മോദിയുടെ ഇനിയുള്ള ഭരണത്തെയും
പ്രധാനമന്ത്രി ജീവിതത്തെയും കുറിച്ച്…

ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ സംവരണത്തെയും പിന്തുണക്കുന്ന, ഏതു സഖ്യത്തിൽ നിന്നാലും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നിതീഷിന്റെയും നായിഡുവിന്റേയും ദയവിലുള്ള മോദിയുടെ ഇനിയുള്ള ഭരണം / ജീവിതം അമ്പേ കഷ്ടമായിരിക്കും- സന്ധ്യാ മേരി എഴുതുന്നു.

രേന്ദ്ര മോദിയുടെ ജീവചരിത്രമായ 'Narendra Modi: The Man, The Times' എഴുതിയ നീലാഞ്ചൻ മുഖോപാദ്ധ്യായ പറഞ്ഞ മോദിയുടെ ഒരു സ്‌കൂൾകാലകഥയിൽനിന്നു തുടങ്ങാം. കഥ പറഞ്ഞത് മോദിയുടെ ഒരു ടീച്ചറാണ്.
‘ചെറുതായിരിക്കുമ്പോൾ നരേന്ദറിന് സ്‌കൂൾനാടകങ്ങളിൽ അഭിനയിക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ പ്രധാനപ്പെട്ട റോൾ കിട്ടണമെന്ന് നിർബന്ധമായിരുന്നു. അതല്ലെങ്കിൽ നരേന്ദർ അഭിനയിക്കാൻ തയ്യാറല്ലായിരുന്നു’.
നരേന്ദർ വളർന്നുവലുതായി 'the mighty Modi' ആയിട്ടും കുട്ടിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല എന്നു സാരം. എന്റെ മുഖം, എന്റെ ശബ്ദം, എന്റെ കഥ (എന്റെ നുണ) - അല്ലെങ്കിലും ഒരു ഏഴെട്ടു വയസിനുശേഷവും സ്വയം പേരു വിളിച്ചു വിശേഷിപ്പിക്കുന്ന ഒരു മനുഷ്യൻ എത്രമാത്രം ‘സ്വയം പൊക്കി’ ആയിരിക്കണം.
അങ്ങനെയൊരു മനുഷ്യന് ഒരു കാലത്ത് തന്റെ പ്രധാന ശത്രുക്കളിലൊളാരായിരുന്ന, താൻ കണക്കിനു ചീത്തവിളിച്ചിട്ടുള്ള, പരിഹസിച്ചിട്ടുള്ള ചന്ദ്രബാബു നായിഡുവിനെ പിന്തുണ അഭ്യർത്ഥിച്ച് (അതോ അപേക്ഷയോ!) വിളിക്കേണ്ടിവരുമ്പോഴുള്ള മാനസികവ്യഥ ഒന്നാലോചിച്ചുനോക്കൂ. ഇതിലും ഭേദം പ്രതിപക്ഷത്തിരിക്കുകയായിരുന്നു എന്ന് നൂറുവട്ടം മോദി മനസ്സിൽ പറഞ്ഞിരിക്കണം. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 23 വർഷം പ്രവർത്തിച്ചിട്ടും മറ്റൊരാളും പറയുന്നതു കേൾക്കാൻ കൂട്ടാക്കാതിരുന്ന മോദിയെ, ഇനിയുള്ള അഞ്ചുവർഷം ഭരിക്കാനായാൽ, നായിഡുവും നിതീഷും കൂടി ക്ഷ ണ്ണ വരപ്പിക്കും.

ഇലക്ഷൻ റിസൽട്ടിലേക്കു വന്നാൽ സന്തോഷമായോ എന്നുചോദിച്ചാൽ ഇല്ല; എന്നാൽ വലിയ സമാധാനമാണ് തന്നത്. ഇത്രയും ഡൈവേഴ്സായ ഫലത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾ ഉറക്കെ പറഞ്ഞിരിക്കുന്നു, 'ഇത് എല്ലാവരുടേയും ഇന്ത്യയാണ്’. ശക്തമായ ഒരു പ്രതിപക്ഷത്തിനായാണ്, ഭരണപക്ഷത്തിനോ​ടൊപ്പം നിൽക്കുന്ന ഒരു പ്രതിപക്ഷത്തിനായാണ് ഇത്തവണ ഇന്ത്യ വോട്ടുചെയ്തത്. മുൻപൊന്നും കാണാത്ത വിധത്തിൽ സ്ത്രീകളും യുവാക്കളും ഈ ഇലക്ഷനിൽകൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ മുന്നോട്ടുവന്നു. സ്ത്രീകളുടെ പ്രശ്‌നം വിലക്കയറ്റമായിരുന്നെങ്കിൽ യുവാക്കളുടെ പ്രശ്‌നം തൊഴിലില്ലായ്മയായിരുന്നു. ചാനലുകളിലൊന്നും സ്ത്രീകളെ കാര്യമായി കണ്ടില്ലെങ്കിലും അവരുടെ അടുത്തുപോയി കാര്യങ്ങളന്വേഷിച്ച യുട്യൂബർമാരോട് അവർ മനസ്സുതുറന്നു.

മീഡിയ റിപ്പോർട്ട് പ്രകാരം മെയ് നാലിന് സ്റ്റോക്ക് മാർക്കറ്റ് നഷ്ടം മുപ്പതു ലക്ഷം കോടിയാണ്. റിസർട്ടിനും ദിവസങ്ങൾക്കുമുമ്പ് മോദിയും ഷായും ജനങ്ങളോട് ഇപ്രകാരം പറഞ്ഞു, 'ജൂൺ നാലിന് സ്റ്റോക്ക്മാർക്കറ്റ് റെക്കോർഡ് ഹൈയിലെത്തും. അതുകൊണ്ട് നിങ്ങൾ നാലിനുമുമ്പ് ഷെയറുകൾ വാങ്ങണം'
ഏതെങ്കിലും പ്രധാനമന്ത്രി ജനങ്ങളോട് ഇങ്ങനെയൊക്കെ പറയുമോ, പറയാമോ എന്നത് ഒരു കാര്യം. പക്ഷേ ഇദ്ദേഹം പറഞ്ഞതു വിശ്വസിച്ച് ഇല്ലാത്ത കാശെടുത്തുനിക്ഷേപിച്ച ലക്ഷക്കണക്കിനു മനുഷ്യരോട് നരേന്ദ്രമോദി മാപ്പുപറയേണ്ടതാണ്. മോദിയെപ്പോലെ തുറന്നുപറഞ്ഞില്ലെങ്കിലും ഈ പാവപ്പെട്ട മനുഷ്യരുടെ കാശു കളഞ്ഞതിൽ മോദിക്കൊപ്പം പങ്ക് എക്‌സിറ്റ്‌പോൾക്കാർക്കുമുണ്ട്. അതിനപ്പുറം ഇന്ത്യയെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചതിനുള്ള, ഇന്ത്യാക്കാർക്കു മുഴുവൻ പുല്ലുവില കൊടുത്തതിനുള്ള വലിയ വിലയായിരുന്നു റിസൽട്ട് ദിനത്തിൽ പരസ്യമായി നാഷണൽ ടെലിവിഷനിൽ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത നൽകേണ്ടിവന്നത്. (മനഃപൂർവം) തെറ്റിയ എക്‌സിറ്റ് പോളിന്റെ പേരിൽ രാജ്ദീപ് സർദേശായ് അയാളെ കരയിച്ചപ്പോൾ, നാഷണൽ ടെലിവിഷനിൽ അവശേഷിക്കുന്ന സെക്യുലറിസത്തിന്റെ അപൂർവ്വം മുഖങ്ങളിലൊന്നായ സർദേശായിക്ക് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു.

എൻ.ഡി.എയ്ക്ക് 401 വരെ സീറ്റും കോൺഗ്രസിന് 166 സീറ്റും പ്രവചിച്ചിരുന്ന ആക്‌സിസ് മൈ ഇന്ത്യ എം.ഡി പ്രദീപ് ഗുപ്ത എക്‌സിറ്റ്‌പോൾ ഫലം തെറ്റിയതിനു കാരണമായി പറഞ്ഞ കാര്യം വളരെ ഗുരുതരമായി കാണേണ്ടതാണ്.

അതേദിവസം മറ്റൊരു ചാനലിൽ കോൺഗ്രസ് വക്താവ് പവൻ ഖേര അയാളോട്, ‘നിങ്ങളൊരു പാപിയാണ്’ എന്നുപറഞ്ഞപ്പോൾ ഖേര ഒത്തിരി മനുഷ്യരുടെ ഉള്ളിലുള്ളതു പറയുകയായിരുന്നു. (മനഃപൂർവം തെറ്റിയത് എന്ന് നേരത്തേ പറഞ്ഞതിനു കാരണമുണ്ട്. അവസാനത്തെ എക്‌സിറ്റ്‌പോളിനും മുമ്പ് ആക്‌സിസ് മൈ ഇന്ത്യ ഒരു എക്‌സിറ്റ് പോൾ ഫലം പുറത്തുവിട്ടിരുന്നു. പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലത്തോട് ഏതാണ്ട് അടുത്തുനിൽക്കുന്ന എക്‌സിറ്റ്‌പോളായിരുന്നു അത്. എന്നാൽ പിന്നീട് അത് തങ്ങളുടേതല്ല എന്നുപറഞ്ഞ് അവരത് പിൻവലിക്കുകയാണുണ്ടായത്.)
പ്രദീപ് ഗുപ്ത ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ്‌പോൾ ഫലം തെറ്റിയതിനുകാരണമായി പറഞ്ഞ കാര്യം വളരെ ഗുരുതരമായി കാണേണ്ടതാണ്. ഗുരുതരം എന്ന വാക്ക് ഈ കോണ്ടക്‌സ്റ്റിൽ വളരെ ലൈറ്റാണ്. അയാളുടെ തന്നെ വാക്കുകളിൽ, 'ഈ ഇലക്ഷനിൽ ദലിതർ വളരെയധികം വോട്ടുചെയ്തു. അറിയാമല്ലോ, അവരങ്ങനെ സംസാരിക്കുന്ന ആളുകളല്ല’.
ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിൽ ഗുരുതരമായ രണ്ടു പ്രശ്‌നങ്ങളുണ്ട്.
ഒന്ന്, ദലിതർ സംസാരിക്കില്ല എന്ന റേസിസ്റ്റ്, ക്ലാസിസ്റ്റ് കൺക്ലൂഷൻ.
രണ്ട്, ഇനി ഒരു വിഭാഗം സംസാരിക്കില്ലെങ്കിൽ കൂടി ആ വലിയ വിഭാഗത്തെ ഒഴിവാക്കിയിട്ടാണോ ഇത്രയും വലിയ ഒരു ജനാധിപത്യപ്രക്രിയയിലെ എക്‌സിറ്റ് പോൾ നടത്തേണ്ടത്?

എക്‌സിറ്റ് പോളുകാരും ‘ഗോദി മീഡിയ’യും ഒന്നും കാണാതെപോയ ഒരു വലിയ ഇന്ത്യയുണ്ട്, റൂറൽ ഇന്ത്യ. അവരാണ് ഈ തെരഞ്ഞെടുപ്പിൽ മോദിക്ക് ശക്തമായ താക്കീത് നൽകിയത്. ‘ഗോദി മീഡിയ’യുടെ പ്രധാന മുഖങ്ങളിലൊന്നായ അഞ്ജന ഓം കാശ്യപ് തിരഞ്ഞെടുപ്പിനുമുമ്പ് നടത്തിയ ഒരു ടോക്ക്‌ഷോയിൽ മംഗല്യസൂത്രത്തെക്കുറിച്ചുള്ള പരാമർശം വന്നപ്പോൾ അതിസാധാരണക്കാരിയായ ഒരു സ്ത്രീ അത്യന്തം രോഷത്തോടെ പറയുകയുണ്ടായി, 'ഞങ്ങളുടെ മംഗല്യസൂത്രം ഞങ്ങൾ നോക്കിക്കൊള്ളാം. മോദിയോടുപോയി യശോധാ ബെന്നിന്റെ മംഗല്യസൂത്രത്തിന്റെ കാര്യം നോക്കാൻപറ’.

കെജ്രിവാളിന്റെ അറസ്റ്റ് സാധാരണക്കാരായ ഇന്ത്യാക്കാരെ മുഴുവൻ ഞെട്ടിച്ചു. കടുത്ത ബി ജെ പി ക്കാർക്കുപോലും അത് ന്യായീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

യഥാർത്ഥത്തിൽ ഈ ഇലക്ഷൻ ഇന്ത്യക്ക് അനുകൂലമാക്കിയത് മോദി തന്നെയാണ്. കെജ്രിവാളിന്റെ അറസ്റ്റ് സാധാരണക്കാരായ ഇന്ത്യാക്കാരെ മുഴുവൻ ഞെട്ടിച്ചു. കടുത്ത ബി ജെ പി ക്കാർക്കുപോലും അത് ന്യായീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആദ്യം അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ കെജ്രിവാളിനെ അറിയുകയേയില്ലെന്ന് മൊഴി കൊടുക്കുകയും പിന്നീട് ഇലക്ട്രൽ ബോണ്ടുവഴി ബിജെപിക്ക് കോടികൾ കൊടുത്തപ്പോൾ മാപ്പുസാക്ഷിയാക്കപ്പെടുകയും അപ്പോൾ മൊഴി മാറ്റുകയും ചെയ്ത ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ അറസ്റ്റു ചെയ്തത് എന്ന കാര്യം മോദി മീഡിയ എത്ര അടക്കിവച്ചിട്ടും ദിവസങ്ങൾക്കകം അങ്ങാടിപ്പാട്ടായി.

നിർഭാഗ്യവശാൽ ‘ഇന്ത്യ’ സഖ്യം കെജ്രിവാളിന്റെ അറസ്റ്റിനും ശേഷമാണ് ശരിക്കും ആക്റ്റീവായത്. സഖ്യകക്ഷികൾ തമ്മിലുള്ള കെമിസ്ട്രി പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായിവരുന്നതല്ല. അണികൾക്ക് അത് കാലങ്ങൾ ഒന്നിച്ച് ഫീൽഡിൽ പ്രവർത്തിച്ച് ഉണ്ടായിവരേണ്ടതാണ്.

ഏറ്റവും വിപരീത സാഹചര്യങ്ങളിലും ജനങ്ങളെ സത്യം അറിയിക്കാനായി കഷ്ടപ്പെടുന്ന ആയിരക്കണക്കിനു സാധാരണ യുട്യൂബർമാരെ ഓർക്കേണ്ടതുണ്ട്. ധ്രുവ് റാഠിയെയും ആകാശ് ബാനർജിയേയും (ദേശ്ഭക്ത്) പോലെയുള്ളവർ ഉത്തരേന്ത്യൻഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്ന് സത്യം അവരെ അറിയിക്കുകയും ഗ്രാമീണ ഇന്ത്യയുടെ പൾസ് നമ്മളെ അറിയിക്കുകയും ചെയ്തവർ. അവരാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെക്കാൾ വലിയ പ്രതിപക്ഷമായി പ്രവർത്തിച്ചത്. രാഹുൽ ഗാന്ധിയുടെ പപ്പു ഇമേജിനെ മാറ്റി ഇതാ കാര്യങ്ങളെപ്പറ്റി നല്ല അവഗാഹമുള്ള, സത്യസന്ധനായ, നന്മയുള്ള ഒരു മനുഷ്യൻ എന്ന ഇമേജിലേക്കെത്തിക്കുന്നതിൽ പ്രശസ്തരും അപ്രശസ്തരുമായ ഈ യൂട്യൂബർമാരും വ്ലോഗർമാരും വഹിച്ച പങ്ക് വളരെ വലുതാണ്. അവരാണ് ബി ജെ പിയുടെ വാട്ട്‌സാപ്പ് യൂണിവേഴ്സിറ്റിയുടെ കള്ളത്തരങ്ങളെ തുറന്നുകാണിച്ചത്. ഒപ്പം, സുപ്രിയ ശ്രിനേത് നേതൃത്വമേറ്റെടുത്തശേഷമുള്ള കോൺഗ്രസിന്റെ സോഷ്യൽമീഡിയ വിങ്ങിന്റെ പ്രവർത്തനവും ഏറെ മികച്ചതായിരുന്നു.

ഒരുപക്ഷേ ഒന്നാംഘട്ടത്തിനുശേഷമായിരിക്കണം ഈ തെരഞ്ഞെടുപ്പ് ഇത്രമേൽ തിരിഞ്ഞത്. വോട്ടിംഗ് കുറഞ്ഞതിൽ പരിഭ്രാന്തനായ മോദി പറയാൻ തുടങ്ങിയ കൊടും വർഗ്ഗീയ പരാമർശങ്ങളും കൊടുംനുണകളും വെറുപ്പുനിറഞ്ഞ ഭാഷയും ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തി. പ്രധാനമന്ത്രി എന്ന പദവിക്ക് യാതൊരു പരിഗണനയും കൊടുക്കാതെ വായിൽ വരുന്നതൊക്കെ വിളിച്ചുപറയുന്ന, ഒരുതരത്തിലുള്ള നിലവാരവും കാണിക്കാത്ത ഒരു മനുഷ്യനെപ്പറ്റി എത്ര ഭക്തരായാലും എപ്പോഴെങ്കിലും 'അയ്യേ' എന്നു തോന്നില്ലേ?

ധ്രുവ് റാഠിയെയും ആകാശ് ബാനർജിയേയും (ദേശ്ഭക്ത്) പോലെയുള്ളവരുടെ ശബ്ദം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്നു. അവരാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെക്കാൾ വലിയ പ്രതിപക്ഷമായി പ്രവർത്തിച്ചത്.

