ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തട്ടിപ്പ്; മോദിയുടെ 'റോക്ഫെല്ലര്‍' ഇതാ വെളിപ്പെടുന്നു

മോദിയുടെ 'റോക്ഫെല്ലർ' എന്നറിയപ്പെടുന്ന ഗൗതം അദാനിക്ക് കേന്ദ്ര സർക്കാരിലുള്ള സ്വാധീനവും അദാനിക്കുവേണ്ടി രാജ്യത്തെ നിയമങ്ങൾ പോലും മാറ്റിയെഴുതുന്ന ഭരണകൂടതാൽപ്പര്യവും കൂടുതൽ വെളിപ്പെട്ടുവരികയാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു വ്യവസായ ഗ്രൂപ്പിനെ സംബന്ധിച്ച് ഇത്രയും ഗുരുതര ആരോപണങ്ങൾ തെളിവുകൾ അടക്കം പുറത്തുവന്നിട്ടും പ്രധാനമന്ത്രിയോ, സാമ്പത്തികകാര്യ മന്ത്രിയോ, വിദേശകാര്യ മന്ത്രിയോ ഒരു പ്രസ്താവനപോലും നടത്താൻ തയ്യാറായിട്ടില്ല.

ഹിൻഡൻബെർഗ് റിപ്പോർട്ടിനുശേഷം, അദാനി സാമ്രാജ്യത്തെ പിടിച്ചുകുലുക്കി മറ്റൊരു റിപ്പോർട്ടു കൂടി പുറത്തുവന്നിരിക്കുന്നു. 'ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ട്' -ഒ സി സി ആർ പി- എന്ന, ആറോളം വൻകരകളിലെ സ്വതന്ത്ര മാധ്യമപ്രവർത്തകരുൾപ്പെടുന്ന സംഘമാണ് പുതിയ റിപ്പോർട്ടിനുപിന്നിൽ.

അമേരിക്കൻ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് കഴിഞ്ഞ ജനുവരിയിൽ, 'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തുകയാണ് അദാനി ഗ്രൂപ്പ്' എന്ന് ആരോപിച്ചുകൊണ്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനുശേഷം അദാനി ഓഹരിയുടെ വിവാദ ഉടമകളെ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സൂചിപ്പിച്ച ഷെൽ കമ്പനികളെയും, അദാനിക്കുവേണ്ടി നിക്ഷേപം നടത്തുന്ന വിദേശ പൗരരെ സംബന്ധിച്ച വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ റിപ്പോർട്ട്. ഇന്ത്യൻ നിക്ഷേപ നിയമങ്ങൾ കാറ്റിൽ പറത്തി, അദാനിയുടെ തന്നെ വിവിധ കമ്പനികളിൽ, അദാനിയുടെ ബിനാമികളായി, കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയ രണ്ട് വിദേശ പൗരന്മാരെ സംബന്ധിച്ച വിവരങ്ങളാണ് പുതിയ റിപ്പോർട്ടിൽ പ്രധാനമായും ഉള്ളത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള നാസർ അലി ഷബാൻ അഹ്‍ലി, ചൈനീസ് പൗരനായ ചാങ് ചുങ് ലിംഗ് എന്നിവരാണ് ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ പങ്കാളികളെന്ന നിലയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ പണം മുടക്കിയിട്ടുള്ളതെന്നതാണ് പ്രധാന ആരോപണം. വിനോദ് അദാനിയുമായുള്ള ഈ വിദേശപൗരന്മാരുടെ ബന്ധം പ്രധാനമാണ്. കാരണം, അദാനി ഓഹരികളുടെ പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗമാണ് വിനോദ് അദാനി. ഓഹരി വിപണി നിയമങ്ങൾ പ്രകാരം കോർപ്പറേറ്റ് ഇൻസൈഡർമാരുടെ ഷെയർഹോൾഡിംഗുകൾ 75 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന ഇന്ത്യൻ നീയമങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. സാധാരണഗതിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനും മറ്റ് ശിക്ഷാനടപടികൾ നേരിടാനും സാധ്യതയുള്ള നിയമലംഘനമാണിത്.

