വടക്കിനെതിരെ ഒരു തെക്കോ?

തെക്കിനെ വടക്കിനെതിരായ പ്രതിരോധഭൂമികമായി മാറ്റിയെടുക്കുന്ന നിർമിതികളുടെ പക്ഷപാതങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ദാമോദർ പ്രസാദ്.

‘‘That our sense of solidarity is strongest when those with whom solidarity is expressed are thought of as ‘of us’ means something smaller and local than the human race. That is why ‘because she is a human being’ is a weak, unconvincing explanation of a generous action.’’
- Richard Rorty, On Solidarity

ഗ്രദേശീയത, അതിനു പ്രതിരോധമെന്നോണം സോഷ്യൽ മീഡിയ ആശയമെന്ന നിലയിൽ പ്രചരിച്ച ദക്ഷിണേന്ത്യൻ റിപ്പബ്ലിക് എന്നൊരു രാഷ്ട്രീയ ഭൂപട നിർമിതി,  ഇന്ത്യയുടെ വർത്തമാന സന്ദർഭത്തിലെ  തെക്ക് / വടക്ക് ദ്വന്ദ്വമെന്ന വിഭക്താശയം എന്നിവയുടെ പരിസരത്തിൽ  ഒ.വി.വിജയന്റെ ഒരു രാഷ്ട്രീയ കുറിപ്പ് പെട്ടെന്നൊരു തെളിച്ചമായി മിന്നുകയാണ്. ഒ. വി. വിജയന്റേതായ എല്ലാ സവിശേഷതകളുമുള്ളതാണീ കുറിപ്പ്; ആർദ്രമായ ഹാസം, കനിവുള്ള സർക്കാസം, അനുകമ്പയാൽ പ്രചോദിതമായ രോഷം, ചിരി പടർത്തുന്ന എന്നാൽ ചിന്തിക്കാൻ വകുപ്പുള്ള രാഷ്ട്രീയ നീരീക്ഷണം. "ജ്ജ് കളിച്ചോ, കളിച്ചോ" എന്നാണ് ഈ കുറിപ്പിന്റെ തലക്കെട്ട്. ‘സിമി’ നിരോധിക്കപ്പെടും മുമ്പുള്ള കാലത്തുനിന്നുള്ള കുറിപ്പാണിത്. (ഒ.വി. വിജയന്റെ ലേഖനങ്ങൾ എന്ന പുസ്തകത്തിൽ ദൈവാനുഭവങ്ങൾ: എന്റെ മൗലികവാദം എന്ന ഖണ്ഡത്തിലാണ് ഈ കുറിപ്പ്, പ്രസാധനം: ഡി.സി. ബുക്‌സ്, 2005)

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന ‘സിമി’യുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നു സൂചിപ്പിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. കോഴിക്കോട് ‘സിമി’യുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ തന്നോട് സംഘടനാ പ്രവർത്തകൻ ഫസലുള്ള അഭ്യർത്ഥിക്കുന്ന കാര്യം വിജയൻ ഓർക്കുന്നു. താനൊരു ഇസ്രായേൽ അനുഭാവിയാണെന്നു പറഞ്ഞിട്ടും ‘മാഷ് നാല് വാക്ക് പറഞ്ഞാൽ മതി’ എന്നു പറഞ്ഞാണ് ഫസലുള്ള നിർബന്ധം പിടിക്കുന്നത്.
ഒ.വി. വിജയന്റെ ആലോചനകളുടെ പ്രകൃതത്തിൽ തന്നെ ഫസലുള്ളയുമായി മലയാളി, മാപ്പിള, ഭാരതീയൻ എന്ന ഗോത്രബന്ധം ഒരു എപ്പിഫാനി പോലെ അറിയുന്ന ഒ.വി. വിജയൻ പെട്ടെന്ന് ഓർത്തെടുക്കുന്ന പഴയ സംഭവമാണ്, ഇക്കാലത്തെ തെക്ക് / വടക്ക് ദ്വന്ദ്വത്തിന് അന്തഃസ്ഥിതമായ മൂല്യകല്പനകളെ എങ്ങനെ അതിവർത്തിക്കണമെന്നതിലേക്കുള്ള സൂചനയാകുന്നത്. 

