത്തരത്തിൽ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്ത മൂന്നംഗങ്ങൾക്ക് വോട്ടവകാശമുണ്ട്. ഇത് ജമ്മു കാശ്മീരിലും ബാധകമാക്കിയേക്കാം. മാത്രമല്ല, അഞ്ച് നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമുണ്ടായിരിക്കുമെന്നും അവർ പുതിയ സർക്കാറിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ, ജനവിധിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള നീക്കമാണ്, നോമിനേഷൻ തിടുക്കത്തിൽ നടത്തുന്നതിനുപിന്നിലെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു.

സാധാരണ പുതിയ സർക്കാർ അധികാരത്തിൽവന്നുകഴിഞ്ഞശേഷമാണ് നാമനിർദേശം ചെയ്യേണ്ട അംഗങ്ങളെ തീരുമാനിക്കുക. എന്നാൽ, ജമ്മു കാശ്മീരിൽ, ഒക്‌ടോബർ എട്ടിന് ഫലപ്രഖ്യാപനം കഴിഞ്ഞയുടൻ അഞ്ചുപേരുടെ നാമനിർദേശം കൂടി പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിയമസഭ നിലവിൽവരുന്നതിനൊപ്പം നാമനിർദേശം കൂടി പൂർത്തിയാക്കാനാണ് നീക്കം. ഒക്‌ടോബർ 15നാണ് പുതിയ സർക്കാർ നിലവിൽ വരിക. അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് ലഫ്റ്റനന്റ് ഗവർണർ കേന്ദ്ര ആഭ്യന്തര വകുപ്പിനോടായിരിക്കും 'ഉപദേശം' ചോദിക്കുക, സംസ്ഥാന സർക്കാറിനോടായിരിക്കുകയില്ല എന്ന് വ്യക്തമാണ്.

രവീന്ദർ ശർമ
രവീന്ദർ ശർമ

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അതേ അവകാശങ്ങളോടെ നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങൾ കൂടി വരുന്നത് ജനാധിപത്യത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും എതിരാണ് എന്ന് കോൺഗ്രസും നാഷനൽ കോൺഫറൻസും വിമർശിക്കുന്നു:
''ഭരണഘടനയനുസരിച്ച്, ലഫ്റ്റനന്റ് ഗവർണർ എം.എൽ.എമാരെ നാമനിർദേശം ചെയ്യേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം. അതിനുപകരം, റിസൾട്ട് വന്നശേഷമുള്ള കക്ഷിനിലയെ സ്വാധീനിക്കുംവിധം നോമിനേഷൻ പ്രക്രിയയിൽ ഇടപെടുന്നത് ജനാധിപത്യവിരുദ്ധമാണ്''- ജമ്മു കാശ്മീർ കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് രവീന്ദർ ശർമ പറഞ്ഞു.

നിയമസഭയിൽ ആവശ്യത്തിന് സ്ത്രീകളില്ലെങ്കിൽ ലഫ്റ്റനന്റ് ഗവർണർക്ക് രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാമെന്ന് പുനഃസംഘടനാ നിയമത്തിൽ വ്യക്തമാക്കിയിരുന്നു. 2023 ജൂലൈ 26ന് കൊണ്ടുവന്ന മറ്റൊരു ഭേദഗതിയിലൂടെയാണ് ഇവർക്കൊപ്പം മറ്റ് മൂന്ന് അംഗങ്ങളെ കൂടി നോമിനേറ്റ് ചെയ്യാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത്. രണ്ട് കാശ്മീരി പണ്ഡിറ്റുകൾ (ഇവരിൽ ഒരാൾ സ്ത്രീ), പാക് അധിനിവേശ കാശ്മീരിൽനിന്ന് പലായനം ചെയ്‌വരുടെ ഒരു പ്രതിനിധി എന്നിങ്ങനെ മൂന്നുപേർ. പാക് അധീന കാശ്മീരിൽനിന്നുള്ള പ്രമുഖ ബി.ജെ.പി നേതാക്കൾ നാമനിർദേശത്തിനായി രംഗത്തുണ്ട്.

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തിന് ലഭിച്ച അംഗീകാരം കൂടിയായിരിക്കും ഇലക്ഷൻ റിസൾട്ട് എന്നാണ് ​എക്സിറ്റ്പോൾ സൂചിപ്പിക്കുന്നത്. ഇതാണ് ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നത്.

