സംഘികാല നുണകളുടെ നാലാംതൂൺ

'നിശ്ശബ്ദ ഭൂരിപക്ഷ'ത്തിന്റെ നാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട്, പ്രൊഫഷണല്‍ ജേണലിസത്തിന്റെ തൊഴില്‍പരമായ കൃത്യത, നിഷ്പക്ഷത, ധാര്‍മ്മികത തുടങ്ങിയ അവകാശവാദങ്ങളെ നിരന്തരമായി കടന്നാക്രമിക്കുന്ന അവതരണ ശൈലിയാണ്ഓപ്ഇന്ത്യ.കോം പോലെയുള്ള തീവ്രവലതുപക്ഷ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. സംഘികാലം നിര്‍മ്മിച്ചെടുത്ത നുണകളുടെ റിപ്പബ്ളിക് - കെ.സഹദേവന്‍ എഴുതുന്ന പരമ്പരയുടെ അഞ്ചാം ഭാഗം

''ബീഹാറിലെ ഗോപാൽഗഞ്ചിനടുത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ബലിയർപ്പിക്കപ്പെട്ടു''. രോഹിത് ജയ്‌സ്വാൾ എന്ന ആൺകുട്ടിയാണ് ബീഹാറിലെ ഗോപാൽഗഞ്ചിനടുത്തുള്ള ഒരു ഗ്രാമ പ്രദേശത്ത് പുതുതായി പണിഞ്ഞ (മുസ്ലിം) പള്ളിയുടെ 'ശക്തി'യും 'സ്വാധീന'വും വർധിപ്പിക്കുന്നതിനായി ബലി നൽകപ്പെട്ടത്''. 2020 മെയ് 10ന് ഓപ്ഇന്ത്യ.കോം എന്ന ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. ഈ വാർത്ത സംബന്ധിച്ച് അന്വേഷണം നടത്തിയ ബീഹാർ ഡിജിപി, ഡെപ്യൂട്ടി ഡിഐജി, ഗോപാൽഗഞ്ച് പോലീസ് സൂപ്രണ്ട് എന്നിവർ രോഹിതിന്റെ മരണകാരണം മുങ്ങിമരണം ആയിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത് അതാണെന്നും വെളിപ്പെടുത്തുകയുണ്ടായി.

ഓപ്ഇന്ത്യ.കോം എന്ന ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത അറിയാതെ സംഭവിച്ച പിഴവായിരിക്കാം എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ തെറ്റി. രാജ്യത്ത് വളരെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവാർത്തകളുടെ
മുഖ്യസ്രോതസ്സ് മേൽപ്പറഞ്ഞ മാധ്യമമാണെന്നും ലൗ ജിഹാദ്, ഹിജാബ്,
ഹലാൽ, മതപരിവർത്തനം, കുടിയേറ്റം, മുസ്ലീം ജനസംഖ്യാ വർധനവ് തുടങ്ങി ഇതര മതവിദ്വേഷം വളർത്തുന്ന നിരവധി വ്യാജവാർത്തകളുടെ ഉറവിടമാണ് ഓപ്ഇന്ത്യ.കോം എന്നും മനസ്സിലാക്കുമ്പോൾ മാധ്യമരംഗത്ത് തീവ്രവലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആസൂത്രിത ഇടപെടലുകളെക്കുറിച്ച് നിങ്ങൾക്ക് ധാരണ
ലഭിക്കും.

ബീഹാറില്‍ രോഹിത് ജയ്‌സ്വാൾ എന്ന കുട്ടിയെ പള്ളിയുടെ 'ശക്തി'യും 'സ്വാധീന'വും വർധിപ്പിക്കുന്നതിനായി ബലി നൽകിയെന്നത് സംബന്ധിച്ച് ഓപ്ഇന്ത്യ നല്‍കിയ വാര്‍ത്ത

മത സ്പർദ്ധ ആളിക്കത്തിക്കുന്നതിനായി, വിശ്വ ഹിന്ദു പരിഷത്ത്, അടുത്തകാലത്ത് ലൗജിഹാദ് സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. 147ഓളം സംഭവങ്ങൾ അടങ്ങിയിട്ടുള്ള ഈ ലിസ്റ്റിന്റെ ആധികാരിക സ്രോതസ്സ് ഓപ്ഇന്ത്യ.കോം ആണെന്നതാണ് രസകരമായ വസ്തുത. ഈ ലിസ്റ്റിലെ പാതിയിലധികം സംഭവങ്ങളും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും വളച്ചൊടിക്കപ്പെട്ടതും ആണെന്ന് പിന്നീട് സ്വതന്ത്ര
വസ്തുതാന്വേഷകർ കണ്ടെത്തിയിരുന്നു. വ്യത്യസ്തങ്ങളായ സംഭവങ്ങൾ ചേർത്ത് വെച്ച് 'ലൗ ജിഹാദ്' മുദ്രകുത്തി നിർമ്മിച്ചെടുത്തവയാണ് ബാക്കി പകുതിയോളം വരുന്ന സംഭവങ്ങളെന്നും തെളിയിക്കപ്പെട്ടു. സ്രോതസ്സുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വാർത്തകളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവന്നാൽപ്പോലും തങ്ങളുടെ പോർട്ടലുകളിൽ
നിന്ന് അവ നീക്കം ചെയ്യാനോ, സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ
വാർത്തകൾ പ്രചരിക്കുന്നതിന് തടയിടാനോ ഉള്ള ശ്രമങ്ങൾ
ഓപ്ഇന്ത്യ.കോമിന്റെയോ സമാന മാധ്യമങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല.

