വാജ്പേയി
‘ദുർഗ’ എന്നു വിളിച്ചപ്പോൾ
ഇന്ദിരയുടെ മുഖത്ത്
മന്ദഹാസം വിടർന്നു…

അടിയന്തരാവസ്ഥയുടെ ദീർഘകാല ഗുണഭോക്താക്കൾ ആരാണെന്ന വിശകലനമാണ് എൻ.കെ. ഭൂപേഷ് നടത്തുന്നത്. ഇടതുപക്ഷം പോലും കടുത്ത ആശയക്കുഴപ്പത്തിലായ ഈയൊരു രാഷ്ട്രീയ പ്രതിസന്ധിയിൽ, അടിയന്തരവസ്ഥയ്ക്ക് മുൻപും പിൻപും ഇന്ദിരാഗാന്ധിയ്‌ക്കെതിരായ ജനവികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ഹിന്ദുത്വ ശക്തികൾക്കുമാത്രമാണ് എന്ന വാദമുയർത്തുന്നു.

News Desk

1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ച് ഓർക്കുമ്പോൾ, ഇപ്പോൾ രാജ്യത്ത് നിലവിലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓർമപ്പെടുത്തലുണ്ടാകുന്നു. ഭരണഘടനാമൂല്യങ്ങളെ യാതൊരു പ്രഖ്യാപനവും കൂടാതെതന്നെ അട്ടിമറിക്കാൻ ഇന്നത്തെ ഭരണകൂടത്തിന് സാധിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം 1975-ലെ അടിയന്തരാവസ്ഥയിലേക്കാണ് നീളുന്നത്. അടിയന്തരാവസ്ഥയുടെ ദീർഘകാല ഗുണഭോക്താക്കൾ ആരാണ് എന്ന് പരിശോധിച്ചാൽ അതിനുള്ള ഉത്തരമാകും- എൻ.കെ. ഭൂപേഷ് ട്രൂകോപ്പി വെബ്സീനിൽ എഴുതുന്നു.

ലേഖനത്തിൽനിന്ന്:

പാർട്ടിയിലെ പിളർപ്പിനെയും 1969- ലെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയേയും ഇന്ദിരാഗാന്ധി മറികടന്നത് 1971- ലാണ്. പാകിസ്താനെതിരായ യുദ്ധത്തിലെ വിജയവും ബംഗ്ലാദേശ് രൂപീകരണവുമെല്ലാം ഇന്ദിരാഗാന്ധിയ്ക്ക് വീരപരിവേഷം നൽകി. എതിരാളികളിൽ ചിലർ തൽക്കാലത്തേക്കെങ്കിലും നിഷ്പ്രഭരായെങ്കിൽ മറ്റു ചിലർ ഇന്ദിരാഗാന്ധിയുടെ അപദാനങ്ങൾ പാടി. ഇതേക്കുറിച്ച് പ്രമുഖ പത്രപ്രവർത്തകനും ഇന്ദിരാഗാന്ധിയുടെ വിമർശകനുമായിരുന്ന കുൽദീപ് നയ്യാർ ആത്മകഥയിൽ പറയുന്നുണ്ട്: ‘‘പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്‌പേയ് ഇന്ദിരാഗാന്ധിയെ ദുർഗയെന്ന് പ്രശംസിക്കുമ്പോൾ ഞാൻ ലോക്‌സഭയിലെ പ്രസ് ഗാലറിയിൽ ഉണ്ടായിരുന്നു. പാകിസ്താന് നല്ലതുവരണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത പാർട്ടിയായിരുന്നു ജനസംഘ്. പാകിസ്താൻ പിളർന്നുപോകുന്നതിൽ അവർക്ക് വല്ലാത്ത സന്തോഷവുമുണ്ടായിരുന്നു. ഇന്ദിരാഗാന്ധി ഒരു മന്ദഹാസത്തോടെയാണ് തനിക്ക് ലഭിച്ച പ്രശംസയോട് പ്രതികരിച്ചത്. വിജയകരമായ യുദ്ധത്തിനുശേഷം തിരിച്ചെത്തിയ റോമൻ സാമ്രാജ്യാധിപന്റെ ഭാവമായിരുന്നു അവർക്ക്’’.