‘ഇന്ത്യ’ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് ജയിക്കാമായിരുന്നോ? തീർച്ചയായും. പക്ഷേ അതിന് തെരഞ്ഞെടുപ്പിനും വളരെ മുമ്പുതന്നെ സഖ്യം പ്രവർത്തിച്ചുതുടങ്ങണമായിരുന്നു. സഖ്യകക്ഷികൾക്കിടയിൽ നല്ല കെമിസ്ട്രി വർക്കുചെയ്യണമായിരുന്നു. നിർഭാഗ്യവശാൽ ‘ഇന്ത്യ’ സഖ്യം കെജ്രിവാളിന്റെ അറസ്റ്റിനും ശേഷമാണ് ശരിക്കും ആക്റ്റീവായത്. സഖ്യകക്ഷികൾ തമ്മിലുള്ള കെമിസ്ട്രി പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായിവരുന്നതല്ല. നേതാക്കൾക്ക് അത് എളുപ്പമായിരിക്കും. പക്ഷേ അണികൾക്ക് അത് കാലങ്ങൾ ഒന്നിച്ച് ഫീൽഡിൽ പ്രവർത്തിച്ച് ഉണ്ടായിവരേണ്ടതാണ്. ആം ആദ്മിയും കോൺഗ്രസും തമ്മിലുള്ള സഖ്യത്തിലൊക്കെ ഇത് പ്രകടമായിരുന്നു. ഡൽഹിയുടെ അർബൻ ഇന്ത്യ ആറ്റിറ്റ്യൂഡ് വച്ച് ബി ജെ പിക്ക് ഭൂരിപക്ഷം സീറ്റും കിട്ടുമെന്ന് ഉറപ്പായിരുന്നെങ്കിലും തൊഴിലാളികളും മുസ്ലീങ്ങളുമൊക്കെ ധാരാളമുള്ള നോർത്ത് ഈസ്റ്റ് ദില്ലിയിൽ പോലും അവർക്ക് നല്ലൊരു ഫൈറ്റ് കാഴ്ചവക്കാനായില്ല എന്നത് സഖ്യത്തിലെ സഖ്യമില്ലായ്മയുടെ പ്രതിഫലനമായിരുന്നു. കനയ്യകുമാർ ആം ആദ്മി പാർട്ടിയെ എപ്പോഴും ഒപ്പം പരാമർശിച്ചിരുന്നുവെങ്കിലും കെജ്രിവാൾ കനയ്യക്കൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്തെങ്കിലും തെരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിച്ചില്ല. (വരാൻപോകുന്ന പാർലമെന്റിൽ ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന ശബ്ദമായിരുന്നു കനയ്യയുടേത്. അത് തടഞ്ഞത് സി പി ഐയുടെ ബാലിശമായ വാശിയാണ്. പഴയ ശത്രുതയും വച്ചിരിക്കാതെ ഇന്ത്യയെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനുവേണ്ടി സി പി ഐ ബേഗുസരായ് കോൺഗ്രസിനും കനയ്യക്കും വിട്ടുകൊടുക്കണമായിരുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ വോട്ടുകൾക്കൊപ്പം കനയ്യക്ക് മണ്ഡലത്തിലുള്ള വ്യക്തിഗതവോട്ടുകൾ കൂടി ചേർന്നാൽ ജയിക്കാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നു. ഇതിപ്പോ സി പി ഐയും തോറ്റു, കനയ്യയും തോറ്റു).
തന്നെയുമല്ല, ശ്രമിച്ചിരുന്നുവെങ്കിൽ ചന്ദ്രബാബു നായിഡു ‘ഇന്ത്യ’ സഖ്യത്തിൽ വരുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. നിതീഷ് പിന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ വരാലാണല്ലോ. എങ്ങോട്ടും തെന്നിപ്പോകും.

തെരഞ്ഞെടുപ്പുഫലത്തിനുശേഷം കണ്ട, ഏറെ ചിരിപ്പിച്ച ഒരു ട്രോൾ ഓർക്കുന്നു. അമുലിന്റെയൊക്കെ പോലുള്ള ഒരു വലിയ പരസ്യഹോർഡിംഗ്. അതിൽ നിതീഷിന്റെ മുഖം മാത്രം. ഒപ്പം ഒരു ക്യാപ്ഷനും:
'നിതിഷ് സബ് കാ ഹേ',
‘നിതീഷ് എല്ലാവരുടേതുമാണ്’.

നിതീഷിന്റെയും നായിഡുവിന്റേയും ദയവിലുള്ള മോദിയുടെ ഇനിയുള്ള ഭരണം / ജീവിതം അമ്പേ കഷ്ടമായിരിക്കും.

ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ സംവരണത്തെയും പിന്തുണക്കുന്ന, ഏതു സഖ്യത്തിൽ നിന്നാലും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നിതീഷിന്റെയും നായിഡുവിന്റേയും ദയവിലുള്ള മോദിയുടെ ഇനിയുള്ള ഭരണം / ജീവിതം അമ്പേ കഷ്ടമായിരിക്കും. പ്രത്യേകിച്ച് നായിഡുവും മോദിയും തമ്മിലുള്ള പൂർവ്വകാലചരിത്രം പരിശോധിച്ചാൽ.

പഴയതുപോലെ ഇനി ആരെയും എന്തും പറയാൻ മോദിക്കു കഴിയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രതിപക്ഷ ഐക്യനിരയുടെ പ്രധാന മുഖങ്ങളിലൊന്ന് നായിഡു ആയിരുന്നല്ലോ. ആ സമയത്ത് എൻ ഡി ടി വിയിലെ ശ്രീനിവാസൻ ജയിനുമായുള്ള ഇന്റർവ്യൂവിനിടയിൽ മകന്റെ രാഷ്ട്രീയഭാവിക്കു വേണ്ടിയാണ് നായിഡു എല്ലാം ചെയ്യുന്നതെന്ന് മോദി ആരോപിച്ചല്ലോ എന്ന് ജയിൻ ചൂണ്ടിക്കാട്ടി. നായിഡുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'അതെ, എന്റെ മകന്റെ അച്ഛനായിരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഭുവനേശ്വരിയുടെ ഭർത്താവായിരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. മോദിക്ക് ഇക്കാര്യത്തിൽ എന്താണു പറയാനുള്ളത്?'
ഭാര്യയെ ഉപേക്ഷിച്ച മോദിയെയായിരുന്നു നായിഡു ലക്ഷ്യം വച്ചത്. അക്കാലത്ത് നായിഡു മോദിയെ ‘ടെററിസ്റ്റ്’ എന്നും തിരിച്ച് നായിഡുവിനെ 'അമ്മായിയഛനെ പുറകിൽനിന്നു കുത്തിയവൻ' എന്നുമൊക്കെ പരസ്പരം വിളിച്ചിട്ടുണ്ട്. അങ്ങനെ ശത്രുതയുടെ അങ്ങേയറ്റം വരെ പോയവരാണ് ഇനിയിപ്പോൾ ഒന്നിച്ചുവാഴേണ്ടത്.

നായിഡു മോദിയെ ‘ടെററിസ്റ്റ്’ എന്നും തിരിച്ച് നായിഡുവിനെ 'അമ്മായിയഛനെ പുറകിൽനിന്നു കുത്തിയവൻ' എന്നുമൊക്കെ പരസ്പരം വിളിച്ചിട്ടുണ്ട്. അങ്ങനെ ശത്രുതയുടെ അങ്ങേയറ്റം വരെ പോയവരാണ് ഇനിയിപ്പോൾ ഒന്നിച്ചുവാഴേണ്ടത്

അതായത്, മോദിക്ക് മാറിയേ പറ്റൂ. പക്ഷേ മോദിക്ക് മാറാൻ പറ്റുമോ? ഇത്രയും വർഷമായി കൂടെയുള്ള സ്വേച്ഛാധിപത്യ പ്രവണതയും മറ്റൊരാൾക്കും ചെവികൊടുക്കാത്ത പ്രവർത്തനരീതിയും അധിക്ഷേപിക്കലുമൊക്കെ ഈ 73-ാം വയസ്സിൽ മോദിക്ക് മാറ്റാൻ പറ്റുമോ? നീലാഞ്ചൻ മുഖോപാദ്ധ്യായയുടെ വാക്കുകളിൽ, 'സ്വന്തം ഇൻസ്റ്റിൻക്റ്റിനെ കൺട്രോൾ ചെയ്യാൻ കഴിയാത്ത’ ആളാണ് മോദി. വാക്കുകൾക്കുമേലും കൺട്രോളില്ല. അതുകൊണ്ട് മുസ്‍ലിം വിരുദ്ധപരാമർശങ്ങളൊക്കെ ഇനിയും വരാനാണു സാദ്ധ്യത.
അങ്ങനത്തെ മോദിയോടുള്ള, ന്യൂനപക്ഷ പാർട്ടി നേതാവായ മോദിയോടുള്ള (ന്യൂനപക്ഷത്തെ വെറുക്കുന്ന മോദിയും അങ്ങനെ ന്യൂനപക്ഷമായി) നായിഡുവിന്റെയും നിതീഷിന്റെയും നിലപാട് എങ്ങനെയായിരിക്കും? വരുന്ന വർഷങ്ങളിലെ ഏറ്റവും കൗതുകകരമായ കാഴ്ചയായിരിക്കും ഇത്.

ഈ തെരഞ്ഞെടുപ്പുകാലത്ത് രാഹുൽ എത്ര പ്രാവശ്യം മോദിയെ ഓപ്പൺ സംവാദത്തിനുവിളിച്ചു. രാഹുലിന്റെ ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയില്ലാത്ത മോദി ഒരിക്കലും പോകില്ല എന്ന് നമുക്കൊക്കെ അറിയാം.

ഈ തെരഞ്ഞെടുപ്പിലെ ‘ഇന്ത്യ’ സഖ്യത്തിന്റെ മിന്നുന്ന പ്രകടനത്തിനുള്ള ക്രെഡിറ്റ് ഒത്തിരിപ്പേർക്ക് അവകാശപ്പെട്ടതാണ്. പക്ഷേ എല്ലാറ്റിലും ഉപരി ഇത് രാഹുലിന്റെ വിജയമാണ്. കുടുംബവാഴ്ചയുടെ പേരിൽ രാഹുലിനെ അംഗീകരിക്കാതിരുന്ന ഒത്തിരിപ്പേർ ഇന്ന് രാഹുലിനെ വളരെനല്ലൊരു നേതാവായി അംഗീകരിക്കുന്നു. എത്രയോ വർഷങ്ങളായി പ്രതികൂല സാഹചര്യങ്ങളിലൂടെ മാത്രമാണ് രാഹുൽ കടന്നുപോകുന്നത്. അയാൾ സഹിച്ചത്ര അപമാനം സഹിച്ച് എത്രപേർ അവിടെ തുടരുമായിരുന്നു? എല്ലാ കാര്യങ്ങളെപ്പറ്റിയും നല്ല അവഗാഹമുണ്ടായിരുന്നിട്ടും പലപ്പോഴും മീഡിയ കണ്ടുപിടിക്കേണ്ട, എന്നാൽ കണ്ടുപിടിക്കാത്ത കാര്യങ്ങൾ മുന്നോട്ടുകൊണ്ടുവന്നിട്ടും ഇംഗ്ലീഷിലും ഹിന്ദിയിലും മനോഹരമായി കൃത്യമായ പോയന്റുകൾ നിരത്തി പ്രസംഗിച്ചിട്ടും, ‘പപ്പു’ എന്ന വിളികേൾക്കുന്നത് എത്ര പേർക്ക് സഹിക്കാൻ പറ്റും?

ഈ തെരഞ്ഞെടുപ്പിലെ ‘ഇന്ത്യ’ സഖ്യത്തിന്റെ മിന്നുന്ന പ്രകടനത്തിനുള്ള ക്രെഡിറ്റ് ഒത്തിരിപ്പേർക്ക് അവകാശപ്പെട്ടതാണ്. പക്ഷേ എല്ലാറ്റിലും ഉപരി ഇത് രാഹുലിന്റെ വിജയമാണ്.

ഓർക്കുക, ഈ തെരഞ്ഞെടുപ്പുകാലത്ത് രാഹുൽ എത്ര പ്രാവശ്യം മോദിയെ ഓപ്പൺ സംവാദത്തിനുവിളിച്ചു. രാഹുലിന്റെ ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയില്ലാത്ത മോദി ഒരിക്കലും പോകില്ല എന്ന് നമുക്കൊക്കെ അറിയാം. മോദി ചില റൗണ്ടുകളിൽ പിന്നാക്കം പോയ തെരഞ്ഞെടുപ്പിൽ, മോദി വെറും ഒന്നര ലക്ഷമെന്ന നിറംകെട്ട വിജയം മാത്രം നേടിയ തിരഞ്ഞെടുപ്പിൽ, രാഹുൽ നാലു ലക്ഷത്തിന്റേയും മൂന്നു ലക്ഷത്തിന്റേയും ഗംഭീരവിജയമാണു നേടിയത്. കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് സുപ്രിയ ശ്രിനേത് പറഞ്ഞതുപോലെ, ഇനിയും മോദി 'കോൻ രാഹുൽ?' എന്നുചോദിക്കുമോ?

എല്ലാ എക്‌സിറ്റ്‌പോളുകളും കാറ്റിൽപറത്തി ഒരിക്കൽകൂടി മോദിയെ വരിഞ്ഞുകെട്ടിയ മമത, ഒരു സഖ്യത്തിന് എത്ര ഭംഗിയായി പ്രവർത്തിക്കാനാവുമെന്ന് കാണിച്ചുതന്ന അഖിലേഷ്, ബി ജെ പിയുടെ മസിൽപവറിനു മുന്നിൽ സ്വന്തം പാർട്ടിയുടെ പേരും ചിഹ്നവും, എന്തിന് അസ്തിത്വം പോലും നഷ്ടപ്പെട്ടിട്ടും ജനങ്ങളുടെ മനസ്സിൽ യഥാർത്ഥ പാർട്ടി തങ്ങളാണെന്നു കാണിച്ചുകൊടുത്ത ശരദ് പവാറും ഉദ്ധവ് താക്കറെയും, വിനയവും സൗഹൃദവും നിറഞ്ഞ വാക്കുകളിലൂടെ, ശരീരഭാഷയിലൂടെ യു.പിയിലെ സാധാരണക്കാരെ കോൺഗ്രസിലേക്കു തിരികെ കൊണ്ടുവന്ന പ്രിയങ്ക, മോദിയുടെ നുണകൾ തുറന്നുകാണിക്കുന്നതിൽ വലിയ ജാഗ്രത കാണിച്ച മല്ലികാർജുൻ ഖാർഗെ, അണ്ണാമലൈ വെറും ചീട്ടുകൊട്ടാരമാണെന്നു കാണിച്ചുതന്ന സ്റ്റാലിൻ... ഒപ്പം മതേതര ജനാധിപത്യ ഇന്ത്യക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പ്രതിപക്ഷപാർട്ടികളേപ്പോലെ തന്നെയോ അതിനപ്പുറമോ പ്രതിപക്ഷമായി പ്രവർത്തിച്ച ധൃവ് റാഠി, രവീഷ്‌കുമാർ, ആകാശ് ബാനർജി, യോഗേന്ദ്ര യാദവ്, ഫയേ ഡിസൂസ, കരൺ ഥാപ്പർ തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയോ പേരുടേതാണ് ഈ തെരഞ്ഞെടുപ്പുവിജയം. ഒപ്പം മോദിയെ വിറപ്പിച്ച വാരണാസിക്കാർ, (അജയ് റായ്ക്കുപകരം കോൺഗ്രസ് മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ നിർത്തിയിരുന്നെങ്കിൽ മോദി തോൽക്കാനുള്ള എല്ലാ സാദ്ധതയും ഉണ്ടായിരുന്നു) സ്മൃതി ഇറാനിയുടെ അഹങ്കാരം അവസാനിപ്പിച്ച അമേഠിക്കാർ, അയോദ്ധ്യയയിൽ ബി ജെ പിയെ പരാജയപ്പെടുത്തിയ ഫൈസാബാദുകാർ... പ്രാണപ്രതിഷ്ഠയുടെ യഥാർഥ രാഷ്ട്രീയ പ്രതിഫലനമാകുമോ അയോദ്ധ്യയിൽ കണ്ടത്?

‘ഇന്ത്യ’ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് ജയിക്കാമായിരുന്നോ? തീർച്ചയായും. പക്ഷേ അതിന് തെരഞ്ഞെടുപ്പിനും വളരെ മുമ്പുതന്നെ സഖ്യം പ്രവർത്തിച്ചുതുടങ്ങണമായിരുന്നു.

ഈ തെരഞ്ഞെടുപ്പു ഫലവും ഒപ്പം സോഷ്യൽ മീഡിയയിൽ അവർ നേരിടുന്ന വലിയ പരിഹാസവും വിമർശനവും ‘ഗോദി മീഡിയ’യെ അൽപ്പമെങ്കിലും മാറിചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നു പ്രത്യാശിക്കാം. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള തന്റെ പേഴ്‌സണൽ ബ്ലോഗിൽ രാജ്ദീപ് സർദേശായി വികാരനിർഭരനായി മീഡിയയോട് ഇങ്ങനെയൊരു അഭ്യർത്ഥന നടത്തി: 'Let's return to true journalism and stop making this noice.' സർദേശായിയുടെ വാക്കുകൾ ആരുടെയെങ്കിലുമൊക്കെ നെഞ്ചിൽ കൊള്ളാതിരിക്കുമോ?

സ്റ്റാൻഡപ്പ് കൊമേഡിയനായ ദാനിയൽ ഫെർനാണ്ടസിന്റെ ഒരു ഷോയിൽനിന്നുള്ള ചില വാക്കുകൾ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം: ‘‘ഒരിക്കൽ അങ്ങ് സ്വർഗ്ഗത്തിൽ പരമാത്മാവും നരനും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരമാത്മാവ് പെട്ടെന്ന് നരനോട് പറഞ്ഞു, 'അല്ല നരനേ, നീ ചായ ഗംഭീരായിട്ട് ഉണ്ടാക്കുന്നുണ്ടല്ലോ, ഒരു കാര്യം ചെയ്യ്, നീ ഭൂമിയിൽപോയി എല്ലാവർക്കും ചായ ഉണ്ടാക്കികൊട്’. അങ്ങനെയാണ് നരനെ പരമാത്മാവ് ഭൂമിയിലേക്കയച്ചത്’’.
ജീവിക്കാൻ അത്യാവശ്യം നല്ല പാങ്ങുള്ള ആളുകളായിരുന്നു മോദിയുടെ കുടുംബക്കാർ. ഇതു ഞാൻ പറയുന്നതല്ല, മോദിയുടെ സഹോദരൻ തന്നെ പറഞ്ഞതാണ്. അച്ഛൻ റെയിൽവേ കാന്റീൻ നടത്തിപ്പുകാരമായിരുന്നു. എന്നിട്ടും മോദി ചായ അടിച്ചിരുന്നുവെങ്കിൽ അത് ജീവിക്കാൻ വേണ്ടി ആയിരിക്കില്ല, പുള്ളിക്കാരന്റെ ഹോബി ആയിരുന്നിരിക്കണം.

Comments