വ്യാജവാർത്താ നിർമ്മിതി കേവലം ഒരു ഇന്ത്യൻ പ്രതിഭാസമാണെന്ന്
തെറ്റിദ്ധരിക്കേണ്ടതില്ല. ലോകത്തെവിടെയും തീവ്രവലതുപക്ഷ രാഷ്ട്രീയം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായെങ്കിലും വളരെ കൃത്യതയോടെയും ആസൂത്രിതമായ രീതിയിലും ഈയൊരു തന്ത്രം എടുത്ത് പ്രയോഗിക്കുന്നതായി കാണാം. ലിബറൽ മാധ്യമങ്ങളെ തള്ളിക്കളയുക, സ്വതന്ത്ര്യ മാധ്യമപ്രവർത്തകരെ അപമാനിക്കുക,
മേൽപ്പറഞ്ഞ മാധ്യമങ്ങളെല്ലാം തന്നെ രാജ്യത്തിനും തദ്ദേശവാസികൾക്കും എതിരായി നടക്കുന്ന ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് വരുത്തിത്തീർക്കുക, അത്തരം മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുക എന്നതാണ് ഓപ്ഇന്ത്യ പോലുള്ള തീവ്ര വലതുപക്ഷ മാധ്യമങ്ങളുടെ ധർമ്മം. മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾക്ക് പിന്നിലെ യഥാർത്ഥ വസ്തുത കണ്ടെത്തുകയാണ് തങ്ങളുടെ അവതാരലക്ഷ്യമെന്ന്' സ്വയംപ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരം
മാധ്യമങ്ങൾ രംഗത്തുവരുന്നത്. അതേസമയം വ്യാജവാർത്തകൾക്ക് പിന്നിലെ വസ്തുതകൾ പരിശോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര വസ്തുതാപരിശോധനാ ശൃംഖലയായ ഇൻർനാഷണൽ ഫാക്ട് ചെക്കിംഗ് നെറ്റ്വർക്ക് -ഐഎഫ്‌സിഎൻ-ൽ അംഗീകാരം നേടുന്നതിനുള്ള ഓപ്ഇന്ത്യ.കോമിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടുവെന്ന സത്യം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇന്ത്യയിൽ ഈയൊരു പുത്തൻ
മാധ്യമധർമ്മം ഭംഗിയായി നിറവേറ്റുന്ന ഒന്നാണ് ഓപ്ഇന്ത്യ.കോം.

ഓപ്ഇന്ത്യ വെബ്സൈറ്റ്

2002ലെ ഗുജറാത്ത് വംശഹത്യയുടെ ആസൂത്രകനെന്ന നിലയിൽ നരേന്ദ്ര മോദിക്കെതിരായി മുഖ്യധാരാ മാധ്യമങ്ങൾ നിരവധി ലേഖനങ്ങളും വിശകലനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുകയും സംഘപരിവാരങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങൾക്കപ്പുറത്ത് മോദിയെ പിന്തുണയ്ക്കാൻ മാധ്യമങ്ങൾ തയ്യാറാകാതിരിക്കുകയും ചെയ്ത പ്രതിസന്ധിയിൽ നിന്നാണ് പുതിയൊരു മാധ്യമശൈലിയെക്കുറിച്ച് സംഘപരിവാരങ്ങൾ ചിന്തിച്ചുതുടങ്ങിയത്. മോദിക്കും
ഗുജറാത്തിനും എതിരായ വാർത്തകൾ 'വരേണ്യ മാധ്യമ ഗൂഢാലോചന'യാണെന്നും അവർ 'ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും എതിരായ' യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു മീഡിയ ലാൻഡ്‌സ്‌കേപ്പ് സൃഷ്ടിച്ചെടുക്കാൻ തീരുമാനിച്ചതിലൂടെയാണ് ഓപ്ഇന്ത്യ.കോം പോലുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ വളർന്നുവരുന്നത്. ചെറിയൊരു കാലയളവിൽ തന്നെ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ തന്നെ
അജണ്ട നിശ്ചയിക്കാൻ സാധിക്കുന്നതിലേക്ക് വളരാൻ അവർക്ക് സാധിച്ചു എന്നാണ് വർത്തമാന കാലം തെളിയിക്കുന്നത്.

