പ്രബിർ പുർകായസ്ത

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം, ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സർക്കാരിന്റെയും നിരന്തര വിമർശകരായിരുന്നു ന്യൂസ് ക്ലിക്കിന്റെ എഡിറ്റർക്കെതിരായ നടപടി, വിമതശബ്ദമുയർത്തുന്ന മാധ്യമങ്ങളെ ചൊൽപ്പടിക്കുനിർത്താനുള്ള കേന്ദ്ര സർക്കാറിന്റെ നടപടിയുടെ ഭാഗമാണെന്ന് വിമർശനമുയർന്നിരുന്നു.

National Desk

ചൈനീസ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത് ജയിലിടച്ച ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീകോടതി. കസ്റ്റഡി അപേക്ഷ വിചാരണാകോടതി തീർപ്പാക്കുംമുമ്പ് റിമാൻഡ് അപേക്ഷയും അറസ്റ്റിന്റെ കാരണവും അദ്ദേഹത്തിനോ അഭിഭാഷകനോ നൽകിയില്ലെന്ന് ജസ്റ്റിസ് ബി.ആർ. ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണാ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ പ്രബിറിനെ ജാമ്യത്തിൽ വിടാനും കോടതി നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിരന്തര വിമർശകരായിരുന്നു ന്യൂസ് ക്ലിക്കിന്റെ എഡിറ്റർക്കെതിരായ നടപടി, വിമതശബ്ദമുയർത്തുന്ന മാധ്യമങ്ങളെ ചൊൽപ്പടിക്കുനിർത്താനുള്ള കേന്ദ്ര സർക്കാറിന്റെ നടപടിയുടെ ഭാഗമാണെന്ന് വിമർശനമുയർന്നിരുന്നു.

യു എ പി എക്കൊപ്പം ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബിറിനെയും ന്യൂസ് ക്ലിക്ക് എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും 2023 ഒക്ടോബർ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പരമാധികാരം തകർക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് 115 കോടി രൂപയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്ന് ഇ.ഡിയും, ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആരോപിച്ചിരുന്നു. പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആന്റ് സോഷ്യലിസം എന്ന ഒരു സംഘത്തിനൊപ്പം ചേർന്ന് പ്രബിർ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുനടപടി അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചു.

കപിൽ സിബലാണ് പ്രബിറിനുവേണ്ടി ഹാജരായത്. 2023 ഒക്‌ടോബർ മൂന്നിന് അറസ്റ്റു ചെയ്ത പ്രബിറിനെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയത് അടുത്ത ദിവസം വൈകീട്ട് ആറിനാണെന്നും ആ സമയം ലീഗൽ എയ്ഡ് അഭിഭാഷകരും അഡീഷനൽ പ്രോസിക്യൂട്ടറും മാത്രമാണ് ഹാജരുണ്ടായിരുന്നതെന്നും പ്രബിറിന്റെ അഭിഭാഷകനെ അറിയിച്ചില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രബിർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അന്വേഷണ ഓഫീസർ, പ്രബിറിന്റെ അഭിഭാഷകനെ വിവരം ഫോണിൽ വിളിച്ചറിയിക്കുകയും റിമാൻഡ് അപ്ലിക്കേഷൻ വാട്‌സ്ആപ്പിൽ അയക്കുകയുമായിരുന്നുവെന്ന് കപിൽ സിബൽ പറഞ്ഞു. പ്രബിറിന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണം റിമാൻഡ് ഓർഡർ പുറപ്പെടുവിക്കണമെന്ന സ്വഭാവിക നീതിയുടെ ലംഘനായിരുന്നു ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അറസ്റ്റും റിമാൻഡും നിയമത്തിന്റെ കണ്ണിൽ നിയമവിരുദ്ധമാണ്.

ന്യൂസ് ക്ലിക്ക് എച്ച്.ആർ മേധാവി അമിത് ചക്രവർത്തി

തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ നൽകിയില്ലെന്നും അതുകൊണ്ടുതന്നെ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രബിർ കോടതിയെ സമീപിച്ചത്.
എന്നാൽ, റിമാൻഡ് ഓർഡറിലെ സമയം, വൈകീട്ട് ആറ്, തെറ്റായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകന് അത് നൽകിയ ശേഷമാണ് റിമാൻഡ് ഓർഡർ പാസാക്കിയതെന്നും ഡൽഹി പൊലീസ് വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. ജുഡീഷ്യൽ ഓർഡറിലെ സമയമേ കോടതിക്ക് പരിഗണിക്കാനാകൂ എന്ന് ബെഞ്ച് പറഞ്ഞു.

​ചൈനീസ് അനുകൂല പ്രചാരണത്തിന് അമേരിക്കൻവ്യവസായി നെവിൽറോയ് സിംഘം 38 കോടിയോളം രൂപ ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നെവിൽ റോയ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായുള്ള ആശയപ്രചാരണത്തിന് പണം മുടക്കുന്നയാളാണെന്നും ഇയാളിൽനിന്ന് ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ രാഷ്ട്രീയനേതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും പണം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഇ.ഡി ആരോപണം.

കർഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിലെ ന്യൂസ് ക്ലിക്ക് കേന്ദ്ര സർക്കാറിനെ വിമർശിച്ചത് ചൈനീസ് അജണ്ടയുടെ ഭാഗമായിരുന്നോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ന്യൂസ് ക്ലിക്കിലേക്കെത്തിയ ഫണ്ടിൽ നിന്ന് ടീസ്ത സെതൽവാദ്, സി പി എം ഐ.ടി സെല്ലിലെ ബപാദിത്യ സിൻഹ തുടങ്ങിയവർ ലക്ഷങ്ങൾ കൈപ്പറ്റിയതായും ഇ.ഡി ആരോപിച്ചിരുന്നു.