ഇങ്ങനെ സമ്പൂർണാധിപത്യത്തിൽനിന്ന് വലിയ തിരസ്‌ക്കാരത്തിലേക്ക് ഇന്ദിരാഗാന്ധി ഏഴുവർഷത്തിനുശേഷം എറിയപ്പെട്ടതെങ്ങനെയാണ്?

ഇടതുപക്ഷത്തേക്കും വലതുപക്ഷത്തേക്കും പലപ്പോഴായി ആടിക്കളിച്ചതായിരുന്നു ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയം. ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷം 1966 ൽ 47- മത്തെ വയസ്സിൽ പ്രധാനമന്ത്രിയാകുമ്പോൾ ഇന്ദിരാഗാന്ധിയ്ക്ക് നേരിടേണ്ടിവന്നത് കോൺഗ്രസിലെയും പുറത്തേയും എതിരാളികളെ മാത്രമായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ കൂടിയായിരുന്നു. അതിന് അവർ കണ്ട പരിഹാരം ഐ എം എഫ് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും രൂപയെ ഡീവാല്യു ചെയ്യുകയുകയുമായിരുന്നു. അവർ അമേരിക്ക സന്ദർശിക്കുകയും പ്രസിഡന്റ് ലിന്റൻ ജോൺസനോട് സഹായാഭ്യർത്ഥന നടത്തുകയും ചെയ്തു. കൗതുകകരമായ കാര്യം, രൂപയുടെ മൂല്യം കുറച്ചതടക്കമുള്ള ഇന്ദിരാഗാന്ധിയുടെ നയങ്ങളെ വലതുപക്ഷക്കാർ ഉൾപ്പെട്ട കോൺഗ്രസ് പ്രവർത്തക സമിതി തള്ളിക്കളഞ്ഞുവെന്നതാണ്. ശക്തമായ വിമർശനത്തെ തുടർന്നും അമേരിക്കയ്ക്ക് കീഴടങ്ങി എന്ന ആരോപണം നേരിടേണ്ടിവന്ന സാഹചര്യത്തിലും പിന്നീട് ഇന്ദിരാഗാന്ധി തന്റെ രാഷ്ട്രീയനീക്കങ്ങൾ ഇടത്തോട്ട് തിരിക്കുന്നതാണ് ലോകം കണ്ടത്. രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് തന്ത്രപരമായിരുന്നു ഈ മാറ്റമെന്ന് പിൽക്കാലത്തെ അവരുടെ നിലപാടുകൾ തെളിയിക്കുന്നുണ്ട്’’.

ഇടതുപക്ഷത്തേക്കും വലതുപക്ഷത്തേക്കും പലപ്പോഴായി ആടിക്കളിച്ചതായിരുന്നു ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയം.
ഇടതുപക്ഷത്തേക്കും വലതുപക്ഷത്തേക്കും പലപ്പോഴായി ആടിക്കളിച്ചതായിരുന്നു ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയം.