ലഫ്റ്റനന്റ് ഗവർണർ
എന്ന സർവാധികാരി

2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഒക്ടോബർ 31ന് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങൾ നിലവിൽ വന്നു. ജമ്മു കാശ്മീരിൽ അധികാരപദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലുമായി. കേന്ദ്രസർക്കാറിന്റെ 'നയാ കാശ്മീർ നയം' തിരിച്ചടിയാകും എന്ന ആശങ്ക ബി.ജെ.പിക്ക് തുടക്കം മുതലേയുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോടും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനോടും വിമുഖമായിരുന്നു പാർട്ടിയും കേന്ദ്ര സർക്കാറും. സുപ്രീംകോടതിയുടെ അന്ത്യശാസനം കൊണ്ടുമാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യമായത്.
ഇതേതുടർന്ന്, കേന്ദ്ര സർക്കാർ നിയന്ത്രണം ഉറപ്പാക്കാൻ ജമ്മു കാശ്മീർ പുനഃസംഘടനാ നിയമം ഭേദഗതി ചെയ്ത് ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി. പൊലീസ്, ക്രമസമാധാനം, അഖിലേന്ത്യ സർവീസുകൾ, അഴിമതി വിരുദ്ധ സെൽ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി വേണം. ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ പൂർണ നിയന്ത്രണം ലെഫ്. ഗവർണർക്കായിരിക്കും. അഡ്വക്കറ്റ് ജനറൽ അടക്കമുള്ള നിയമ ഉദ്യോഗസ്ഥരെ ലെഫ്. ഗവർണറാകും നിയമിക്കുക. പ്രോസിക്യൂഷൻ അനുമതി നൽകൽ, അപ്പീലുകൾ സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലും പുതിയ സർക്കാരിന് ലെഫ്. ഗവർണറുടെ അനുമതി വേണ്ടിവരും.

നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോടും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനോടും ബിജെപിക്കും കേന്ദ്രസർക്കാരിനും എതിർപ്പുണ്ടായിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനം കൊണ്ടുമാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യമായത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോടും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനോടും ബിജെപിക്കും കേന്ദ്രസർക്കാരിനും എതിർപ്പുണ്ടായിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനം കൊണ്ടുമാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യമായത്.

ഇതോടൊപ്പം, മണ്ഡല പുനർനിർണയത്തിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിയുംവിധം ക്രമീകരണം വരുത്തി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പ്രാധാന്യം കുറയ്ക്കുകയും പ്രാദേശിക പാർട്ടികളുടെ സ്വാധീനം ഇല്ലാതാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു മണ്ഡല പുനർനിർണയം. നിയമസഭാ സീറ്റുകളുടെ എണ്ണം 90 ആക്കി ഉയർത്തിയപ്പോൾ ജമ്മു മേഖലയിൽ ഏഴ് സീറ്റാണ് കൂട്ടിയത്. ജനസംഖ്യയിൽ 56 ശതമാനം വരുന്ന കശ്മീർമേഖലയിൽ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. ഇതോടെ കാശ്മീർ താഴ്വരയിൽ സീറ്റുകളുടെ എണ്ണം 47 ആയും ജമ്മുവിൽ 43 ആയും വർധിച്ചു. മണ്ഡല പുനർനിർണയത്തിൽ ജമ്മുവിലെ നിയമസഭാ സീറ്റുകളുടെ അനുപാതം 42.5 ശതമാനത്തിൽനിന്ന് 47.8 ശതമാനമായി കൂടിയപ്പോൾ കാശ്മീരിലേത് 52.9 ശതമാനത്തിൽനിന്ന് 52.2 ശതമാനമായി കുറയുകയായിരുന്നു. നാഷനൽ കോൺഫറൻസിനും പി.ഡി.പിക്കും ഭൂരിപക്ഷമുള്ള മേഖലകൾ കൂടിയാണിത്.

