പ്രതിപക്ഷ മുന്നണി സ്ഥാനാർഥിയായി ‘നോട്ട’,
ഇൻഡോറിൽ നടന്നത് ജനാധിപത്യത്തിലെ പരീക്ഷണ വോട്ടിങ്

വോട്ടിങ്ങിനെ തന്നെ അട്ടിമറിക്കുന്ന തരത്തിൽ, എതിർ സ്ഥാനാർഥികളെയെല്ലാം ഇല്ലാതാക്കി വോട്ടെടുപ്പില്ലാതെ 'എതിരില്ലാത്ത ജയം' സംഘടിപ്പിച്ചെടുക്കുന്ന ബി.ജെ.പിയുടെ 'സൂറത്ത് മോഡലി'നെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമായി മാറുകയാണ് ഇൻഡോറിയെ ‘നോട്ട’ എന്ന പ്രതിപക്ഷ മുന്നണി സ്ഥാനാർഥി.

Election Desk

2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്‌കാരങ്ങളിലൊന്നായിരുന്നു ‘നോട്ട’ ബട്ടൺ. വോട്ടിങ് മെഷീനിൽ ‘നോട്ട’ ബട്ടൺ ചേർക്കണമെന്ന 2013 സെപ്റ്റംബർ 29 ലെ സുപ്രീംകോടതി ഉത്തരവിലൂടെയാണ് ഈ പരിഷ്കാരം അവതരിപ്പിക്കപ്പെട്ടത്. ഇതിനെ അരാഷ്ട്രീയമെന്നും രാഷ്ട്രീയമെന്നും വ്യാഖ്യാനിച്ചവരുണ്ടായിരുന്നു. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം ‘നോട്ട’ ബട്ടൺ ഭരണകക്ഷിക്കെതിരെ മത്സരിക്കുന്ന പ്രധാന സ്ഥാനാർത്ഥിയായി തന്നെ മാറിയ അനുഭവമാണ് മധ്യപ്രദേശിലെ ഇൻഡോറിലേത്.

വോട്ടിങ്ങിനെ തന്നെ അട്ടിമറിക്കുന്ന തരത്തിൽ, എതിർ സ്ഥാനാർഥികളെയെല്ലാം ഇല്ലാതാക്കി വോട്ടെടുപ്പില്ലാതെ 'എതിരില്ലാത്ത ജയം' സംഘടിപ്പിച്ചെടുക്കുന്ന ബി.ജെ.പിയുടെ 'സൂറത്ത് മോഡലി'നെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമായി മാറുകയാണ് ‘നോട്ട’ എന്ന പ്രതിപക്ഷ മുന്നണി സ്ഥാനാർഥി.

ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം വോട്ടെടുപ്പിന് രണ്ടാഴ്ച ശേഷിക്കേ നാമനിർദേശപത്രിക പിൻവലിച്ച് ബി ജെ പിയിൽ ചേർന്നിരുന്നു. ഇതോടെ, ഇവിടെ ബി.ജെ.പി സ്ഥാനാർഥിക്ക് ഏകപക്ഷീയ ജയമെന്ന സാഹചര്യമുണ്ടായി.

അക്ഷയ് ബാമിനെക്കൊണ്ട് സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബി.ജെ.പിയിൽ ചേർക്കാനായെങ്കിലും സ്വതന്ത്രർ അടക്കം 14 എതിർ സ്ഥാനാർത്ഥികളുള്ളതിനാൽ വോട്ടെടുപ്പ് മറികടന്ന് ‘എതിരില്ലാത്ത ജയ’ത്തിലെത്താൻ ബി.ജെ.പിക്ക് കഴിയാത്ത സ്ഥിതിയുണ്ടായെങ്കിലും വെല്ലുവിളി ഉയർത്താൻ പോന്ന സ്ഥാനാർത്ഥികളില്ലാത്തത് ബി.ജെ.പി സ്ഥാനാർഥി ശങ്കർ ലാൽവനിയുടെ വിജയം എളുപ്പമാക്കുമെന്ന സാഹചര്യമുണ്ടായി. എന്നാൽ, ഇതിനെ ജനാധിപത്യപരമായി നേരിടാൻ തന്ത്രപരമായ ഒരു നീക്കം നടത്തി, ‘ഇന്ത്യ’ മുന്നണി.

‘‘നിങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ചിലർ ഞങ്ങളുടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മോഷ്ടിച്ചു, നിങ്ങൾക്ക് അവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്ത് ജനാധിപത്യം സംരക്ഷിക്കൂ’’ എന്നായിരുന്നു ഇൻഡോറിൽ ‘ഇന്ത്യ’ മുന്നണി കാമ്പയിൻ. വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയ ബി ജെ പിയെ പാഠം പഠിപ്പിക്കാൻ എല്ലാവരും നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആഹ്വാനം. ബി ജെ പിക്ക് കാര്യമായ മത്സരമില്ലാതിരുന്നിട്ടും ഇൻഡോറിൽ 60.25% പോളിങ് ഉണ്ടായി. 2019- ൽ 69.33% ആയിരുന്നു പോളിങ്.

1989 മുതൽ ബി ജെ പി. ജയിക്കുന്ന മണ്ഡലമാണ് ഇൻഡോർ. 2019-ൽ 5.4 ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ.ഡി.എയുടെ ശങ്കർ ലാൽവാനി ജയിച്ചത്. എന്നിട്ടും നോട്ടക്ക് വോട്ട് തേടിയുള്ള പ്രചാരണത്തെ തടയാൻ ബി.ജെ.പി കാര്യമായി ശ്രമിച്ചു. ഹോർഡിങ്ങുകൾക്കും റേഡിയോ പരസ്യങ്ങൾക്കും അനുമതി കൊടുക്കാതെയും നോട്ടയ്ക്ക് വോട്ടു തേടിയുള്ള പോസ്റ്ററുകൾ നശിപ്പിച്ചും ഇൻഡോറിൽ നോട്ടയോട് ഏറ്റുമുട്ടി ബിജെപി. മൂന്ന് പോളിങ് ബൂത്തുകൾക്കു സമീപം തങ്ങളുടെ മേശകൾ ബി ജെ പിക്കാർ ബലംപ്രയോഗിച്ചു നീക്കിയെന്നു കോൺഗ്രസ് ആരോപിച്ചു. മറ്റൊരു ബൂത്തിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഒരിടത്ത് നോട്ടയ്ക്കു വോട്ട് ചെയ്യാൻ പോളിങ് ഉദ്യോഗസ്ഥ നിർദേശിച്ചെന്നാരോപിച്ച് ബി ജെ പി ബഹളമുണ്ടാക്കി.

അക്ഷയ് ബാം

വോട്ടിങ് മെഷീനിൽ 'ഇവരിൽ ആരും അല്ല' എന്ന വോട്ടറുടെ തീരുമാനമാണ് നോട്ടയുടെ സവിശേഷത. എന്നാൽ, ഇതാദ്യമായി നോട്ട ഒരു പ്രതിപക്ഷ മുന്നണി സ്ഥാനാർഥിയായി മത്സരിച്ചു. ആരു ജയിച്ചാലും 'നോട്ട' വോട്ടിൽ ദേശീയ റെക്കോഡ് ഇൻഡോറിനാകുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞയുടൻ കോൺഗ്രസ് പ്രതികരിച്ചു. ആ നിലയ്ക്ക് തോൽക്കാൻ മനസില്ലാത്തൊരു ജനതയുടെ പ്രതിഫലനം കൂടിയാകും ഇൻഡോറിലെ ഫലം.

നോട്ടയ്ക്ക് വോട്ടു തേടുന്ന കോൺഗ്രസ് പ്രചാരണം മോശം തന്ത്രമാണെന്നും ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണെന്നുമാണ് ഇൻഡോറിലെ ബി ജെ പിയുടെ നിലപാട്. നോട്ടയ്ക്കു വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ജനാധിപത്യത്തിൽ കുറ്റകരമാണെന്നായിരുന്നു മധ്യപ്രദേശ് ബി ജെ പി അധ്യക്ഷൻ വി.ഡി. ശർമയുടെ ആരോപണം.

നോട്ടയ്ക്കു വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ലോക്തന്ത്ര ബച്ചാവോ സമിതി (സേവ് ഡെമോക്രസി കമ്മിറ്റി) യുടെ പോസ്റ്റർ വലിച്ച് കീറുന്ന ബി ജെ പി നേതാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

നോട്ടയ്ക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചുള്ള പോസ്റ്റര്‍ വലിച്ച് കീറുന്ന ബിജെപി കൗണ്‍സിലര്‍ സന്ധ്യ യാദവ്

കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് ബാം പിന്മാറിയതിനെതുടർന്ന് മത്സരരംഗത്തുണ്ടായിരുന്ന ബി.എസ്.പി അടക്കമുള്ള ചെറു കക്ഷികളും ഏതാനും സ്വതന്ത്ര സ്ഥാനാർത്ഥികളും കൂടി പത്രിക പിൻവലിച്ചിരുന്നു. എങ്കിലും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) യും ചില സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക പിൻവലിക്കാതെ ഉറച്ചുനിന്നു. ബി.എസ്.പി സ്ഥാനാർഥിയെ അടക്കം പിൻവലിപ്പിക്കാനായതോടെ എസ്.യു.സി.ഐ (സി) സ്ഥാനാർത്ഥി അജിത് സിംഗ് പൻവാറിനും സ്വതന്ത്ര സ്ഥാനാർഥികൾക്കും മേൽ ബി.ജെ.പി കടുത്ത സമ്മർദം ചെലുത്തിയിരുന്നു. പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു. അതോടൊപ്പം, അജത് സിങ് പൻവാറിന്റെ പത്രികയിൽ ഒപ്പിട്ടവരോട് അവരുടെ പിന്തുണ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുമുണ്ടായി. എസ്.യു.സി.ഐ (സി) സംസ്ഥാന സെക്രട്ടറി പ്രതാപ് സമലിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇൻഡോർ യൂണിറ്റും പാർട്ടി സ്ഥാനാർഥിയെ പിൻവലിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.

‘ഇന്ത്യ’ സഖ്യത്തിന്റെ ആത്മവിശ്വാസം തകർക്കാൻ വോട്ടെടുപ്പിന് മുന്നേ ബി.ജെ.പി പയറ്റിയ തന്ത്രത്തിന് ഇൻഡോറിലെ ജനം ജനാധിപത്യം കൊണ്ടു തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ്. ഇൻഡോറിലെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും നോട്ട ബട്ടൺ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ മറ്റൊരു ഏടായി മാറും.

Comments