2013-തൊട്ട് അദാനി സ്റ്റോക്കുകളിൽ അഹ്ലിയും ചാങ്ങും നിക്ഷേപം നടത്താൻ ആരംഭിച്ചതായി പുതുതായി പുറത്തുവന്ന രേഖകൾ തെളിവുനൽകുന്നു. ഇത് സംബന്ധിച്ച പോലീസ് അന്വേഷണങ്ങൾ, കോർപ്പറേറ്റ് രജിസ്ട്രികൾ, ബാങ്ക് രേഖകൾ, സ്റ്റോക്ക് മാർക്കറ്റ് ഡാറ്റകൾ, മറ്റ് കത്തിടപാടുകൾ തുടങ്ങിയ വിവരങ്ങളാണ് ഒ സി സി ആർ പി റിപ്പോർട്ട് പ്രധാനമായും പുറത്തുവിട്ടത്. ഇത് അദാനി കമ്പനികളെക്കുറിച്ച് പൊതുവിൽ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതരത്തിലുള്ള ശക്തമായ തെളിവുകളാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ചാങ് ചുങ് ലിംഗിനൊപ്പം ഗൗതം അദാനി

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന അവസരത്തിൽ അവയിലെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിക്കുകയും റിപ്പോർട്ടിനെ 'ഇന്ത്യയ്ക്കെതിരായി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണം' എന്ന് വിശേഷിപ്പിക്കുകയുമായിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, രാജ്യത്തിന്റെ അഖണ്ഡത, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് നേരെയുള്ള വെല്ലുവിളിയായി റിപ്പോർട്ടിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. അതേസമയം, പുതിയ ആരോപണങ്ങൾ നിഷേധിച്ച് അദാനി എന്റർപ്രൈസസ് ആഗ്സ്ത് 31ന് മാധ്യമ പ്രസ്താവന പ്രസിദ്ധീകരിച്ചുവെങ്കിലും റിപ്പോർട്ടിലെ ആരോപണങ്ങൾ അക്കമിട്ട് നിഷേധിക്കുന്നതിൽ നിന്ന് അവർ അകലംപാലിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ.

നിലവിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, കോടതി മുമ്പാകെ നൽകിയ സത്യവാങ്മൂലത്തിൽനിന്ന് വിരുദ്ധമായി, അദാനി ഓഹരികളികളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത സംബന്ധിച്ച് സെബി (Securities Exchange Board of India-SEBI) ക്ക് നേരത്തേതന്നെ സംശങ്ങൾ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളും ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളും നിയന്ത്രിക്കുന്ന സെബി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് -DRI- എന്നിവ തമ്മിൽ 2014-ൽ നടന്ന കത്തിടപാടുകളാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. അദാനി പവർ പ്രോജക്ടുകളിലെ ഊതിപ്പെരുപ്പിച്ച ഇൻവോയ്സുകളെക്കുറിച്ചുള്ള ഡിആർഐ അന്വേഷണത്തിൽ നിന്നുള്ള തെളിവുകളുടെ സിഡി സഹിതം ഡി ആർഐ മുൻ ഡയറക്ടർ അയച്ച കത്താണ് ഇതിൽ പ്രധാനം.

അദാനി എന്റർപ്രൈസസ് ആഗ്സ്ത് 31ന് പുറത്തിറക്കിയ മാധ്യമ പ്രസ്താവന

പവർ പ്രൊജക്ടിനുവേണ്ടി വാങ്ങിയ യന്ത്രങ്ങൾ അദാനിയുടെ ഇന്ത്യൻ സ്ഥാപനങ്ങളിലേക്ക് എത്തുകയും അവയുടെ ഇൻവോയ്സ് വിദേശ ഷെൽകമ്പനിയുടെ പേരിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് കേസ്. ഏതാണ്ട് 6000 കോടി രൂപയ്ക്കുള്ള ഈ ഇൻവോയ്സ് തുക, അദാനിയുടെ തന്നെ ബിനാമികളുടെ പേരിൽ ഇന്ത്യയിലെ ഓഹരി വിപണികളിലേക്ക് നിക്ഷേപമായും ഓഹരി വിറ്റഴിക്കലുമായി തിരികെ എത്തിയിട്ടുണ്ടെന്നാണ് അക്കാലത്ത് സെബിയുടെയും ഡി ആർ ഐ യുടെയും കണ്ടെത്തൽ.

2014-ൽ അന്വേഷണം ആരംഭിച്ച ഈ കേസ്, നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ നിർത്തിവെക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന സംഗതി, അക്കാലത്ത് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന ഉപേന്ദ്ര കുമാർസിൻഹ എന്ന യു.കെ.സിൻഹ ഇന്ന് അദാനിയുടെ ഉടമസ്ഥതയിലുള്ള എൻ ഡി ടി വിയുടെ ചെയർമാനാണ് എന്നതാണ്. മോദി അധികാരത്തിലെത്തിയശേഷം അദാനിയെ കുറ്റമുക്തനാക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്ത് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് ഉദ്യോഗത്തിൽ വിരമിച്ച ശേഷം യു.കെ.സിൻഹയ്ക്ക് എൻ ഡി ടി വിയിൽ ലഭിച്ച പദവി.

യു എ ഇ പൗരനായ നാസർ അലി ഷബാൻ അഹ്ലി, ചൈനീസ് പൗരനായ ചാങ് ചുങ് ലിംഗ് എന്നിവരുമായുള്ള വിനോദ് അദാനിയുടെ ബന്ധം വളരെ നേരത്തെ ആരംഭിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രേഖകൾ അനുസരിച്ച് അദാനി പ്രൊജക്ടിന് വേണ്ടിയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ 2009ന് മുന്നെ തുടങ്ങിയിരുവന്നു. നാസർ അലി ഷബാൻ മൗറീഷ്യസ് ആസ്ഥാനമാക്കി ഷെൽ കമ്പനികൾ ആരംഭിക്കുകയും, 2009 ഒക്ടോബറിൽ അതിന്റെ ഉടമസ്ഥാവകാശം ചാങ് ചുങ് ലിംഗിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് രേഖകൾ പറയുന്നത്. 2010-ന്റെ തുടക്കത്തിൽ വിനോദ് അദാനി ഈ രണ്ട് കമ്പനികളും ഏറ്റെടുക്കുകയും ദുബൈയിലുള്ള സ്ഥാപനത്തിന്റെ പേര് ഇലക്ട്രോജൻ ഇൻഫ്രാ എന്നും, മൗറീഷ്യസിലെ മാതൃസ്ഥാപനത്തെ ഇലക്ട്രോജൻ ഇൻഫ്രാ ഹോൾഡിംഗ്സ് എന്നും പുനർനാമകരണം നടത്തുകയും ചെയ്തു.

യു.കെ.സിൻഹ

അദാനിക്കും അതിന്റെ വിതരണക്കാർക്കും ഇടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതിന്റെ പ്രതിഫലം ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോജൻ ഇൻഫ്രാ നേടിയെടുക്കുകയുണ്ടായി. റവന്യു ഇന്റലിജെൻസ് അദാനി ഗ്രൂപ്പിനെ സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുന്നതിന് മുന്നെ, ഇലക്ട്രജൻ ഇൻഫ്രായെ സംബന്ധിച്ച ഗുരുതരമായ ആരോപണം രേഖപ്പെടുത്തിയിരുന്നു. 2011നും 2013നും ഇടയിൽ ഇലക്ട്രോജൻ ദുബായ്, മൗറീഷ്യസിലെ ഇലക്ട്രജൻ ഇൻഫ്രാ ഹോൾഡിംഗ്സിന്, 900 ദശലക്ഷം ഡോളർ കൈമാറിയതായും റവന്യു ഇന്റലിജെൻസ് കണ്ടെത്തി. ഇതുകൂടാതെ വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനമായ അസെന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റിന് മൗറീഷ്യസ് ആസ്ഥാനമായ ഇലക്ട്രോജൻ ഇൻഫ്രാ ഹോൾഡിംഗ്സ് 100 ദശലക്ഷം ഡോളർ നൽകിയതിന്റെ രേഖകളും പുറത്തുവന്നു. ഈ തുക ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു വിനോദ് അദാനി ചെയ്തത്.

2013-ൽ 100ലധികം കമ്പനികളിലെ അമിതമായ പ്രൊമോട്ടർ ഹോൾഡിംഗുകൾ സെബി കണ്ടെത്തുന്നതോടെ ചാങ്, അഹ്ലി എന്നിവരുടെ ഇടപെടലുകളും, എമേർജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട് (EIFF) ഇ എം റിസർജന്റ ഫണ്ട് (EMRF) എന്നിവ അദാനി ഓഹരികളിലെ പ്രധാന നിക്ഷേപകരാണെന്ന വസ്തുതകളും പുറത്തുവന്നു. അദാനി സ്റ്റോക്കുകളിലെ 260 ദശലക്ഷം ഡോളറിൽ 2 ദശലക്ഷം ഡോളർ ഒഴികെ ബാക്കിയെല്ലാം അഹ്ലിയുടെയും ചാങ്ങിന്റെയും കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് രേഖകൾ കാണിക്കുന്നു.

ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിലിരുന്നുകൊണ്ട് ചാങ് ചുങ് ലിംഗും, മൗറീഷ്യസ് ആസ്ഥാനമാക്കി അഹ്ലിയും നടത്തിയ ഇടപാടുകളുടെ സാമ്പത്തിക ഉറവിടം ദീർഘകാലം അജ്ഞാതമായി നിലനിന്നിരുന്നു. 2017 ആയപ്പോഴേക്കും ഇരുവരും ചേർന്ന് 363 ദശലക്ഷം ഡോളറിന് തുല്യമായ ഓഹരികൾ വാങ്ങിക്കൂട്ടിയെന്ന് കണ്ടെത്തി. ഇലക്ട്രോജൻ ഇൻഫ്രായെക്കുറിച്ചുള്ള റവന്യു ഇന്റലിജെൻസിന്റെ അന്വേഷണം 2017-ൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ കാരണം മാറ്റിവെക്കുകയായിരുന്നു. 900 ദശലക്ഷം ഡോളറിന്റെ ലാഭം ഇലക്ട്രജൻ ഇൻഫ്രാ വഴി വിനോദ് അദാനിക്ക് ലഭിച്ചത് സംബന്ധിച്ച കരാർ രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. ഓഹരി വിപണിയിലെ നിയന്ത്രണ സ്ഥാപനമെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് സെബി മുഖംതിരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇന്ന് പ്രധാനമായും ഉയരുന്നത്.

സെബിയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും 2014-ൽ നടന്ന കത്തിടപാട്

അദാനിയുടെ അസാധാരണമായ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച സന്ദേഹങ്ങൾ നേരത്തെ ഉയർന്നിരുന്നുവെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന നാൾതൊട്ട്, കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അടുത്ത ബന്ധവും അദാനി എന്റർപ്രൈസസിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ അവസാനിപ്പിച്ചതും അടക്കമുള്ള കാര്യങ്ങൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഈ വർഷം, സുപ്രീംകോടതി നിയോഗിച്ച പാനൽ അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ സെബി പരാജയപ്പെട്ടോ എന്ന് പരിശോധിക്കുകയുണ്ടായി.

സെബിയുടെ വിശദീകരണത്തെക്കുറിച്ച് സുപ്രീംകോടതി പാനൽ മെയ് മാസത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ റെഗുലേറ്റർക്ക് (സെബിക്ക്) ഇക്കാര്യത്തിൽ ''ദീർഘകാലമായി സംശയം'' (longstanding suspicion) ഉണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. ''പൊതു ഓഹരി ഉടമകൾ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടവർ യഥാർത്ഥത്തിൽ അങ്ങിനെ അല്ലെന്നും അവർ പ്രൊമോട്ടർമാർ അടങ്ങുന്ന ഒരു കൂട്ടുമുന്നണി ആകാൻ സാധ്യതയുണ്ടെന്നു''മാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മാൾട്ട, കുറക്കാവോ, വെർജിൻ ഐലൻഡ്സ്, ബെർമുഡ എന്നിവിടങ്ങളിലെ അധികാര സ്ഥാപനങ്ങളിൽ നിന്ന് സംശയാസ്പദമായ 13 ഓഫ്ഷോർ സ്ഥാപനങ്ങളുടെ വിവരങ്ങൾ സെബി ആവശ്യപ്പെട്ടുവെങ്കിലും അവയൊന്നും തന്നെ ലഭ്യമായില്ലെന്ന് സൂചനയുണ്ട്. പബ്ലിക് ഷെയർഹോൾഡിംഗിൽ പാലിക്കേണ്ട നിബന്ധനകൾ അദാനിയുടെ ഗ്രൂപ്പ് ലംഘിച്ചിരിക്കുകയാണെന്ന കാര്യം പകൽപോലെ വ്യക്തമായിരിക്കുകയാണ്. എന്നാൽ ഇതേക്കുറിച്ച് അന്വേഷണച്ചുമതലയുള്ള സെബിയുടെ പ്രവർത്തനം എത്രമാത്രം സ്വതന്ത്രമാണ് എന്നത് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ''ഓഫ് ഷോർ എന്റിറ്റികളെ സംബന്ധിച്ച അന്വേഷണം വെല്ലുവിളിയായി തുടരുകയാണെന്ന്'' പറയുന്നത് അന്വേഷണ ഏജൻസി തന്നെയാണ്.

അദാനി ഗ്രൂപ്പിന്റെ നിഷേധം

ഒ സി സി ആർ പി റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിറകെ അദാനി ഗ്രൂപ്പ് മാധ്യമ പ്രസ്താവന നൽകി: ''അദാനി ഗ്രൂപ്പിനെയും അതിന്റെ ബിസിനസ്സ് പങ്കാളികളെയും അപകീർത്തിപ്പെടുത്താനും അവഹേളിക്കാനും മൂല്യം ഇല്ലാതാക്കാനും നഷ്ടമുണ്ടാക്കാനും'' ആണ് പുതിയ റിപ്പോർട്ട് ശ്രമിക്കുന്നതെന്നാണ് പ്രസ്താവനയിൽ പറയുന്നു.

തങ്ങളുടെ ലിസ്റ്റു ചെയ്ത സ്ഥാപനങ്ങൾ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും, ''ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചുമത്തിയിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുനരാവിഷ്‌കരണമല്ലാതെ മറ്റൊന്നും പുതിയ റിപ്പോർട്ടിൽ ഇല്ലെന്നും'' അദാനിയുടെ പത്രക്കുറിപ്പ് വിശദീകരിക്കുന്നു. 2014-ലെ റവന്യൂ ഇന്റലിജൻസ് രേഖകളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും അതേസമയം ഇക്കാര്യത്തിൽ സുപ്രീം കോടതി 'തങ്ങൾക്ക് അനുകൂലമായി തീർപ്പുണ്ടാക്കി' എന്നും അദാനി വക്താവ് വ്യക്തമാക്കി. തങ്ങൾക്കെതിരായ ആരോപണങ്ങളിൽ സത്യമോ അടിസ്ഥാനമോ ഇല്ലെന്ന് പറയുന്ന അദാനി മാധ്യമ പ്രസ്താവന പക്ഷേ, ഹിൻഡൻബെർഗ് റിപ്പോർട്ടിന് ശേഷം നടത്തിയ നിഷേധ പ്രസ്താവനയിൽ നിന്ന് ഭിന്നമായി ചില കാര്യങ്ങളിൽ വ്യക്തമായ മൗനം പാലിക്കുന്നതായി കാണാൻ കഴിയും.

ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
ചാങ് ചുങ് ലിംഗ്, നാസർ അലി ഷബാൻ അഹ്ലി എന്നിവരുമായുള്ള ബന്ധം നിഷേധിക്കാൻ പ്രസ്താവനയിൽ ശ്രമിച്ചിട്ടില്ല; വിനോദ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രോജൻ ഇൻഫ്രാ, FZE, ഇലക്ട്രോജൻ ഇൻഫ്രാ ഹോൾഡിംഗ്സ് എന്നിവയുമായുള്ള ബന്ധത്തെയും നിഷേധിച്ചിട്ടില്ല; GOF, EIFF, EMRF എന്നിവയിലെ നിക്ഷേപം സംബന്ധിച്ച ആരോപണം തള്ളിക്കളഞ്ഞിട്ടില്ല; EIFF, EMRF എന്നിവ അദാനി ഓഹരികളിൽ കച്ചവടം ചെയ്തതിനെക്കുറിച്ചും പ്രസ്താവന മൗനം പാലിക്കുന്നു.

ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്ന അവസരത്തിൽ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് അദാനി ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് നിഷേധക്കുറിപ്പ് ഇറക്കിയവരാണ് ഈ രീതിയിൽ മൗനം പാലിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വിനോദ് അദാനി

അദാനിക്കെതിരായി ആക്രമണം രാജ്യത്തിനെതിരായ ആക്രമണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾക്ക്, പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, തിരിച്ചടി ലഭിക്കുകയാണ്. കാരണം, ഗൗതം അദാനിയുടെ സഹോദരനും, അദാനി ഗ്രൂപ്പുകളുടെ പ്രൊമോട്ടറുമായ വിനോദ് അദാനിയും, അദാനി ഗ്രൂപ്പിലെ നാളിതുവരെ അജ്ഞാതരായി നിന്നിരുന്ന നിക്ഷേപകരും വിദേശ പൗരന്മാരാണെന്ന വസ്തുതയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്.

മോദിയുടെ 'റോക്ഫെല്ലർ' എന്നറിയപ്പെടുന്ന ഗൗതം അദാനിക്ക് കേന്ദ്ര സർക്കാരിലുള്ള സ്വാധീനവും അദാനിക്കുവേണ്ടി രാജ്യത്തെ നിയമങ്ങൾ പോലും മാറ്റിയെഴുതുന്ന ഭരണകൂടതാൽപ്പര്യവും കൂടുതൽ കൂടുതൽ വെളിപ്പെട്ടുവരികയാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു വ്യവസായ ഗ്രൂപ്പിനെ സംബന്ധിച്ച് ഇത്രയും ഗുരുതരമായ ആരോപണങ്ങൾ തെളിവുകൾ അടക്കം പുറത്തുവന്നിട്ടും രാജ്യത്തെ പ്രധാനമന്ത്രിയോ, സാമ്പത്തികകാര്യ മന്ത്രിയോ, വിദേശകാര്യ മന്ത്രിയോ ഒരു പ്രസ്താവനപോലും നടത്താൻ തയ്യാറായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഒ.സി.സി.ആർ.പി എന്ന അന്താരാഷ്ട്ര സ്വതന്ത്ര പത്രപ്രവർത്തക ഗ്രൂപ്പിനെ ജോർജ്ജ് സോറോസ് സാമ്പത്തികമായി സഹായിക്കുന്നു എന്ന ആരോപണമുന്നയിച്ച് റിപ്പോർട്ടിലെ വസ്തുതകളെ നിഷേധിക്കാനാണ് സർക്കാർ വക്താക്കളുടെ ശ്രമം. രസകരമായ സംഗതി, ഒ.സി.സി.ആർ.പിക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ ബ്രിട്ടീഷ്, ഫ്രഞ്ച് ഗവൺമെന്റുകളടക്കം നിരവധി ഔദ്യോഗിക സ്ഥാപനങ്ങൾ മുൻപന്തിയിലാണെന്നതാണ്. ഇതിൽ ജോർജ്ജ് സോറോസിന്റെ പങ്ക് തുലോം തുച്ഛമാണ് താനും.

അദാനി ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം സംയുക്ത പാർലമെന്ററി കമ്മിറ്റിയെ ഏൽപ്പിക്കണമെന്ന ആവശ്യത്തിന് ചെവികൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ലെന്ന് തന്നെയാണ് കരുതേണ്ടത്. കാരണം ഇതുസംബന്ധിച്ച രേഖകൾ പ്രതിപക്ഷ അംഗങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പാർലമെന്റ് സമിതിക്ക് ലഭ്യമാകുന്നത് ആത്മഹത്യാപരമാണെന്ന് മറ്റാരെക്കാളും നന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാം. അതുകൊണ്ടുതന്നെ പുതിയ വെളിപ്പെടുത്തലുകളെയും വെല്ലുവിളികളെയും നേരിടുന്നതിനായി പുതിയ രാഷ്ട്രീയ ഗിമ്മിക്കിനായുള്ള നീക്കങ്ങളാണ് പതിവുപോലെ മോദി നടത്താൻ പോകുന്നത്. പ്രതിപക്ഷ അംഗങ്ങളുമായി കൂടിയാലോചിക്കാതെ, അജണ്ടകൾവ്യക്തമാക്കാതെ, അസാധാരണമായ രീതിയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്. എന്തുതന്നെയായാലും അദാനിയെയും മോദിയെയും സംബന്ധിച്ച് കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞ ദിനങ്ങൾ തന്നെയാണ് മുന്നിലുള്ളത് എന്ന് വ്യക്തം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments