ഹിന്ദുത്വ അജണ്ട എൽ.ഡി.എഫും യു.ഡി.എഫും ഏറ്റെടുത്തുവോ?

ഹിന്ദുത്വ വർഗീയതയുടെ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി കൊടുത്തുവെന്നതിന്റെ പേരിലായിരിക്കണം ഈ തെരഞ്ഞെടുപ്പ് കാലം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടത്

Truecopy Webzine

തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ആവേശപൂർവം ചർച്ച ചെയ്തത് ഹിന്ദുത്വത്തിന് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നുവെന്നും ഇത്, കേരളത്തിന്റെ വലതുപക്ഷവൽക്കരണത്തിന് വേഗം കൂട്ടാനിടിയാക്കുമെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ എൻ.കെ. ഭൂപേഷ്.
എത്ര ബി.ജെ.പിക്കാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, കേരളത്തിന്റെ വലത്തോട്ടുള്ള പിൻവാങ്ങലിനെ മനസ്സിലാക്കേണ്ടതെന്ന് ട്രൂ കോപ്പി വെബ്‌സിനിന്റെ പുതിയ പാക്കറ്റിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സമീപകാലത്തൊന്നുമില്ലാത്ത വിധം ഹിന്ദുത്വ ആശയങ്ങൾ മതേതര കക്ഷികൾ തന്നെ ഉന്നയിക്കുന്നതിനാണ് കേരളം തെരഞ്ഞെടുപ്പുകാലത്ത് സാക്ഷ്യം വഹിച്ചത്. നവോത്ഥാനതുടർച്ചയെക്കുറിച്ചുള്ള വാദങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കുന്നത് തിരിച്ചടിയാകുമെന്ന ബോധ്യത്തിലായിരുന്നു ഇടതുപാർട്ടികൾ പോലും. സുപ്രീം കോടതി വിധി എന്നാൽ രാജ്യത്തെ നിയമമാണെന്നും അത് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും പറഞ്ഞിടത്തുനിന്ന്, വിധി എന്തായാലും എല്ലാവരോടും ചർച്ചചെയ്ത്, എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമെ നടപ്പിലാക്കൂ എന്ന് പറയുന്നിടത്തേക്ക് ഇടതുപക്ഷവും പിന്നാക്കം പോയി. ഇതോടെ, ഹിന്ദുത്വത്തിന്റെ ആശയങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്.

ബി.ജെ.പി മുന്നണിക്ക് സീറ്റ് എത്ര ലഭിച്ചാലും അവർക്ക് ദീർഘകാലടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന പ്രവർത്തനമാണ് പ്രചാരണ കാലത്ത് നിർവഹിക്കപ്പെട്ടത്. കേരളത്തിലെ ജനങ്ങളെ കുറിച്ച് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുള്ള തോന്നൽ മറ്റ് ഇന്ത്യൻ പ്രദേശങ്ങൾ പോലെ അവരും ഭൂരിപക്ഷ വാദത്താൽ നയിക്കപ്പെടുന്നു എന്നതാണെന്ന് വേണം ഈ പ്രചാരണ പരിപാടികളിൽനിന്ന് മനസ്സിലാക്കേണ്ടത്.

പ്രചാരണരംഗത്ത് പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പിന്തിരിപ്പൻ നിലപാടുകളും ലേഖനം ചർച്ച ചെയ്യുന്നുണ്ട്.

2011 ൽ പാർട്ടി സ്ഥാനാർത്ഥികൾ വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകൾ നാട്ടിലെങ്ങും പതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതൊരു പുതിയ പ്രവണതയാണ് എന്നാണ്. അവിടെനിന്നാണ് പാർട്ടിയുടെ ഏക നേതാവ് എന്ന നിലയിൽ പിണറായി വിജയനെ പാർട്ടി നേതാക്കൾ തന്നെ അവതരിപ്പിക്കുന്നത്, ക്യാപ്റ്റനെന്ന് വാഴ്ത്തുന്നത്. ഇത്തരം വിഗ്രഹവൽക്കരണം ഉണ്ടാക്കുന്ന രാഷ്ട്രീയ അപകടങ്ങൾ ചെറുതാവില്ല.

ഭരണതുടർച്ചാ വിരുദ്ധ വാദം യു.ഡി.എഫിന് സഹായകരമായ ഒരു മുദ്രാവാക്യമായി മാറിയെന്നും ഭൂപേഷ് നിരീക്ഷിക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ക്രിറ്റിക്കൽ ലെഫ്റ്റ് വിഭാഗക്കാരെന്ന് സൗകര്യത്തിന് വിളിക്കാവുന്ന ആളുകൾ പൂർണമായി കക്ഷിരാഷ്ട്രീയത്തിന്റെ ചിട്ടവട്ടങ്ങളിലേക്ക് പിന്മാറി, സൈബർ പോരാളികളുടെ കൂട്ടത്തിൽ കൂടിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷതയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

Comments