പ്രതിപക്ഷം തെക്ക്- വടക്ക് വൈരുദ്ധ്യം മുര്‍ഛിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പാർലമെന്റിൽ ആരോപിച്ചു. വളരെ ഗൗരവത്തോടെ കാണേണ്ട വിമര്‍ശനമാണിത്. ഒരേകീകൃതരാഷ്ട്രം എന്ന ഇന്ത്യയുടെ നിലനില്‍പിനെ തന്നെ സംബന്ധിക്കുന്നതാണിത്. യഥാര്‍ത്ഥ പ്രശ്‌നം ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് അടിത്തറ നഷ്ടമായി, അതൊരു ഉത്തരേന്ത്യന്‍ പാര്‍ട്ടി മാത്രമായി ചുരുങ്ങുന്നു എന്ന ആശങ്കയാണ്.
ഇന്ത്യ എന്നാല്‍ ബി ജെ പിയായി കാണുന്നപക്ഷം ഇത് കുറച്ച് ശരിയായി തോന്നാം. ഇന്ത്യയിലിന്ന് വടക്ക്- തെക്ക് എന്ന വേര്‍തിരിവല്ല, പകരം കേന്ദ്ര- സംസ്ഥാന ബന്ധങ്ങളാണ് വഷളായിക്കൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും പഞ്ചാബും ബംഗാളും തുടങ്ങി ഉത്തരേന്ത്യയില്‍ തന്നെ പ്രകടമായ ഉദാഹരണങ്ങൾ ഇതിനുണ്ട്.
സാമ്പത്തിക കാരണങ്ങളോടൊപ്പം, അതിലുപരിയായി രാഷ്ട്രീയ കാരണങ്ങളും ഇതിനു പിറകിലുണ്ട്. രാഷ്ട്രീയമെന്നാല്‍ ആശയപരമായ അഭിപ്രായങ്ങളല്ല; പകരം ഇന്ത്യയെന്ന രാഷ്ട്രത്തിന്റ സംഘാടനം തന്നെ എങ്ങനെയാകണം എന്ന മൗലികപ്രശ്‌നം തന്നെയാണിതിലുള്ളടങ്ങുന്നതും. പ്രാചീന മിത്തുകളെ കൂട്ടുപിടിച്ച് ഒരു ഇന്ത്യ സാമ്രാജ്യമാണ് ബി.ജെ പിയുടെ സ്വപ്നം. ഭൂതകാലത്ത് ഒരിക്കലും ഇന്നത്തെ ഇന്ത്യ ഒറ്റ രാജ്യമായിരുന്നിട്ടില്ല. വടക്കേ ഇന്ത്യക്ക് തെക്കിനെക്കാള്‍ കൂടുതല്‍ ഗാന്ധാരം പോലെ മറ്റു ഭാഗങ്ങളുമായിട്ടായിരുന്നു ബന്ധങ്ങളെങ്കില്‍ പ്രാചീന തമിഴകത്തിന് കടല്‍വഴിയുള്ള ബന്ധങ്ങളായിരുന്നു പ്രധാനം.
ഒരുപക്ഷെ ദക്ഷിണേന്ത്യയിലേക്കടക്കം കടന്നുകയറിയ ഏറ്റവും വലിയ സാമ്രാജ്യം ഇവിടെ നിലനിന്നത് അശോകന്റെ കാലത്താണ്. അത് മതാടിസ്ഥാനത്തിലൊന്നുമല്ലെങ്കിലും ചേര്‍ത്തുനിര്‍ത്തിയ മതം ബുദ്ധമതവുമാണ്. ചരിത്രത്തില്‍ സാമ്രാജ്യങ്ങളൊന്നും ദീര്‍ഘകാലം നിലനിന്നിട്ടില്ല. നിലനിന്നിരുന്നപ്പോള്‍ തന്നെയവ അടിച്ചമര്‍ത്തി ഭരിക്കുന്ന സ്വേഛാധികാര ചക്രവര്‍ത്തി ഭരണങ്ങളുമായിരുന്നു. സുസംഘടിതമായ മത ചട്ടക്കൂടുകളുള്ള ക്രിസ്തുമതത്തിനും ഇസ്‍ലാം മതത്തിനും തന്നെ ലോകത്തെങ്ങും ചരിത്രത്തില്‍ ദീര്‍ഘകാലം നിലനിന്ന മതസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തു നിലനിര്‍ത്താനായിട്ടുമില്ല. ഇന്ത്യയില്‍ ഏതോ ചില പ്രദേശങ്ങളില്‍ ഏതോ ചില കാലങ്ങളില്‍ നിലനിന്ന മതസങ്കല്പങ്ങളെയും ദൈവസങ്കല്പങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഭക്ഷണക്രമങ്ങളെയുമെല്ലാം വിശാല ഇന്ത്യയിലപ്പാടെ സ്വേച്ഛാപരമായി അടിച്ചേല്പിച്ച് രാഷ്ട്രത്തിന്റെ സഹവര്‍ത്തിത്തത്തിന്റെയും ജനാധിപത്യപരമായ ഉദ് ഗ്രഥനത്തിന്റെയും സാധ്യതകളില്ലാതാക്കി ദേശീയൈക്യത്തെ അപകടത്തിലാക്കുന്നത് കേന്ദ്രഭരണം തന്നെയാണ്. കേരളത്തിലെ നമ്പൂതിരിമാര്‍ ക്രോസ് ബ്രീഡിംഗ് പരീക്ഷണത്തിലൂടെ മനുഷ്യരില്‍ നല്ല ജനുസ്സുകളെ ഉണ്ടാക്കുകയാണ് സംബന്ധവേഴ്ച വഴി ചെയ്തതെന്ന ക്ഷുദ്രചിന്ത വെളിവാക്കിയ ആളായിരുന്നു ഗോള്‍വാള്‍ക്കര്‍. (ഓര്‍ഗനൈസര്‍, 1961 ജനുവരി 2). തങ്ങള്‍ റേസിസ്റ്റുകളായിരുന്നെങ്കില്‍ ദക്ഷിണേന്ത്യയിലെ കറുത്ത മനുഷ്യരോടൊപ്പം ജീവിക്കുമായിരുന്നില്ലെന്ന് തരുണ്‍ വിജയ് എന്ന ആർ.എസ്.എസ് നേതാവ് പറത്തത് ഈയിടെയാണ്. കഴിഞ്ഞ 1500 വര്‍ഷങ്ങളെങ്കിലുമായി മിക്കവാറും ഇന്ത്യയൊട്ടാകെ ഒരു പ്രധാന സാമൂഹ്യ സ്വാധീന ശക്തിയായി നിലകൊണ്ടത് ബ്രാഹ്മണ മേധാവിത്തത്തോടെ ത്രൈവര്‍ണ്ണിക വിഭാഗങ്ങളാണ്. ജനസംഖ്യയുടെ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമായ ഈ ത്രൈവര്‍ണികരുടെ ഒരു 'ദ്വിജ സാമ്രാജ്യ'മാണ് ഹിന്ദു വര്‍ഗ്ഗീയത ഇന്ന് ലക്ഷ്യമിടുന്നത്. ഏതെങ്കിലും ദലിതരെയോ പിന്നാക്കക്കാരെയോ മുമ്പില്‍ നിര്‍ത്തേണ്ടിവരുന്നുവെങ്കില്‍ അത് പുതിയ കാലത്തിന്റെ നിര്‍ബന്ധം മൂലം സഹിക്കേണ്ടിവരുന്ന ലക്ഷ്യത്തിനിടയിലെ ഒരു വഴി മാത്രവുമാണ്.
യു.പി ഒരു രൂപ നല്കുമ്പോള്‍ ഒരു രൂപ 79 പൈസ തിരിച്ചുകിട്ടുന്നു. മറുവശത്ത് കര്‍ണ്ണാടകത്തിന്, ഒരു രൂപക്ക് 0.47 പൈസയാണ് തിരിച്ചുകിട്ടുന്നതെന്നും പറയുന്നു. കടമെടക്കുന്ന കാര്യത്തിലടക്കം പല നിലയില്‍ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കുന്നു.
ദേശീയത ഒരു ചരരാശിയാണ്, അത് എക്കാലവും നിലനിന്നിരുന്നതോ എക്കാലവും തുടരുന്നതോ അല്ല. ആധുനികതയുടെ തുടക്കം കുറിച്ച യൂറോപ്പില്‍തന്നെയാണ് ആധുനിക ദേശീയതയും ജന്മമെടുത്തത്. 18ാം നൂറ്റാണ്ടാണ് അതിന്റെ കാലമായി പറയുക. എന്നാല്‍ 15-ാം നൂറ്റാണ്ടിലോ അതിനു മുമ്പോ ആരംഭിച്ച മതവിമര്‍ശനത്തോളമതിന്റെ വേരുകള്‍ നീളും. ആധുനിക ദേശീയതയും മതേതരത്വവുമെല്ലാം ദേശീയതയോടൊപ്പവും അതിന്റെ ഭാഗവുമായാണ് വളര്‍ന്നുവന്നത്. നേരത്തെ താനാശ്രയിക്കുന്ന നാടുവാഴിയോടോ രാജാവിനോടോ ഒക്കെയുള്ള വിധേയത്വം മാത്രമായിരുന്നു ദേശസ്‌നേഹത്തിന്റെ സ്ഥാനത്തുണ്ടായിരുന്നത്. പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയും പൗരസമൂഹ രൂപീകരണവുമെല്ലാം ഇതിന്റെ മുന്നുപാധിയാണ്.
ആധുനിക ദേശീയതയുടെ അഭാവവും നാടുവാഴികളുടെയും സവര്‍ണ മേല്‍ത്തട്ടുകളുടെയുമെല്ലാം പാരമ്പര്യവാദത്തിലൂന്നി നിന്ന തറവാടിത്ത ഘോഷണങ്ങളുമെല്ലാമാണ് ഇന്ത്യയില്‍ കൊളോണിയലിസത്തിന് വഴി എളുപ്പമാക്കിയത്. എണ്ണമറ്റ ജാതികളും നിരവധി ഭാഷാഭേദങ്ങളുമെല്ലാം ദേശീയ അടിമത്തത്തെയാണ് പുനരുജ്ജീവിപ്പിച്ചു പോന്നത്. കോണ്‍ഗ്രസിന് നേതൃത്വമുണ്ടായിരുന്ന ദേശീയ പ്രസ്ഥാനമാണ് ആധുനിക ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളെ എത്ര തന്നെ പരിമിതികളോടെയാന്നെങ്കിലും ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കിയ ഗാന്ധിയന്‍ നേതൃത്വത്തിന് അതിൽ നിര്‍ണ്ണായക പങ്കുണ്ട്. ഒരു ചെറു ന്യൂനപക്ഷത്തിന്റ മാത്രം സംഘടനയായൊതുങ്ങിനിന്ന കോണ്‍ഗ്രസിനെ വിശാല ജനവിഭാഗങ്ങളുടെ പാര്‍ട്ടിയാക്കി മാറ്റിയത് ഗാന്ധിയന്‍ നേതൃത്വമാണ്. ദേശീയതയെന്നാല്‍ ഒരു ഭൂപടം മാത്രമല്ലാതെ അതിലുള്‍ക്കൊള്ളുന്ന ജനവിഭാഗങ്ങളുടെ ഐക്യമാണ് എന്ന തിരിച്ചറിവതില്‍ പ്രധാനമാണ്. അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും, ശുചീകരണ പ്രവര്‍ത്തനങ്ങളും, ‘ഈശ്വര അള്ളാ തേരേ നാം' തുടങ്ങിയ ഭജനുകളുമെല്ലാം കൂടി ചേര്‍ന്നാണ് ഇന്ത്യയെന്ന ഒരാധുനിക ദേശരാഷ്ട്രത്തെയത് നിര്‍മിച്ചെടുത്തത്. രാമ കൃഷ്ണ ഭക്തിയെ ഇന്ത്യയില്‍ പ്രചാരത്തിലാക്കിയ ഭക്തിപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെയാണ് അത്ര തന്നെ തീവ്രമല്ലാത്ത സ്വരത്തില്‍ ഗാന്ധി പിന്‍പറ്റിയത്.
ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും, ദൈവത്തിനും ഭക്തർക്കുമിടയില്‍ പൗരോഹിത്യത്തിന്റേയോ ക്ഷേത്രത്തിന്റേയോ ഒന്നും മധ്യസ്ഥമാവശ്യമില്ലാത്ത സ്വകാര്യവിഷയം മാത്രമാണ് ഭക്തി എന്നുമെല്ലാമാണ് ഭക്തിപ്രസ്ഥാനം പൊതുവില്‍ പറഞ്ഞത്. സര്‍വ്വോപരി സംസ്‌കൃതത്തെ നിരാകരിച്ച് ഹിന്ദിയടക്കം സാധാരണ ജനങ്ങളുടെ ഭാഷകളായി ഇന്നു കാണുന്ന പ്രാദേശിക ഭാഷകളെ വളര്‍ത്തിയതിലും അതിന് പ്രധാന പങ്കുണ്ട്. ഇന്ത്യയുടെ തന്നെ ഒരു പ്രധാന ജനാധിപത്യധാരയായ ഭക്തിപ്രസ്ഥാനത്തിന്റെ പ്രതിഛായയിലാണ് ഗാന്ധിജി സ്വയം ഇടംതേടിയതെന്നും കാണണം. ഭക്തി പ്രസ്ഥാനത്തിന്റെ മതവും ദൈവവുമാകട്ടെ കബീറിലെന്നപോലെ രാമനിലും റഹീമിലും ഒരുപോലെ പ്രകാശിക്കുന്നതുമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും അതുവഴി ആധുനിക ഇന്ത്യയുടെ തന്നെയും അസ്ഥിവാരത്തെ കുഴിച്ചുമാറ്റിയാണ്, പകരം കോടികള്‍ മുടക്കി ഇലക്ട്രോണിക്കും അല്ലാത്തതുമായ മാധ്യമങ്ങള്‍ വഴി രൂപപ്പെടുത്തുന്ന പ്രേതദൈവങ്ങളെ ഇന്ന് പ്രതിഷ്ഠിക്കുന്നത്.
ഏറ്റവും പഴക്കമേറിയതാണ് കൂടുതല്‍ മഹത്തായ ദേശീയ പാരമ്പര്യമെങ്കില്‍ മനുഷ്യവംശത്തിനാകെ അതിന്റെ ജന്മദേശമായ ആഫ്രിക്കന്‍ പാരമ്പര്യമാണുള്ളത്. കുറച്ചുകൂടിക്കഴിഞ്ഞാല്‍ മധ്യേഷ്യയിലെ പുല്‍മേടുകളാകും വൈദിക പാരമ്പര്യത്തിന്റെ പ്രധാന ജന്മദേശം. മനുഷ്യവംശമാകെ ഒരിടത്തു നിന്നാരംഭിച്ചു ഒടുവില്‍ഏകലോകമെന്ന ഒന്നിലേക്കുതന്നെ സഞ്ചരിക്കുന്നതാണിന്നത്തെ പ്രകടമായ ലോകഗതി.
ഇന്ത്യന്‍ യൂണിയന്റെ സ്വഭാവത്തെ കുറിച്ച് ഭരണഘടനാ നിര്‍മാണകാലത്തും സ്വാതന്ത്ര്യാനന്തര ദശകങ്ങളിലും ഒട്ടധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് ഭരണഘടന ഇന്ത്യയെ നിര്‍വ്വചിക്കുന്നത്. ഭാഗികമായെങ്കിലും ഫെഡറല്‍ സ്വഭാവമുള്ള ഒന്നുമാണത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്താനാകില്ല. സംസ്ഥാനങ്ങളോട് കേന്ദ്രഭരണം വിവേചനം കാണിക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ വഷളാക്കും.
നികുതിവരുമാനം കേന്ദ്രം കൈകാര്യം ചെയ്യുന്നതില്‍ ഗണ്യമായ വിവേചനമുണ്ട് എന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെക്ക് കൂടുതല്‍ നികുതി നല്കുകയും കുറവ് മാത്രം നേടുകയും ചെയ്യുന്നു എന്നാണ് പൊതുവായ അഭിപ്രായം. ഉദാഹരണത്തിന് യു.പി ഒരു രൂപ നല്കുമ്പോള്‍ ഒരു രൂപ 79 പൈസ തിരിച്ചുകിട്ടുന്നു. മറുവശത്ത് കര്‍ണ്ണാടകത്തിന്, ഒരു രൂപക്ക് 0.47 പൈസയാണ് തിരിച്ചുകിട്ടുന്നതെന്നും പറയുന്നു. കടമെടുക്കുന്ന കാര്യത്തിലടക്കം പല നിലയില്‍ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കുന്നു എന്നത് ചര്‍ച്ചയാണല്ലോ. മറുവശത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഗവര്‍ണ്ണര്‍മാര്‍ കാണിക്കുന്ന അധികാരപ്രമത്തതയും ഇന്ന് ചര്‍ച്ചയാണ്.
ഭാഗികമായെങ്കിലും ഫെഡറല്‍ സ്വഭാവമുള്ള ഒന്നു മാണത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്താനാകില്ല.
ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ സംസ്ഥാന വിഭജനം നടന്നത്. യൂറോപ്പിലും ലോകത്തില്‍ പൊതുവിലും ഇന്ന് നിലനില്‍ക്കുന്ന പല സ്വതന്ത്രരാജ്യങ്ങളോളവും തന്നെ വേറിട്ട തനത് വ്യക്തിത്വങ്ങള്‍ ഈ ഭാഷാ ദേശീയതകള്‍ക്കും വേണമെങ്കില്‍ അവകാശപ്പെടാനാകും. കൊളോണിയല്‍ വിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലമാണ് അവയെ ഒരുമിച്ച് നിര്‍ത്തിയത്. മതങ്ങളോട് കൂറു കാണിച്ച പല നാട്ടുരാജ്യങ്ങളും സ്വാതന്ത്ര്യം നേടുന്ന കാലത്ത് വേറിട്ടു പോകാന്‍ ശ്രമിച്ചതുമാണ്. തനത് സംസ്‌കാരത്തിന്റെയും വിശ്വാസാചാരങ്ങളുടെയും ദൈവങ്ങളുടെയും തന്നെ പശ്ചാത്തലം ഈ സംസ്ഥാനങ്ങള്‍ക്കുണ്ട്. ഏറെക്കുറെ കൊളോണിയല്‍ കാലത്തിനുമുമ്പുള്ള വേറിട്ട നീണ്ട ചരിത്രങ്ങളും. ഇതിനുമുകളിലാണ് ഉത്തരേന്ത്യയിലെ ഏതെങ്കിലും ചില പ്രത്യേക പ്രദേശത്തെ ബ്രാഹ്മണിക വിഭാഗത്തിന്റെ വിശ്വാസ, ആചാര, സാംസ്‌കാരിക പൈതൃകങ്ങളുടെ അധിനിവേശം നടത്തുന്നത്. തുല്യതയെ ആധാരമാക്കുന്ന ജനാധിപത്യ- രാഷ്ട്രീയ- സാമ്പത്തിക സമീപനം കൊണ്ടുമാത്രമേ ഇന്ത്യയുടെ ഐക്യത്തെ ശക്തിപ്പെടുത്താനാകൂ.