ദക്ഷിണത്തെ വിഭക്തപ്രദേശമായി മാറ്റുന്ന ന്യായവാദങ്ങൾ അപരത്വത്തെയും സൃഷ്ടിക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസവും പ്രബുദ്ധതയുമുള്ള ജനതയായി വടക്കരെ ചിത്രീകരിക്കുന്നു. 

ഒ.വി. വിജയൻ മദ്രാസ് പ്രസിഡൻസി കോളേജിൽ പഠിക്കുന്ന കാലം. കോളേജിലേക്ക് മടക്കിക്കൊടുക്കാനുള്ള കുറെ പുസ്തകങ്ങളുമായി മൂന്നാം ക്ലാസ് കമ്പാർട്ടുമെന്റിൽ മദ്രാസിലേക്കുള്ള ട്രെയിൻ യാത്ര. നിന്നു തിരിയാൻ പോലും ഇടമില്ല ട്രെയിനിൽ. ഉള്ള ഇരിപ്പിടം ഒരു ഗുജറാത്തി സേട്ട് കൈയടക്കി അനന്തശയനത്തിലാണ്. നില്ക്കാൻ തന്നെ ബദ്ധപ്പെടുന്ന ഒ.വി. വിജയനോട് മാറി നില്ക്കാൻ സേട്ട് ആവശ്യപ്പെടുകയാണ്. തികച്ചും അപ്രതീക്ഷീതവും ആകസ്മികവുമായി ഒരു ഇടപെടലുണ്ടാകുന്നു.
ഒ.വി. വിജയൻ വിവരിച്ചത് അപ്പടി പകർത്തട്ടെ: ‘അത് ഞമ്മക്കൊന്നു കാണണമല്ലോ’, ഒരു സഹയാത്രികനാണ് അതും പറഞ്ഞ് എണീറ്റത്. എന്റെ കൈത്തണ്ടയിൽ ഐക്യദാർഢ്യത്തിന്റെ പ്രാചീനവലയം മുറുകുന്നതറിഞ്ഞു.
‘നിങ്ങള് കുത്രിക്കിൻ’.
അടുത്ത നിമിഷങ്ങളിൽ ഗുജറാത്തിയുടെ പെട്ടികളും ലോട്ടകളും തകിടം മറിഞ്ഞു. ഗുജറാത്തി സാമ്രാജ്യത്വത്തെക്കുറിച്ച് മത്തായി മാഞ്ഞൂരാൻ പറഞ്ഞുകേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ അതിനെതിരെയുള്ള ഒരു ‘ജിഹാദി’ൽ പങ്കെടുക്കുകയായിരുന്നു.
എന്ത് മോചനമാണ് ഭാരതം നേടാനിരിക്കുന്നത്- ഇസ്‍ലാമിലൂടെയും സി.പി.എമ്മിലൂടെയും സംഘപരിവാരത്തിലൂടെയും?
അന്യവൽക്കരണം ചെറ്റും അലട്ടിയിട്ടില്ലാത്ത മലയാളി മാപ്പിള ഒരു പുഞ്ചിരിയോടെ പറയുന്നു; ‘ജ്ജ് കളിച്ചോ, കളിച്ചോ പോത്തേ, പങ്കെങ്കില് കളിമ്മ കളി ബേണ്ട...’ ഇത് ഭാരതത്തിന്റെ ഐക്യദാർഢ്യത്തിന്റെ ശബ്ദമാണ്. ദയവായി അതിനെ ചിതറിച്ചുകളയരുത്’.