‘‘കറകളഞ്ഞ ഇടതുപക്ഷക്കാരനായ പി.എൻ. ഹക്‌സറെ ഉപദേശകനായി നിയമിക്കുന്നതിൽ ആരംഭിച്ച ഇന്ദിരാഗാന്ധിയുടെ ഇടതുവഴിയിലെ യാത്ര പിന്നീട് കൂടുതൽ ശക്തിപ്പെടുന്നതാണ് കണ്ടത്. ധനമന്ത്രിയായ മൊറാർജി ദേശായിയെ മാറ്റി, ബാങ്കുകൾ ദേശസാൽക്കരിച്ചു, മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയ പ്രിവ്വി പേഴ്‌സും പ്രത്യേക പദവികളും നിർത്തലാക്കി, സോവിയറ്റ് യൂണിയനുമായി സഹകരണ കരാറുണ്ടാക്കി- അങ്ങനെ ഇന്ദിരാഗാന്ധി മുന്നേറി. ഇതിൽ പ്രഖ്യാപിത വലതുപക്ഷക്കാർക്കും സോവിയറ്റ് വിരുദ്ധ സോഷ്യലിസ്റ്റുകൾക്കും മാത്രമായിരുന്നില്ല എതിർപ്പ്, കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് കൂടിയായിരുന്നു. പിന്നീടാണ് കോൺഗ്രസ് പിളരുന്നതും 1971- ൽ വലിയ വിജയമുണ്ടാകുന്നതും തുടക്കത്തിൽ സൂചിപ്പിച്ച ബംഗ്ലാദേശ് രൂപീകരണം സംഭവിക്കുകയും ചെയ്യുന്നത്’’

‘‘എന്നാൽ രാഷ്ട്രീയമായി ഉണ്ടായ അനുകൂല ഘടകങ്ങൾ വളരെ പെട്ടെന്ന് ഇല്ലാതാവുന്നതാണ് പിന്നീടുകണ്ടത്. സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലായി. മൺസൂൺ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഭക്ഷ്യോൽപാദനം കുറഞ്ഞു. വിലക്കയറ്റം രൂക്ഷമായി. ഇതേ കാലത്താണ് അമേരിക്ക ഭക്ഷ്യസഹായം പിൻവലിക്കുന്നത്. അതുപോലെ ‘ഒപെക്’ രാജ്യങ്ങൾ എണ്ണ വില നാലിരട്ടിയായി വർധിപ്പിച്ചത് ഇന്ത്യയുടെ വിദേശ വിനിമയത്തെ വലിയ രീതിയിൽ ബാധിച്ചു. എണ്ണ വില വർധിച്ചത് പണപ്പെരുപ്പത്തെ വീണ്ടും രൂക്ഷമാക്കി. 1973-ൽ വിലവർധന 23 ശതമാനമായെന്നാണ് കണക്ക്. ഇത് വലിയ അപ്രീതിയാണ് ഉണ്ടാക്കിയത്’’.

‘‘അന്നത്തെ പ്രതിപക്ഷം- ഇടത് സി.പി.ഐ- എം മുതൽ വലത് ജനസംഘ് വരെ, എടുത്ത നിലപാടിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജനകീയാവശ്യങ്ങൾക്ക് പാർലമെന്ററി രീതിയിൽ മാത്രം പരിഹാരം ഉണ്ടാവില്ലെന്ന നിലപാട് അവർ കൈക്കൊള്ളുകയും അത് തുറന്നു പറയുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഉദാഹരണങ്ങൾ ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സാമ്പത്തിക വിദഗ്ദനുമായിരുന്ന പി.എൻ. ധർ Indira Gandhi, the Emergency and Indian Democracy എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഒന്നാമതായി, സി പി എം നേതാവ് ഇ എം എസ് 1975 ജൂൺ 12 ന് പിപ്പീൾസ് ഡെമോക്രസിയിൽ എഴുതിയ ലേഖനം അദ്ദേഹം ഉദ്ധരിക്കുന്നു: ‘‘രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർലമെന്റി പ്രവർത്തനം കൊണ്ടോ തിരഞ്ഞെടുപ്പു കൊ​ണ്ടോ മാത്രം കഴിയില്ലെന്ന ബോധ്യം സി പി എമ്മിനും ഇടതുപാർട്ടികൾക്കുമുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടനാരീതികളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന നിർദ്ദേശം അവർ അംഗീകരിക്കുകയുമില്ല’’.

കറകളഞ്ഞ ഇടതുപക്ഷക്കാരനായ പി.എൻ. ഹക്‌സറെ ഉപദേശകനായി നിയമിക്കുന്നതിൽ ആരംഭിച്ച ഇന്ദിരാഗാന്ധിയുടെ ഇടതുവഴിയിലെ യാത്ര പിന്നീട് കൂടുതൽ ശക്തിപ്പെടുന്നതാണ് കണ്ടത്.
കറകളഞ്ഞ ഇടതുപക്ഷക്കാരനായ പി.എൻ. ഹക്‌സറെ ഉപദേശകനായി നിയമിക്കുന്നതിൽ ആരംഭിച്ച ഇന്ദിരാഗാന്ധിയുടെ ഇടതുവഴിയിലെ യാത്ര പിന്നീട് കൂടുതൽ ശക്തിപ്പെടുന്നതാണ് കണ്ടത്.

1974-ന് ഹൈദരാബാദിൽ ​ചേർന്ന ഭാരതീയ ജനസംഘ് യോഗത്തിൽ എ.ബി. വാജ്‌പേയ്, പാർലമെന്റിനെ സർക്കാർ സ്വാർത്ഥതാൽപര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്, ഇതിനെതിരായ പ്രതിരോധം പാർലമെന്ററി രീതികളിലൂടെ മാത്രം സാധ്യമല്ല എന്നു പറഞ്ഞു. ഇതിൽ ഏറ്റവും രൂക്ഷമായത് ഗാന്ധിയനും വിനോബഭാവെയുടെ സഹയാത്രികനുമായിരുന്ന ജയ്പ്രകാശ് നാരായന്റേതായിരുന്നു. അദ്ദേഹം പാറ്റ്‌നയിൽവെച്ച് പറഞ്ഞു: ‘‘ഞാനിതുവരെ ഭരണകൂടത്തിനെതിരെ ആയുധമെടുത്തിട്ടില്ല. അതിൽതാൽപര്യവുമില്ല. എന്നാൽ ജനങ്ങൾ അതാവശ്യപ്പെടുകയാണെങ്കിൽ ഉചിതമായ സമയത്ത് അത് ചെയ്യും’’.
അദ്ദേഹം മറ്റൊരിക്കൽ കൂട്ടിചേർത്തു: ‘‘തിരഞ്ഞെടുപ്പിലൂടെയും പാർലമെന്റിലൂടെയും വിപ്ലവം വരില്ല. സായുധമായാലും അല്ലെങ്കിലും വിപ്ലവം നടത്തുക ജനങ്ങളായിരിക്കും’’.
സൈന്യവും പോലീസും കലാപം ചെയ്യാതെ ഒരു വിപ്ലവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇതൊക്കെ സൂചിപ്പിക്കുന്നത് സർക്കാരിനെ നീക്കാനുള്ള സമ്പൂർണ്ണമായ ശ്രമങ്ങളാണ് ജെ.പിയുടെ നേതൃത്വത്തിൽ നടന്നതെന്നാണ്. ഇതിൽഭാരതീയ ജനസംഘിനെ കൂടെ ചേർക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. ഗാന്ധി വധത്തിനുശേഷം പൊതു സ്വീകാര്യത നഷ്ടമായ ആർ എസ് എസ് എങ്ങനെയെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. എം.എസ്. ഗോൾവാൾക്കരുടെ മരണത്തിനുശേഷം ആർ എസ് എസ് തലവനായ ദേവറസ്, കൂടുതൽ പ്രകടമായി തന്നെ രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങുകയയും ചെയ്തിരുന്ന കാലം കൂടിയായിരുന്നു അത്’’.

‘‘ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ടശേഷം പ്രവർത്തനത്തിൽ വലിയ തിരിച്ചടിയുണ്ടായെങ്കിലും സാമൂഹ്യ പ്രസ്ഥാനമെന്നൊക്കയുള്ള നിലയിൽ പ്രവർത്തിച്ച പല സംഘങ്ങളുമായും ആർ എസ് എസ് നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു. ഉദാഹരണത്തിന്, വിനോബഭാവെയുടെ സർവദോയ പ്രസ്ഥാനം. 1949- ൽ തന്നെ വിനോബഭാവെയുടെ പ്രസ്ഥാനവുമായി സഹകരിക്കാൻ എം.എസ്. ഗോൾവൽക്കർ ആർ എസ് എസ് പ്രവർത്തകരിൽ ചിലരോട് ആവശ്യപ്പെട്ടിരുന്നതായി വാൽട്ടർ കെ. ആന്റേഴ്‌സണും ശ്രീധർ ഡി. ഡാമ്ലെയും ചേർന്ന് എഴുതിയ The Brotherhood in Safron എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. എന്നുമാത്രമല്ല, ബിഹാറിലും ഉത്തർപ്രദേശിലും ഈ സഹകരണം ശക്തവുമായിരുന്നു. ആർ എസ് എസ് നേതാവ് നാനാ ദേശ്മുഖ് ഭൂദാന പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു. നിരാശരായ യുവതീയുവാക്കളാണ് ആർ എസ് എസിലുള്ളതെന്നും അവരെ തിരിച്ചുപിടിക്കാൻ ഇത്തരം പ്രസ്താനങ്ങളിലൂടെ സാധിക്കണമെന്നു​മുള്ള നിലപാടിലേക്ക് അപ്പോഴേക്ക് ജെ പി മാറിയിരുന്നു.

1967- ൽ വരൾച്ചയുടെ സമയത്ത് ജെ.പി ആർ എസ് എസുമായി സഹകരിച്ച് പ്രവർത്തിക്കുക പോലും ചെയ്തുവെന്ന് ഹിന്ദുത്വത്തിന്റെ വളർച്ചയെക്കുറിച്ച് സമഗ്രമായി പഠിച്ച പൊളിറ്റിക്കൽ സയന്റിസ്റ്റ് ക്രിസ്റ്റോഫ് ജാഫർലോ തന്റെ പ്രശസ്തമായ The Hindu Nationalist Movement and Indian Politics എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. പിന്നീട് എം.എസ്. ഗോൾവൽക്കർ മരിച്ചപ്പോൾ ഒരു അനുശോചന യോഗത്തിൽ അധ്യക്ഷത കൂടി ജെ.പി വഹിച്ചു’’.

‘‘അതായത്, 1948- ൽ ഗാന്ധി വധത്തിനുശേഷം ആർ എസ് എസിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ജയ്പ്രകാശ് നാരായൻ പിന്നീട് അവരുമായി പൊരുത്തപ്പെടുകയും ഇന്ദിരാഗാന്ധിയ്‌ക്കെതിരായ പോരാട്ടത്തിൽ ജനസംഘിനെയും ആർ എസ് എസിനെയും ആശ്രയിക്കുകയുമായിരുന്നു. 'നിങ്ങളെ ഫാഷിസ്റ്റാണെന്ന് വിളിക്കുകയാണെങ്കിൽ ഞാനും ഫാഷിസ്റ്റാണെന്ന്' ജനസംഘ് യോഗത്തിൽ പറയുന്നതിലേക്ക് ജെ.പി മാറി. ഇതേ സഹകരണം ആർ എസ് എസിന്റെ ഭാഗത്തുനിന്നുമുണ്ടായി. ആർ എസ് എസ് നേതാവ് ദേവറസ് ജെ.പിയെ വിശേഷിപ്പിച്ചത്, ഗാന്ധിയൻ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന നേതാവ് എന്നു മാത്രമായിരുന്നില്ല. മറിച്ച് എം.എസ്. ഗോൾവാൽക്കറിന്റെ ദർശനങ്ങൾ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്ന ജനനായകൻ എന്ന നിലയിൽ കൂടിയായിരുന്നു. (ജാഫർലോ)’’.

‘‘അടിയന്തരവസ്ഥയ്ക്ക് തൊട്ടുമുൻപും അടിയന്തരാവസ്ഥ കാലവും ജനസംഘത്തെയും ആർ എസ് എസിനെയും സംബന്ധിച്ച് വലിയ നേട്ടമായി. തങ്ങളാണ് പ്രധാന പ്രതിപക്ഷം എന്ന നിലയിലേക്ക് ജയപ്രകാശ് നാരായന്റെ സഹായത്തോടെ അവർ ഉയർത്തപ്പെട്ടു’’.

‘‘കോൺഗ്രസ് (ഒ), ഭാരതീയ ജനസംഘ്, ഭാരതീയ ലോക്ദൾ, സ്വതന്ത്ര പാർട്ടി, ജഗ്ജീവൻ റാമിന്റെ കോൺഗ്രസ് ഫോർ ഡെമോക്രസി, രാജ് നാരായന്റെയും ജോർജ്ജ് ഫെർണാണ്ടസിന്റെയും സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ നിരവധി പാർട്ടികളിൽ ഒന്നായാണ് ജനതാപാർട്ടി രൂപീകരിക്കപ്പെട്ടത്. എന്നാൽ ഇതിന്റെ പ്രയോജനവും ജനസംഘിനായിരുന്നു. കാരണം ജനതാ പാർട്ടിയിൽ തുടരുമ്പോൾ തന്നെ അവർക്ക് ആർ എസ് എസുകാരായി തുടരാനും പറ്റിയെന്നതാണ്. പിന്നീട് 1979- ലാണ് ഇരട്ട അംഗത്വം പാടില്ലെന്ന് ജനതാ പാർട്ടി വ്യക്തത വരുത്തുന്നത്. ഇതോടെ ഇന്നത്തെ ബി ജെ പിയുടെ രൂപികരണത്തിന് വഴിതെളിയുകയും ചെയ്തു’’.

1974-ന് ഹൈദരാബാദിൽ ​ചേർന്ന ഭാരതീയ ജനസംഘ് യോഗത്തിൽ  എ.ബി. വാജ്‌പേയ്, പാർലമെന്റിനെ സർക്കാർ സ്വാർത്ഥതാൽപര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്, ഇതിനെതിരായ പ്രതിരോധം പാർലമെന്ററി രീതികളിലൂടെ മാത്രം സാധ്യമല്ല എന്നു പറഞ്ഞു.
1974-ന് ഹൈദരാബാദിൽ ​ചേർന്ന ഭാരതീയ ജനസംഘ് യോഗത്തിൽ എ.ബി. വാജ്‌പേയ്, പാർലമെന്റിനെ സർക്കാർ സ്വാർത്ഥതാൽപര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്, ഇതിനെതിരായ പ്രതിരോധം പാർലമെന്ററി രീതികളിലൂടെ മാത്രം സാധ്യമല്ല എന്നു പറഞ്ഞു.

അടിയന്തരാവസ്ഥയിലെ
കമ്മ്യൂണിസ്റ്റ് പാർട്ടികൾ

വലതുപക്ഷം അടിയന്തരാവസ്ഥാ സാഹചര്യങ്ങളെ മുതലെടുക്കുമ്പോൾ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഭിന്നാഭിപ്രായമായിരുന്നു.
ഒരു ദേശീയ വിഷയത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് വ്യത്യസ്തമായ സമീപനങ്ങൾ എടുത്തത് അടിയന്തരവസ്ഥയുമായി ബന്ധപ്പെട്ട കാര്യത്തിലാവണം.

ഇന്ദിരാഗാന്ധിയ്‌ക്കെതിരായ നീക്കത്തെ കോൺഗ്രസിനെ പോലെ സി.പി.ഐയും വിലയിരുത്തിയത് നിയമസംവിധാനത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ്. വലതുശക്തികൾജെ.പിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും അതിന്റെ മുന്നണി പടയാളികളായി ആർ എസ് എസും പ്രതിലോമശക്തികളും മാറിയെന്നും അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഈ സഖ്യമെന്നും സി പി ഐ അടിയന്തരവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ വിലയിരുത്തി. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം 1976- ൽ സി പി ഐ ജനറൽ സെക്രട്ടറിയായിരുന്ന രാജേശ്വരറാവു പുറത്തിറിക്കിയ പ്രസ്താവനയിൽ, അടിയന്തരവസ്ഥയുടെ മറവിൽ അധികാരികൾ നടത്തുന്ന അമിതാധികാര പ്രവണതയേയും അറസ്റ്റുകളെയും അപലപിച്ചു. അതേസമയം അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നുവെന്ന നിലപാടിൽ പാർട്ടിക്ക് സംശയമൊന്നും ഉണ്ടായതുമില്ല.

അടിയന്തരവസ്ഥയെ എതിർക്കുമ്പോഴും, അതിൽ ആരോടൊക്കെ ഏതളവിൽ സഹകരിക്കണമെന്ന കാര്യത്തിൽ സി പി ഐ- എമ്മിൽ സംശയമുണ്ടായി. ജനസംഘുമായി രാഷ്ട്രീയമായ സഹകരണം വേണ്ടെന്ന പാർട്ടിതീരുമാനം ലംഘിക്കപ്പെടുന്നുവെന്നും ജനസംഘുമായി സഹകരിക്കാൻ മുതിർന്ന നേതാക്കൾ തന്നെ മുൻകൈയെടുക്കുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ച് പാർട്ടി ജനറൽ സെക്രട്ടറി പി. സുന്ദരയ്യ സ്ഥാനം രാജിവെയ്ക്കുന്നതിലേക്ക് പോലും അതെത്തി.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതിനുമെതിരായ യോജിച്ച പോരാട്ടമെന്നതിന് അർത്ഥം, എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ മുന്നണിയെന്നല്ല എന്ന സമീപനത്തിൽ പിന്നീട് പാർട്ടി വീഴ്ച വരുത്തിയെന്നതായിരുന്നു പി. സുന്ദരയ്യയുടെ ആക്ഷേപം. പൗരരാവകാശ സംഘടനകളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും പൗരപ്രമുഖരേയും യോജിപ്പിച്ചുള്ള പോരാട്ടമെന്നതിന് എല്ലാ പ്രതിപക്ഷ പാർട്ടികളുമായുള്ള യോജിച്ചുള്ള രാഷ്ട്രീയ മുന്നണിയെന്നല്ല അർത്ഥമെന്ന കാര്യം അന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ പിന്നീടുള്ള നിർദ്ദേശങ്ങളിൽ ഇത് ഉൾക്കൊളളിക്കാതെ ഇന്ദിരാഗാന്ധിയ്ക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയമുന്നണിയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയെന്നുമായിരുന്നു പി. സുന്ദരയ്യയുടെ ആക്ഷേപം.

അടിയന്തരവസ്ഥയ്ക്ക് മുൻപും പിൻപും ഇന്ദിരാഗാന്ധിയ്‌ക്കെതിരായ ജനവികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ഹിന്ദുത്വ ശക്തികൾക്ക് മാത്രമാണെന്ന് ചുരുക്കം. 1980- കൾ മുതൽ ബി ജെ പിയുണ്ടാക്കിയ രാഷ്ട്രീയ കുതിപ്പിന്റെ അടിത്തറ 70- കളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്ന് പറയാം.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം:

ജെ.പി, ജനസംഘിനെയും
ആർ.എസ്.എസിനെയും
കൈപിടിച്ചുയർത്തിയ കാലം

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 235

Comments