ഇന്ത്യയുടെ പരമാധികാരം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസ് ക്ലിക്കിന് ചൈനയിൽനിന്ന് വൻതോതിൽ ഫണ്ട് ലഭിച്ചെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പീപ്പിൾസ് അലിയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യൂറലിസവുമായി ചേർന്ന് പുർകായസ്ത അട്ടിമറി ശ്രമം നടത്തിയെന്നും എഫ്ഐആർ ആരോപിക്കുന്നു. പ്രബിറിന്റെ അറസ്റ്റിനുശേഷം ഡൽഹിയിലെ 88 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയെന്നും ന്യൂസ് ക്ലിക്ക് ഓഫീസിൽനിന്ന് 300 ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും ഡൽഹി പൊലീസ് അവകാശപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാറിന്റെയും അന്വേഷണ ഏജൻസികളുടെ കണ്ണിലെ കരടാണ് ന്യൂസ് ക്ലിക്കും പ്രബിറും. കർഷക സമരത്തിന് അനുകൂലമായ നിലപാടുകൾ, പൗരത്വനിയമത്തിനെതിരൊയ വിമർശനം തുടങ്ങിയവയാണ് ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും പ്രകോപിപ്പിച്ചത്. ഇത്തരം റിപ്പോർട്ടുകൾ ദേശവിരുദ്ധമാണെന്ന് വരുത്തിതീർക്കാൻ ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടിനെ ആയുധമാക്കുകയായിരുന്നു ഇ.ഡിയും ഡൽഹി പൊലീസും.

പ്രബിറിന്റെയൂം ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെയും വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുകയും കള്ളപ്പണ നിരോധന നിയമപ്രകാരം ന്യൂസ് ക്ലിക്കിന്റെ 4.52 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തതായും ആരോപിക്കുന്ന ഇ.ഡി, വിദേശപണം ഉപയോഗിച്ചാണ് ഈ സ്വത്ത് വാങ്ങിയത് എന്ന് ആരോപിച്ചിരുന്നു. 2018 മാർച്ച് മുതൽ 2021 വരെ 86 കോടിയിലേറെ രൂപ വിദേശത്തുനിന്ന് എത്തിയെന്നാണ് ഇ.ഡി പറയുന്നത്.

നെവിൽ റോയ് സിംഘം, പ്രബിർ പുർകായസ്ത, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, മാധ്യമപ്രവർത്തകർ തുടങ്ങിയവർ തമ്മിലുള്ള ഇ മെയിൽ ആശയിവിനിമയങ്ങളുടെ തെളിവുകളും ലഭിച്ചതായി ഇ.ഡി അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ സർക്കാറിനെതിരായ കാർഷിക സമരങ്ങൾക്ക് പിന്തുണ നൽകുന്നു, ചൈനീസ് ആഖ്യാനങ്ങൾക്ക് പ്രചാരണം നൽകുന്നു, അതിർത്തിയിലെ ഏറ്റുമുട്ടലുകളെ ന്യായീകരിക്കുന്നു തുടങ്ങിയവയായിരുന്നു ഇ.ഡിയുടെ ആരോപണങ്ങൾ.
ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ, ദില്ലി പോലീസിന്റെ തന്നെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, സി ബി ഐ എന്നീ ഏജൻസികൾ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ചൈനീസ് കാമ്പയിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വൻതോതിൽ ഫണ്ട് എത്തുന്നുണ്ടെന്നും ഫണ്ട് നൽകുന്നത് അമേരിക്കൻകോടീശ്വരനും തീവ്ര ഇടതുപക്ഷ നിലപാടുള്ള ആളുമായ നെവിൽ റോയ് സിംഘം ആണെന്നുമായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ടായിരുന്നത്. സിംഘവുമായി ബന്ധപ്പെട്ട ഒരു വാർത്താമാധ്യമത്തെ ചൈനീസ് ബന്ധത്തിന്റെ പേരിൽ ഇന്ത്യൻ അധികൃതർ റെയ്ഡ് ചെയ്തതായും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇടതുപക്ഷ ചിന്തകനും ചരിത്രകാരനും അമേരിക്കൻസർവകലാശാലകളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായിരുന്നു നിവിൽ റോഡ് സിംഘം. അമേരിക്കൻ അധിനിവേശ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിമർശകനുമാണ്.

തനിക്കും ന്യൂസ് ക്ലിക്കിനും എതിരായ ഒരു ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് കാമ്പയിൻ എന്ന ആരോപണത്തിന് തെളിവില്ലെന്നും പ്രബിർ വ്യക്തമാക്കിയിരുന്നു.

എഴുത്തുകാരനും ജനകീയ ശാസ്ത്രപ്രചാരകനുമായ പ്രബിർ എഞ്ചിനീയറും ഡൽഹി സയൻസ് ഫോറത്തിന്റെ സ്ഥാപകരിൽ ഒരാളുമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ കാമ്പയിൻ, ആണവായുധവിരുദ്ധ കാമ്പയിൻ എന്നിവയിൽ സജീവ പങ്കാളിയാണ്. ഫ്രീ സോഫ്റ്റ്‌വെയർ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റാണ്.

Comments