ബി. രാജീവൻ

ഭൂതകാല ഭാരങ്ങളിൽനിന്ന് പുറത്തുവന്ന പുതിയ കോൺഗ്രസും പുതിയ ഇടതുപക്ഷവും തമ്മിലുള്ള ഐക്യമാണ് വേണ്ടത്

‘‘കേരളത്തിലെ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ തുടരുന്ന കാലം തെറ്റിയ ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ ബി.ജെ.പിയെയാണ് സഹായിക്കുന്നത്’’- ബി. രാജീവൻ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

ബി. രാജീവൻ: ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഒന്നാമതായി നാം ഓർക്കേണ്ടത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ ഭരണത്തിൽ വന്ന മറ്റെല്ലാ ഗവൺമെന്റുകളെയും വിലയിരുത്തുന്ന മാനദണ്ഡം കൊണ്ട് മോദിഭരണത്തെ അളക്കാൻ കഴിയില്ല എന്നതാണ്. \

ഇതിനു കാരണം, 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോക രാഷ്ട്രീയത്തിലും അതുകൊണ്ടുതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലും ഘടനാ മാതൃകാപരമായ (Paradigm) ഒരു മാറ്റം സംഭവിച്ചു കഴിഞ്ഞു എന്നതാണ്. ഈ മാറ്റത്തിലൂടെ സംഭവിച്ചത്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പരസ്പരം മത്സരിക്കുന്ന പഴയ സ്വതന്ത്ര ദേശീയ മുതലാളിത്തവും അതിന്റെ പ്രയോക്താക്കളായ പഴയ ദേശീയ മുതലാളി വർഗവും ഇല്ലാതാവുകയും മുതലാളിത്ത മൂലധനം ഒരു ആഗോള പ്രതിഭാസമായി ഉദ്ഗ്രഥിക്കപ്പെടുകയും (Integrated Global Capitalism) പഴയ രാജ്യാതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന ഒരു സമഗ്രശക്തിയായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു എന്നതാണ്.

ഇതിന്റെ ഫലമായി പഴയ സ്വതന്ത്ര രാഷ്ട്രങ്ങളിൽ ദേശീയ ബുർഷ്വാ ജനാധിപത്യ ഭരണകൂടങ്ങളെ നിഷ്ക്രിയമാക്കി ആഗോള മൂലധന സാമ്രാജ്യം അതിന് സേവ ചെയ്യുന്ന സാമന്തഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാനാണ് ശ്രമം തുടങ്ങുന്നത്. ഏതുതരം സാമ്രാജ്യവ്യവസ്ഥക്കും വേണ്ടത് അവയുടെ ആജ്ഞാനുവർത്തികളായ സാമന്തന്മാരെയാണ്. നരേന്ദ്രമോദി ഇത്തരത്തിൽ ആഗോള കോർപ്പറേറ്റ് മൂലധന സാമ്രാജ്യത്തിന്റെ ഒരു ഉത്തമ സാമന്തനായാണ് ഇന്ത്യ ഭരിക്കുന്നത്.

ദേശീയ ബുർഷ്വാ ജനാധിപത്യ ഭരണകൂടങ്ങളെ നിഷ്ക്രിയമാക്കി ആഗോള മൂലധന സാമ്രാജ്യം അതിന് സേവ ചെയ്യുന്ന സാമന്തഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്.

ലോകമെമ്പാടും, എല്ലാത്തരം ജനാധിപത്യ മൂല്യങ്ങളെയും അതിന്റെ സ്ഥാപനങ്ങളെയും നശിപ്പിക്കാൻ പോന്ന പ്രതിലോമ ഭരണകൂടരൂപങ്ങളെയാണ് ആഗോള മൂലധന സാമ്രാജ്യം ഇന്ന് പ്രവർത്തിപ്പിക്കുന്നത്. ഇത്തരമൊരു ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രു ജനാധിപത്യവും അതിന്റെ സ്ഥാപനങ്ങളുമാണ്.

അതുകൊണ്ടുതന്നെ നരേന്ദ്രമോദിയുടെ കഴിഞ്ഞ പത്തു കൊല്ലത്തെ ഭരണത്തെ, ഇന്ത്യൻ ജനത ത്യാഗനിർഭരമായ സമരങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും എല്ലാം പടിപടിയായി നശിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഭീതിതമായ മുന്നേറ്റത്തിന്റെ കാലമായി കണക്കാക്കാവുന്നതാണ്.

ഇവിടെ നാം ഓർക്കേണ്ടത്, മോദിയുടെ വർഗീയ ഫാഷിസം ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടിവീണ അപവാദമല്ല എന്നതാണ്. നാം അതിന്റെ ലോകചരിത്രപരമായ രാഷ്ട്രീയവും സാമ്പത്തികവുമായ അടിവേരുകളെ വ്യക്തമായി തിരിച്ചറിയുക തന്നെ വേണം.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

2024- ലെ പാർലമെൻറ് തിരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഒരു തെരഞ്ഞെടുപ്പുതന്നെയാണ്. 2024- ലും മോദി സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ അത് മതന്യൂനപക്ഷങ്ങളും മറ്റു കീഴാള വിഭാഗങ്ങളും അടക്കമുള്ള ഇന്ത്യൻ ജനസാമാന്യത്തിന്റെ ജനാധിപത്യ അവകാശങ്ങൾക്കുമേൽ പതിക്കുന്ന ഒരു വലിയ ആഘാതമായിരിക്കും.

ഇതിനകം, ഇന്ത്യൻ ജനജീവിതത്തിനുമേൽ പിടിമുറുക്കി കഴിഞ്ഞ കോർപ്പറേറ്റ്- വർഗീയ ഫാഷിസ്റ്റ് സംയുക്ത രാഷ്ട്രീയ പ്രതിഭാസത്തെ പുറന്തള്ളുക എന്നത് വളരെ ശ്രമകരമായ പ്രക്രിയയാണ്. ആ നിലയ്ക്ക് പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെക്കാൾ മെയ് വഴക്കവും ശക്തിയുമുള്ള ആഗോള മൂലധന സാമ്രാജ്യത്തിനും അതിൻ്റെ സേവകർക്കും എതിരായ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിൽ തന്നെയാണ് ഇന്ത്യൻ ന്യൂനപക്ഷ- കീഴാള ജനത ഇന്ന് ഏർപ്പെട്ടിരിക്കുന്നത്.

അത് പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും ആ സമരത്തിന്റെ ഭാഗമായി തന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ നാം കാണേണ്ടത്. അതാണ് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം.

ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിൽ തന്നെയാണ് ഇന്ത്യൻ ന്യൂനപക്ഷ- കീഴാള ജനത ഇന്ന് ഏർപ്പെട്ടിരിക്കുന്നത്. | ഷഹീൻബാഗ് പ്രതിഷേധത്തിന്റെ ചിത്രം / Photo: Wikimedia Commons

നരേന്ദ്ര മോദി പ്രവചിക്കുന്നതുപോലെയുള്ള ഭൂരിപക്ഷത്തോടെയല്ലെങ്കിലും മോദി ഒരിക്കൽ കൂടി അധികാരത്തിൽ വരികയാണെങ്കിൽ അതിനർത്ഥം കോർപ്പറേറ്റ് മൂലധന ശക്തികളും അതിന്റെ പിണിയാളുകളായ ഹിന്ദുത്വ തീവ്രവാദ ശക്തികളും ഇന്ത്യൻ ജനജീവിതത്തിനുമേൽ അത്രമാത്രം പിടിമുറുക്കിയിരിക്കുന്നു എന്നാണ്. പഴയ ലിബറൽ രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പിന്തുടർച്ചക്കാരുടെ ഐക്യമായ ‘ഇന്ത്യ’ സഖ്യത്തിന് പുതിയ ആഗോള മൂലധന സാമ്രാജ്യത്തിന്റെയും ഹിന്ദുത്വ ഫാഷിസത്തിന്റെയും ഐക്യത്തെ നേരിടണമെങ്കിൽ വർത്തമാന സാമ്പത്തിക രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ, പുതിയൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം തന്നെ രൂപപ്പെടേണ്ടിയിരിക്കുന്നു.

‘ഇന്ത്യ മുന്നണി’ അതിന്റെ ലോകചരിത്രപരമായ വർത്തമാനത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നർത്ഥം. ‘ഇന്ത്യ’ മുന്നണിക്ക് ഈ ചരിത്രദൗത്യത്തിലേക്ക് ഉയരണമെങ്കിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ലിബറൽ മുതലാളിത്ത പാർട്ടികൾക്കും രാഷ്ട്രീയതന്ത്രപരമായി കാലഹരണപ്പെട്ട സോവിയറ്റ് മാർക്സിസത്തെ പിന്തുടരുന്ന ഇന്ത്യൻ ഇടതുപക്ഷ പാർട്ടികൾക്കും അനിവാര്യമായ ചില അഴിച്ചുപണികളിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു.

ഒന്നാമതായി, ആഗോള മൂലധന സാമ്രാജ്യം ലോകത്തെ ഒന്നാകെ ഗ്രസിച്ചുകഴിഞ്ഞ ഇക്കാലത്ത് പഴയ കോൺഗ്രസ് അടക്കമുള്ള ലിബറൽ പാർട്ടികൾ പ്രതിനിധാനം ചെയ്തിരുന്ന ദേശീയ മുതലാളിത്തം എന്ന പ്രതിഭാസം തന്നെ ഇല്ലാതായിരിക്കുന്നു. അതുകൊണ്ടാണ് ആഗോള കോർപ്പറേറ്റ് മുതലാളിത്തം കോൺഗ്രസിനെ പിന്തള്ളി ആ സ്ഥാനത്ത് ഒരു ജനാധിപത്യവിരുദ്ധ സ്വേച്ഛാധിപത്യ പ്രസ്ഥാനമായ ബി ജെ പിയെ പ്രതിഷ്ഠിക്കുന്നത്.

ഈ സന്ദർഭത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മോദി പിന്തുടരുന്ന കോർപ്പറേറ്റ് വികസന ഭീകരതയെ പൂർണമായി ഉപേക്ഷിച്ച് ഇന്ത്യൻ ജനസാമാന്യത്തെ അതിൽ നിന്ന് രക്ഷിക്കാനുള്ള പുതിയ വഴികൾ തുറക്കുകയാണ് വേണ്ടത്. ഇതിനായി കർഷകരും കൈവേലക്കാരും ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും അടക്കമുള്ള ദരിദ്ര പീഡിത ജനവിഭാഗങ്ങൾ നടത്തുന്ന കോർപ്പറേറ്റ് വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും ഉതകുന്ന പുതിയൊരു രാഷ്ട്രീയ സമീപനം ലിബറൽ പാർട്ടികൾ അടിയന്തരമായി കൈക്കൊള്ളേണ്ടിയിരിക്കുന്നു.

അതുപോലെ, പഴയ ദേശീയ മുതലാളിത്തം തന്നെ ഇല്ലാതായിരിക്കുന്ന ഇക്കാലത്ത് ദേശീയ മുതലാളിത്ത വിപ്ലവത്തിന്റെ പൂർത്തീകരണത്തിലൂടെയാണ് സോഷ്യലിസത്തിലേക്ക് കടക്കേണ്ടതെന്നും അതുകൊണ്ട് മുതലാളിത്ത വികസനം വിപ്ലവകരം ആണെന്നുമുള്ള പഴയ ഇടതുപക്ഷ ധാരണയ്ക്ക് അടിസ്ഥാനമില്ലാതായിരിക്കുന്നു.

ഇത് തിരിച്ചറിയാതെയുള്ള ഇടതുപക്ഷത്തിന്റെ വികസന സങ്കല്പം കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും മോദിയെ പോലുള്ള അതിന്റെ കിങ്കരൻമാരുടെയും വികസനത്തിലാവും കലാശിക്കുക. ദലിതരും ആദിവാസികളും മീൻപിടുത്തക്കാരും അടക്കമുള്ള കീഴാള ജനതയെ വംശനാശത്തിലേക്കും പ്രകൃതിയെ സർവ്വനാശത്തിലേക്കും നയിക്കുന്ന കോർപ്പറേറ്റ് വികസനസ്വപ്നങ്ങളുടെ നടത്തിപ്പുകാരായി മാറുക എന്ന കുരുക്കിൽ നിന്ന് ഇന്ത്യയിലെ ഇടതുപക്ഷങ്ങൾ പുറത്തുകടക്കണം.

കൂടംകുളം ആണവനിലയത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോയ വി.എസ്. അച്യുതാനന്ദനെക്കൊണ്ട് മാപ്പു പറയിച്ച ഇന്ത്യയിലെ ഇടതുപക്ഷം ഇന്ന് അച്യുതാനന്ദനോട് മാപ്പ് പറയാനുള്ള ചരിത്രപരമായ വിവേകത്തിലേക്ക് ഉയരേണ്ടിയിരിക്കുന്നു എന്നർത്ഥം.

വി.എസ്. അച്യുതാനന്ദൻ

‘ഇന്ത്യ’ സഖ്യത്തിന്റെ ഭാവിസാധ്യത അതിൽ പങ്കെടുക്കുന്ന പഴയ കക്ഷികളുടെ ഇത്തരത്തിലുള്ള വർത്തമാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട നവീകരണത്തെ ആശ്രയിച്ചിരിക്കുന്നു.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

അതെ. ഒരു അസാധാരണ അടിയന്തരാവസ്ഥ (State of Exception) പ്രഖ്യാപിച്ച് അവസാനമില്ലാതെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ജനങ്ങൾക്കുവേണ്ടി പിൻവലിക്കുന്ന ഒരു തന്ത്രം തന്നെയാണ് ലോകമെമ്പാടും ഉദ്ഗ്രഥിത മുതലാളിത്തത്തിന്റെ പാവഗവൺമെന്റുകൾ പിന്തുടരുന്നത്. അതിന്റെ സവിശേഷരൂപമാണ് ഭൂരിപക്ഷ മതവികാരത്തെ മുൻനിർത്തി ഇന്ത്യയിൽ നരേന്ദ്രമോദി നടപ്പാക്കുന്ന നവ ഫാഷിസവും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഈ സന്ദർഭത്തിൽ ആഴത്തിൽ പരിശോധിക്കേണ്ട ഒരു പ്രശ്നം, നാം ഏതു ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചാണ് സംസാരിക്കുന്നത് എന്നതാണ്. അതായത് ഏത് ജനാധിപത്യത്തെയാണ് നാം വീണ്ടെടുക്കേണ്ടത് എന്നതാണ് പ്രശ്നം. ഇങ്ങനെ പറയാൻ കാരണം, ഫലത്തിൽ കാലഹരണപ്പെട്ടു കഴിഞ്ഞ പഴയ ലിബറൽ മുതലാളിത്ത ജനാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിൽ കലാശിച്ച സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെയും കാലഹരണപ്പെട്ട സങ്കല്പങ്ങൾ കൊണ്ട് ഇന്ന് ആഗോള മൂലധന സാമ്രാജ്യം ഉത്പാദിപ്പിക്കുന്ന നൂതന ഫാഷിസ്റ്റ് വൈകാരിക ഭാവശക്തികൾ (Affects) സൃഷ്ടിക്കുന്ന ചുഴലികളെ സ്പർശിക്കാനാവില്ല എന്നതാണ്.

എന്നാൽ എല്ലാത്തരം മേലാള ഭരണകൂട അധികാര രൂപങ്ങൾക്കും എതിരായി എല്ലാ കാലത്തും ഉയർന്നുവന്ന വിപ്ലവകരമായ സമരമുന്നേറ്റങ്ങളിലെല്ലാം വിമോചകശക്തിയായി പ്രവർത്തിച്ചിട്ടുള്ള ഭരണകൂട അധികാരത്തിനു ബദലായ (Alternative Power) ജനങ്ങളുടെ ജീവിത സ്വാധികാരത്തിന്റെ ജനാധിപത്യശക്തി സ്വാതന്ത്ര്യസമരകാലത്ത് എന്ന പോലെ വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നുതന്നെ പ്രതീക്ഷിക്കാം.

പുതിയ പാർലിമെന്റിന്റെ ഉദ്ഘാടനത്തിൽ ചെങ്കോൽ എടുക്കുന്ന നരേന്ദ്ര മോദി

കീഴാള ജനാധിപത്യത്തിന്റെ വിമോചകമായ ഈ ശക്തി തിരിച്ചറിയാൻ പാകത്തിൽ നമ്മുടെ ലിബറിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അവരുടെ തകർച്ചയ്ക്ക് കാരണമായ പരിമിതികളെ തിരിച്ചറിയാൻ കഴിവുള്ള, അധികാരദാഹികളല്ലാത്ത ഒരു പുതിയ നിരന്നുവരുമെന്നും പ്രതീക്ഷിക്കാം. കാരണം, ജനങ്ങളുടെ ബദൽ ജനാധിപത്യ അധികാരത്തെ നെടുനാൾ അമർച്ച ചെയ്യാൻ ഒരു സമഗ്രാധിപത്യത്തിനും ഒരിക്കലും ലോക ചരിത്രത്തിൽ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ ഗൗരവകരമായ ആലോചനകൾ നടത്തുന്ന ഒരാൾ എന്ന നിലയിൽ, താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരതയെയും വൈവിധ്യത്തെയും തകർത്ത് കൊളോണിയൽ സൃഷ്ടിയായ ഹിന്ദുത്വ പ്രത്യയശാസ്ത്രമൂശയിലേക്ക് ഇന്ത്യൻ ജനജീവിതത്തെ ഉരുക്കിയൊഴിച്ച് വാർത്തടുക്കാൻ ശ്രമിക്കുന്ന മോദി ഫാഷിസത്തെ ചെറുക്കാൻ പോന്ന ഒരു സാംസ്കാരിക മുന്നേറ്റം ഇന്ത്യയിൽ ഇനിയും ഉയർന്നുവരാൻ തുടങ്ങിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും ലോകവ്യാപകമായി ഉയർന്നുവന്ന ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെയും ഭാഗമായി ഇന്ത്യയിൽ വലിയ സാംസ്കാരിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ ആർ എസ് എസ്- ഹിന്ദുത്വ ഫാഷിസത്തിന്റെ പിടിയിലമർന്നിരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരമൊരു സാംസ്കാരിക മുന്നേറ്റം ഇന്ത്യയിൽ ഉയരാത്തതിന് പല കാരണങ്ങളുണ്ട്. വിശദമായി പരിശോധിക്കേണ്ട ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല

കേരളത്തിലേക്ക് വരാം. ഇവിടെ മുഖ്യധാരാ ബുദ്ധിജീവികളിൽ ഭൂരിഭാഗവും അടിയന്തരാവസ്ഥയെ പിന്തുണച്ചവരായിരുന്നു എന്നോർക്കണം. ചില പുരോഗമന കവികൾ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടി 20 ഇതളുകളുള്ള പൂവായി വർണിച്ച് കവിതകൾ വരെ എഴുതി. എന്നാൽ അടിയന്തരാവസ്ഥക്കെതിരെ യുവാക്കളുടെ ഭാഗത്തുനിന്നാണ് കേരളത്തിൽ തീവ്രമായ ചെറുത്തുനിൽപ്പുണ്ടായത്. അവരാണ് ഏറ്റവും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയത്. അവരിൽ പലരും അടിയന്തരാവസ്ഥയുടെ രക്തസാക്ഷികളാവുകയും ചെയ്തു.

അടിയന്തിരാവസ്ഥക്കാലത്തെ ഒരു പ്രതിഷേധപ്രകടനം

ചോദ്യം വ്യക്തിപരമായതുകൊണ്ട് പറയുകയാണ്, ആ ചെറുത്തുനിൽപ്പുകളുടെ ഭാഗമായാണ് ഞാനും കലാ സാഹിത്യ ചിന്തയിലേക്കും സാംസ്കാരിക പ്രവർത്തനത്തിലേക്കും കടന്നുവന്നത്. അടിയന്തരാവസ്ഥക്കെതിരെ യുവാക്കളിൽ നിന്നുയർന്ന ഈ തീവ്രമായ സമരങ്ങളുടെ തുടർച്ചയാണ് കലാ സാഹിത്യ രംഗങ്ങളിൽ പഴയ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ യാന്ത്രികതയെ മുറിച്ചുകടക്കുന്ന പുതിയ ആവിഷ്കാരങ്ങളുമായി ഉയർന്നുവന്ന ‘ജനകീയ സാംസ്കാരിക വേദി’.

നാടകത്തിന്റെയും ചിത്രകലയുടെയും കവിതയുടെയും കഥയുടെയും സിനിമയുടെയും രംഗങ്ങളിൽ, കലയുടെയും രാഷ്ട്രീയത്തിന്റെയും സർഗ്ഗാത്മകതക്ക് ഒരേ പോലെ പ്രാധാന്യം നൽകുന്ന ഒരു നവീന ഇടതുപക്ഷ ഭാവുകത്വത്തിലേക്ക് കേരളീയ ജീവിതത്തെ തുറന്നുവിടാൻ ജനകീയ സാംസ്കാരിക വേദിക്ക് കഴിഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൗലികശക്തികളെ മുഴുവൻ അമർച്ച ചെയ്ത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരറുക്കാൻ ശ്രമിക്കുന്ന ഒരു വികൃത രാഷ്ട്രീയ ശക്തി നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭീഷണമായ ഈ ചരിത്രസന്ദർഭത്തിൽ അതിനെതിരായ സാംസ്കാരിക ഉണർവ് ഇനിയും ഉണ്ടായിട്ടില്ല.

ബുദ്ധിജീവികൾ അധികാരധികാരത്തെ ഭയപ്പെടുകയും അതുമൂലം അധികാരത്തെ സേവിക്കുന്നതിനുള്ള ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന കാലത്തോളം ചെറുത്തുനിൽപ്പിന്റെ സാംസ്കാരിക മുന്നേറ്റങ്ങൾ ശക്തിപ്പെടാൻ പ്രയാസമാണ്. കേരളത്തിലെ ‘സുപ്രസിദ്ധരായ’ പല എഴുത്തുകാരും ബി ജെ പിക്കും ഇടതുപക്ഷത്തിനും ഒരേപോലെ സ്വീകാര്യരായിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

എന്റെ എഴുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ എല്ലാത്തരം സമഗ്രാധിപത്യ രൂപങ്ങൾക്കും എതിരായ ആശയരംഗത്തെ സമരം ഞാൻ തുടരുകയാണ്. ‘ഇന്ത്യയുടെ വീണ്ടെടുക്കൽ’, ‘കീഴാള ജനാധിപത്യവും കീഴാള മാർക്സിസവും’ തുടങ്ങിയ പുതിയ പുസ്തകങ്ങളിലൂടെ അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

നിശ്ചയമായും ഇന്ത്യയെ ഇന്ത്യയാക്കുന്ന ബഹുസ്വരതയും സഹിഷ്ണുതയും അടക്കമുള്ള എല്ലാ മൗലികഗുണങ്ങളെയും നശിപ്പിച്ച് ഇന്ത്യയെ ഏക ശിലാരൂപമായ ഒരു മതരാഷ്ട്രമാക്കി മാറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. ആ ലക്ഷ്യം നേടുന്നതിന് ഹിന്ദുമത വികാരത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുകയാണ് അവരുടെ പദ്ധതി.

ഈ അപകടത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യൻ ജനസാമാന്യത്തിന്റെ ജീവിത സ്വാധികാരത്തിലൂടെ പ്രവർത്തിക്കുന്ന ചെറുത്തുനിൽപ്പിന്റെ ശക്തികളെ സ്വാതന്ത്ര്യസമരകാലത്ത് എന്നപോലെ വീണ്ടും ഉയർത്തിയെടുക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ചരിത്രദൗത്യം ഫലപ്രദമായി നിർവഹിക്കുന്നതിന് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ലിബറൽ മുതലാളിത്ത പാർട്ടികൾക്കും അടിസ്ഥാനപരമായി പഴയ സോവിയറ്റ് മാർക്സിസം പിന്തുടരുന്ന ഇടതുപക്ഷത്തിനും മൗലികമായ ചില പരിവർത്തനങ്ങളിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു എന്നു പറഞ്ഞല്ലോ.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

കേരളത്തിൽ എൽ.ഡി.എഫിനെയാണോ യു.ഡി.എഫിനെയാണോ ഇന്ത്യൻ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത് എന്ന ചോദ്യം തന്നെ, ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന ഘടകകക്ഷികൾ എന്ന നിലയിൽ കോൺഗ്രസും ഇടതുപക്ഷവും ഇന്ന് അവയുടെ അപ്രസക്തമായ ഭൂതകാല പ്രത്യയശാസ്ത്രഭാരങ്ങളെ വലിച്ചെറിയാൻ മടിക്കുന്നതിന്റെ വൈരുദ്ധ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

കോൺഗ്രസിനെ സംബന്ധിച്ച് ഭൂതകാലത്തിൽ നിന്നുള്ള മോചനം ഇടതുപക്ഷത്തെ അപേക്ഷിച്ച് കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. ദേശീയ ലിബറൽ മുതലാളിത്തത്തെ സ്ഥാനഭ്രഷ്ടമാക്കിയ ആഗോള മൂലധന സാമ്രാജ്യം ഇന്ത്യൻ ജനതയെയും പ്രകൃതിയെയും കൊള്ളയടിക്കാനുള്ള ഉപകരണമായി കോൺഗ്രസിനെ തഴഞ്ഞ് ബി.ജെ.പിയെ പ്രതിഷ്ഠിച്ചതോടെ പഴയ കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറ തന്നെ ഇല്ലാതാവുകയായിരുന്നു.

രണ്ടാം കർഷക സമരത്തിൽ നിന്ന്

ഇതിനെ കുറിച്ചുള്ള അവ്യക്തമായ ഒരു തിരിച്ചറിവിൽ നിന്നാണ് കോർപ്പറേറ്റ് മുതലാളിത്ത ഉദാരവൽക്കരണ ത്തിനുവേണ്ടി നിലകൊണ്ട നരസിംഹറാവുവിന്റെയും മൻമോഹൻസിങ്ങിന്റെയും കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി, കർഷക സമരം പോലെയുള്ള പുതിയ ജനസഞ്ചയ സമരങ്ങളെ പിന്തുണയ്ക്കുന്ന ഒരു കോൺഗ്രസായി രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് മാറേണ്ടിവരുന്നത്.

അങ്ങനെ കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ അതിന്റെ മുതലാളിത്ത സഹജമായ ഇടതുപക്ഷ വിരുദ്ധതയെ ഉപേക്ഷിക്കാൻ കഴിയുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസിന് അത് കഴിയാതെ വരുന്നു. കേരളത്തിൽ കോൺഗ്രസ് ആ നിലയ്ക്ക് അതിന്റെ യാഥാസ്ഥിതിക പാരമ്പര്യത്തെയാണ്പിന്തുടരുന്നത്. ഇതിനു സമാന്തരമായി, കേരളത്തിലെ ഇടതുപക്ഷവും അതിന്റെ ഭൂതകാലഭാരങ്ങളായ ഏക പാർട്ടി ഭരണത്തിലേക്കും ഏക നേതൃബിംബത്തിലേക്കും കേന്ദ്രീകരിക്കുന്ന രാഷ്ട്രീയശൈലിയിൽ പിടിമുറുക്കി, വർത്തമാന ലോകചരിത്ര സന്ദർഭത്തെ അവഗണിക്കുന്ന ഒരു യാഥാസ്ഥിതിക പ്രസ്ഥാനമായി തുടരുന്നു.

ഇതിന്റെ ഫലമായി ഇന്ത്യാ ചരിത്രത്തിന്റെ വർത്തമാനത്തിൽ നിന്ന് വേറിട്ട കേരളത്തിലെ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ തുടരുന്ന കാലം തെറ്റിയ ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ ബി.ജെ.പിയെയാണ് സഹായിക്കുന്നത്. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും തമ്മിലടി കൊഴുപ്പിച്ച് അഖിലേന്ത്യാ തലത്തിൽ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ വന്ന്, ‘പിണറായി വിജയൻ അഴിമതിക്കാരനാണ്’ എന്നു പ്രസംഗിച്ച നരേന്ദ്രമോദി ഇന്ന് ഉത്തരേന്ത്യയിൽ ചെന്ന്, പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പറയുന്ന കേരളത്തിലെ കോൺഗ്രസിനെയാണ് വിമർശിക്കുന്നത്.

അതുകൊണ്ട് ഇന്ന് അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന വിവിധതരം സമരങ്ങളെ നരേന്ദ്രമോദിക്കും യജമാനന്മാർക്കും എതിരെ കെട്ടഴിച്ചുവിട്ട് ഇന്ത്യയെ വീണ്ടെടുക്കാൻ നടക്കുന്ന, തെരഞ്ഞെടുപ്പ് അടക്കമുള്ള മഹാസമരങ്ങളുടെ വിജയത്തിന് ഭൂതകാലഭാരങ്ങളിൽനിന്ന് പുറത്തുവന്ന പുതിയ കോൺഗ്രസും പുതിയ ഇടതുപക്ഷവും തമ്മിലുള്ള ഐക്യം കേരളത്തിൽ വളരെ പ്രധാനമാണ്. ഇങ്ങനെയൊരു ഐക്യം കേരളത്തിൽ സംഭവിക്കുകയാണെങ്കിൽ അത് ബി.ജെ.പിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ സംഭവമായിരിക്കും. നിശ്ചയമായും ഇങ്ങനെയൊരു പുതിയ ഐക്യത്തെ ചെറുക്കുന്ന യാഥാസ്ഥിതികരുടെ ഒരു വൻനിര രണ്ടു പക്ഷത്തും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കോൺഗ്രസിലും ഇടതുപക്ഷത്തും പുതിയ ശക്തികളുടെ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പിളർപ്പുകൾ ആ പ്രസ്ഥാനങ്ങളെ ജീർണതയിൽനിന്ന് മോചിപ്പിക്കാനുള്ള ചികിത്സകളായി ഭവിക്കും എന്ന കാര്യത്തിലും സംശയമില്ല. ഈ ഐക്യപ്പെടൽ ‘ഇന്ത്യ’ മുന്നണിക്ക്, അതിൻ്റെ പുതിയ ചരിത്ര ദൗത്യത്തിലേക്ക് ഉയരുന്നതിനുള്ള വാതിൽ തുറക്കലായിരിക്കും.

അതിനാൽ കേരളത്തിലെ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള പരമ്പരാഗത ഏറ്റുമുട്ടലിനെ ‘ഇന്ത്യ മുന്നണി’ തരണം ചെയ്യേണ്ട ഒരു പ്രശ്നമായി പരിഗണിക്കുന്നതാവും ഉചിതം.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments