ഒഡിഷ ദുരന്തം: ട്രാക്കുകളുടെ സുരക്ഷക്ക്​ റെയിൽവേ എന്താണ്​ ചെയ്യുന്നത്​?

ട്രെയിന്‍ ഗതാഗതം സുരക്ഷിതമാക്കാനുള്ള അടിസ്ഥാന കാര്യങ്ങളില്‍ പുലര്‍ത്തുന്ന അവഗണനയാണ് ഒഡിഷ ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നത്.

National Desk

ഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിക്കാനും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ അപകടം, സിഗ്‌നലിങ്ങിലുണ്ടായ തകരാറിനെതുടർന്നാണ്​ എന്നാണ് പ്രാഥമിക നിഗമനം. ലോക്കോ പൈലറ്റുമാര്‍ക്ക് സംഭവിച്ച പിഴവാണോ സാങ്കേതിക തകരാറാണോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.

നടുവിലെ രണ്ട് ട്രാക്കുകളിലൊന്നിലൂടെ വന്ന ഷാലിമാര്‍- ചെന്നൈ സെന്‍ട്രല്‍ കൊറമണ്ഡല്‍ എക്‌സ്പ്രസ്, ആദ്യം ലൂപ്​ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി. ഇതേതുടർന്ന്​ പാളം തെറ്റിയ കൊറമണ്ഡല്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ അടുത്ത പാളത്തിലേക്ക് കയറിയപ്പോള്‍, ആ സമയം എതിർ ട്രാക്കിലൂടെ വന്നിരുന്ന യശ്വന്തപുര്‍- ഹൗറ എക്‌സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹൗറ എക്‌സ്പ്രസിന്റെ ബോഗികളും പാളം തെറ്റി. രണ്ട് ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാര്‍ക്ക് നിയന്ത്രണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന് മിനിറ്റുകള്‍ക്കുമുമ്പ് കൊറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയാണ് ഓടിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ബഹാനഗര്‍ ബസാര്‍ സ്‌റ്റേഷനുതൊട്ടുമുമ്പുള്ള മെയിന്‍ ലൈനിനുപകരം ട്രെയിന്‍ ലൂപ് ലൈനിലൂടെയാണ് വന്നതെന്ന് ഖരാഗ്പുര്‍ ഡിവിഷനിലെ സിഗ്‌നിലിംഗ് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. 127 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന കൊറാമണ്ഡല്‍ എക്‌സ്പ്രസ് ലൂപ് ലൈനില്‍ പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്‌സിലാണ് വന്നിടിച്ചത്. ഇടിച്ച് നിമിഷങ്ങള്‍ക്കകം എതിര്‍ദിശയില്‍നിന്ന് വന്നിരുന്ന ഹൗറ എക്‌സ്പ്രസ് കൊറമണ്ഡല്‍ എക്‌സ്പ്രസിലിടിക്കുകയായിരുന്നു. എന്നാല്‍, സിഗ്‌നലിംഗിലുണ്ടായ പിഴവിലേക്കാണ് പ്രാഥമിക അന്വേഷണം വിരല്‍ ചൂണ്ടുന്നത്. അതായത്​, ഗുഡ്​സിലിടിച്ചുണ്ടായ അപകടത്തിനുശേഷം, മൂന്നാമതൊരു ട്രെയിൻ കൂടി, കൊറാമണ്ഡല്‍ എക്‌സ്പ്രസി​ന്റെ ബോഗികളിൽ വന്നിടിക്കുക എന്നത്​ അസാധാരണമാണെന്ന്​ സുരക്ഷാ വിദഗ്ധർ പറയുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്​ഥർ പറയുന്നത്​ ഇതാണ്​: കൊറാമണ്ഡല്‍ എക്‌സ്പ്രസിന് മെയിന്‍ ലൈനിലൂടെ പോകാന്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് അത് മാറ്റി, വണ്ടി ലൂപ് ട്രാക്കിലേക്ക് കയറുകയും ചെയ്തു. അതായത്​, സിഗ്​നലിംഗിലെ തകരാറാണ്​ അപകടത്തിനിടയാക്കിയത്​.

മെയിന്‍ ട്രാക്കില്‍നിന്ന് വേര്‍തിരിയുന്ന ലൂപ് ലൈന്‍, അല്‍പ ദൂരത്തിനുശേഷം മെയിന്‍ ട്രാക്കില്‍ വീണ്ടും ചേരും. ട്രാക്കിലെ തിരക്ക് കുറയ്ക്കാനാണ് ലൂപ് ട്രാക്കുകള്‍ നിര്‍മിക്കുന്നത്.

ഒഡിഷ അപകടവുമായി ബന്ധപ്പെട്ട്, റെയില്‍വേ സുരക്ഷാനടപടികളിലുണ്ടായ വീഴ്ചകളും ചര്‍ച്ചയാകുന്നുണ്ട്. 2011- 12ല്‍ ഇന്ത്യന്‍ റെയില്‍വേ 'Train Collision Avoidance System (TCAS)' എന്നൊരു ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനം വികസിപ്പിച്ചിരുന്നു. പിന്നീട് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ പെടുത്തി നരേന്ദ്രമോദി സര്‍ക്കാര്‍ ‘കവച്’ എന്ന പേരില്‍ ഇതിനെ അവതരിപ്പിച്ചു.

ഒരേ പാതയില്‍ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണിത്. ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ നിശ്ചിത ദൂരപരിധിയില്‍ ബ്രേക്കിംഗ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. റേഡിയോ ടെക്‌നോളജി, ജി.പി.എസ് സംവിധാനങ്ങള്‍ വഴിയാണ് 'കവചി'ന്റെ പ്രവര്‍ത്തനം. രണ്ട് ട്രെയിനുകളുടെ ലോക്കോ പൈലറ്റുമാര്‍ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടമായാലും 'കവച്' ഉണ്ടെങ്കില്‍ കൂട്ടിയിടി ഒഴിവാകും. ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിച്ചാല്‍ മുന്നറിയിപ്പ് നല്‍കുകയും അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ വരുന്നതുകണ്ടാല്‍ ട്രെയിന്‍ ഓട്ടോമാറ്റിക്കായി നിര്‍ത്തുകയൂം ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്ന അത്യാധുനിക സുരക്ഷാ സംവിധാനമാണ് 'കവച്.' വണ്ടികളുടെ കൂട്ടിയിടി തടയാനുള്ള ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ സുരക്ഷാ സംവിധാനമാണിതെന്നാണ് ഇന്ത്യന്‍ റെയില്‍വേ പറയുന്നത്. ഒഡിഷയില്‍ അപകടം നടന്ന റൂട്ടില്‍ ഈ സംവിധാനമുണ്ടായിരുന്നില്ല.

ഈ സുരക്ഷാസംവിധാനം സ്ഥാപിക്കുന്നതില്‍ റെയില്‍വേ അനാസ്ഥ കാട്ടിയതായി ആരോപണമുയരുന്നുണ്ട്. 2019 വരെ മൂന്ന് കമ്പനികള്‍ക്കാണ് ഈ സംവിധാനം നിര്‍മിക്കാനും ഇന്‍സ്റ്റാള്‍ ചെയ്യാനും അംഗീകാരം നല്‍കിയത്. ആകെ 68,043 കിലോമീറ്റര്‍ റൂട്ട് ലെംഗ്ത്തുള്ള ഇന്ത്യന്‍ റെയില്‍വേയില്‍ 1445 കിലോമീറ്ററില്‍ മാത്രമാണ് 'കവച്' ഇന്‍സ്റ്റാള്‍ സ്ഥാപിച്ചിട്ടുള്ളത്. അതായത്, ആകെയുള്ളതിന്റെ വെറും രണ്ടു ശതമാനം റൂട്ടില്‍ മാത്രം.

130 കിലോമീറ്ററിലധികം വേഗത്തില്‍ ട്രെയിനുകളോടുന്ന റൂട്ടില്‍ ഓട്ടോമേറ്റഡ് സിഗ്‌നിലിംഗ് സംവിധാനം വേണമെന്നുണ്ട്. മാത്രമല്ല, പഴകിയ ട്രാക്കുകള്‍ മറ്റൊരു സുരക്ഷാ ഭീഷണിയാണ്. അതിവേഗ ട്രെയിനുകള്‍ കൊണ്ടുവന്നും സ്വകാര്യവല്‍ക്കരണത്തിന് വാതില്‍ തുറന്നും റെയില്‍വേയെ 'നവീകരിക്കുകയാണ്' എന്നവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍, ട്രെയിന്‍ ഗതാഗതം സുരക്ഷിതമാക്കാനുള്ള അടിസ്ഥാന കാര്യങ്ങളില്‍ പുലര്‍ത്തുന്ന അവഗണനയാണ് ഒഡിഷ ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നത്.

Comments