മഹാരാഷ്ട്രയുടെ അധികാര രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ പേരുകളിലൊന്നായിരുന്നു അജിത് പവാർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം, ആറു തവണ, ഉപമുഖ്യമന്ത്രിയായിരുന്നു എന്ന നിലയ്ക്കു മാത്രമല്ല, ബി.ജെ.പി സഖ്യത്തിന്റെയും ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെയും ഭാഗമായി തരാതരംനിന്ന്, ഭരണകൂടരാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ രാഷ്ട്രീയതന്ത്രങ്ങളുടെ തലതൊട്ടപ്പൻ.
'വർക്ക് ഹോളിക് രാഷ്ട്രീയക്കാരൻ' എന്നാണ് അജിത്തിനെ സഹപ്രവർത്തകർ വിശേഷിപ്പിക്കുക. തന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയല്ല, പേരാടുകയാണ് അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ടാണ് മുഖ്യമന്ത്രിയാകാനുള്ള തന്റെ ലക്ഷ്യത്തിനായി, ആറു തവണയും ഉപമുഖ്യമന്ത്രിക്കസേരയിൽ അദ്ദേഹം ക്ഷമാപൂർവം ഇരുന്നത്. ഓരോ തവണ ഉപമുഖ്യമന്ത്രിയായപ്പോഴും മുഖ്യമന്ത്രിക്കസേര അജിത്തിന് കൈയെത്തിപ്പിടിക്കാവുന്ന അടുത്തായിരുന്നു. എക്കാലത്തെയും ആ സ്വപ്‌നം ബാരാമതിയിലെ വിമാനാപകടത്തോടെ ബാക്കിയാകുകയാണ്.
ഇന്ന് അപകടത്തിൽ എരിഞ്ഞമർന്ന അതേ ബാരാമതിയിൽനിന്നാണ് അജിത് പവാർ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ രാഷ്ട്രീയജീവിതത്തിന് വിത്തു പാകിയ ബാരാമതിയുടെ മണ്ണിൽ തന്നെ, പവാർ കുടുംബത്തിലെ ഈ രണ്ടാമന്റെ ജീവിതം അവസാനിക്കുന്നത്, നിർണായകമായ നിരവധി ചോദ്യങ്ങളിലേക്കാണ്.

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കാനാകുമായിരുന്ന സുപ്രധാന നീക്കത്തിന് തുടക്കമിട്ടതിന്റെ തൊട്ടുപുറകേയാണ് അജിത്തിന്റെ അപ്രതീക്ഷിത അന്ത്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എതിർ മുന്നണിയിലുള്ള ശരത് പവാറിന്റെ പക്ഷവുമായി യോജിച്ച് മത്സരിക്കാനുള്ള അജിത് പവാറിന്റെ തീരുമാനം രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.എൻ.സി.പിയുടെ ഇരുപക്ഷങ്ങളും ഒന്നിച്ചിരിക്കുന്നു. പവാർ കുടുംബം വീണ്ടും ഒന്നിക്കാൻ തുടങ്ങിയിരിക്കുന്നു' എന്നാണ് അന്ന് അജിത് പവാർ പറഞ്ഞത്.
സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പി തനിച്ച് ആധിപത്യമുറപ്പിക്കുന്നതിന്റെ ആശങ്കയിലായിരുന്നു ശിവസേനയെപ്പോലെ, അജിത് പവാറും. അധികാരം ബി.ജെ.പിയുമായി പങ്കിടേണ്ടിവരുന്നതിന്റെ ഒടുങ്ങാത്ത അങ്കലാപ്പാണ് അജിത്തിനെ ശരത് പവാറിന്റെ അടുത്തെത്തിച്ചത്. അങ്ങനെ, തദ്ദേശ തെരഞ്ഞെടുപ്പിൽ, ബി.ജെ.പി മുന്നണിസർക്കാറിൽ ഉപമുഖ്യമന്ത്രിയായിരിക്കേ തന്നെ അജിത് ‘ഇന്ത്യ മുന്നണി’യിലെ ഘടകകക്ഷിയായ ശരത് പവാറിന്റെ എൻ.സി.പിക്കൊപ്പം മത്സരിക്കാൻ തീരുമാനിച്ചു.