തിരക്കിട്ട രാഷ്ട്രീയനീക്കം

അതിനിടെ, ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന സൂചനയെതുടർന്ന് സർക്കാർ രൂപീകരണത്തെക്കുറിച്ച് തിരക്കിട്ട ആലോചന നടക്കുകയാണ്. നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന് കൂടുതൽ സീറ്റ് കിട്ടുമെന്നാണ് കൂടുതൽ എക്‌സിറ്റ് പോളകളും പ്രവചിക്കുന്നത്. പി.ഡി.പിക്കും സ്വതന്ത്രർക്കും ഏതാനും സീറ്റുകൾ കിട്ടുകയാണെങ്കിൽ അവരെ ചേർത്ത് സർക്കാറുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കും. സയീദ് അൽതർ ബുഖാരിയുടെ അപ്‌നി പാർട്ടി, സജ്ജാദ് ലോണിന്റെ പീപ്പിൾസ് കോൺഫറൻസ് എന്നിവയുമായി ബി.ജെ.പിക്ക് നീക്കുപോക്കുണ്ട്.

ഫാറൂഖ് അബ്ദുള്ള
ഫാറൂഖ് അബ്ദുള്ള

തങ്ങൾ ഒരു കാരണവശാലും സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് പിന്തുണ നൽകില്ലെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്: ''ഞങ്ങൾക്ക് കിട്ടുന്ന വോട്ട് ബി.ജെ.പിക്ക് എതിരായ വോട്ടാണ്. കടകൾക്കും വീടുകൾക്കും പള്ളികൾക്കും സ്‌കൂളുകൾക്കും മേൽ ബുൾഡോസറുകൾ കയറ്റി മുസ്‌ലിംകൾക്ക് അവരുണ്ടാക്കിയ ദുരിതങ്ങൾ ഓർത്താൽ, ഞങ്ങൾ അവർക്കൊപ്പം പോകുമെന്ന് ആരെങ്കിലും കരുതുമോ?'', അദ്ദേഹം ചോദിക്കുന്നു.

കേന്ദ്ര സർക്കാറിന്റെ ജമ്മു കാശ്മീർ നയത്തിലുണ്ടായ പാളിച്ച മാത്രമല്ല, തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ നീക്കുപോക്കുകളിലും ബി.ജെ.പിക്ക് ഇത്തവണ വലിയ തിരിച്ചടിയുണ്ടായി. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലാതിരിക്കേ, സ്വാധീനശേഷിയുള്ള ഏതെങ്കിലും പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പിക്കായില്ല. ഇതോടൊപ്പം, കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങൾ കൂടിയായപ്പോൾ ജനവികാരം ശക്തമായി.
370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനപദവി ഇല്ലാതാക്കിയതിനെതുടർന്ന് മാസങ്ങളോളം ജമ്മു കാശ്മീർ കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. ഇത് കേന്ദ്ര സർക്കാറിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാക്കി. ഇതേതുടർന്നാണ് മോദി സർക്കാർ 'നയാ കാശ്മീർ' എന്ന മുദ്രാവാക്യം അവതരിപ്പിച്ചത്. വികസനം, തൊഴിൽ, സുരക്ഷ എന്നിവയായിരുന്നു പുതിയ മുദ്രാവാക്യത്തിന്റെ ലക്ഷ്യമായി അവകാശപ്പെട്ടത്. എന്നാൽ, എല്ലാം പാഴായി. മാത്രമല്ല, സംസ്ഥാനത്തിന്റെ ഫെഡറൽ ഘടനയെ പൂർണമായും തകർക്കുന്ന വിധത്തിലായിരുന്നു ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ അമിതമായ അധികാരങ്ങൾ.

കോൺഗ്രസും നാഷനൽ കോൺഫറൻസും പി.ഡി.പിയും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശത്തെയും അന്തസ്സിനെയും മുൻനിർത്തി കാമ്പയിൻ ശക്തമാക്കിയതോടെ ബി.ജെ.പിയുടെ 'നയാ കാശ്മീർ' മുദ്രാവാക്യം സമ്പൂർണ പരാജയമായി.

പത്തുവർഷം മുമ്പ് 2014-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 87 അംഗ സഭയിൽ പി.ഡി.പി 28 സീറ്റും ബി.ജെ.പി 25 സീറ്റും നാഷനൽ കോൺഫറൻസ് 15സീറ്റും കോൺഗ്രസ് 12 സീറ്റുമാണ് നേടിയത്. മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയുമായി ചേർന്ന് ബി.ജെ.പി സർക്കാറുണ്ടാക്കുകയായിരുന്നു. 2018-ൽ സഖ്യം തകർന്ന് സർക്കാർ വീണു. പിന്നീട് രാഷ്ട്രപതി ഭരണത്തിലായിരുന്നു സംസ്ഥാനം.

Comments