ഭരണഘടനാമൂല്യങ്ങൾ ചവുട്ടിയരയ്ക്കുന്ന സർക്കാറാണ് ദൽഹിയിലുള്ളത്. അതിന്റെ വിചാരധാരയുടെ താവളം നാഗ്പുരിലെ രാഷ്ട്രീയ സ്വയംസേവക്‌സംഘ് ആസ്ഥാനവും.
1935 സപ്തംബറിൽ ന്യൂറംബർഗ് നിയമങ്ങൾ എന്ന പേരിൽ നാസി ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്‌ലർ ചെയ്ത കാര്യങ്ങളാണ് കാലോചിതമായി നരേന്ദ്ര മോദിയും മോഹൻ ഭാഗവതും ഇന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം (CAA) മുതൽ സവിശേഷ- തീവ്ര- വോട്ടർപട്ടിക പുതുക്കൽ വരെയുള്ള ഇടപെടലുകൾ മറ്റൊന്നുമല്ല. അതിന്റെ ഒരു ഭാഗം മാത്രമാണ് മാധ്യമപ്രവർത്തക റിത്വിക ചോപ്രയും സംഘവും നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ തുറന്നുകാട്ടപ്പെട്ടത്.
മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ്‌കുമാർ ഈ വോട്ടുമോഷണത്തിലെ മുഖ്യ കുറ്റവാളിയാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീംകോടതിയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് ഗ്യാനേഷ്‌കുമാർ സ്വരക്ഷയ്ക്ക് പറഞ്ഞു. അത് സത്യമല്ല എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പറഞ്ഞപ്പോഴെങ്കിലും ഈ മനുഷ്യൻ രാജിവെക്കണമായിരുന്നു. നാണം പോലുള്ള മാനുഷിക ഗുണങ്ങളില്ലാത്തയാളാണ് ഗ്യാനേഷ്‌കുമാർ എന്ന് ഇപ്പോൾ നമുക്കു മനസ്സിലാകുന്നു.
ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരത്തിന്റെ തുടർച്ചയും ഭാവിയും നവഫാഷിസ്റ്റുശക്തികളുടെ ആസന്ന പരാജയത്തിൽ കലാശിക്കും.
ഗ്യാനേഷ്‌കുമാറിന്റെ രാജി മാത്രം പോരാ. അയാളുടെ സംരക്ഷകരും മറുപടി പറയേണ്ടതുണ്ട്. തെരഞ്ഞെടുപ്പു കമീഷണർമാരെ തെരഞ്ഞെടുക്കുന്ന നിയമവും സമൂലം പരിഷ്‌കരിക്കണം. SIR പരിപാടി ഉടനടി നിർത്തിവെക്കണം. വെട്ടിമാറ്റപ്പെട്ട എല്ലാ അർഹരെയും തിരിച്ചുകൊണ്ടുവരണം. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ, നിലവിലുള്ള പരിരക്ഷകൾ- രാഷ്ട്രപതിയ്ക്ക് ലഭ്യമാകുന്നതിനേക്കാൾ അധികമാണത്- നീക്കം ചെയ്യണം.
ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരത്തിന്റെ തുടർച്ചയും ഭാവിയും നവഫാഷിസ്റ്റുശക്തികളുടെ ആസന്ന പരാജയത്തിൽ കലാശിക്കും. എന്നാൽ നൂറു വർഷമെങ്കിലുമായി ഇന്ത്യൻ സമൂഹത്തിന്റെ കോശങ്ങളിൽ അവർ വിസർജ്ജിച്ചുപരത്തിയ വർഗീയവിഷബാധയിൽനിന്ന് മുക്തമാകാൻ സമയമെടുക്കും. ഈ ശക്തികളെ തോൽപ്പിക്കാനും സമൂഹമനസ്സിനെ രോഗാണുമുക്തമാക്കാനും സൂക്ഷ്മവും ശ്രദ്ധാപൂർവവും സംഘടിതവുമായ പരിശ്രമങ്ങൾ തുടർച്ചയായി ആവശ്യമാണ്.

വിസ്തൃതമാകണം,
പുതിയ സമരമുഖം
നരേന്ദ്രമോദി സർക്കാറിനെതിരായ സമരമുഖം പ്രതിപക്ഷപാർട്ടികളും 'പാറ്റ ജനതാപാർട്ടി'യും ഒക്കെച്ചേർന്നു മാത്രമല്ല നടക്കേണ്ടത്. അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ടതാണ് ഈ സമരമുന്നണി. തെരഞ്ഞെടുപ്പുസമരവിജയം അതിന്റെ ലക്ഷ്യങ്ങളിൽ ഒന്നു മാത്രമാണ്.