പവാർ കുടുംബത്തിന്റെ സ്വാധീനകേന്ദ്രമായ പുനെ, പിംപ്രി- ചിഞ്ച്‌വാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകളിലാണ് അജിത്, അമ്മാവനോടൊപ്പം വീണ്ടും കൈകോർത്തത്. എന്നാൽ, ഈ പുതിയ 'സഖ്യം' ബി.ജെ.പിയോട് തോറ്റു. അജിത് പവാറിന് തന്റെ രാഷ്ട്രീയനീക്കം വോട്ടർമാരെ ബോധ്യപ്പെടുത്താനായില്ലെന്നുമാത്രമല്ല, ബി.ജെ.പി സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരിക്കേ തന്നെ, ആ സർക്കാറിനെതിരെ മറ്റൊരു സഖ്യമുണ്ടാക്കിയതിന് രാഷ്ട്രീയമായ നീതീകരണവും അജിത്തിനുണ്ടായിരുന്നില്ല. എങ്കിലും ശരത് പവാറുമായുള്ള ഈ സഖ്യം, ഭാവിയിൽ എൻ.സി.പി പക്ഷങ്ങൾ തമ്മിലുള്ള ലയനസാധ്യതയുടെ വഴികാട്ടിയാകുമെന്ന പ്രവചനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അജിത് പവാർ മഹാസഖ്യവുമായും ചർച്ചകൾ നടത്തിയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാൻ ശേഷിയുണ്ടായിരുന്ന നീക്കങ്ങളെ അജിത്തിന്റെ അന്ത്യം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ആരെയും അമ്പരപ്പിക്കാൻ കഴിവുള്ള, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്ത്രജ്ഞതയുടെ മാസ്റ്റർഷിപ്പുള്ള ശരത് പവാറിനെപ്പോലും ഞെട്ടിപ്പിച്ചിട്ടുള്ള നീക്കങ്ങളുടെ മാസ്റ്ററാണ് അജിത് പവാർ. ശരത് പവാറിന്റെ സമ്പൂർണ ആധിപത്യത്തിലുള്ള പവാർ കുടുംബത്തിന്റെ അതേ പാരമ്പര്യമാണ് അജിത്തിനുമുള്ളത്. അമ്മാവനായ ശരത് പവാർ ഇടപെട്ട മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ സമ്പൂർണ രാഷ്ട്രീയ പിന്തുടർച്ച കൂടിയായിരുന്നു, അനുയായികളുടെ ഈ പ്രിയപ്പെട്ട 'ദാദ'.
ശരത് പവാറിന്റെ മൂത്ത സഹോദരൻ അനന്ത്‌റാവു പവാറിന്റെ മകനാണ് അജിത് പവാർ. പിതാവാണ് അജിത്തിനെ ശരത് പവാറിന്റെ കൈകളിലേൽപ്പിക്കുന്നത്. 1985-ലാണ് അജിത് രാഷ്ട്രീയത്തിലെത്തിയത്. നാലു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി സ്ഥാപകനുമായ ശരത് പവാറിന്റെ രാഷ്ട്രീയതന്ത്രജ്ഞത അക്ഷരാർഥത്തിൽ സ്വായത്തമാക്കി, അജിത്.
സംസ്ഥാനത്ത് രാഷ്ട്രീയ സഖ്യങ്ങളും മുന്നണികളുമുണ്ടാക്കുന്നതിലും ഒരിക്കലും തോൽവി അറിയാതെ, അധികാരത്തിന്റെ ഭാഗമായിരിക്കുന്നതിലും ദേശീയ രാഷ്ട്രീയവുമായുള്ള എൻഗെയ്ജുമെന്റുകളിലും അജിത് പവാർ അമ്മാവനെ കടത്തിവെട്ടി.1991-ൽ ബാരാമതിയിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജിത് ആറു മാസത്തിനുള്ളിൽ എം.പി സ്ഥാനം രാജിവെച്ചു. നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായ ശരത് പവാറിനുവേണ്ടിയായിരുന്നു ഈ 'ത്യാഗം'. പിന്നീട് അജിത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽനിന്ന് ജയിച്ചു. പിന്നീട് നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അജിത് ബാരാമതിയുടെ എം.എൽ.എയായി. 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയത്തോടെ എട്ടു തവണ ബാരാമതിയിൽനിന്ന് ജയിച്ചതിന്റെ റെക്കോർഡും അജിത്തിനുണ്ട്.
