അജിത് പവാർ

ബാരാമതിയിലെ കുടുംബ പോരാട്ടം ജയിച്ച് അജിത് പവാർ; പുതുതലമുറക്കാരന് തോൽവി

പവാർ കുടുംബാഗങ്ങൾ തമ്മിൽ അഭിമാനപോരാട്ടം നടന്ന മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിജയം സ്വന്തമാക്കി എൻ.സി.പി നേതാവ് അജിത് പവാർ. 1993 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അജിത്തിൻെറ എതിരാളി കുടുംബത്തിലെ തന്നെ ഇളം തലമുറക്കാരനായിരുന്നു…

News Desk

മഹാരാഷ്ട്രയിൽ (Maharashtra) പവാർ കുടുംബ പോര് നടന്ന ബാരാമതിയിൽ (Baramati) വിജയമുറപ്പിച്ച് അജിത് പവാർ (Ajit Pawar). നിലവിൽ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാർ, കുടുംബത്തിലെ പുതിയ തലമുറക്കാരാനായ യുഗേന്ദ്ര പവാറിനെയാണ് ഒന്നര ലക്ഷത്തില്‍പരം വോട്ടുകൾക്ക് തോൽപ്പിച്ചത്. അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര. പൂനെ ജില്ലയിലുള്ള ബാരാമതി മണ്ഡലത്തെ 1993 മുതൽ അജിത് പവാർ പ്രതിനിധീകരിക്കുന്നുണ്ട്. 2023-ൽ അദ്ദേഹം എൻ.സി.പി പിളർത്തിയപ്പോൾ 42 അംഗങ്ങളുള്ള, ബാരാമതി മുനിസിപ്പൽ കൗൺസിലിലെ 39 പേരും ഒപ്പം നിന്നിരുന്നു. ഒരാൾ മാത്രമാണ് മുതിർന്ന എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ശരത് പവാറിനൊപ്പം നിന്നത്. 1962-ൽ രൂപീകൃതമായ മണ്ഡലത്തിന്റെ ആദ്യ എം.എൽ.എ മാലതിഭായ് ഷിരോലെയായിരുന്നു. തുടർന്ന് 1967 മുതൽ 1990 ശരത് പവാറാണ് ഇവിടെ നിന്ന് എം.എൽ.എ ആയത്. അതായത് പതിറ്റാണ്ടുകളായി പവാർ കുടുംബത്തിൻെറ സ്വന്തം മണ്ഡലമാണ് ബാരാമതി.

1967ൽ ആദ്യമായി ബാരാമതിയിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തുമ്പോൾ ശരത് പവാറിന് 27 വയസ്സായിരുന്നു. പിന്നീട് ആറു തവണ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999-ലാണ് എൻ.സി.പി രൂപീകരിക്കുന്നത്. നേരത്തെ ശരത് പവാറിനൊപ്പം നിന്നിരുന്ന അജിത് പവാർ കഴിഞ്ഞവർഷം ഏതാനും എം.എൽ.എമാരോടൊപ്പം എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ഭാഗമായവുകയും ചെയ്തു.

ബാരാമതിയിൽ അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 2019-ൽ ബി.ജെ.പി സ്ഥാനാർഥിയെ 1,65,000 വോട്ടിനാണ് അജിത് പവാർ തോൽപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം നേട്ടമുണ്ടാക്കിയിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതി സീറ്റിൽ നിന്ന് സിറ്റിഗ് എം.പിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ വിജയം നേടിയിരുന്നു. അജിത് പവാറിന്റെ പങ്കാളി സുനേത്രയായിരുന്നു എതിരാളി. ഒന്നര ലക്ഷത്തിലേറെ വോട്ടിനാണ് സുപ്രിയ വിജയം നേടിയത്. അജിത് പക്ഷത്തിന് തിരിച്ചടിയായ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുപ്രിയക്കു വേണ്ടിയുള്ള ക്യാമ്പെയിന് നേതൃത്വം നൽകിയവരിൽ യുഗേന്ദ്ര പവാറുമുണ്ടായിരുന്നു.

യുഗേന്ദ്ര പവാറും ശരത് പവാറും
യുഗേന്ദ്ര പവാറും ശരത് പവാറും

കഴിഞ്ഞ ജൂണിൽ യുഗേന്ദ്ര ശരത് പവാറിനോടൊപ്പം ബാരാമതിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. യുഗേന്ദ്രയുടെ നിയമസഭാ മണ്ഡലത്തിലേക്കുള്ള എൻട്രി കൂടിയായിരുന്നു ഈ യോഗം. 2019-ൽ കൊച്ചുമകൻ രോഹിത് പവാറിനെയും ഇതേ മട്ടിലാണ് ശരത് പവാർ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്. അജിത് പവാറിനെതിരെ യുഗ്രേന്ദ്രയെ രംഗത്തിറക്കി വിജയം നേടാമെന്ന ശരത് പവാറിൻെറ മോഹം തൽക്കാലം നടക്കാതെ പോവുകയാണ്.

Comments