ബഹുസ്വര ഇന്ത്യക്കുവേണം ഒരു തെക്ക്

ഇന്ത്യ ഒരു ഏക ദേശീയതാ സങ്കല്പനമായി രൂപം കൊണ്ട ചരിത്രയാഥാർഥ്യങ്ങൾ വിശകലനം ചെയ്തുകൊണ്ട്, രാജ്യം അതിന്റെ ചരിത്രാസ്തിത്വത്തിലെ ഏറ്റവും നിർണ്ണായകമായ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രമോദ് പുഴങ്കര. ഉപദേശീയതകളുടെ സ്വയംഭരണാവകാശത്തിനും സ്വതന്ത്രമായ അസ്തിത്വത്തിനും വേണ്ടി നിലകൊള്ളുന്ന തെക്കേ ഇന്ത്യയും ഹിന്ദുത്വ രാഷ്‌ടീയത്തിന്റെ  ശക്തികേന്ദ്രമായ ഹിന്ദി ഭൂപ്രദേശവും തമ്മിലുള്ള വൈരുധ്യം അതിസങ്കീർണമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്ന വാദവും മുന്നോട്ടുവക്കുന്നു.

കാശ്മീർ മുതൽ കന്യാകുമാരി വരെ എന്ന ഇന്ത്യ എന്ന രാഷ്ട്രീയ ഭൂപ്രദേശം ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ദേശ രാഷ്ട്രമാണ്. അത് അനാദിയായ കാലം മുതലുള്ളതോ ആചന്ദ്രതാരം നിലനിൽക്കുന്നതോ ആയ ഒന്നല്ല. അങ്ങനെയാകണമെന്നത് ചരിത്രനിരപേക്ഷമായ ആഗ്രഹചിന്ത മാത്രമാണ്.

നിരന്തരമായ പുതുക്കലുകളും പരിവർത്തനങ്ങളും നിറഞ്ഞതാണ് ജനതകളുടെ ദേശ- രാഷ്ട്ര സംവിധാനങ്ങൾ. അത് നാനാവിധത്തിലുള്ള കാരണങ്ങൾക്കൊണ്ട് നിരന്തരമായ ചോദ്യം ചെയ്യലുകൾക്കും സംഘർഷഭരിതമായ ഇളകിമറിയലുകൾക്കും വിധേയമാകും. ആന്തരിക വൈവിധ്യത്തെ അസ്വീകാര്യമായിക്കാണുന്ന, അടിച്ചമർത്തുന്ന ഒരു കേന്ദ്രസംവിധാനമാണ് അതിനെ നിയന്ത്രിക്കുന്നതെങ്കിൽ ആ ഘടനയുടെ തകർച്ച എപ്പോഴാണ് സംഭവിക്കുന്നത് എന്നതിൽ മാത്രമേ ആശയക്കുഴപ്പമുള്ളൂ. ഇന്ത്യയും അത്തരത്തിലൊരു ചരിത്ര, കാല സാധ്യതയിൽ നിന്നും മുക്തമല്ല. 

‘ഇന്ത്യ’ എന്ന ആശയം

ഇന്ത്യ എന്നത് ഒരു ഏക ദേശീയതാ സങ്കല്പനമായി രൂപപ്പെടുന്നത് ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഭാഗമായാണ്. അതുവരേക്കും അത്തരത്തിലൊരു ദേശീയതാ സങ്കല്പനമോ രാഷ്ട്രീയ ആശയമോ ഉണ്ടായിരുന്നില്ല. തങ്ങളുടെ ഭരണസംവിധാനത്തിന് തങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളെ ഒരൊറ്റ ഖണ്ഡമായി കാണുക എന്ന ബ്രിട്ടീഷ് ഭരണ സൗകര്യത്തിന്റെ കൂടി ഭാഗമായിരുന്നു അത്. സ്വാഭാവികമായും തൊട്ടുതൊട്ടുകിടക്കുന്ന ഭൂപ്രദേശങ്ങൾ എന്ന നിലയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനാകെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും ജനജീവിതത്തിന്റെ രീതികളിലുമായി വലിയ തോതിലുള്ള ചാർച്ചകളും ചേർച്ചകളും കൊടുക്കൽ വാങ്ങലുകളുമുണ്ടായിരുന്നു. ഭാഷയുടെ കാര്യത്തിലാണെങ്കിൽ ഇത് വളരെ പ്രകടവുമായിരുന്നു. (ഈ ഭാഷാബന്ധത്തിൽ തെക്കേ ഇന്ത്യ വലിയ വ്യത്യാസം പുലർത്തി എന്നതാണ് ഇന്ത്യയെ തെക്കും വടക്കുമാക്കി വേർതിരിക്കുന്ന വലിയൊരു ഘടകം. അതിന്റെ അത് ഭാഷയിൽ മാത്രമായി തുടങ്ങുന്നതോ ഒടുങ്ങുന്നതോ അല്ലതാനും.)  ബ്രിട്ടീഷ് കൊളോണിയൽ ചരിത്ര രചനാരീതിശാസ്ത്രത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന സങ്കല്പനത്തിന് കൊളോണിയൽ വിരുദ്ധ സമരത്തിലൂടെ ഒരു തുടർച്ചയുണ്ടായി. ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരത്തിനു കീഴിലുണ്ടായിരുന്ന എല്ലാ ജനതകൾക്കും കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഭാഗമാകാൻ അത്തരത്തിലൊരു സാർവത്രിക സ്വീകാര്യതയുള്ള ദേശീയത സങ്കല്പനം ആവശ്യമായിരുന്നു. 

ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം ബ്രിട്ടീഷ് ചരിത്രരചനാ മാതൃകയെ ഒരു പരിധിവരെ പിൻപറ്റി എന്നത് വസ്തുതയാണ്.
ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം ബ്രിട്ടീഷ് ചരിത്രരചനാ മാതൃകയെ ഒരു പരിധിവരെ പിൻപറ്റി എന്നത് വസ്തുതയാണ്.

ബ്രിട്ടീഷുകാരുടെ വരവിനോ അവരുടെ ഇന്ത്യാ ചരിത്രനിർമാണ പ്രക്രിയക്കോ മുമ്പ് ഇന്ന് നമ്മൾ ‘ഇന്ത്യ’ എന്ന് പറയുമ്പോൾ കണക്കാക്കുന്ന ഒരു ഭൂഭാഗത്തെ ഒരൊറ്റ ഏകകമായി സങ്കല്പിച്ചരുന്നില്ല. ഇന്ത്യ എന്നൊരു ആശയമേ അന്നുണ്ടായിരുന്നില്ല. അത് നിരവധിയായ നാട്ടുരാജ്യങ്ങളും പരസ്പരബന്ധം ദുഷ്ക്കരമായ ജനതകളുമായി വേർതിരിഞ്ഞുകിടക്കുകയായിരുന്നു. ഒരു പ്രദേശത്തിന്റെ ചരിത്രമെഴുതുമ്പോൾ അതിനെ ഒരു കേന്ദ്ര പ്രമേയത്തിനുകീഴിൽ കൊണ്ടുവരുന്ന ചരിത്ര രചനാരീതിയാണ് യൂറോപ്യൻ /ബ്രിട്ടീഷ് ചരിത്രകാരർ പരിചയിച്ചിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയെ കാണാൻ അവർക്ക് കഴിഞ്ഞതുമില്ല. അതവരുടെ കൊളോണിയൽ പദ്ധതിയുടെ ആവശ്യവുമായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് ഇന്ത്യകളായാണ് അവർ ഇന്ത്യാ ചരിത്രത്തെ നിർമിച്ചെടുത്തത്. അതിനവർ ആശ്രയിച്ച രേഖകളും ഗ്രന്ഥങ്ങളും സ്രോതസ്സുകളുമെല്ലാം സംസ്കൃത ഭാഷയിലുള്ളതും ബ്രാഹ്മണ്യ മേധാവിത്തമുള്ളതുമായിരുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയതയുടെ നിർമാണത്തിൽ ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റം ഇതേ കൊളോണിയൽ ചരിത്ര നിർമിതിയെയാണ് ഒരു പരിധിവരെ ആശ്രയിച്ചത്. 

ഇന്ത്യാ ചരിത്രത്തെ ബ്രിട്ടീഷ് ഭരണത്തിനുവേണ്ട രീതിയിൽ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് കാലവുമായി കാണുകയും മിക്കപ്പോഴും തങ്ങളുടേതല്ലാത്ത മറ്റെല്ലാത്തിനേയും അപരിഷ്കൃതവും അവികസിതവുമായി കാണുന്ന ചരിത്രനിർമാണവും ഉണ്ടായി.

കൊൽക്കത്തയിൽ സ്ഥാപിച്ച ഏഷ്യാറ്റിക് സൊസൈറ്റിയും (1784) ഇന്ത്യയുടെ ചരിത്രത്തെ പൗരസ്ത്യവാദ ചരിത്രരചനയിലൂടെ കാണുന്ന ആഖ്യാനവും വളരെ ശക്തമായ സ്വാധീനം ചെലുത്തി. വില്യം ജോൺസ് അടക്കമുള്ള ചരിത്രമെഴുത്തുകാർ ഇതിന്റെ ഭാഗമായി. ഇന്ത്യയുടെ ഭൂതകാലത്തെ ഒരുതരം മഹിമ നിറഞ്ഞ ആത്മീയ പരിവേഷമുള്ള ജീവിതക്രമവും സമൂഹവുമായി ചിത്രീകരിക്കുന്നത് ഇതിലൂടെയാണ്. പിന്നീട് വ്യാവസായിക വിപ്ലവത്തിന്റെ ഭൗതികാധിക്യത്തിൽ നിന്ന് പൗരസ്ത്യ ആത്മീയതയിലേക്ക് ഭ്രമിച്ച യൂറോപ്യൻ കാല്പനികതയും ജർമൻ കാല്പനികതയുമൊക്കെ ഈ വഴിക്ക് നീങ്ങി. ഇന്ത്യാ ചരിത്രത്തെ ബ്രിട്ടീഷ് ഭരണത്തിനുവേണ്ട രീതിയിൽ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് കാലവുമായി കാണുകയും മിക്കപ്പോഴും തങ്ങളുടേതല്ലാത്ത മറ്റെല്ലാത്തിനേയും അപരിഷ്കൃതവും അവികസിതവുമായി കാണുന്ന ചരിത്രനിർമാണവും ഇതിനൊപ്പമുണ്ടായി. ജെയിംസ് മില്ലും തോമസ് മെക്കാളെയുമൊക്കെ ഇത്തരത്തിലായിരുന്നു ഇന്ത്യയുടെ ചരിത്രത്തെ എഴുതിയുണ്ടാക്കിയത്. 

ലോകത്തെങ്ങും കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരങ്ങൾ നടന്നിരുന്ന ചരിത്രകാലമാകട്ടെ അത്തരത്തിൽ കൊളോണിയൽ ഭരണത്തിനുകീഴിൽ കഴിയുന്ന ജനതകളുടെ ഐക്യം ഒരു അടിയന്തര ആവശ്യമാക്കി മാറ്റി.
ലോകത്തെങ്ങും കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരങ്ങൾ നടന്നിരുന്ന ചരിത്രകാലമാകട്ടെ അത്തരത്തിൽ കൊളോണിയൽ ഭരണത്തിനുകീഴിൽ കഴിയുന്ന ജനതകളുടെ ഐക്യം ഒരു അടിയന്തര ആവശ്യമാക്കി മാറ്റി.

കൊളോണിയൽ വിരുദ്ധ സമരത്തിന്റെ കൂടി ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയിലെ ജനതകളെ മുഴുവൻ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ദേശീയതാ സങ്കല്പനമുണ്ടാക്കുമ്പോൾ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം ഈ ബ്രിട്ടീഷ് ചരിത്രരചനാ മാതൃകയെ ഒരു പരിധിവരെ പിൻപറ്റി എന്നത് വസ്തുതയാണ്. ഒരു വശത്ത് ഇന്ത്യയുടെ ‘സുവർണ യുഗം’ എന്ന തീർത്തും സാങ്കല്പികമായ ചരിത്രനിർമാണത്തെ പിൻപറ്റുകയും എന്നാൽ ഇന്ത്യ ഒരു അപരിഷ്കൃത സമൂഹമാണെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ വിശകലനത്തെ അത് തള്ളിക്കളയുകയും ചെയ്തു. തിയോസഫിക്കൽ സൊസൈറ്റിയും ആര്യ സമാജവും പോലുള്ള സംഘങ്ങളും പിൽക്കാലത്ത് ഹിന്ദുത്വ രാഷ്ട്രീയവാദികളും  ഈ ഭൂതകാല മഹിമയെ ആര്യ വംശ മഹിമയുടെയും വേദമഹിമയുടേയുമൊക്കെ ഭാഗമാക്കി മാറ്റി. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനുകീഴിൽ 1860-കളിൽ  തുടങ്ങിയ സെൻസസ് നടപടികളിലൂടെ ‘ഹിന്ദു മതം’ എന്നൊരു വിശാല വിഭാഗത്തെ രൂപപ്പെടുത്തുകയും അതുവരെ വിവിധ തരത്തിൽ ജാതികളും ഉപജാതികളും അതിനെല്ലാം പുറത്തുള്ളവരുമായി നിന്ന മനുഷ്യരെയെല്ലാം അതിലേക്ക് ചേർത്തിടുകയും ചെയ്തു. വാസ്തവത്തിൽ യൂറോപ്യൻ സമൂഹത്തിലെ മതവിഭജനത്തിനനുസൃതമായിരുന്നു ഇത്. എന്തായാലും ഇന്ത്യൻ ദേശീയതയുടെ രൂപപ്പെടലിൽ ഇതും വലിയ ഘടകമായി മാറി. 

ഒരു ചരിത്രകാലഘട്ടമുണ്ടാക്കിയെടുത്ത രാഷ്ട്രീയ ദേശീയത, ആ ചരിത്രകാലത്തിന്റെ പൊതുസ്വഭാവങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങുന്ന ഏതാണ്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കാമെന്നേയുള്ളു, അതേതാണ്ട് അസാധ്യമാണ്. 

സ്വതന്ത്ര ഇന്ത്യയും ഉപദേശീയതകളും

ദേശീയ സ്വാതന്ത്ര്യ സമരം ആഴത്തിൽ വ്യാപിക്കുന്തോറും ഈ പുത്തൻ ദേശീയതയുടെ സ്വഭാവവും സാർവ്വത്രികമായ സ്വീകാര്യത നേടുന്ന തരത്തിലുള്ളതായി മാറി. ഒരുപക്ഷെ അത്തരമൊരു തരത്തിൽ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം അതിനെ ബോധപൂർവ്വം രൂപപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയൽ ഭരണം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേ തരത്തിലുള്ള ആധിപത്യമാണ് പുലർത്തിയത് എന്നതുകൊണ്ട് ഒരു പൊതുശത്രുവിനെതിരെ അണിനിരക്കുമ്പോൾ വേണ്ട ഐക്യവും വളരെ പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി എന്നീ രാഷ്ട്രീയ സംഘടനകൾക്ക് അവയുടെ വിശാലമായ രാഷ്ട്രീയ പരിപാടികളെ ഇന്ത്യയിൽ മുഴുവൻ വ്യാപിപ്പിക്കാൻ ഏറ്റക്കുറച്ചിലുകളോടെ കഴിഞ്ഞു. ലോകത്തെങ്ങും കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരങ്ങൾ നടന്നിരുന്ന ആ ചരിത്രകാലമാകട്ടെ അത്തരത്തിൽ കൊളോണിയൽ ഭരണത്തിനുകീഴിൽ കഴിയുന്ന ജനതകളുടെ ഐക്യം ഒരു അടിയന്തര ആവശ്യവുമാക്കി മാറ്റി. അങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വലിയ വൈവിധ്യമുള്ള ജനതകൾ കൊളോണിയൽ ഭരണത്തിനെതിരായ മുന്നേറ്റത്തിന് സമഗ്രമായ ഏകത്വം നൽകിയത്. അതൊരു ചരിത്രഘട്ടത്തിലെ പ്രത്യേക നിലയായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ ആ നില മാറി. അത്തരത്തിലൊരു ഏകത്വം ഇന്ത്യയെന്ന ബഹുസ്വര ജനതകളുടെ ആവാസഭൂപ്രദേശത്ത് തുടർന്നുകൊണ്ടുപോരുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലായിരുന്നു. അതായത് ഒരു ചരിത്രകാലഘട്ടമുണ്ടാക്കിയെടുത്ത രാഷ്ട്രീയ ദേശീയത, ആ ചരിത്രകാലത്തിന്റെ പൊതുസ്വഭാവങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങുന്ന ഏതാണ്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കാമെന്നേയുള്ളു, അതേതാണ്ട് അസാധ്യമാണ്. 