ബാരാമതിയുടെ കാർഷിക- വ്യാവസായിക വികസനത്തിൽ അജിത് പ്രത്യേകമായ ശ്രദ്ധ നൽകിയിരുന്നു. 'കുടുംബ സ്വത്ത്' എന്ന പോലെയാണ് പവാർ കുടുംബം ബാരാമതിയെ കണ്ടിരുന്നത് എന്ന് വിമർശിച്ചിരുന്നവർ പോലും, സ്വന്തം മണ്ഡലത്തിന്റെ കാര്യത്തിലുള്ള അജിത്തിന്റെ ആത്മാർഥതയെ ചോദ്യം ചെയ്തിരുന്നില്ല.
ദശാബ്ദങ്ങളോളം പവാര്‍ കുടുംബം തങ്ങളുടെ 'സ്വത്ത്' തന്നെയായി കണ്ട പ്രദേശമാണ് ബാരാമതി. ശരത് പവാറിന്റെ വാക്കായിരുന്നു ബാരാമതിയെ സംബന്ധിച്ച അവസാന വാക്ക്, 2024 നവംബറിലെ ഇലക്ഷന്‍ വരെ. ശരത് പവാര്‍ നിര്‍ത്തിയ പവാര്‍ കുടുംബത്തിലെ ഇളമുറക്കാരനായ യുഗേന്ദ്ര പവാറിനെതിരെ അജിത് പവാര്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബാരാമതിയും അജിത് പവാറിനെ യഥാര്‍ഥ പവാര്‍ കുടുംബമായി അംഗീകരിച്ചുവെന്നായിരുന്നു, ഈ ജയത്തിനുശേഷം അജിത്തിന്റെ ജീവിതപങ്കാളിയും രാജ്യസഭാ എം.പിയുമായ സുനേത്ര പവാര്‍ പ്രതികരിച്ചത്.

1991-ൽ സുധാകര റാവു നായിക്കിന്റെ കോൺഗ്രസ് മന്ത്രിസഭയിൽ കൃഷി വകുപ്പുമന്ത്രിയായ അജിത് പീന്നിട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി. 1992-ൽ ശരത് പവാറിന്റെ കോൺഗ്രസ് മന്ത്രിസഭയിലും അജിത് മന്ത്രിയായി. 1999 മുതൽ വിവിധ മന്ത്രിസഭകളിൽ കാബിനറ്റ് മന്ത്രി. 2022- 23 കാലത്ത് പ്രതിപക്ഷ നേതാവ്. 2010 മുതൽ ആറു തവണ എൻ.ഡി.എ മന്ത്രിസഭയിലും മഹാസഖ്യം മന്ത്രിസഭയിലും മാറിമാറി ഉപമുഖ്യമന്ത്രിയായി.
1999-ൽ ശരത് പവാർ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചപ്പോൾ അജിത് പവാറും ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, എൻ.സി.പിയിലെ ഏറ്റവും ശക്തമായ അധികാരകേന്ദ്രം കൂടിയായി അജിത് മാറി. കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശരത് പവാർ സ്വീകരിച്ചിരുന്ന സമവായ ഫോർമുല തന്നെയാണ് അദ്ദേഹം തന്റെ പാർട്ടിക്കാര്യങ്ങളിലും പയറ്റിയിരുന്നത്. എന്നാൽ, അജിത്തിന്റെ ഇടപെടൽ ഇതിന് വിരുദ്ധമായിരുന്നു. എതിർപ്പുകളെ അടിച്ചമർത്തിയും എതിരാളികളെ ആക്രമണോത്സുകയായി നേരിട്ടുമാണ് അജിത് പാർട്ടിയിൽ ആധിപത്യമുറപ്പിച്ചത്.
2009-ലാണ് ശരത് പവാറിന്റെ നേതൃത്വത്തിനും പ്രവർത്തനശൈലിക്കും എതിരെ അജിത് പവാർ കലാപം തുടങ്ങിയത്. പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയ അജിത്തിനെ ശരത് പവാർ അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. ക്രമേണ, പവാർ കുടുംബത്തിലെ സ്വാധീനശക്തികൾ പാർട്ടിയിലെയും അധികാരകേന്ദ്രങ്ങളായി വളർന്നു. ശരത് പവാറിനും അജിത് പവാറിനും പുറമേ ശരത് പവാറിന്റെ മകൾ സുപ്രിയ സുലേ കൂടി പുതിയ അധികാരകേന്ദ്രമായി രംഗത്തുവന്നു.
2019-ലാണ് ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചേർന്ന് അജിത്ത്, ശരത് പവാറിന് ആദ്യ തിരിച്ചടി നൽകിയത്. മുഖ്യമന്ത്രിക്കസേര മോഹിച്ചായിരുന്നു അജിത്തിന്റെ നീക്കം. എന്നാൽ, കിട്ടിയതോ ഉപമുഖ്യമന്ത്രിസ്ഥാനം. ശരത് പവാറാകട്ടെ, ഒരു വീട്ടുകാരണവരുടെ റോളിൽനിന്ന് അജിത്തിനൊപ്പം പോകാൻ തയ്യാറായി നിന്ന എം.എൽ.എമാർക്കുമേൽ വൈകാരികസമ്മർദം ചെലുത്തി. ഇതോടെ അജിത് നിരായുധനായി. എൻ.സി.പിയിൽനിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനാൽ 80 മണിക്കൂറിന്റെ ആയുസ്സേ ഫഡ്നാവിസ് മന്ത്രിസഭയ്ക്കുണ്ടായിരുന്നുള്ളൂ. അമ്മാവന്റെ നിർബന്ധത്തിനുവഴങ്ങി അജിത് പാർട്ടിയിൽ തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ, തൊട്ടുപുറകേ രൂപീകരിക്കപ്പെട്ട ശിവസേന- കോൺഗ്രസ്- എൻ.സി.പി മഹാസഖ്യസർക്കാറിൽ ഉപമുഖ്യമന്ത്രിയായി അജിത് തന്റെ രാഷ്ട്രീയ അതിജീവനശേഷി തെളിയിച്ചു. ബി.ജെ.പിയെ മാറ്റിനിർത്തിയുള്ള ഈയൊരു അപൂർവ പരീക്ഷണത്തിന് അജിത്താണ് നേതൃത്വം നൽകിയത്.
2023 മെയിൽ എൻ.സി.പി ദേശീയ അധ്യക്ഷസ്ഥാനം ശരത് പവാർ രാജിവച്ചപ്പോൾ അജിത് പാർട്ടി വർക്കിങ് പ്രസിഡന്റായി. പാർട്ടിയെ അപ്പാടെ വരുതിയിലാക്കാൻ ഈ സ്ഥാനം അജിത് സമർഥമായി ഉപയോഗിച്ചു. അങ്ങനെ, 2023 ജൂലൈയിൽ, ശരത് പവാറിന് ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി നൽകി അജിത്, എൻ.സി.പി പിളർത്തി. ശരത് പവാറിന്റെ പിന്തുണയോടെ മകൾ സുപ്രിയ സുലേ പാർട്ടിയിൽ സ്ഥാപിച്ചെടുത്ത ആധിപത്യം കൂടി അജിത്തിന്റെ ഈ നീക്കത്തിന് കാരണമായി പറയുന്നുണ്ട്.
പാർട്ടിയുടെ 53 എം.എൽ.എമാരിൽ 29 പേരുടെ പിന്തുണയോടെ അജിത് പക്ഷം ശിവസേന- ബി.ജെ.പി സഖ്യ സർക്കാറിന്റെ ഭാഗമായി. അജിത് ഉപമുഖ്യമന്ത്രിയായി.
2024-ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ പ്രതിപക്ഷ ഐക്യത്തിനുള്ള നെട്ടോട്ടത്തിലായിരുന്നു ശരത് പവാർ. ആ ശ്രമങ്ങളെയാകെ പുറകിൽനിന്ന് കുത്തിയാണ് അജിത് ബി.ജെ.പിയുടെ സഖ്യകക്ഷിയായത്. മാത്രമല്ല, അജിത് പവാർ പക്ഷത്തെ ഇലക്ഷൻ കമീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും പാർട്ടി ചിഹ്‌നം നൽകുകയും ചെയ്തതോടെ ശരത് പവാറിന്റെ തിരിച്ചടി പൂർണമായി.

അജിത് പവാറിനെ ഓർക്കുമ്പോൾ, ജീവിത പങ്കാളി സുനേത്ര പവാറിനെ കൂടി ഓർക്കാതെ വയ്യ. അജിത്തിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിലെ കൂടി പങ്കാളിയായിരുന്നു സുനേത്ര. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നടന്നത് പവാർ കുടുംബത്തിന്റെ തന്നെ പോരാട്ടമായിരുന്നു. ശരത് പവാറിന്റെ മകൾ സുപ്രിയയ്‌ക്കെതിരെ അജിത് പവാർ മത്സരിപ്പിച്ചത് സുനേത്രയെയാണ്. മകളും മരുമകളും തമ്മിലുള്ള മത്സരത്തിൽ മരുമകൾ പവാറിന് വോട്ടു ചെയ്യാനായിരുന്നു അജിത്തിന്റെ ആഹ്വാനം. മകൾ പവാറാണ് ഒറിജിനൽ പവാർ എന്ന് ശരത് പവാർ തിരിച്ചടിക്കുകയും ചെയ്തു. സുപ്രിയയ്ക്കായിരുന്നു ജയം.
ദേശീയ രാഷ്ട്രീയത്തേക്കാൾ ശരത് പവാറിന് എന്നും പഥ്യം മഹാരാഷ്ട്ര രാഷ്ട്രീയമായിരുന്നു. അവിടേക്കുള്ള ബി.ജെ.പിയുടെ പുത്തൻ വിജയസമവാക്യങ്ങൾക്കെതിരായിരുന്നു ശരത് പവാറിന്റെ സമകാലിക രാഷ്ട്രീയ നീക്കങ്ങളെല്ലാം. ഈയൊരു സ്‌പെയ്‌സിലേക്ക് അജിത് പവാറിനെ കൂടി ഒപ്പം നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യം. എൻ.സി.പിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഇന്ത്യ മുന്നണിയിലെ ഒരു വിലപേശൽ ശക്തിയായി മാറ്റുകയായിരുന്നു ശരത് പവാറിന്റെ ലക്ഷ്യം. താൻ അതിന് സന്നദ്ധനാണ് എന്ന സൂചനയും അജിത് പവാർ നൽകി. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിയുടെ അരികുവൽക്കരണത്തിനിരയാകുകയായിരുന്നു അജിത് പവാറും എൻ.സി.പിയും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ അവഗണന രൂക്ഷമായതായി അജിത്തിന് തോന്നി. ബി.ജെ.പിയ്ക്ക് ഒരു മുന്നറിയിപ്പുനൽകാൻ അജിത്തിലെ തന്ത്രജ്ഞൻ തീരുമാനിച്ചു. അതിന് കണ്ടെത്തിയ വഴിയാണ് പവാർ കുടുംബത്തിന്റെ പുനഃസമാഗമം. അതിന് സ്വന്തം കുടുംബത്തിന്റെ മണ്ണായ പുനെ, പിംപ്രി- ചിഞ്ച്‌വാദ് നഗരസഭകളെ തെരഞ്ഞെടുക്കുകയായിരുന്നു. 41 എം.എൽ.എമാരും ഒരു എം.പിയുമുള്ള തന്റെ പാർട്ടിയെ ബി.ജെ.പി വിഴുങ്ങുമോ എന്ന ആശങ്കയാണ് അജിത്തിനെ വീണ്ടും ശരത് പവാറിന്റെ അടുത്തെത്തിച്ചത്.
ഈയൊരു രാഷ്ട്രീയ സാഹചര്യത്തിൽ പവാർ കുടുംബത്തിനു മാത്രമല്ല, എൻ.സി.പിയുടെ രണ്ടു വിഭാഗങ്ങളെയും മഹാരാഷ്ട്രയുടെ ഭാവി രാഷ്ട്രീയത്തെയും സംബന്ധിച്ച് നികത്താനാകാത്ത നഷ്ടമാണ് അജിത്തിന്റെ അപകടമരണം.