നമ്മുടെ രാജ്യം വൈവിധ്യസമൃദ്ധമാണ്. അത് രാഷ്ട്രീയപാർട്ടികളുടെ സ്വഭാവത്തിലും സ്വരൂപത്തിലും സമീപനങ്ങളിലും കാണാം. അതും നിശ്ചലമല്ല, മാറ്റങ്ങൾക്ക് വിധേയമാണ്. സംസ്ഥാന- പ്രാദേശിക രാഷ്ട്രീയ സങ്കീർണതകളും ഇതിനെയെല്ലാം സ്വാധീനിക്കാം. സി.പി.ഐ- എം ജനറൽ സെക്രട്ടറി എന്ന നിലയിൽ, മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചത്- അത് പത്രമാധ്യമങ്ങൾക്ക് പരസ്യപ്പെടുത്താൻ എഴുതിയതായിരുന്നില്ല- ഇന്ത്യൻ ജനത ഇപ്പോൾ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ് എന്ന് നാം ഓർക്കണം എന്നായിരുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും സർവ്വോപരി പൗരരുടെ വോട്ട് ചെയ്യാനുളള പാവനമായ അവകാശവും കവർന്നെടുക്കപ്പെടുമ്പോൾ, അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് നാം യോജിക്കണമെന്നാണ് രാജ്യസ്‌നേഹികൾ ആഗ്രഹിക്കുന്നത്.
ഇടതുപക്ഷ വിദ്യാർത്ഥി യുവജനസംഘടനകൾ മാത്രമല്ല, പൊതുവേ ഇടതുപക്ഷ ജനാധിപത്യശക്തികളും കാലോചിതമായി മാറേണ്ടതുണ്ട്. മാറാൻ വിസമ്മതിക്കുന്ന ഒന്നിനും ഭാവിയുണ്ടാകില്ല എന്നതാണ് സത്യം.
അതേസമയം, യോജിപ്പിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന ചില ഘടകങ്ങൾ ചില പാർട്ടികൾ തമ്മിൽ നിലവിലുണ്ടാകാം. എന്നാൽ, ക്ഷമാപൂർവം ശ്രമിച്ചാൽ പരിഹാരമുണ്ടാക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി സർക്കാറിന്റെ ഹീനമായ സമഗ്രാധിപത്യ മർദ്ദന നടപടികൾ തന്നെ പ്രതിപക്ഷ ഏകോപനത്തിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുത്തും.
ഒരു പുതിയ രാഷ്ട്രീയസമരസംസ്‌കാരം രൂപപ്പെടുത്തൽ പ്രധാനമാണ്. 'സി.ജെ.പിയാണ് പുതിയ ഇടതുപക്ഷം' എന്ന നിലയിൽ ഏകപക്ഷീയമായ ചില ആഖ്യാനങ്ങൾ സഖാവ് ബി. രാജീവനെപ്പോലുള്ള ആദരണീയ ചിന്തകർ നടത്തുന്നത് ശ്രദ്ധയിലുണ്ട്. അത് സമുചിതമാംവിധം ശ്രദ്ധിക്കുമ്പോൾ തന്നെ, കുറച്ചധികം അതിവാദങ്ങളാകുന്നില്ലേ അത്തരം ആഖ്യാനങ്ങൾ എന്ന ആശങ്കയും പങ്കുവെക്കുകയാണ്.

‘ജെൻ-സി’യിൽനിന്ന്
പാഠങ്ങളുണ്ട്
2020 നവംബറിൽ തുടങ്ങി 2021 ഡിസംബർ വരെ നീണ്ടുനിന്ന സംയുക്ത കിസാൻ മോർച്ചാസമരം വിജയകരമായിരുന്നു. അതിൽ കിസാൻ സഭയും ചെങ്കൊടിയും പങ്കുവഹിക്കുകയുണ്ടായി എന്നത് മറന്നുകൂടാ. നാസിക് മുതൽ മുംബൈ വരെ നഗ്‌നപാദരായി, കാലിൽനിന്നൊഴുകിയ ചുടുനിണം കൊണ്ട് പുതിയ സമരഗാഥ എഴുതിയ കർഷക തൊഴിലാളികളും ദരിദ്ര കൃഷിക്കാനും ചെങ്കൊടിയേന്തിയാണ് പുതിയ സമരശൈലി രേഖപ്പെടുത്തിയത്.
എന്നാൽ, 'ജെൻ- സി'യിൽ നിന്നും സി.ജെ.പിയിൽനിന്നും പഠിക്കാനുള്ളത് പഠിക്കാൻ നമ്മളൊക്കെ തയ്യാറാകേണ്ടതുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. ചില പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നത് സമ്മതിക്കാനും കുറച്ചിലില്ല.
അഭിജിത് ദീപ്‌കേയും സോനം വാങ്ചുക്കും ജന്തർ മന്തറിൽ സമരം തുടങ്ങിയപ്പോൾ ആദ്യമായി അവിടെയെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയപാർട്ടി സി.പി.ഐ- എം ആയിരുന്നു എന്ന കാര്യം ചിലർ സൗകര്യപൂർവം വിസ്മരിച്ചതായി അറിയാം. സഖാവ് ബൃന്ദാ കാരാട്ടിനൊപ്പമാണ് ഞാൻ അവിടെച്ചെന്നത്. അതിനുശേഷം എണ്ണമറ്റ തവണ ഒറ്റയ്ക്കും എം.പിമാരായ കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹിം, വി. ശിവദാസൻ, പി.ബി. അംഗം ആർ. അരുൺകുമാർ എന്നിവക്കൊപ്പവും സമരത്തിൽ പങ്കെടുക്കുകയുണ്ടായി.
അത്യന്തം അഭിമാനകരവും മാതൃകാപരവുമാണ്, തികച്ചും സമാധാനപരമായി നടത്തപ്പെട്ട ജന്തർ മന്തർ സമരം- 1. ഇത്തവണയും അതേ പാത പിന്തുടരാനാണ് സി.ജെ.പിയും ഒപ്പമുള്ള ഞങ്ങളും നിശ്ചയിച്ചിട്ടുള്ളത്.
സി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സഖാവ് സൗരവ് ദാസ് കഴിഞ്ഞദിവസം 'എക്‌സി'ൽ കുറിച്ച സന്ദേശവും ഇവിടെ പ്രസക്തമാണ്:
‘‘SFI has been at the forefront of the young generations movement from Day 1. Its discipline is unparalleled.
We support your demands. October 10th onwards, India will see the biggest mobilizaiton by youngsters seeking electoral integrity.
Jantar Mantar season 2’’.
ഇടതുപക്ഷ വിദ്യാർത്ഥി യുവജനസംഘടനകൾ മാത്രമല്ല, പൊതുവേ ഇടതുപക്ഷ ജനാധിപത്യശക്തികളും കാലോചിതമായി മാറേണ്ടതുണ്ട്. മാറാൻ വിസമ്മതിക്കുന്ന ഒന്നിനും ഭാവിയുണ്ടാകില്ല എന്നതാണ് സത്യം. മാറ്റം ശരിയും ശാസ്ത്രീയവുമായ പാതയിലൂടെയാവണം. ഇപ്പോൾ ഇക്കാര്യത്തിൽ SFI, DYFI തുടങ്ങിയ സംഘടനകൾ ഇതര ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുമായും സി.ജെ.പിയുമായും ഏകോപിച്ച് സമരപാതയിലൂടെ മുന്നോട്ടുനീങ്ങുന്നു. അതേസമയം, ഇടതുപക്ഷ ഇതര സംഘടനകളുമായും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുമായും വ്യക്തികളുമായും സഹകരിക്കുന്നതും പ്രധാനമാണ്. ധ്രുവ് റാത്തി, പ്രകാശ് രാജ് തുടങ്ങിയവരും ഒപ്പമുണ്ട് എന്നത് ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്.

മർദ്ദക ഭരണകൂടത്തിന്റെ ഭീതി
അത്യന്തം അഭിമാനകരവും മാതൃകാപരവുമാണ്, തികച്ചും സമാധാനപരമായി നടത്തപ്പെട്ട ജന്തർ മന്തർ സമരം- 1. ഇത്തവണയും അതേ പാത പിന്തുടരാനാണ് സി.ജെ.പിയും ഒപ്പമുള്ള ഞങ്ങളും നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ, ദൽഹി പൊലീസ് സന്നാഹം തികച്ചും അക്രമാസക്തവും ആഭാസകരവുമായ തരത്തിലാണ് സമരത്തെ അടിച്ചമർത്താൻ മുതിർന്നുകാണുന്നത്. ഒരു മാധ്യമപ്രവർത്തകയെ പരസ്യമായി ലൈംഗികാസക്തിയോടും മ്ലേച്ഛമായ അക്രമമനോഭാവത്തോടും കൈയേറ്റം നടത്തിയ അനുഭവമുണ്ടായി.
ഇപ്പോൾ ലഭിക്കുന്ന വാർത്ത, വളരെ വലിയ പൊലീസ് സന്നാഹം ദൽഹിയിൽ വിന്യസിക്കുന്നതായിട്ടാണ്. നിലവിലുള്ള 110 കമ്പനി കേന്ദ്ര സായുധ പൊലീസിനുപുറമേ, 221 കമ്പനിയെക്കൂടി ആഭ്യന്തര മന്ത്രാലയം അനുവദിച്ചു എന്നാണ്. പ്രതിഷേധദിനങ്ങളിൽ ദൽഹി പൊലീസിന്റെ 20,000 പേർ വേറെ ഉണ്ടായിരിക്കും. കർഷകസമരത്തിന് 93 കമ്പനി സായുധ പൊലീസിനെയായിരുന്നു നിയോഗിച്ചത് എന്നതിൽനിന്ന് വിദ്യാർത്ഥി- യുവജന- പ്രതിപക്ഷ സമരത്തെ മോദി- അമിത് ഷാ- മോഹൻ ഭാഗവത് മർദ്ദക ത്രിമൂർത്തികൾ എത്രമാത്രം ഭയപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. വലിയ തോതിൽ ബഹുജനങ്ങൾ അണിനിരക്കുന്നതാണ് ഏറ്റവും ശക്തമായ ആയുധം. ഒരായുധത്തിനും അതിനെ തകർക്കാനാകില്ല.