രണ്ടു തരത്തിൽ അത് സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്താമായിരുന്നു.
ഒന്ന്, എങ്ങനെയാണോ ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒരു കേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ അടിച്ചമർത്തിയത് അതിന്റെ അല്പം കാഠിന്യം കുറഞ്ഞൊരു പതിപ്പായി പുതിയ ഇന്ത്യൻ യൂണിയൻ പ്രവർത്തിക്കുക.
രണ്ട്, ജനാധിപത്യപരമായ സ്വയംഭരണാവകാശമുള്ള സംസ്ഥാനങ്ങളുടെ യൂണിയനായി ഇന്ത്യ നിലനിൽക്കുക.

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേല്‍
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേല്‍

നിർഭാഗ്യവശാൽ ആദ്യത്തെ മാർഗമാണ് ഇന്ത്യയുടെ ഭരണഘടനയിലടക്കം മേൽക്കൈ നേടിയത്. ഫെഡറൽ ഘടനയിൽ ഈ രാജ്യത്തെ മാറ്റിയെടുക്കുന്നതിന് വളരെ ചെറിയ സാധ്യതകളാണ് ഭരണഘടന പോലും അവശേഷിപ്പിച്ചത്. ആ സാധ്യതകളെ ബലപ്പെടുത്തുകയും അതിനെ കൊണ്ടുപോവുകയും ചെയ്യുക എന്ന സമരമാകട്ടെ ഏറെക്കാലം ഇന്ത്യയിൽ ദുർബ്ബലമായിരുന്നു. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രീയാധികാരവും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്ന രാഷ്ട്രീയ പദ്ധതിയും ഇന്ത്യയിൽ ഭരണാധികാരം ഊട്ടിയുറപ്പിച്ചതോടെ പഴയ മട്ടിലുള്ള ഇന്ത്യയുടെ നിലനിൽപ്പ് ഏതാണ്ട് അസാധ്യമാകാൻ പോവുകയാണ്. അത് ഏറ്റവും പ്രബലമായി സംഭവിക്കാൻ പോകുന്നത് വടക്കെ ഇന്ത്യയും ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് നിയാമകമായ മേൽക്കൈ നേടാനാകാത്ത തെക്കെ ഇന്ത്യയും തമ്മിലുള്ള ചേർന്നുനിൽപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തവിധത്തിൽ രൂപപ്പെടുന്ന സംഘർഷങ്ങളിലൂടെയായിരിക്കും. അതിന്റെ സ്വഭാവവും അതിന്റെ കാലവും ഇപ്പോൾ നമുക്ക് പ്രവചിക്കാനാകില്ലെങ്കിലും ഹിന്ദുത്വ രാഷ്ട്രീയാധികാരം ശക്തിപ്രാപിക്കുന്തോറും വടക്കേ ഇന്ത്യയുമായുള്ള തെക്കെ ഇന്ത്യയുടെ വേർപിരിയലിന്റെ സാധ്യത കൂടുതൽ തെളിഞ്ഞുവരും. 

ഉപദേശീയതകളെ എങ്ങനെയാണ് ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവിധാനത്തിലൂടെ കൂട്ടിയിണക്കി നിലനിർത്തുക എന്നതാണ് പ്രശ്നം. അതിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാലം തൊട്ടേ ഇന്ത്യൻ ഭരണകൂടം പരാജയപ്പെടാൻ തുടങ്ങിയിരുന്നു.

ഉപ ദേശീയതകളുടെ സാംഗത്യവും പ്രസക്തിയും അവയുടെ നിലനില്പിനുള്ള അവകാശവും ഒരു യാഥാർത്ഥ്യമാണ്. ദേശീയതയെ അപ്രസക്തമാക്കുന്ന സാർവ്വലൗകികതയുടെ ബഹുസ്വര ജനാധിപത്യ രാഷ്ട്രീയകാലത്തിനു മാത്രമേ ഉപ ദേശീയതകളെ ഗുണപരമായി നിർജ്ജീവമാക്കാൻ കഴിയൂ. അതായത് ഇന്ത്യ എന്നൊരു ദേശീയത രാഷ്ട്രീയമായി ഉണ്ടാക്കിയെടുക്കുമ്പോൾ അതിലും എളുപ്പത്തിൽ  തമിഴനാടും ബംഗാളും മലയാളനാടും രൂപപ്പെടും. അത് നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാകും സംഭവിക്കുന്നത്. പക്ഷെ അതൊഴിവാക്കാനാകില്ല. അത്തരത്തിലുള്ള ഉപദേശീയതകളെ  എങ്ങനെയാണ് ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവിധാനത്തിലൂടെ കൂട്ടിയിണക്കി നിലനിർത്തുക എന്നതാണ് പ്രശ്നം. അതിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാലം തൊട്ടേ ഇന്ത്യൻ ഭരണകൂടം പരാജയപ്പെടാൻ തുടങ്ങിയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഭരണാധികാരം നേടിയതോടെ ഏകശിലാ രൂപത്തിലുള്ള ഒരു ഇന്ത്യയെ നിർമിച്ചെടുക്കുന്ന രാഷ്ട്രീയപദ്ധതിയുടെ ഭാഗമായി ആ കൂട്ടിയിണക്കൽ പ്രക്രിയ അതിന്റെ ഊർദ്ധ്വൻ വലിക്കുകയാണ്. ഇന്ത്യയെന്ന രാഷ്ട്രശരീരത്തിൽ നിന്നും കൂടൊഴിയുന്ന കിളികളെപ്പോലെ ഉപദേശീയതകൾ പറക്കാൻ തുടങ്ങും. ഹിന്ദുത്വ ഇന്ത്യയെ സാധ്യമാക്കുന്ന വടക്കേ ഇന്ത്യയുടെ പശുപ്രദേശവുമായി സലാം പറഞ്ഞായിരിക്കും അത് ആ സംഘർഷത്തിന്റെ ഋതുക്കളെ  വിളിച്ചുവരുത്തുക. 

ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രീയാധികാരവും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്ന രാഷ്ട്രീയ പദ്ധതിയും ഇന്ത്യയിൽ ഭരണാധികാരം ഊട്ടിയുറപ്പിച്ചതോടെ പഴയ മട്ടിലുള്ള ഇന്ത്യയുടെ നിലനിൽപ്പ് ഏതാണ്ട് അസാധ്യമാകാൻ പോവുകയാണ്.
ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രീയാധികാരവും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്ന രാഷ്ട്രീയ പദ്ധതിയും ഇന്ത്യയിൽ ഭരണാധികാരം ഊട്ടിയുറപ്പിച്ചതോടെ പഴയ മട്ടിലുള്ള ഇന്ത്യയുടെ നിലനിൽപ്പ് ഏതാണ്ട് അസാധ്യമാകാൻ പോവുകയാണ്.

ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് തെക്കേ ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ സമരങ്ങൾക്കൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും ജാതിവിരുദ്ധ സമരങ്ങളും ഉയർന്നുവന്നിരുന്നു. മഹാരാഷ്ട്രയിലും ബംഗാളിലും പഞ്ചാബിലും ഇതുപോലുള്ള സമരങ്ങളുണ്ടായി. മഹാരാഷ്ട്രയിൽ ജോതിബാ ഭൂലെയുടെ സത്യശോധക് സമാജ്, പിന്നീട് ബി.ആർ. അംബേദ്ക്കറുടെ നേതൃത്വത്തിൽ പ്രധാനമായും മഹറുകളെ സംഘടിപ്പിച്ചുകൊണ്ടുള്ള ജാതിവിരുദ്ധ സമരങ്ങൾ എന്നിവ വലിയ സ്വാധീനമുണ്ടാക്കി. പഞ്ചാബിൽ ആദ് ധർമ്മ ജാതി വിരുദ്ധ മുന്നേറ്റം മംഗു റാമിന്റെ നേതൃത്വത്തിലുണ്ടായി. മംഗു റാം വിപ്ലവ കക്ഷിയായ ഗദ്ദർ പാർട്ടിക്കാരൻ കൂടിയായിരുന്നു എന്നത് അതിന്റെ ചരിത്രധാരകളെ സവിശേഷമാക്കുന്നുണ്ട്. ബംഗാളിൽ നാമ ശൂദ്ര മുന്നേറ്റവും ജാതി വിവേചനത്തിനെതിരായി നടന്നു.

ഡോ. ബി.ആർ. അംബേദ്ക്കർ
ഡോ. ബി.ആർ. അംബേദ്ക്കർ

കേരളത്തിൽ തൊട്ടുകൂടാത്തവരായി അടിച്ചമർത്തപ്പെട്ട ഭൂരഹിത കർഷക തൊഴിലാളികൾ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് സമരമടക്കമുള്ള ശാരീരികമായ ഏറ്റുമുട്ടലുകളടക്കമുള്ള ചെറുത്തുനിൽപ്പും പ്രധാനമായും ഈഴവരുൾപ്പെടുന്ന അവർണ വിഭാഗങ്ങളിൽ ശ്രീ നാരായണഗുരുവിന്റെ വലിയ സ്വാധീനവും കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോയി. തമിഴ്‌നാട്ടിൽ ഇയോതീ താസ്, രെത്തമലൈ ശ്രീനിവാസൻ എന്നിവരിൽ നിന്ന് 19ാം നൂറ്റാണ്ടിൽ നിന്ന് തുടങ്ങിയ ജാതിവിരുദ്ധ മുന്നേറ്റങ്ങൾ ബ്രാഹ്മണാധിപത്യ വിരുദ്ധ ജസ്റ്റിസ് പാർട്ടിയിലും ഇ.വി. രാമസ്വാമി നായകരുടെ സ്വാഭിമാന മുന്നേറ്റത്തിലുമെത്തി. കേരളത്തിൽ ക്ഷേത്ര പ്രവേശന സമരങ്ങൾ നടന്നു. മഹാരാഷ്ട്രയിലും പൊതുവഴികൾക്കും പൊതുകുളങ്ങൾക്കും മുകളിൽ ദലിതർ അവകാശമുന്നയിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ആധുനികതയെ ജാതിവിരുദ്ധ സമരത്തിന്റെ ഇന്ധനമാക്കാനുള്ള ശ്രമങ്ങൾ നടത്തി. ദേശീയ സ്വാതന്ത്ര്യ സമരവുമായി ചേർന്നുനിന്നും  അല്ലാതെയും ജാതിവിരുദ്ധ സമരങ്ങൾ നടന്നു. ഈയൊരു ധാര പശു പ്രദേശ വടക്കേ ഇന്ത്യയിൽ വേണ്ടത്ര സജീവമായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റവും ഒരു പരിധിവരെ കമ്യൂണിസ്റ്റ് പാർട്ടിയും സജീവമായ ഹിന്ദി പ്രദേശങ്ങളിലും ഇത്തരത്തിലുള്ള വലിയ ജാതിവിരുദ്ധ മുന്നേറ്റങ്ങൾ കുറവായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജാതി വിരുദ്ധതയില്ലാത്തതും ജാതി വിവേചനത്തിനെതിരായതുമായ പതിഞ്ഞ പരിശ്രമങ്ങളാണ് അവിടെ നടന്നിരുന്നുള്ളൂ. 

അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് സമരമടക്കമുള്ള ശാരീരികമായ ഏറ്റുമുട്ടലുകളടക്കമുള്ള ചെറുത്തുനിൽപ്പും ശ്രീനാരായണഗുരുവിന്റെ വലിയ സ്വാധീനവും കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോയി.   Illustration : Roshni
അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് സമരമടക്കമുള്ള ശാരീരികമായ ഏറ്റുമുട്ടലുകളടക്കമുള്ള ചെറുത്തുനിൽപ്പും ശ്രീനാരായണഗുരുവിന്റെ വലിയ സ്വാധീനവും കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോയി. Illustration : Roshni

തെക്കേ ഇന്ത്യയെ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചത് ഇതു മാത്രമല്ല. ഈ ജാതിവിരുദ്ധ മുന്നേറ്റങ്ങളിൽ നിന്ന് രാഷ്ട്രീയാധികാരത്തിലേക്ക് നടന്നുകയറുന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾ സ്വാതന്ത്ര്യ സമരകാലത്തും അതിനു പിന്നാലെയുമായി ഇവിടെയുണ്ടായി. ഇത് തെക്കേ ഇന്ത്യയിലെമ്പാടും ഒരേ രീതിയിൽ സംഭവിച്ചു എന്ന് കണക്കാക്കേണ്ടതില്ല. എന്നാൽ പല തരത്തിൽ ഇതുണ്ടായി. ഇക്കാര്യത്തിൽ തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിനും കേരളത്തിൽ  കമ്യൂണിസ്റ്റ് പാർട്ടിക്കും വലിയ പങ്കുണ്ട്. തമിഴ്‌നാട്ടിൽ ദ്രാവിഡ പ്രസ്ഥാനം അതിനെ സ്വത്വവാദപരമായ രാഷ്ട്രീയത്തിൽത്തന്നെ നിലനിർത്തിയാണ് മുന്നോട്ടുപോയതെങ്കിൽ കേരളത്തിലും ആന്ധ്രയിലും കമ്യൂണിസ്റ്റ്  പാർട്ടി അതിനെ ജന്മിത്വ, ഭൂപ്രഭു വിരുദ്ധ സമരങ്ങളായി  പരിവർത്തിപ്പിച്ചു. പുന്നപ്ര- വയലാറടക്കമുള്ള കേരളത്തിലെ നിരവധിയായ ജന്മിത്വ വിരുദ്ധ സമരങ്ങൾ ഇങ്ങനെ നടന്നതാണ്. ആന്ധ്രയിലെ ഐതിഹാസികമായ തെലങ്കാന സമരവും ഇത്തരത്തിലുള്ള മുന്നേറ്റമായിരുന്നു. തെലങ്കാന സമരകാലത്ത് ഏതാണ്ട് 3000 ഗ്രാമങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഭൂവുടമകളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകത്തൊഴിലാളികൾക്കും ഗ്രാമീണർക്കും വിതരണം ചെയ്തത്. അതിനീചമായ ജാതി വിവേചനത്തിനെതിരെയും നൈസാമിന്റെ വാഴ്ചക്കെതിരെയും നൈസാമിന്റെ അടിച്ചമർത്തൽ സംഘമായ റസാക്കർമാർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാർട്ടി നടത്തിയത്. ജാതി, ജന്മിത്വ വിരുദ്ധ സമരമെന്ന രാഷ്ട്രീയത്തെ കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുകൊണ്ടുപോയി. ഹിന്ദി ഭൂപ്രദേശമാകട്ടെ ഇത്തരത്തിലുള്ള ചരിത്രസാദ്ധ്യതകൾ ഒഴിഞ്ഞുപോയ ശൂന്യതയിലേക്കാണ് സ്വാതന്ത്ര്യാനന്തരം പതിച്ചത്. 

ജാതിവിരുദ്ധമുന്നേറ്റങ്ങളിൽ നിന്ന് രാഷ്ട്രീയാധികാരത്തിലേക്ക് നടന്നുകയറുന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾ സ്വാതന്ത്ര്യ സമരകാലത്തും അതിനു പിന്നാലെയുമായി ഇവിടെയുണ്ടായി. ഇക്കാര്യത്തിൽ തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിനും കേരളത്തിൽ  കമ്യൂണിസ്റ്റ് പാർട്ടിക്കും വലിയ പങ്കുണ്ട്.    Photo : Muhammed Fasil
ജാതിവിരുദ്ധമുന്നേറ്റങ്ങളിൽ നിന്ന് രാഷ്ട്രീയാധികാരത്തിലേക്ക് നടന്നുകയറുന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾ സ്വാതന്ത്ര്യ സമരകാലത്തും അതിനു പിന്നാലെയുമായി ഇവിടെയുണ്ടായി. ഇക്കാര്യത്തിൽ തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിനും കേരളത്തിൽ  കമ്യൂണിസ്റ്റ് പാർട്ടിക്കും വലിയ പങ്കുണ്ട്. Photo : Muhammed Fasil

കൊളോണിയൽ വിരുദ്ധ സമരപോരാട്ടങ്ങളിൽ വടക്കേ ഇന്ത്യയിൽ പകരം വെക്കാനില്ലാത്ത ജനമുന്നേറ്റങ്ങൾ ഉണ്ടായതുകൊണ്ടുകൂടിയാണ് ദേശീയ വിമോചനസമരം മുന്നോട്ടുപോയത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം കൊളോണിയൽ ബാധയൊഴിഞ്ഞ രാഷ്ട്രശരീരത്തിലെ വൈരുധ്യങ്ങളോടുള്ള അതിന്റെ പോരാട്ടത്തെ മുന്നോട്ടു കൊണ്ടുപോകാവുന്ന രാഷ്ട്രീയധാര അവിടെ രൂപപ്പെട്ടില്ല. പകരം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭൂപ്രഭു- ബൂർഷ്വാ കൂട്ടുകെട്ടിന്റെ ഭരണവർഗം ഒരുതരത്തിലുള്ള ജഡാവസ്ഥയിലേക്ക് ആ സമൂഹത്തെ വീണ്ടും വീഴ്ത്തിക്കളഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മുൻ രാജാക്കന്മാരുടെയും ഒക്കെ ജീർണമിശ്രിതം അതിനെ നിരന്തരം രോഗാതുരമാക്കിക്കൊണ്ടിരുന്നു. തെക്കേ ഇന്ത്യയിൽ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു എന്നല്ല ഇതിനർത്ഥം, എന്നാൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കൊളോണിയൽ വിരുദ്ധ സമരത്തിനൊപ്പം നടന്ന സാമൂഹ്യ, രാഷ്ട്രീയ സമരങ്ങൾക്ക് അവിടെ രാഷ്ട്രീയത്തുടർച്ചയുണ്ടായി എന്നതാണ്. അതൊരു ചെറിയ കാര്യമായിരുന്നില്ല. ഇന്നിപ്പോൾ തെക്കേ ഇന്ത്യയെ വടക്കേ ഇന്ത്യയിൽ നിന്നും ഭിന്നമാക്കുന്ന ഗുണപരമായ മിക്ക ഘടകങ്ങളും ആ മുന്നേറ്റത്തിന്റെകൂടി ഫലമാണ്. 

ഹിന്ദി മുഴുവൻ ഇന്ത്യയുടെയും ഭാഷയാക്കണമെന്ന കാര്യത്തിൽ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യയും ഹിന്ദുത്വ കക്ഷി ജനസംഘവും അതിനു മുമ്പ് കോൺഗ്രസിലെ ഹിന്ദു യാഥാസ്ഥിതിക വിഭാഗക്കാരുടെ നേതാവ് പി.ഡി. ടണ്ഡനുമെല്ലാം ഒരേ അഭിപ്രായക്കാരായിരുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെയും അതിന്റെ ഉപ ദേശീയതകളെയും വേണ്ട വിധത്തിൽ ഉൾക്കൊള്ളാനുള്ള വൈമുഖ്യം ദേശീയ സ്വാതന്ത്ര്യ സമരകാലത്തുതന്നെ പ്രബലമായിരുന്നു. കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ ദേശീയതയെ മാറ്റങ്ങളില്ലാത്ത വസ്തുതയായി സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി മാറ്റാൻ നടത്തിയ ശ്രമങ്ങൾ ഇതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമാണ്. 1960-കളിൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഈ ഹിന്ദി ദേശീയതയുടെ ആക്രമണത്തിനെതിരായ മുന്നറിയിപ്പും ഒപ്പം അത്തരത്തിലൊരു ദേശീയതയുടെ ആധിപത്യവാസനയും പ്രകടമാക്കുന്നതായിരുന്നു. ഹിന്ദി മുഴുവൻ ഇന്ത്യയുടെയും ഭാഷയാക്കണമെന്ന കാര്യത്തിൽ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യയും ഹിന്ദുത്വ കക്ഷി ജനസംഘവും അതിനു മുമ്പ് കോൺഗ്രസിലെ ഹിന്ദു യാഥാസ്ഥിതിക വിഭാഗക്കാരുടെ നേതാവ് പി.ഡി. ടണ്ഡനുമെല്ലാം ഒരേ അഭിപ്രായക്കാരായിരുന്നു. മോദി സർക്കാർ നിരന്തരം ആവർത്തിക്കുന്ന സംഗതി ഹിന്ദിയുടെ രാജ്യവ്യാപകമായ ഉപയോഗമാണ് എന്നത് യാദൃച്ഛികമല്ല. തെക്കേ ഇന്ത്യയുടെ തികഞ്ഞ ഭിന്നവൈവിധ്യത്തെ രാഷ്ട്രീയമായും സാംസ്കാരികമായും അംഗീകരിക്കാനുള്ള വിമുഖത രാഷ്ട്രീയ ഭേദമെന്യേ വടക്കേ ഇന്ത്യൻ മുഖ്യധാരാ നേതൃത്വത്തിൽ അന്നും ഇന്നും തുടർന്നുപോരുന്ന പ്രതിഭാസമാണ്. രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിൽ 1980-കളുടെ അവസാനം കോൺഗ്രസ് ദുർബ്ബലമാവുകയും പ്രാദേശിക കക്ഷികളുടെ സ്വാധീനം ശക്തമാവുകയും ചെയ്തപ്പോഴാണ് തെക്കേ ഇന്ത്യ കുറച്ചെങ്കിലും ഡൽഹിയിലെ അധികാരകേന്ദ്രത്തിലേക്ക് ആത്മവിശ്വാസത്തോടെ കയറിയത്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു മതം, ഒരു നേതാവ് എന്ന നിലയിൽ മുന്നോട്ടുപോകുന്നതോടെ അത്തരം ദുർബ്ബലമായ സാധ്യതകളും അവസാനിക്കുകയാണ്. 

മധ്യപ്രദേശിൽ എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കുന്നതിന്റെ ഭാഗമായി, ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകാശനം ചെയ്യുന്നു
മധ്യപ്രദേശിൽ എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കുന്നതിന്റെ ഭാഗമായി, ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകാശനം ചെയ്യുന്നു

ഇന്ത്യ ഇന്നത്തെ രൂപത്തിൽ രൂപപ്പെടുന്നത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തോടെയാണ്. അതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു ഭൂപടത്തുടർച്ചയായിരുന്നു ഇന്ത്യ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുക എന്നത് സ്വാതന്ത്ര്യത്തിനു ശേഷം അതിശക്തമായ ആവശ്യമായി ഉയർന്നുവന്നതുതന്നെ കൊളോണിയൽ വിരുദ്ധ ദേശീയതയുടെ ചരിത്രകാലം അവസാനിക്കുന്നതിന്റെ ആരംഭസൂചനയായിരുന്നു. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വളരെ ശക്തമായ നിലപാടെടുത്തു. ഐക്യ കേരള പ്രസ്ഥാനം, വിശാലാന്ധ്ര മുന്നേറ്റം, സംയുക്ത മഹാരാഷ്ട്ര സമിതി എന്നിവയിലെല്ലാം കമ്യൂണിസ്റ്റുകാർ നേതൃപരമായ പങ്കുവഹിച്ചു. 

ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ജനസമൂഹങ്ങളുടെ വ്യത്യസ്തതയും വൈവിധ്യവും അംഗീകരിക്കേണ്ടത് കൊളോണിയൽ വിരുദ്ധ സമരത്തിന്റെ അവശ്യഘടകമാണെന്ന് കോൺഗ്രസ് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് 1921-ൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്ത് ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് സമിതികൾ പുനഃസംഘടിപ്പിച്ചത്. എന്നാൽ ഏക ദേശീയതയുടെ സ്വാധീനം പിന്നീട് കോൺഗ്രസിനെ ബാധിച്ചു. സ്വതന്ത്ര്യാനന്തരം അത് കേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ അധികാരരൂപമെന്ന ആകർഷണത്തിലേക്കും വീണുപോയി. 1948-ൽ  ജസ്റ്റിസ് എസ്.കെ. ധറിന്റെ നേതൃത്വത്തിൽ Linguistic  Provinces Commission ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്ക്കരണത്തിനെതിരായാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ പിന്നീട് പ്രധാനമായും തെക്കേ ഇന്ത്യയിൽ നിന്നും ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് 1948 ഡിസംബറിൽ ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവരടങ്ങുന്ന ഒരു സമിതിയെ ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചു. ആ സമിതിയും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുന്നതിന് എതിരായിരുന്നു. എന്നാൽ, തെക്കേ ഇന്ത്യയിൽ ഭാഷാ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ജനമുന്നേറ്റം സജീവമായി. തെലുങ്ക് സംസാരിക്കുന്നവർക്കായുള്ള വിശാല ആന്ധ്ര ആവശ്യപ്പെട്ട് സ്വാതന്ത്ര്യ സമരസേനാനി കൂടിയായ  പോട്ടി  ശ്രീരാമലു നടത്തിയ നിരാഹാര സമരം 58 ദിവസത്തിനൊടുവിൽ അദ്ദേഹത്തിന്റെ മരണത്തിലാണ് കലാശിച്ചത്. ഇതോടെ വലിയ ജനകീയ പ്രക്ഷോഭം ഉയർന്നുവന്നു. തുടർന്ന് 1953 ആഗസ്റ്റിൽ ജസ്റ്റിസ് ഫസൽ അലി, കെ.എം. പണിക്കർ, ഹൃദയനാഥ് കുൻസ്രൂ എന്നിവർ അംഗങ്ങളായി സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിയമിക്കപ്പെട്ടു. ഈ സമിതിയുടെ ശുപാർശകളെ പരിഷ്‌ക്കരിച്ചാണ് പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുണ്ടാകുന്നത്. അതായത്, സ്വതന്ത്ര ഇന്ത്യയിൽ ഉപ ദേശീയതകളുടെ രാഷ്ട്രീയസമരമാണ് ഇന്ന് കാണുന്ന ഘടനയിൽ  ഇന്ത്യയെ ഉണ്ടാക്കിയെടുത്തത്.

ഹിന്ദി ദിനാചരണത്തിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം./ photo:dailythanthi.com
ഹിന്ദി ദിനാചരണത്തിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം./ photo:dailythanthi.com

 എന്നാൽ അതൊരു രാഷ്ട്രീയഘടനയായി  ശക്തി പ്രാപിക്കുകയല്ല പിന്നീടുണ്ടായത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് നേരെ കേന്ദ്രം തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് നൂറിലേറെത്തവണ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടു. 1990-കൾ  ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാ കാലത്തും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അധികാരങ്ങൾക്കും മേലുള്ള കേന്ദ്ര സർക്കാറിന്റെ കടന്നുകയറ്റം പ്രകടമായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ആഘാതം നേരിട്ടത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരുന്നു. രാഷ്ട്രീയാധികാരത്തിന്റെ തലപ്പത്ത് എക്കാലത്തും വടക്കേ ഇന്ത്യയിൽ നിന്നുള്ള നേതൃത്വമായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ കടുത്ത അസന്തുലിതാവസ്ഥയും വിവേചനവും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിട്ടു. അതിപ്പോഴും തുടരുകയാണ്. ആവശ്യത്തിനുള്ള തീവണ്ടികൾ പോലുമില്ലാത്ത ഒരു നാടായി കേരളം മാറിയത് ഇത്തരത്തിലുള്ള വടക്കേ ഇന്ത്യൻ അവഗണനയുടെ ബാക്കിയാണ്. ‘മദ്രാസി’ വിളിയിൽ  മാറിപ്പോവുന്ന രണ്ടാം കിട പൗരരാണ് വടക്കേ ഇന്ത്യയിൽ തെക്കേ ഇന്ത്യക്കാർ എന്നതാണ് നാനാത്വത്തിൽ ഏകത്വമെന്ന വാചകമടി മാറ്റിനിർത്തിയാലുള്ള യാഥാർത്ഥ്യം. 

ദക്ഷിണേന്ത്യയുടെ
സാമ്പത്തികം, രാഷ്ട്രീയം

ബി ജെ പിയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രീയാധികാരം നേടിയതോടെ ഈ പ്രശ്നം രൂക്ഷമാവുകയാണ്. ഇന്ത്യയെ അതിന്റെ വൈജാത്യങ്ങൾക്കും വൈവിധ്യങ്ങൾക്കും ഉപദേശീയതകൾക്കും അവയുടെ സ്വയം ഭരണാവകാശത്തിനും ഇടമുള്ള ഒരു സ്ഥലമായല്ല ഹിന്ദുത്വ രാഷ്ട്രീയം കാണുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു മതാത്മക രാജ്യമായാണ് അവർ ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയിലെ തർക്കത്തിൽ പറഞ്ഞ വിധിയിൽ   സുപ്രീം കോടതി ആദ്യത്തെ പ്രശ്നം പ്രകടമായും  രണ്ടാമത്തേത് ഒഴിഞ്ഞുമാറിയും ശരിവെച്ചതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള നിലനിൽപ്പ് അപകടത്തിലായിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക്  ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്. രാഷ്ട്രീയാധികാര തലത്തിലേക്ക് കയറാൻ കഴിയാത്ത വിധത്തിൽ, കർണാടകയിലെ ഇടവേളകളൊഴിച്ചാൽ, തെക്കേ ഇന്ത്യ ഇതുവരെയെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബാലികേറാ മലയാണ്. എന്നാൽ തെക്കേ ഇന്ത്യയെ ഒഴിച്ചുനിർത്തി ഹിന്ദി പശുപ്രദേശത്തെ സീറ്റുകളും വോട്ടും കൊണ്ട് മൊത്തം ഇന്ത്യയെയും ഭരിക്കാൻ ബി ജെ പിക്ക് കഴിയുന്നുമുണ്ട്. സംഘപരിവാറിന്റെ ഹിന്ദു ഇന്ത്യയുടെ എതിർവശത്തായി തെക്കേ ഇന്ത്യ രാഷ്ട്രീയമായും അതിന്റെ ഉപദേശീയതയുടെ  ചരിത്രസഞ്ചാരങ്ങളുടെ ഊർജ്ജം കൊണ്ടും വെല്ലുവിളിയുയർത്തുക തന്നെ ചെയ്യും. അതിനോടുള്ള സംഘപരിവാറിന്റെ പ്രതികരണം  ഇപ്പോഴുള്ളതിനേക്കാൾ രൂക്ഷമാകാതെ വയ്യ. തീർച്ചയായും അതുണ്ടാക്കാൻ പോകുന്ന സംഘർഷം ഒഴിവാക്കാനാകുന്നതല്ല. അതൊഴിവാക്കേണ്ടതുമല്ല. അത്തരത്തിലുള്ള ഒരു സംഘർഷം ഇന്ത്യയെ അതിന്റെ ഹിന്ദുത്വ ഭൂതാവേശത്തിൽ നിന്നും മോചിപ്പിക്കാനുള്ള സമരത്തിന്റെ വലിയ ഭാഗമാണ്. ഒപ്പം അത് എങ്ങനെയാണോ ഇന്ത്യയുണ്ടായത് അതിന്റെ മാഞ്ഞുപോയ ചരിത്രകാലങ്ങളിൽ നിന്നും പുതിയൊരു രാഷ്ട്രീയഘടനയിലേക്കുള്ള മാറ്റവുമാകും. അത് ഇന്നത്തെ രൂപത്തിലുള്ള ഇന്ത്യ തന്നെയാകണം എന്ന്‌ നമുക്ക് നിർബന്ധം പിടിക്കാനാകില്ല. 

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. 

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ, സാമൂഹ്യ പരിസരം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. അത് മഹത്തരമൊന്നുമല്ല, കോർപ്പറേറ്റ് കൊള്ളയുടെയും മുതലാളിത്ത ചൂഷണ സംവിധാനത്തിന്റെയുമൊക്കെ കാര്യത്തിൽ ബാക്കി ലോകവുമായി ഒരു വ്യത്യാസവും അതിനില്ല. പക്ഷെ തീർച്ചയായും വടക്കേ ഇന്ത്യയിൽ നിന്നും തീർത്തും മറ്റൊരു സാധ്യതയുള്ള ഒരു ക്രമത്തിലേക്ക് ജാലകങ്ങൾ തുറന്നുവെക്കുന്നുണ്ട്. എല്ലാ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും അക്കാര്യത്തിൽ ഒരുപോലെയല്ല, എന്നാൽ അതിന്റെ അടിത്തട്ടിൽ ചില പൊതുഘടകങ്ങൾ കാണാം. ജനസംഖ്യാ വർധനവിനെ പിടിച്ചുനിർത്തിയത്, സാക്ഷരതാ നിരക്ക്, ആരോഗ്യരംഗത്തെ മുന്നേറ്റം, വടക്കേ ഇന്ത്യയെ അപേക്ഷിച്ച് മെച്ചപ്പെട്ട ഭരണസംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. എന്നാൽ ഇത്തരം നേട്ടങ്ങളെല്ലാം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയാവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവെക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ ധനകാര്യ കമീഷൻ വെച്ച മാനദണ്ഡങ്ങളെല്ലാം മേൽപ്പറഞ്ഞ സൂചികകളിൽ മുന്നിൽ നിൽക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം  വെട്ടിക്കുറയ്ക്കാനുള്ള മാർഗമായി മാറുകയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. 

കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്
കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്

കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംസ്ഥാനങ്ങൾ പിരിക്കുന്ന മൊത്തം നികുതി പിരിവിൽ നിന്നും തിരികെ നൽകുന്ന തുക 15-ാം ധനകാര്യ കമീഷൻ 41% മായി ഉയർത്തി. എന്നാൽ ഫലത്തിൽ ഇപ്പോഴുമത് 32% മായി കറങ്ങിത്തിരിഞ്ഞു നിൽക്കുകയാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായി ലഭിക്കേണ്ട തുകയും ഭീമമായി കുറയുകയാണ്. ഉദാഹരണത്തിന് തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനൽകുമ്പോൾ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനൽകുന്നത് 29 പൈസയാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് 57 പൈസയും കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ്.
ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് അറിയുമ്പോഴാണ് ഈ സംവിധാനം ഇങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനുള്ള സാധ്യതയില്ലെന്ന് നമുക്ക് മനസിലാവുക. ഒരു രൂപ നികുതി പിരിച്ചു നൽകിയാൽ മധ്യപ്രദേശിന്‌ 2.42 രൂപയും ഉത്തർ പ്രദേശിന് 2.73 രൂപയും രാജസ്ഥാന് 1.33 രൂപയും ബിഹാറിന് 7.06 രൂപയുമാണ് കേന്ദ്രം തിരികെ നൽകുന്നത്. നേരത്തെക്കണ്ട ജനസംഖ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയടക്കമുള്ള പല കാരണങ്ങളും ഇതിനു പിൻബലമായി കേന്ദ്രം പറയും. പക്ഷെ അത്തരത്തിലൊരു സേവനത്തിന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ നിര്ബന്ധിക്കുന്നതിനു ചരിത്രപരമായ ന്യായമില്ല എന്നതാണ് വസ്തുത. ഇന്ത്യയെ രൂപപ്പെടുത്തുമ്പോൾ ഉണ്ടായിരുന്ന കൊളോണിയൽ വിരുദ്ധ രാഷ്ട്രീയമുണ്ടാക്കിയ ദേശീയത അതിന്റെ സ്വാഭാവികമായ  കാലം ചെയ്യലിലേക്ക് എത്തിക്കഴിഞ്ഞു. അവിടെയിനി വടക്കേ ഇന്ത്യയിലെ, തങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു അധികാര മണ്ഡലത്തിലേക്കും സമൂഹത്തിലേക്കും പണം നൽകാൻ ആവശ്യപ്പെടാനാകില്ല. അതിനുവേണ്ട ചരിത്രത്തിന്റെ വിറക് കത്തിക്കഴിഞ്ഞു. അങ്ങനെയാകരുതായിരുന്നു എന്ന് നമുക്കാഗ്രഹിക്കാം, എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യ അതിന്റെ ചരിത്രാസ്തിത്വത്തിലെ ഏറ്റവും നിർണ്ണായകമായ പ്രതിസന്ധിയിലാണ്. അത് തുടങ്ങിയിട്ടേയുള്ളൂ എന്നതുകൊണ്ടാണ് നമുക്കിപ്പോൾ അത് അത്ര കണ്ട് രൂക്ഷമായി മനസിലാകാത്തത്. 

ഇന്ത്യയുടെ കേന്ദ്രഭരണം ഏതാണ്ട് പൂർണ്ണമായും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കയ്യിലേക്ക് പോകാവുന്ന രീതിയിൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടക്കാൻ പോവുകയാണ്.

വടക്കേ ഇന്ത്യ സമ്പൂർണാധിപത്യത്തിലേക്ക്

ഇന്ത്യയുടെ കേന്ദ്രഭരണം ഏതാണ്ട് പൂർണ്ണമായും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കയ്യിലേക്ക് പോകാവുന്ന രീതിയിൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടക്കാൻ പോവുകയാണ്. 2026-ൽ ഇതിനുള്ള പ്രക്രിയ ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഈ പശു ഭൂമിയിൽ നിന്നാണ് ബി ജെ പി അവരുടെ 80% സീറ്റും നേടുന്നത് എന്നോർക്കണം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പുകൂടി കണക്കിലെടുത്താണ് 1976-ൽ ലോക്സഭ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001 വരെ നിർത്തിവെക്കാൻ നിശ്ചയിച്ചത്. 2001-ൽ വീണ്ടും ഇതേ ആകുലതകളും എതിർപ്പും മുൻനിർത്തി 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുനഃക്രമീകരണ പ്രക്രിയ 2026 വരേക്ക് നീട്ടി. നിലവിലെ ഈ അവസ്ഥ മാറാൻ പോവുകയാണ്. അതോടെ ഇപ്പോൾ ലോക്സഭയിൽ 42%-മുള്ള ഹിന്ദി മേഖലയുടെ പ്രാതിനിധ്യം 48%-ത്തിനു മുകളിലേക്കാകും. തെക്കേ ഇന്ത്യയുടെ നിലവിലെ 24% എന്ന പ്രാതിനിധ്യം 20%-മാകും. ഇത്തരത്തിലൊരു ഇന്ത്യയിൽ എന്തുതരം നിലനിൽപ്പായിരിക്കും തെക്കേ ഇന്ത്യയുടേത് എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തെ ഭരണാധികാരത്തിൽ നിലനിർത്തുന്ന വടക്കേ ഇന്ത്യയുടെ സമ്പൂർണ്ണാധിപത്യവുമായി ചേർത്തുവായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുകൂടിയാണ് ലോക്സഭാ സീറ്റുകൾ പുതിയ സെൻസസ് പ്രകാരം പുനഃക്രമീകരിക്കുന്നതിനെതിരെ തമിഴ്നാട് നിയമസഭാ പ്രമേയം പുറപ്പെടുവിച്ചത്. മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും അതേ വഴിക്ക് നീങ്ങും എന്ന കാര്യത്തിൽ സംശയമില്ല. 

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുന്നതിനിടെ  തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സ്റ്റാലിൻ സംസാരിക്കുന്നു.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുന്നതിനിടെ തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സ്റ്റാലിൻ സംസാരിക്കുന്നു.

ഒരു രാഷ്ട്രീയ നിർമിതിയായാണ് ഒരു ആധുനിക ദേശരാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അത് കേവലമായ വൈകാരികതയുടെ അടിസ്ഥാനത്തിൽ നിലനിൽക്കില്ല. അത് ഒരു ആശയം എന്ന നിലയിൽ വികസിക്കുന്നത് ശൂന്യതയിൽ നിന്നല്ല. മൂർത്തമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുമാണ്. ഒരു ആധുനിക ദേശ- രാഷ്ട്രത്തിനെ  സാധ്യമാക്കുന്ന ഘടകങ്ങളിലൊന്നാണ് ദേശീയത. എന്നാൽ അത്തരത്തിലൊരു ദേശീയതയെ നിർമിച്ചെടുക്കുന്ന ചരിത്ര, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റം ആ രാഷ്ട്രീയ ദേശീയതയുടെ ഉൽപ്പന്നം കൂടിയായ ദേശ രാഷ്ട്രത്തെയും മാറ്റിയെടുക്കും. അത്തരത്തിലൊരു മാറ്റം ചരിത്രത്തിൽ പല കാലങ്ങളിലും കാണാൻ കഴിയും. പലപ്പോഴും അത് നടന്നെത്തുക അതിതീവ്ര വലതുപക്ഷ ദേശീയതയിലേക്കും ദേശ രാഷ്ട്രങ്ങൾ സങ്കുചിത ദേശീയതയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ശകലീകരിക്കപ്പെടലിലേക്കും (balkanization) ആയിരിക്കും. 

ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിനു കീഴിൽ ഇനിയൊരിക്കലും 1947 ആഗസ്റ്റ് 15-നുണ്ടായ ഇന്ത്യക്ക് ജീവിക്കാൻ കഴിയില്ല. അതിനെ സാധ്യമാക്കിയ രാഷ്ട്രീയം വേറൊന്നാണ്. 

ദേശീയയതകളുടെ / രാജ്യങ്ങളുടെ  തടവറ എന്നാണ് ലെനിൻ സാറിസ്റ്റ് റഷ്യയെ വിശേഷിപ്പിച്ചത്. ഒപ്പം തന്നെ അത് കേവലമായ ദേശീയതാ പ്രശ്നം മാത്രമല്ലെന്നും മുതലാളിത്ത ചൂഷണത്തിന്റെ വ്യാപനത്തിന്റെ പ്രശ്നമാണെന്നും ലെനിൻ നിരീക്ഷിക്കുന്നുണ്ട്. ഉപദേശീയതകളുടെ സ്വയംഭരണാവകാശം എന്ന രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ് സോവിയറ്റ് റിപ്പബ്ലിക്കുകൾക്ക് വിട്ടുപോകാനുള്ള അധികാരം നൽകിയുള്ള ഒരു രാഷ്ട്രീയ സംവിധാനം രൂപപ്പെട്ടത്. ഇത് പിന്നീട് മറ്റെല്ലാ വികേന്ദ്രീകൃത വർഗ്ഗരാഷ്ട്രീയ പ്രക്രിയയെയും പോലെ സോവിയറ്റ് യൂണിയനിൽ ഇല്ലാതാക്കപ്പെട്ടു. എന്നാലതിന്‌ അങ്ങനെ തുടരാനായില്ല. സോവിയറ്റ് യൂണിയൻ ഉപദേശീയതകളുടെ അടിസ്ഥാനത്തിൽ വേർപിരിഞ്ഞുപോയി. അതിന്റെ കാരണങ്ങളിലൊന്ന് സോവിയറ്റ് യൂണിയനെ നിർമിച്ചെടുത്ത രാഷ്ട്രീയാദർശവും രാഷ്ട്രീയപ്രക്രിയയയും അസ്തമിച്ചുപോയി എന്നതുകൊണ്ടാണ്. ദേശരാഷ്ട്രം എന്ന രൂപത്തെ സാധ്യമാക്കുന്നത് അതിന്റെ പുറംഭിത്തികൾ മാത്രമല്ല, ആത്യന്തികമായി അതിന്റെ ആന്തരിക സംവിധാനമാണ്. ഈ ആന്തരിക സംവിധാനവും അതിനെ ചലിപ്പിക്കുന്ന രാഷ്ട്രീയബോധവും ഇല്ലാതാകുമ്പോൾ പുറംഭിത്തികൾ തകരാൻ തുടങ്ങും. 2024 ജനുവരി 22-ന് അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിക്കൊണ്ട് ഇന്ത്യയിലെ സംഘപരിവാർ / ബി ജെ പി സർക്കാർ ഇത് 1947 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള രണ്ടാം സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതോടെ ആദ്യ സ്വാതന്ത്ര്യദിനം സൃഷ്ടിച്ച ഇന്ത്യ അസ്തമിക്കാൻ തുടങ്ങി. ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിനു കീഴിൽ ഇനിയൊരിക്കലും 1947 ആഗസ്റ്റ് 15-നുണ്ടായ ഇന്ത്യക്ക് ജീവിക്കാൻ കഴിയില്ല. അതിനെ സാധ്യമാക്കിയ രാഷ്ട്രീയം വേറൊന്നാണ്. 

തെലങ്കാന സമരകാലത്ത് ഏതാണ്ട് 3000 ഗ്രാമങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഭൂവുടമകളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകത്തൊഴിലാളികൾക്കും ഗ്രാമീണർക്കും വിതരണം ചെയ്തത്.   Photo : Muhammed Fasil
തെലങ്കാന സമരകാലത്ത് ഏതാണ്ട് 3000 ഗ്രാമങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഭൂവുടമകളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകത്തൊഴിലാളികൾക്കും ഗ്രാമീണർക്കും വിതരണം ചെയ്തത്. Photo : Muhammed Fasil

ഇന്ത്യ എന്ന ഭൂപ്രദേശത്തിന് ഇനിയുള്ള ഒരു  സാധ്യത ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി കൂടുതൽ ജനാധ്യപത്യപരമായ, സ്വയംഭരണാവകാശമുള്ള സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയായി നിലനിൽക്കുക എന്ന ജനാധിപത്യാസ്തിത്വമാണ്. മറ്റൊന്ന് ഹിന്ദുത്വ രാഷ്ട്രീയത്തെയും ഹിന്ദി ഭൂപ്രദേശത്തിന്റെ അസന്തുലിതമായ മേധാവിത്തത്തെയും എതിർത്ത്, പ്രാണപ്രതിഷ്ഠക്കുശേഷമുള്ള ഇന്ത്യ നമ്മളുണ്ടാക്കിയ ഇന്ത്യയല്ല എന്ന് പ്രഖ്യാപിക്കലാണ്. അങ്ങനെ പ്രഖ്യാപിക്കുന്ന ഇന്ത്യ, തെക്കേ ഇന്ത്യയുടെ വിഘടനവാദത്തിന്റെ രാഷ്ട്രീയമല്ല ഉയർത്തുക. അത് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി, ബഹുസ്വര ഇന്ത്യ എന്ന ആശയത്തിനുവേണ്ടി ഇന്ത്യയൊട്ടാകെയുള്ള ജനാധിപത്യ സമരഭരിതസമൂഹങ്ങളുടെ രാഷ്ട്രീയമായിരിക്കും ഉയർത്തുക. എന്നാൽ അതിന്റെ കേന്ദ്ര സ്ഥാനത്ത് ബഹുസ്വര മതേതര രാഷ്ട്രീയത്തിനും ഉപദേശീയതകളുടെ സ്വയംഭരണാവകാശത്തിനും സ്വതന്ത്രമായ അസ്തിത്വത്തിനും വേണ്ടി നിലകൊള്ളുന്ന തെക്കേ ഇന്ത്യയും ഹിന്ദുത്വ രാഷ്‌ടീയത്തിന്റെ  ശക്തികേന്ദ്രമായ ഹിന്ദി ഭൂപ്രദേശവും തമ്മിലുള്ള വൈരുധ്യമായിരിക്കും ഉയർന്നുവരിക. അത് ജനാധിപത്യരാഷ്ട്രീയത്തിന്റെ വിജയത്തിൽ അവസാനിച്ചാൽ മാത്രമായിരിക്കും ഇന്നീക്കാണുന്ന പോലെ ഇന്ത്യ നിലനിൽക്കുക. 

Comments