ഒ.വി. വിജയന്‍

കോരിത്തരിപ്പുണ്ടായി വായിച്ചപ്പോൾ. നിങ്ങൾക്കും അങ്ങനെ അനുഭവപ്പെടുമോ, ഇത് വായിക്കുമ്പോൾ? അർത്ഥഗർഭമാണ് ഇതിലെ സന്ദർഭവും ഓരോ വാക്കുപോലും. ഒ.വി. വിജയന്റെ ക്രാന്തദർശിത്വം അനുഭവപ്പെടാതെ പോകില്ല എന്നത് തീർച്ച. ട്രെയിൻ തന്നെ ദേശീയതയുടെ ഏറ്റവും ബൃഹത് സൂചകമാണ്. മൂന്നാം ക്ലാസ്, ശശി തരൂർ ഒരിക്കൽ അപഹസിച്ച കന്നുകാലി ക്ലാസ് - ഇന്ത്യൻ  ജനസഞ്ചയത്തിന്റെ  നിബിഡപ്രദേശവും. അവിടെ തിങ്ങിനിറഞ്ഞിരിക്കേണ്ട ഇരിപ്പിടമാണ് ഗുജറാത്തി പൂർണമായും കൈയടക്കി വെച്ചിരിക്കുന്നത്. നെറിയുള്ള ഒരു മനുഷ്യന്റെ പ്രതികരണമാണ് സഹയാത്രികനായ മാപ്പിളയിൽ നിന്നു കേട്ടത്. ‘കുത്രിക്കിൻ’ എന്നതിലാണ് കാലാന്തരമായ സൗഹൃദവും സ്നേഹവും വിലയം കൊള്ളുന്നത്. ഒരുപക്ഷെ,  വാർപ്പുമാതൃകയെയാണ് ഒ.വി. വിജയൻ ഉപയോഗിച്ചിരിക്കുന്നതെന്നും ആരോപിക്കാം. എങ്കിലും ഐക്യദാർഢ്യത്തിന്റെ പ്രാചീനവലയം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വലക്കണ്ണികൾ പോലെ ആളുകളെ സ്വയം ശാക്തീകരിക്കുകയും സ്വയം സംഘടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നൈതികതയാണ്. ഐക്യദാർഢ്യമെന്നാണ് ഒ.വി. വിജയൻ ഉപയോഗിക്കുന്ന പ്രയോഗം, ഉദ്ഗ്രന്ഥനം എന്ന സർക്കാർ ഭാഷ്യമല്ല. 

ഗായത്രി സ്പിവാക് ഉദ്ദേശിച്ച റിവേഴ്‌സ് വംശീയത ഇപ്പോൾ മുന്നോട്ടു വെയ്ക്കുന്ന ദക്ഷിണേന്ത്യൻ രാഷ്ട്രീയ ഭൂമികയ്ക്ക് വന്നുഭവിക്കുമോ എന്ന കാര്യവും ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. 

ചെറുത്തുനില്പിന്റേതായ ഒരു രഹസ്യസമ്പർക്കവും രൂപപ്പെടുന്നുണ്ട്. രഹസ്യസമ്പർക്കപ്പെടലിൽ ചരിത്രത്തിന്റെതായ ചില കോർത്തിണക്കലുകളുമുണ്ട്. ഒ.വി. വിജയൻ അതിലേക്കും ശ്രദ്ധ തേടുന്നുണ്ടെന്നു തോന്നുന്നു. വിജയൻ ‘ജിഹാദ്’ എന്നെഴുതുമ്പോൾ കോളനി വാഴ്ചകൾക്കെതിരെയുള്ള സ്മരണകളുണർത്തും- ഷെയ്ഖ് സൈനുദ്ദീൻ, കുഞ്ഞാലി മരക്കാർമാർ,  ഫസൽ പൂക്കോയ തങ്ങൾ, ആലി മുസ്‌ലിയാർ, വാരിയൻ കുന്നൻ എന്നിവരെയും ഓർക്കും. ഐക്യദാർഢ്യം എന്നതിന്റെ അർത്ഥഗരിമ നിരാശയിൽനിന്നും നിസ്സഹായതയിൽ നിന്നുമുള്ള പരാജയഭീതി ഇല്ലാതാക്കും. എല്ലാത്തരം പ്രതീക്ഷകളെയും അനന്തമായി ഇത് പ്രതിധ്വനിപ്പിക്കുന്നു. ഐക്യദാർഢ്യത്തിൽ രൂപപ്പെടുന്ന ‘കളക്ടീവ്’, സ്വാതന്ത്ര്യത്തിൻ്റെയും ഇടപഴകലിൻ്റെയും കൂട്ടായ മണ്ഡലം വികസിപ്പിക്കാൻ പ്രേരണയാകുന്നു. 

തെക്ക് / വടക്ക് ദ്വന്ദ്വ നിർമിതികൾ വാസ്തവത്തിൽ ഉൾപ്രേരകവും സ്വയം സന്നദ്ധവുമായ ഐക്യദാർഢ്യത്തെ മാനിക്കുന്നില്ല. മാത്രമല്ല, വേർതിരിവിന്റെ നിർമിതികൾ സാമൂഹികമായ അസമത്വങ്ങൾക്ക് ഒളിമറയാവുകയാണ്. നിസ്സഹായാവസ്ഥയും സ്വാർത്ഥതയും ഒരുപോലെ ഇതിൽ പരിപാലിക്കപ്പെട്ടേക്കാം. ഒരു ആനുകാലികത്തിന്റെ സബ്സ്ക്രൈബർ ബേസാകാം തെക്ക് /വടക്ക് നിർമിതികൾക്ക് ദക്ഷിണപ്രതിരോധവാദമുയർത്താൻ പ്രേരകമാകുന്നത്. ഐക്യദാർഢ്യ സാധ്യതകളെ അടച്ചുകളയുകയാണ്.

‘ഗ്ലോബൽ സൗത്ത്’ തിരിഞ്ഞുകടിക്കുന്ന ഒരു വംശീയ ആശയമാണെന്ന് ഗായത്രി സ്പിവാക് റോമില ഥാപ്പറുമായുള്ള സംവാദത്തിൽ സൂചിപ്പിക്കുന്നുണ്ട്

രാഷ്ട്രീയ പ്രേരണകളിൽ സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ വടക്കൻ സംസ്ഥാനങ്ങളിലുണ്ടെന്നതും അവർക്ക് രാഷ്ട്രീയത്തിൽ മേൽക്കൈയുണ്ടെന്നതും ദക്ഷിണേന്ത്യയെ വേറിട്ടൊരു അസ്തിത്വമായി കാണാനുള്ള മതിയായ കാരണമാകുന്നില്ല. കാരണം, ബി ജെ പി യെ തുല്യനിലയിൽ തന്നെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾ തെക്കുമുണ്ടെന്നുള്ളതും വസ്‌തുതയാണ്. ‘ഗ്ലോബൽ സൗത്ത്’ എന്നൊരു പരികല്പന ദക്ഷിണവീക്ഷണത്തിന് പ്രചോദനമാകുന്നുണ്ടാകാം.

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‍ലിം ജനവിഭാഗം നേരിടേണ്ടിവരുന്ന പലമട്ടിലുമുള്ള അതിക്രമങ്ങൾക്ക് തെക്ക്- വടക്ക് ദ്വന്ദ്വം ഒരു ഘടകമേയല്ല.

എന്നാൽ, ‘ഗ്ലോബൽ സൗത്ത്’ തിരിഞ്ഞുകടിക്കുന്ന ഒരു വംശീയ ആശയമാണെന്ന് ഗായത്രി സ്പിവാക് റോമില ഥാപ്പറുമായുള്ള സംവാദത്തിൽ സൂചിപ്പിക്കുന്നുണ്ട്. (The idea of India A Dialogue, Gayathri Spivak Romila Thapar, Seagull, 2024). അതിനെതിരെ ഗായത്രി സ്പിവാക് നിരത്തുന്ന ഒരു പ്രധാന സംഗതി, വർഗത്തെ  ഒഴിവാക്കുന്നുവെന്നതാണ്. സാമ്രാജ്യത്വ രാജ്യങ്ങളുടെ വിഭവക്കൊള്ളയ്ക്കും അധിനിവേശത്തിനുമെതിരെ ഏഷ്യൻ- ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചെറുത്തുനിൽപ്പു ഭൂമിക എന്ന നിലയിലാണ് 'ഗ്ലോബൽ സൗത്ത്' വിഭാവനം ചെയ്യപ്പെട്ടതെങ്കിലും ഇന്ന് 'ഗ്ലോബൽ സൗത്ത്' എന്ന ആശയം വലതുപക്ഷ നവലിബറൽ ഭരണവ്യവസ്ഥകൾ തന്നെ ഏറ്റെടുത്തിരിക്കുന്നു. ചെറുത്തുനില്പിന്റെ പക്ഷം എന്ന ആശയം അതിൽ നിന്ന് ചോർത്തപ്പെട്ടിരിക്കുന്നു. ഗായത്രി സ്പിവാക് ഉദ്ദേശിച്ച റിവേഴ്‌സ് വംശീയത ഇപ്പോൾ മുന്നോട്ടു വെയ്ക്കുന്ന ദക്ഷിണേന്ത്യൻ രാഷ്ട്രീയ ഭൂമികയ്ക്ക് വന്നുഭവിക്കുമോ എന്ന കാര്യവും ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.  

സവിശേഷ രാഷ്ട്രീയഭൂമിക എന്ന നിലയിലും ഉഗ്രദേശീയതയ്‌ക്കെതിരെയുള്ള പ്രതിരോധസ്ഥലി (resistance space) എന്ന വിചാരത്തിലുമാണ് ദക്ഷിണത്തെ ഉത്തരത്തിനെതിരായ സമരരംഗവേദിയായി കാണുന്നത്. ദേശീയതയുടെ സ്വയം നിർണയാവകാശം തുടങ്ങിയ ആശയങ്ങളുടെ പ്രയോഗികതയിന്മേലല്ല ദക്ഷിണവാദമുയർത്തിയിരിക്കുന്നത്.

ദക്ഷിണത്തെ വിഭക്ത പ്രദേശമായി പരിഗണിക്കാൻ കാരണമായ ന്യായങ്ങൾ ഇതെല്ലാമായിരിക്കാം:
- സാമ്പത്തിക- ധനസംബന്ധമായ ഫെഡറലിസത്തിനുവേണ്ടിയുള്ള പോരാട്ടം.
- ഭാഷപരവും സംസ്കാരപരവുമായ സ്വാച്ഛന്ദ്യത നിലനിർത്താനുള്ള അവകാശബോധം.
- സാമൂഹിക രൂപീകരണത്തിന്റെ ചരിത്രപരമായ വ്യതിരിക്തതയും അവകാശാധിഷ്ഠിതമായ (entitlement based) ഭരണനിർവഹണത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ പ്രബുദ്ധതയും സംഘാടന സംസ്കാരവും ജനസംഖ്യാപരമായ ഘടകങ്ങൾ നൽകുന്ന പ്രത്യേകതയും.
- മത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനത.
- പൊതുവിദ്യാഭ്യാസത്തിനും പൊതു ആരോഗ്യത്തിനും നൽകുന്ന പ്രാധാന്യം.
- ദ്രാവിഡ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച്  ആധുനികതയിലേക്ക് പരിവർത്തിപ്പിച്ച പ്രദേശമെന്ന അവസ്ഥ.

ഈ ന്യായവാദങ്ങൾ അപരത്വത്തെയും സൃഷ്ടിക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസവും പ്രബുദ്ധതയുമുള്ള ജനതയായി വടക്കരെ ചിത്രീകരിക്കുന്നു. അനുസരണശീലവും വിധേയത്വവും ഉള്ളവരും വിശ്വാസങ്ങളാൽ കെട്ടപ്പെട്ടിരിക്കുന്നവരുമായ വടക്കർക്ക് സ്വന്തമായി തീരുമാനമെടുക്കുക അസാധ്യമാണെന്ന ആഖ്യാനത്തെ നിർമിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച ജനതയെയാണ് ഇങ്ങനെ ഒന്നടങ്കം നിസ്സാരവൽക്കരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞകാലങ്ങളിൽ കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നതും ദക്ഷിണധ്രുവത്തിൽനിന്നല്ല എന്നും ഓർക്കേണ്ടതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‍ലിം ജനവിഭാഗം നേരിടേണ്ടിവരുന്ന പലമട്ടിലുമുള്ള അതിക്രമങ്ങൾക്ക് ഈ തെക്ക്- വടക്ക് ദ്വന്ദ്വം ഒരു ഘടകമേയല്ല.

ഐക്യദാർഢ്യം പഴയൊരു കല്പനയാണ്. അകാല്പനികവുമാണ്. നമ്മൾ ആവർത്തിച്ചുപയോഗിച്ചിട്ടുമുണ്ട്, എങ്കിലും അതിലെ ജൈവശക്തി ചോർന്നിട്ടില്ല. 

ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ബുൾഡോസറുകളാൽ മുസ്‍ലിം ജനവിഭാഗത്തിന്റെ കിടപ്പാടങ്ങൾ നിരത്തപ്പെട്ടപ്പോൾ  വിശ്വാസസംബന്ധമായ കാര്യങ്ങളെ ആധാരമാക്കിയാണ് കർണാടകയിലും മറ്റും മുസ്‍ലിം ജനതയ്‌ക്കെതിരെ അക്രമം നടന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി എന്ന വസ്തുതയും ദക്ഷിണ സംസ്ഥാനങ്ങൾ ഈ നിയമം നടപ്പാക്കാൻ വിസമ്മതിച്ചേക്കാം എന്ന ബോധ്യവും കൊണ്ടുമാത്രം പൗരത്വ ഭേദഗതിയിലെ വിവേചനം അവസാനിക്കുന്നില്ല. വിഭജനത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ ഉത്തരേന്ത്യയിൽ പൗരത്വഭേദഗതി നിയമം സൃഷ്ടിക്കുന്ന വംശീയതയ്‌ക്കെതിരെയുള്ള  ഐക്യദാർഢ്യ ചെറുത്തുനില്പുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്. പുതിയ തുറസ്സുകളിലേക്ക് ഐക്യദാർഢ്യം വികസിതമാവേണ്ടതുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭമായാലും കർഷക സമരമായാലും  സംവരണവിരുദ്ധതക്കെതിരായ പ്രതിരോധമായാലും സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടമായാലും, ഇവയെല്ലാം പുതിയൊരു ഐക്യദാർഢ്യ സാധ്യതയിലേക്കുള്ള ഉണർവാകുന്നു. (തൊഴിൽരഹിതരായ യുവാക്കളുടെയും പുതുക്കിയ തൊഴിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെയും സംഘാടനം അത്രതന്നെ ഫലവത്തായി രൂപപ്പെട്ടില്ല എന്ന യാഥാർഥ്യം കൂടിയുണ്ട്.)

ദേശാന്തരതയുടെ പ്രതിസ്ഥലികളിലേക്ക്  (counter-spaces) വികസ്വരമാവുന്ന ജനകീയ മുന്നേറ്റമാണ്  ഐക്യദാർഢ്യത്തിന് സഫലത നേടിത്തരിക. ദേശരാഷ്ട്രത്തിന്റെ പരിമിതസീമകളെ മറികടന്ന് കുടിയേറ്റക്കാരുടെ അതിജീവന പോരാട്ടവുമൊക്കെയായുള്ള ഐക്യദാർഢ്യമായാണ് ഇവ രൂപാന്തരപ്പെടേണ്ടതാണ്. ഏതെങ്കിലും ഉട്ടോപ്യൻ ചെറുത്തുനിൽപ് സാധ്യതയല്ല വിവക്ഷിക്കുന്നത്.  വർത്തമാനത്തിൽ അനുഭവപ്പെടും വിധം, കടുത്ത വലതുപക്ഷതരംഗം ലോകമെമ്പാടും പരക്കും മുമ്പേ ഈയൊരു സാധ്യത നിലനിന്നിരുന്നു. വലതുപക്ഷം ഇതു തകർത്തുകളഞ്ഞു എന്നത് വാസ്തവമാണ്. എങ്കിൽ തന്നെയും ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഫലവത്തായ ഒത്തുചേരലിനുള്ള സാധ്യതയാണ് ഇന്ന് ആഗോളതലത്തിൽ  നിലനിൽക്കുന്നത്. ഐക്യദാർഢ്യം 'മൈത്രി' പോലെ മൃദുവും സരള സൗന്ദര്യമുള്ളതും ഉദാരമനസ്ഥിതിക്ക് അനുകൂലവുമായ ഒരു വാക്കോ പ്രയോഗമോ അല്ല. മൈത്രിയിൽ അന്തഃസ്ഥിതമായ ജൈവികതയെ കുറച്ചുകാണുകയല്ല. ഐക്യദാർഢ്യം പഴയൊരു കല്പനയാണ്. അകാല്പനികവുമാണ്. നമ്മൾ ആവർത്തിച്ചുപയോഗിച്ചിട്ടുമുണ്ട്, എങ്കിലും അതിലെ ജൈവശക്തി ചോർന്നിട്ടില്ല. 

തത്വചിന്തകൻ റിച്ചാർഡ് റോർട്ടി 'ഐക്യദാർഢ്യ’ത്തെക്കുറിച്ച് ഉൾക്കാഴ്ചയോടെ എഴുതിയിട്ടുണ്ട്. Contingency, Irony, Solidarity (Cambridge University Press, 1989) എന്ന പുസ്തകത്തിൽ ഐക്യദാർഢ്യത്തെക്കുറിച്ചുള്ള പ്രബന്ധം ആരംഭിക്കുന്നത്, ജോർജ് ഓർവെല്ലിന്റെ ഒരു നീരീക്ഷണം അവതരിപ്പിച്ചാണ്. ഓഷ്‌വിറ്റ്‌സിലേക്ക് തീവണ്ടികൾ ഓടിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ, നിങ്ങൾ ഒരു യഹൂദനാണെങ്കിൽ,  നിങ്ങൾ ബെൽജിയത്തിൽ താമസിച്ചിരുന്നതിനേക്കാൾ ഡെൻമാർക്കിലോ ഇറ്റലിയിലോ ആണ് താമസിച്ചിരുന്നത് എങ്കിൽ, നിങ്ങളുടെ യഹൂദരല്ലാത്ത അയൽക്കാർ നിങ്ങളെ നാസികളുടെ കണ്ണിൽനിന്ന് ഒളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ വ്യത്യാസം വിവരിക്കുന്നതിനുള്ള ഒരു പൊതുമാർഗ്ഗം, പല ബെൽജിയംകാർക്കും ഇല്ലാത്ത മാനുഷിക ഐക്യദാർഢ്യബോധം പല ഡെന്മാർക്കുകാർക്കും ഇറ്റലിക്കാർക്കും ഉണ്ടാകണമെന്ന് പറയുക എന്നതാണ്. ഓർവെല്ലിന്റെ കാഴ്ചപ്പാടിൽ മാനുഷിക ഐക്യദാർഢ്യം സ്വാഭാവിക മാനുഷിക പ്രതികരണമാണ്, ബോധപൂർവവും സൂക്ഷ്മവുമായ ആസൂത്രണത്തിലൂടെയുള്ള ഐക്യദാർഢ്യം  അസാധ്യമാകുന്നുവെന്നാണ്. തെക്കൻ പ്രതിരോധത്തെ ഈ നിലയ്ക്കുള്ള സ്വാഭാവികതയിൽ കാണാം. 

പക്ഷെ, റോർട്ടിയുടെ അഭിപ്രായത്തിൽ ഐക്യദാർഢ്യമെന്നത് സത്താപരമായ മാനവികതയുടെ സ്വാഭാവിക പ്രതികരണമല്ല. അപരമനുഷ്യരുടെ വേദനയും അവർ നേരിടേണ്ടി വരുന്ന അപമാനവും നമ്മുടെ അനുഭവൈക സംവേദനക്ഷമതയിലൂടെ (sensitivity) ഉൾക്കൊണ്ടും ഉൾപ്രേരണയാക്കിയും സ്വയം സന്നദ്ധമാകുമ്പോഴാണ് ഐക്യദാർഢ്യം സാധ്യമാകുന്നത്. ഐക്യപ്പെടൽ സഹവർതിത്വവുമാകുന്നു. അപരരോടുള്ള സംവേദനക്ഷമതയാണ് ഐക്യദാർഢ്യം സാധ്യമാക്കുന്നത്. വ്യത്യസ്തരായവരെക്കുറിച്ചുള്ള ബോധവും ഇതിൽ  ഉൾച്ചേർന്നിരിക്കുന്നു. ഐക്യദാർഢ്യം പ്രതിഫലനത്തിലൂടെ കണ്ടെത്തുകയല്ല, മറിച്ച് സാധ്യമാക്കുകയാണ്. അജ്ഞാതരായ ആളുകളുടെ വേദനയും അപമാനവും നമുക്കും അനുഭവിക്കാൻ കഴിയുന്ന സംവേദനക്ഷമതയാണ് ഇതിനുള്ള പ്രചോദനമാകുന്നത്. ഐക്യദാർഢ്യം പ്രവർത്തനോന്മുഖമാണ്, സ്വയം സന്നദ്ധവുമാണ്. ‘ജ്ജ് കളിച്ചോ, ഇനിയും കളിച്ചോ … പക്കേങ്കില് കളിമ്മ കളി ബേണ്ട’ എന്ന ഉശിരൻ പ്രയോഗത്തിൽ ഐക്യദാർഢ്യം ആത്മനൈതികപരവും ബോധപൂർവമായുള്ള ഒരുമപ്പെടലാകുന്നു. മലയാളി മലയാളിയോട് ഐക്യപ്പെട്ടുവെന്ന നിലയിൽ ചുരുക്കിയല്ല ഒ.വി. വിജയൻ ഐക്യദാർഢ്യത്തെ വിവക്ഷിക്കുന്നത്, ചരിത്രപരവും ഭൂഭാഗപരവുമായുള്ള സത്തയെ (essentialism) അടിസ്ഥാനമാക്കിയുള്ള പ്രതിരോധഭൂമികാ വാദവുമല്ല ഐക്യദാർഢ്യമെന്നത് എന്നുമാണ്.

Comments