രാജ്യസഭയിലേക്കു നടന്ന അവസാന റൗണ്ട് തെരഞ്ഞെടുപ്പിൽ 11 അംഗങ്ങളെ കൂടി ലഭിച്ചതോടെ എൻ.ഡി.എക്ക് 2014- നുശേഷം ഇതാദ്യമായി കേവല ഭൂരിപക്ഷമായി. ഇപ്പോൾ ബി.ജെ.പിക്ക് 96 അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ ജെ.ഡി-യുവിന് നാലും എൻ.സി.പിക്ക് മൂന്നും അംഗങ്ങളുണ്ട്. കൂടാതെ SHS, PMK, AGP, UPPL, TMC-M, NPP, RPI-A, RML, RLD, JD(S) പാർട്ടികൾക്ക് ഒരാൾ വീതം. സഖ്യകക്ഷികളുടെയും ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയോടെ എൻ.ഡി.എക്ക് 121 അംഗങ്ങളായി.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' സഖ്യത്തിന് 85 അംഗങ്ങളുണ്ട്.
രാജ്യസഭയിൽ 245 സീറ്റാണുള്ളത്. എട്ടു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നാലുപേർ ജമ്മു കാശ്മീരിൽനിന്നും നാലുപേർ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നവരും. അതുകൊണ്ട് ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം 237, കേവല ഭൂരിപക്ഷത്തിനുവേണ്ടത് 119. രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന നാലു പേർ കൂടിയാകുമ്പോൾ എൻ.ഡി.എയുടെ അംഗബലം 125 ആകും. ഇതോടെ, എൻ.ഡി.എക്ക് സഭയിൽ വ്യക്തമായ ഭൂരിപക്ഷമാകും.
തെലങ്കാനയിൽനിന്ന് അഭിഷേക് മനു സിങ്‌വി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ കോൺഗ്രസിന് 27 അംഗങ്ങളായി. പ്രതിപക്ഷ നേതൃസ്ഥാനത്തിന് 25 അംഗങ്ങളാണ് വേണ്ടത്. തൃണമൂൽ കോൺഗ്രസിന് 13, ആം ആദ്മിക്കും ഡി.എം.കെക്കും 10, ആർ. ജെ.ഡിക്ക് അഞ്ച് വീതം അംഗങ്ങളാണുള്ളത്.
ആസാമിൽനിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തേലി, ബിഹാറിൽനിന്ന് മനൻകുമാർ മിശ്ര, മധ്യപ്രദേശിൽനിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയിൽനിന്ന് ധീര്യ ശീൽ പാട്ടീൽ, ഹരിയാനയിൽനിന്ന് കിരൺ ചൗധരി, ഒഡീഷയിൽനിന്ന് മമത മൊഹന്ത, രാജസ്ഥാനിൽനിന്ന് രൺവീർ സിങ് ബിട്ടു, ത്രിപുരയിൽനിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരാണ് ഇപ്പോൾ രാജ്യസഭയിലെത്തിയ ബി.ജെ.പി അംഗങ്ങൾ.
ആഗസ്റ്റ് 27നുനടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എ സഖ്യകക്ഷികളായ ആർ.എൽ.എം, എൻ.സി.പി പാർട്ടികളുടെയും ഏഴംഗങ്ങളും കോൺഗ്രസിൽനിന്ന് ഒരാളുമാണ് എതിരില്ലാതെ ജയിച്ചത്. ആഗസ്റ്റ് 26നു നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രണ്ടു പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
11 അംഗങ്ങൾ വിരമിക്കുന്ന അടുത്ത നവംബറിലാണ് ഇനി രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.
കഴിഞ്ഞ രാജ്യസഭയിൽ എൻ.ഡി.എക്ക് മറ്റു കക്ഷികളുടെ പിന്തുണയോടെ മാത്രമേ ബില്ലുകൾ പാസാക്കിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ. 11 അംഗങ്ങളുണ്ടായിരുന്ന വൈ.എസ്.ആർ കോൺഗ്രസ്, എട്ടുപേരുണ്ടായിരുന്ന ബി.ജെ.ഡി, നാലു പേരുണ്ടായിരുന്ന എ.ഐ.എ.ഡി.എം.ക എന്നിവരുടെ പിന്തുണ എൻ.ഡി.എക്ക് അനിവാര്യമായിരുന്നു. ഇനി എൻ.ഡി.എക്ക് പുറമെനിന്നുള്ള പാർട്ടികളുടെ പിന്തുണ ആവശ്യമില്ല.