2014ലെ പൊതുതെരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി
രാജ്യത്തിന്റെ ഭരണാധികാരം കൈക്കലാക്കിയ അതേ നാളുകളിൽ തന്നെയാണ് ഓപ്ഇന്ത്യ.കോം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഈ പോർട്ടൽ ഒരർത്ഥത്തിൽ മോദി ഗവൺമെന്റിന്റെ ഔദ്യോഗിക വാർത്താ മാധ്യമമെന്ന നിലയിൽ തന്നെ പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. അതോടൊപ്പം മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള അപര മതവിദ്വേഷം നിറഞ്ഞ വ്യാജവാർത്തകളും
വിശകലനങ്ങളും നിരന്തരമായി പ്രസിദ്ധീകരിച്ചുകൊണ്ട്, സാമൂഹിക-രാഷ്ട്രീയ ചർച്ചകളുടെ അജണ്ടകൾ വഴിതിരിച്ചുവിടുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തു. സംഘടിതമായ രീതിയിൽ തയ്യാറാക്കിയ നവ സാമൂഹികമാധ്യമ സേനകൾ വാർത്താ പ്രചരണത്തിനുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളെ മറികടന്നുകൊണ്ടുള്ള വാർത്താപ്രചരണ സാധ്യതകൾ തീവ്രവലതുപക്ഷ രാഷ്ട്രീയ സംഘടനകൾ തിരിച്ചറിയുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിൽ രാജ്യത്തെ പ്രധാനമന്ത്രി തന്നെ വിമൂഖത കാട്ടാൻ തുടങ്ങിയതും
ഇതേകാലയളവിലായിരുന്നുവെന്ന് ഓർക്കുക.

നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പ്രചരിച്ച സമയത്ത് ഓപ്ഇന്ത്യ നൽകിയ വർഗീയച്ചുവയുള്ള വാർത്ത

മുഖ്യധാരാ മാധ്യമങ്ങൾ വസ്തുതാവിരുദ്ധമായ വാർത്തകളാണ്
പ്രസിദ്ധീകരിക്കുന്നതെന്ന് വരുത്തിത്തീർക്കുന്നതിനായി അവയിലെ ഓരോ വാർത്തകളെയും സൂക്ഷ്മായി നിരീക്ഷിക്കുകയും മുഖ്യധാരാ വാർത്താ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഏതെങ്കിലും തെറ്റായ പ്രസ്താവനകൾ, തെറ്റായ തലക്കെട്ടുകൾ അല്ലെങ്കിൽ പിശകുകൾ എന്നിവ 'വ്യാജവാർത്ത'കളായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഓപ്ഇന്ത്യ.കോം മാധ്യമ മേഖലയിലെ പ്രവേശനം സാധ്യമാക്കിയത്.

ലിബറൽ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെക്കുറിച്ചും ഭൂരിപക്ഷ ഹിന്ദു
താൽപ്പര്യങ്ങൾക്കെതിരായുള്ള അവരുടെ നിലപാടുകളെക്കുറിച്ചും
വിശകലനാത്മകമായ ലേഖനങ്ങൾ നിരന്തരമായി പടച്ചുവിടുന്നതോടൊപ്പം തന്നെ മുസ്ലീം-ക്രിസ്ത്യൻ മത വിരുദ്ധ വാർത്തകൾക്ക് പ്രാമുഖ്യം നൽകുകയും വ്യാജവാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ ധർമ്മമായിത്തന്നെ അവർ സ്വീകരിച്ചിരിക്കുന്നതായി കാണാം. 'നിശ്ശബ്ദ ഭൂരിപക്ഷ'ത്തിന്റെ നാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട്, പ്രൊഫഷണൽ ജേണലിസത്തിന്റെ തൊഴിൽപരമായ കൃത്യത, നിഷ്പക്ഷത, ധാർമ്മികത തുടങ്ങിയ അവകാശവാദങ്ങളെ നിരന്തരമായി കടന്നാക്രമിക്കുന്ന അവതരണ ശൈലിയാണ് ഓപ്ഇന്ത്യ.കോം സ്വീകരിച്ചിരിക്കുന്നതെന്ന് കാണാം.

ഓപ്ഇന്ത്യ സി.ഇ.ഒ രാഹുൽ റോഷൻ, എഡിറ്റർ ഇൻചീഫ് നുപൂർ ജെ. ശർമ്മ

ഓപ്ഇന്ത്യ.കോമിന്റെയും സംഘപരിവാർ സോഷ്യൽ മീഡിയ ആർമിയുടെയും സംഘടിതമായ ഇടപെടൽ ഇന്ത്യയിലെ വാർത്താ വിതരണ മേഖലയിൽ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പ്രൊഫഷണൽ മാധ്യമങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്നതിലൂടെയും ഒരു സമാന്തര മാധ്യമവ്യവഹാര മണ്ഡലം സൃഷ്ടിക്കുന്നതിലൂടെയുമാണ് അവർ ഇത് സാധ്യമാക്കിയിട്ടുള്ളത്. സംഘപരിവാർ നുണ ഉത്പാദനത്തിൽ ഓപ്ഇന്ത്യ ഒറ്റയ്ക്കല്ലെന്നും സമാനമായ നൂറുകണക്കിന് മാധ്യമങ്ങൾ വേറെയുമുണ്ടെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments