നീറ്റ് യു.ജി കൗൺസിലിംഗ് മാറ്റി

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധങ്ങളുയരുന്നതിനിടെ പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് ഇന്നലെ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

National Desk

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണവും സുപ്രീംകോടതിയിൽ കേസും നടക്കവേ, ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യു.ജി കൗൺസിലിംഗ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കേസിലെ കോടതിനടപടികൾക്കനുസരിച്ചായിരിക്കും പുതിയ തീയതി പ്രഖ്യാപിക്കുക. അതുകൊണ്ട് കൗൺസലിങ് ഇനിയും നീളുമെന്നാണ് സൂചന.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധങ്ങളുയരുന്നതിനിടെ പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് ഇന്നലെ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. പരീക്ഷയുടെ രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തിൽ വലിയ ക്രമക്കേടുകൾ നടന്നതിന് തെളിവില്ലെന്നും നീറ്റ് പോലൊരു പരീക്ഷ വീണ്ടും നടത്തുന്നത് യുക്തിസഹമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രമക്കേട് വ്യാപകമല്ലെന്നും പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നുമുള്ള നിലപാടാണ് കേന്ദ്രത്തിന്റേത്. കേസിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നതിൽ സംശയമില്ല. മത്സരരീക്ഷകൾ സത്യസന്ധമായും സുതാര്യമായും നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ചോദ്യപേപ്പർ ചോർന്നെന്ന ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഹർജികൾ തള്ളണമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

എന്നാൽ, ക്രമക്കേട് രാജ്യവ്യാപകമായി നടന്നിട്ടു​ണ്ടെന്നും അതുകൊണ്ടുതന്നെ പരീക്ഷ റദ്ദാക്കണമെന്നുമാണ് വിദ്യാർഥികൾ അടക്കമുള്ളവരുടെ ആവശ്യം.

ചോദ്യപേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങിയവ ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കവേയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച സത്യവാങ്മൂലം സമർപ്പിച്ചത്.

Comments