വിശ്വഗുരുവിന്റെ
വിഷം ചീറ്റൽ

ഉലകനായകനായി വിശ്വഗുരു പ്രതിച്ഛായയിൽ ഊരു ചുറ്റിയ നരേന്ദ്രമോദിയല്ല, സ്വന്തം ജനതയെ ഒരു അധിനിവേശകനെപ്പോലെ വിഭജിച്ച്, രാജ്യം ചുറ്റി വിഷം ചീറ്റുന്ന തെഞ്ഞെടുപ്പുകാല മോദി. അന്താരാഷ്ട്ര മാധ്യമങ്ങളും ഏജൻസികളും അതിനിശിതമായിത്തന്നെ മോദി ഭരണത്തെ വിലയിരുത്തുന്നുണ്ട്- മനില സി. മോഹൻ എഴുതുന്നു.

ന്ത്യയെന്ന ജനാധിപത്യ രാഷ്ട്രം ഇപ്പോൾ നിൽക്കുന്നത് ചരിത്രത്തിൻ്റെ വഴിത്തിരിവിലാണ്. ആ തിരിവിൽ നിന്നുകൊണ്ട് കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി, ആ രാജ്യത്തെ ജനതയെ ഹിന്ദുവെന്നും മുസ്‍ലിം എന്നും വിഭജിച്ചുനിർത്തി, ഹിന്ദുക്കളോട് ചോദിക്കുന്നു- നിങ്ങൾ വോട്ട് ജിഹാദാണോ ചെയ്യുക? അതോ രാമരാജ്യത്തിനു വേണ്ടിയുള്ള വോട്ടാണോ ചെയ്യുക എന്ന്. അങ്ങനെ ചോദിക്കാൻ ഒരു പ്രധാനമന്ത്രിയെ, രാഷ്ട്രത്തലവനെ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകമേയുള്ളൂ, അത് അയാളുടെ ഫാഷിസ്റ്റ് രാഷ്ട്രീയമാണ്.

ഭരണഘടനയുള്ള ഒരു രാജ്യത്തെ പ്രധാനമന്ത്രി, അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ മതേതര രാഷ്ട്രത്തിൻ്റെ പ്രതിനിധിയായി വർത്തിക്കേണ്ട പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിച്ച് വെറുപ്പിൻ്റെ പ്രസംഗങ്ങൾ, വെറുപ്പിൻ്റെ പ്രഘോഷണങ്ങൾ, വെറുപ്പിൻ്റെ വാഗ്ധോരണികൾ എല്ലാ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി തൻ്റെ യഥാർത്ഥ സ്വത്വത്തിലേക്ക്, ആർ.എസ്.എസുകാരനായ ക്ലിനിക്കൽ ഹിന്ദു ഫാഷിസ്റ്റ് എന്ന ദിഗംബര സ്വത്വത്തിലേക്ക് സ്വസ്ഥമായി, അത്യാഹ്ളാദത്തോടെ ഇറങ്ങിയിരിക്കുന്നു.

അവിടെ അയാൾക്ക് പ്രധാനമന്ത്രിയുടെ ജനാധിപത്യ ബാധ്യതകൾ പേറി നടക്കേണ്ടതില്ല. അവിടെയയാൾ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൻ്റെ വക്താവ് മാത്രമാണ്. അവിടെയയാൾ ഹിന്ദു രാഷ്ട്ര നിർമിതിയ്ക്കായി രാഷ്ട്രീയത്തിലിറങ്ങിയ മാരീചനാണ്. ഭരണാധികാരത്തിൻ്റെ സകല സന്നാഹങ്ങളുമായി സ്വന്തം രാജ്യത്തെ ജനങ്ങളോട് വർഗ്ഗീയമായും സാമ്പത്തികമായും രാഷ്ട്രീയമായും യുദ്ധം ചെയ്യുന്ന ഒരാൾ. അയാൾ ഒരു വ്യക്തിയല്ല, വിധ്വംസകമായ ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൻ്റെ സേനാപതിയാണ്.

തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി തൻ്റെ യഥാർത്ഥ സ്വത്വത്തിലേക്ക്, ആർ.എസ്.എസുകാരനായ ക്ലിനിക്കൽ ഹിന്ദു ഫാഷിസ്റ്റ് എന്ന ദിഗംബര സ്വത്വത്തിലേക്ക് സ്വസ്ഥമായി, അത്യാഹ്ളാദത്തോടെ ഇറങ്ങിയിരിക്കുന്നു.

വെറുപ്പ് എന്ന യുദ്ധതന്ത്രം

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് സേനാപതി മുസ്‍ലിം വിദ്വേഷത്തിൻ്റെ അസ്ത്രവുമായി യുദ്ധഭൂമിയിൽ ഇറങ്ങിയത്. ഇന്ത്യൻ അടിത്തട്ട് രാഷ്ട്രീയം കഴിഞ്ഞ പത്ത് വർഷത്തെ മോദി പുകമറയിൽ നിന്ന് പുറത്തു കടന്ന് ജീവിതത്തിൻ്റെ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും അത് സംഘ്പരിവാർ രാഷ്ട്രീയത്തിന് ഇനിയൊരു വട്ടം കൂടി അധികാരത്തിലെത്താനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട് എന്നും തിരിച്ചറിഞ്ഞതിൻ്റെ വെപ്രാളത്തിൽ നിന്നോ നിരാശയിൽ നിന്നോ ആണ് സേനാപതി വിഭജനത്തിൻ്റെ വർഗ്ഗീയ രാഷ്ട്രീയം ഒരു മറയുമില്ലാതെ എയ്തുകൊണ്ടിരിക്കുന്നത്. സംഘ്പരിവാറിൻ്റെ ആവനാഴിയിൽ എക്കാലത്തും ഉള്ളത് മുസ്‍ലിം വിദ്വേഷത്തിൻ്റെ, അപരവിദ്വേഷത്തിൻ്റെ ബ്രഹ്മാസ്ത്രങ്ങൾ മാത്രമാണ്.

വിദ്വേഷ പ്രസംഗത്തിൻ്റെ നിർവ്വചന പരിധിയിൽ ഓൺലൈനായും ഓഫ്‌ലൈനായും പ്രചരിപ്പിക്കുന്ന ഇമേജുകൾ, കാർട്ടൂണുകൾ, മീമുകൾ, വസ്തുക്കൾ, ആംഗ്യങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം വരും.

അതിരൂക്ഷവും മര്യാദയുടേയും മനുഷ്യത്വത്തിൻ്റേയും നിയമവ്യവസ്ഥയുടേയും അടിസ്ഥാനങ്ങൾ പരിഗണിക്കാത്തതുമായ അസംഖ്യം വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ മുസ്‍ലിം മത വിഭാഗത്തിനുനേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നടത്തിയിട്ടും, രാജ്യവ്യാപകമായി അതിനെതിരെ പരാതികൾ ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻ ഒരു നടപടിയും എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനങ്ങൾ തുടർച്ചയായി എല്ലാ ദിവസവും ഒരു നേതാവ്, സ്ഥാനാർത്ഥി, പ്രധാനമന്ത്രി നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നിഷക്രിയമായിരിക്കുന്നത് ആ പദവിയുടെ അടിമത്ത ഭയം കൊണ്ടാണ്.

ഹേറ്റ് സ്പീച്ചിൻ്റെ യുണൈറ്റഡ് നേഷൻസ് നിർവചനം ഇങ്ങനെയാണ്: “any kind of communication in speech, writing or behaviour, that attacks or uses pejorative or discriminatory language with reference to a person or a group on the basis of who they are, in other words, based on their religion, ethnicity, nationality, race, colour, descent, gender or other identity factor.”

വിദ്വേഷ പ്രസംഗത്തിൻ്റെ നിർവ്വചന പരിധിയിൽ ഓൺലൈനായും ഓഫ്‌ലൈനായും പ്രചരിപ്പിക്കുന്ന ഇമേജുകൾ, കാർട്ടൂണുകൾ, മീമുകൾ, വസ്തുക്കൾ, ആംഗ്യങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം വരും.

മോദി മാത്രമല്ല, ബി.ജെ.പി നേതാക്കളായ അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും ജെ.പി.നദ്ദയുമൊക്കെ മോദിവഴിയിൽ വിദ്വേഷ പ്രചാരണം വ്യാപകമായി തുടരുകയാണ്.

ഒരു സംശയത്തിനും ഇടയില്ലാത്ത വിധം പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് മുസ്‍ലിം സമുദായത്തിനെതിരായ കടുത്ത വിദ്വേഷ പ്രചാരണമാണ്. വിദ്വേഷ പ്രസംഗങ്ങളുടെ പരമ്പരയാണ്. ഗ്രൗണ്ടിൽ തങ്ങളുടെ പിടുത്തം വിടുന്നുവെന്ന യാഥാർഥ്യം മനസ്സിലാക്കിയ ബി.ജെ.പി., കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഉന്നമിട്ടാണ് മുസ്‍ലിം സമുദായത്തെയും കോൺഗ്രസിനെയും കോർത്തു വെച്ച് നുണകൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ വർഗ്ഗീയ മൊഴിമുത്തുകൾ ഏറെയുണ്ട്. അവയിൽ വീര്യം കൂടിയ ചിലത് ഇതാണ്:
ക്രിക്കറ്റ് ടീമുണ്ടാക്കുമ്പോൾ അതിനകത്തും പുറത്തും ആരുണ്ടാകണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്നും ന്യൂനപക്ഷങ്ങൾക്ക് മതാടിസ്ഥാനത്തിൽ ടീമിൽ മുൻതൂക്കം കൊടുക്കുമെന്നും മധ്യപ്രദേശിലെ ധാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി പറഞ്ഞു.

രാമക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് കോൺഗ്രസിൻ്റെ ഉദ്ദേശ്യം. കോൺഗ്രസ്സ് രാമക്ഷേത്രത്തിന് ബാബറി പൂട്ടിടാതിരിക്കണമെങ്കിലും കാശ്മീരിൽ ആർട്ടിക്കിൾ 370 തിരികെക്കൊണ്ടുവരാതിരിക്കണമെങ്കിലും 400 സീറ്റ് ബിജെപിയ്ക്ക് തരണം- മധ്യപ്രദേശിൽ മോദി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സമ്പത്തും കെട്ടുതാലി പോലും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും കൊടുക്കും- രാജസ്ഥാനിലെ ബൻസ്വാരയിൽ മോദി പറഞ്ഞു.

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം മതത്തിൻ്റെ പേരിൽ മുസ്‍ലിംകൾക്ക് നൽകാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അനുവാദിക്കില്ല- തെലങ്കാനയിലെ സഹീറാബാദിൽ മോദി പറഞ്ഞു.

മോദി മാത്രമല്ല, ബി.ജെ.പി നേതാക്കളായ അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും ജെ.പി.നദ്ദയുമൊക്കെ മോദിവഴിയിൽ വിദ്വേഷ പ്രചാരണം വ്യാപകമായി തുടരുകയാണ്.

മുതിർന്ന ബി.ജെ.പി നേതാക്കൾ മതത്തിൻ്റെ പേരിൽ, ന്യൂനപക്ഷങ്ങൾക്കു നേരെ വിദ്വേഷ പ്രചരണം നടത്തി വോട്ടു പിടിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര സ്വതന്ത്ര നിരീക്ഷക സംഘം (Independent Panel on Monitoring Indian Elections-2024) പുറത്തുവിട്ട വീക്ക്ലി ബുള്ളറ്റിനിൽ വിശദമാക്കുന്നുണ്ട്. ഇലക്ഷൻ കമീഷനുമുന്നിൽ തങ്ങളുടെ ആശങ്ക പ്രകടമായിത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് ഏപ്രിൽ 18 മുതൽ ഏപ്രിൽ 24 വരെയുള്ള ആഴ്ചയിലെ അഞ്ചാമത്തെ ഇലക്ഷൻ ബുള്ളറ്റിൻ വെച്ചിട്ടുള്ളത്. യൂറോപ്പിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവരാണ് സ്വതന്ത്ര നിരീക്ഷക സംഘത്തിലുള്ളത്.

ബി.ജെ.പി നേതാക്കൾ മതത്തിൻ്റെ പേരിൽ, ന്യൂനപക്ഷങ്ങൾക്കു നേരെ വിദ്വേഷ പ്രചാരണം നടത്തി വോട്ടു പിടിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര സ്വതന്ത്ര നിരീക്ഷക സംഘം (Independent Panel on Monitoring Indian Elections-2024) പുറത്തുവിട്ട വീക്ക്ലി ബുള്ളറ്റിനിൽ വിശദമാക്കുന്നുണ്ട്.

നരേന്ദ്ര മോദിയും ബി.ജെ. പിയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിൻ്റെ മുഴുവൻ ഉദാഹരണവും ബുള്ളറ്റിൽ അക്കമിട്ട് നിരത്തുന്നു. ഏപ്രിൽ 21- ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കോൺഗ്രസ് പ്രകടനപത്രികയിൽ പറയാത്ത കാര്യം ഉണ്ട് എന്ന് സ്ഥാപിച്ച് ഇസ്ലാമോഫോബിക്കായ നുണകൾ പ്രചരിപ്പിച്ചു കൊണ്ടുള്ളതാണെന്നും മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും വിശേഷിപ്പിച്ച പ്രസംഗം നടത്തിയ മോദിക്കെതിരെ ആഭ്യന്തര നിയമമനുസരിച്ച് നടപടിയുണ്ടാവണമെന്നും ബുള്ളറ്റിൻ ആവശ്യപ്പെടുന്നു.

രാമക്ഷേത്രം നിർമിച്ചതാരാണ് എന്ന് ഓർക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു ചിത്രം ബിഹാർ വോട്ടെടുപ്പിൻ്റെ ദിവസം ബി.ജെ.പി ബിഹാർ ഘടകം എക്സിൽ പോസ്റ്റ് ചെയ്തതും അസമിലെ ഇലക്ഷൻ പ്രചാരണത്തിന് നരേന്ദ്ര മോദി, ജയ് ശ്രീരാം എന്നത് മുദ്രാവാക്യമായി ഉപയോഗിച്ചതും രാമനും രാമക്ഷേത്രവും മോദിയും ഉൾപ്പെട്ട ഒരു വീഡിയോ എക്സിൽ വർഗ്ഗീയമായ ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തതുമെല്ലാം നടപടി എടുക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനത്തിന് ഒരാഴ്ചയ്ക്കുള്ളിലെ ഉദാഹരണമായി ബുള്ളറ്റിനിൽ പറയുന്നുണ്ട്. ഒപ്പം, ഗുജറാത്തിലും മണിപ്പുരിലും വോട്ടെടുപ്പ് ദിവസം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതുൾപ്പെടെ സർക്കാരും ഭരണ പാർട്ടികളും നടത്തിയ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും വോട്ടിങ്ങ് മെഷീൻ്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കയും ബുള്ളറ്റിൻ പങ്കുവെയ്‌ക്കുന്നു.

ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എഡിറ്റോറിയലിൽ ദ ഗാർഡിയൻ എഴുതി, ‘തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും തോൽക്കുന്നത് നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യൻ ഡമോക്രസിയായിരിക്കും’ എന്ന്.

അന്താരാഷ്ട്ര വിദ്വേഷമോദി

നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ പ്രതിച്ഛായയെ വലിയ രീതിയിൽ പ്രതിലോമകരമായി ബാധിച്ചിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് വിദേശ മാധ്യമങ്ങളിലെ ഇന്ത്യൻ ഇലക്ഷൻ റിപ്പോർട്ടിങ്ങ്. പ്രസംഗങ്ങൾ മാത്രമല്ല ജനാധിപത്യവിരുദ്ധമായ ഭരണവും. ഉലകനായകനായി വിശ്വഗുരു പ്രതിച്ഛായയിൽ ഊരു ചുറ്റിയ നരേന്ദ്രമോദിയല്ല, സ്വന്തം ജനതയെ ഒരു അധിനിവേശകനെപ്പോലെ വിഭജിച്ച്, രാജ്യം ചുറ്റി വിഷം ചീറ്റുന്ന തെഞ്ഞെടുപ്പുകാല മോദി. അന്താരാഷ്ട്ര മാധ്യമങ്ങളും ഏജൻസികളും അതിനിശിതമായിത്തന്നെ മോദി ഭരണത്തെ വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എഡിറ്റോറിയലിൽ ദ ഗാർഡിയൻ എഴുതി, ‘തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും തോൽക്കുന്നത് നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യൻ ഡമോക്രസിയായിരിക്കും’ എന്ന്. പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തും, പ്രതിപക്ഷ പാർട്ടികളുടെ ബാങ്ക് എക്കൗണ്ടുകൾ ഫ്രീസ് ചെയ്തും, വിജിലാൻ്റി ഗ്രൂപ്പുകളെ ജനങ്ങൾക്കിടയിൽ ഹിംസാത്മകമായി മേയാൻ വിട്ടും ജനാധിപത്യത്തെ ദുർബലമാക്കിയ മോദി ഭരണകാലത്തെക്കുറിച്ചാണ് ഗാർഡിയൻ എഴുതിയത്.

ഇന്ത്യൻമോദിക്കാലത്തെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളിലും മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിലും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാൻ്റ്, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലെ എം.പിമാർ സംയുക്ത പ്രസ്താവന ഇറക്കുകയും അന്താരാഷ്ട്ര സമൂഹത്തിൻ്റേയും ഐക്യരാഷ്ട്രസഭയുടേയും ഇടപെടലിന് ആഹ്വാനം ചെയ്യുകയും ചെയ്തത് മൂന്നാഴ്ച മുൻപാണ്. ജനാധിപത്യത്തെ സംബന്ധിച്ച് ഇന്ത്യ കാലങ്ങളായി തുടർന്നുവന്നിരുന്ന ചരിത്ര പാഠങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കണമെന്ന ആവശ്യമാണ് പ്രസ്താവനയിൽ മുഖ്യമായും ഉള്ളത്. യു.എ.പി.എ ദുരുപയോഗത്തെയും പൗരത്വ നിയമം നടപ്പാക്കാനുള്ള തീരുമാനത്തേയും വിമർശിക്കുന്ന പ്രസ്താവന, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അടിയന്തിരമായി നിർത്തുന്നതിന് വിഷയത്തിലിടപെട്ട് പ്രമേയം പാസാക്കാൻ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വിദേശ മാധ്യമ പ്രവർത്തകരെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യം ചൂണ്ടിക്കാണിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ ഇന്ത്യൻ സർക്കാരിന് തുറന്ന കത്തെഴുതിയ, ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സാഹചര്യവും ഉണ്ടായി. ഓസ്ട്രേലിയയിലെ എ.ബി.സി. ന്യൂസിൻ്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആവണി ദിയാസിന് വിസ നീട്ടിക്കൊടുക്കാത്തതിനാൽ രാജ്യം വിട്ടു പോകേണ്ടി വന്ന സാഹചര്യത്തിലാണ് 30 വിദേശ മാധ്യമ പ്രവർത്തകർ ഏപ്രിൽ 23 ന് സർക്കാരിന് കത്തെഴുതിയത്. ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ പ്രതികാര നടപടിയായാണ് അന്താരാഷ്ട്ര മര്യാദകളും ഇന്ത്യ ഇത്രയും കാലം തുടർന്നു വന്നിരുന്ന രീതികളും വിട്ട് വിദേശ മാധ്യമ പ്രവർത്തകർക്ക് പ്രവർത്തനാനുമതി നിഷേധിക്കുകയെന്ന ജനാധിപത്യവിരുദ്ധ രീതി മോദി സർക്കാർ പയറ്റുന്നത്. വിമർശിക്കുന്ന വിദേശ മാധ്യമ പ്രവർത്തകരെപ്പോലും മോദിസർക്കാർ വെറുതെ വിടുന്നില്ല. ആവണി മാത്രമല്ല നിരവധി വിദേശ മാധ്യമപ്രവർത്തകരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞും സമ്മർദ്ദം ചെലുത്തിയും സർക്കാർ ബുദ്ധിമുട്ടിക്കുകയും രാജ്യത്തു നടരാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയിലെ എ.ബി.സി. ന്യൂസിൻ്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആവണി ദിയാസിന് വിസ നീട്ടിക്കൊടുക്കാത്തതിനാൽ രാജ്യം വിട്ടു പോകേണ്ടി വന്ന സാഹചര്യത്തിലാണ് 30 വിദേശ മാധ്യമ പ്രവർത്തകർ ഏപ്രിൽ 23 ന് സർക്കാരിന് കത്തെഴുതിയത്.

വിദേശ മാധ്യപ്രവർത്തകരെ വരെ ഇന്ത്യയിൽ നിന്ന് ഓടിച്ചുവിട്ട നരേന്ദ്ര മോദി സ്വദേശി മാധ്യമപ്രവർത്തകരെ എങ്ങനെയാണ് പരിഗണിക്കുന്നത് എന്നതിൻ്റെ തെളിവാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിൻ്റെ ഈ വർഷത്തെ പ്രസ് ഫ്രീഡം ഇൻഡക്സ്. ഇന്ത്യയുടെ സ്ഥാനം 180- ൽ 159 ആണ്. മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോർട്ട്.

ഹിന്ദുദേശീയവാദിയായ, ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ നരേന്ദ്രമോദി 2014- ൽ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം, ജേണലിസ്റ്റുകൾക്കെതിരായ ആക്രമണങ്ങൾ കൊണ്ടും മാധ്യമ ഉടമസ്ഥത കുത്തകവത്കരിച്ചു കൊണ്ടും രാഷ്ട്രീയ ചങ്ങാത്തം കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടാവസ്ഥയിലാണ് എന്ന നോട്ടാണ് ഇന്ത്യയെക്കുറിച്ച് പ്രസ് ഫ്രീഡം ഇൻ്റക്സിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയിൽ മുസ്‍ലിംകളെയും മനുഷ്യാവകാശ പ്രവർത്തകരേയും മാധ്യമ പ്രവർത്തകരെയും സർക്കാർ അതിൻ്റെ വിവിധ ഏജൻസികളെ ഉപയോഗിച്ച് നേരിടുന്നതിനെക്കുറിച്ചും റിപ്പോർട്ട് വിശദമായി പറയുന്നുണ്ട്.

ആംനെസ്റ്റി ഇൻ്റർനാഷണലിൻ്റെ 2023-24 ലെ ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ടിലും യു.എസ്. ആഭ്യന്തരവകുപ്പിൻ്റെ ലോകരാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥിതിവിശേഷം സംബന്ധിച്ച വാർഷിക റിപ്പോർട്ടിലും ഇന്ത്യയിലെ ദുർബലമായ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചാണ് പറയുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് സർക്കാരും ഭരണപാർട്ടിയും അസംഖ്യം സംഘപരിവാർ ഗ്രൂപ്പുകളും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമപരമായും സുതാര്യമായും നടക്കുമോ എന്ന ആശങ്ക തന്നെയും വിവിധ അന്താരാഷ്ട്ര ഏജൻസികളും മനുഷ്യാവകാശ പ്രവർത്തകരും ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മനുഷ്യാവകാശ - സാമൂഹ്യ ശാസ്ത്രജ്ഞരും പങ്കു വെക്കുന്നുണ്ട്.

ഗ്രൗണ്ടിൽ കളം മാറുന്നു

സാമൂഹിക നിരീക്ഷകനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ യോഗേന്ദ്ര യാദവ് രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളോട് നേരിട്ട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ നൽകിയ പല അഭിമുഖങ്ങളിലും പറയുന്ന ഒരു കാര്യമുണ്ട്. മോദി ‘പ്രഭാവം’ ഇല്ലാതായിരിക്കുന്നു, സൂക്ഷ്മാർത്ഥത്തിൽ ഇന്ത്യ അതിൻ്റെ ജനാധിപത്യരാഷ്ട്രീയത്തെ തിരിച്ചു പിടിക്കുന്നതിൻ്റെ സൂചനകളാണ് ഗ്രൗണ്ടിൽ കാണുന്നത്. ജനങ്ങൾ മോദിയെക്കുറിച്ചല്ല, ജീവിത പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും മുതൽ നേർക്കുനേർ ജീവിച്ചുതീർക്കേണ്ട യാഥാർത്ഥ്യങ്ങളെ മറി കടക്കാൻ വർഗ്ഗീയതയുടെ മന്ത്രോച്ചാരണങ്ങൾ കൊണ്ടും മുസ്‍ലിം വിദ്വേഷം കൊണ്ടും ഇനി സാധിക്കില്ലെന്ന് സാരം. അതൊരു ഗംഭീര പോസിറ്റീവ് മാറ്റമാണ്. അടിത്തട്ട് രാഷ്ട്രീയം മോദിയുടെ വർഗ്ഗീയതയിൽ നിന്ന് ജനാധിപത്യത്തിൻ്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുന്നു എന്നു തന്നെയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടങ്ങളിൽ മാധ്യമങ്ങളിലും മനുഷ്യരിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വരെ പ്രതിഫലിക്കുന്ന മോദി വിമർശനവും ജനാധിപത്യ പ്രതീക്ഷകളും കാണിക്കുന്നത്.

സാമൂഹിക നിരീക്ഷകനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ യോഗേന്ദ്ര യാദവ് പറയുന്ന ഒരു കാര്യമുണ്ട്, മോദി ‘പ്രഭാവം’ ഇല്ലാതായിരിക്കുന്നു, സൂക്ഷ്മാർത്ഥത്തിൽ ഇന്ത്യ അതിൻ്റെ ജനാധിപത്യരാഷ്ട്രീയത്തെ തിരിച്ചു പിടിക്കുന്നതിൻ്റെ സൂചനകളാണ് ഗ്രൗണ്ടിൽ കാണുന്നത്.

മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മലയാള മാധ്യമങ്ങളും ഒട്ടേറെ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളും എഡിറ്റോറിയലുകൾ എഴുതി. വാർത്തകൾ മോദിസ്തുതികളിൽ നിന്ന് മാറാൻ തുടങ്ങിയിരിക്കുന്നു. മറന്നുപോയ വിമർശന വാക്കുകൾ വീണ്ടും എഴുതാനും പറയാനും തുടങ്ങിയിരിക്കുന്നു മുഖ്യധാരാ മാധ്യമങ്ങൾ. ഒരു പതനത്തിൻ്റെ തുടക്കത്തിനുള്ള മണ്ണൊരുക്കലാണെന്ന് കരുതാൻ മാത്രം പ്രതീക്ഷയുള്ള മണ്ണൊരുക്കൽ.

വർഗ്ഗീയ വിഷം ചീറ്റുന്ന ഇലക്ഷൻ തന്ത്രത്തിലേക്ക് ഒരു ഭരണാധികാരിയും അയാളുടെ സംഘടനാ സംവിധാനവും അന്ധമായി നീങ്ങാൻ തീരുമാനിച്ചതിനർത്ഥം ആ വർഗ്ഗീയ സംവിധാനത്തിൻ്റെ മണ്ണിളകി എന്നു തന്നെയാണ്. അൽ ജസീറ എഴുതിയതു പോലെ, രാജ്യത്തെ 20 കോടി മുസ്‍ലിംകളെ രാജ്യത്തിനു പുറത്തുള്ളവർ എന്ന് പറയുന്ന ഒരു പ്രധാനമന്ത്രിയ്ക്ക് ഇന്ത്യൻ ജനാധിപത്യം ഏതു രീതിയിലാണ് മറുപടി പറയുക എന്ന് തിരിച്ചറിയാൻ കുറച്ച് ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ.

മോദിയുടെ പത്ത് ഭരണവർഷത്തിൽ വർഗ്ഗീയ ധ്രുവീകരണം നടന്നതിനെക്കുറിച്ച് സി.എൻ.എന്നും സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ എങ്ങനെയാണോ ഇന്ത്യൻ ജനാധിപത്യത്തെ മതേതരമായി വ്യാഖ്യാനിക്കുകയും നിർവ്വചിക്കുകയും ചെയ്തത്, അതിന് വിരുദ്ധമായി ഹിന്ദു കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച മോദി ഭരണകാലത്തെക്കുറിച്ച് ദ വാഷിങ്ങ്ടൺ പോസ്റ്റും എഴുതി. അമേരിക്കയിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ CAIR (The Council on American-Islamic Relations) -ൻ്റെ നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടറായ നിഹാദ് അവാദിൻ്റെ ഒരു പ്രസ്താവന TIME റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നരേന്ദ്രമോദി, ബഹുസ്വരമായ ഇന്ത്യൻ ചരിത്രത്തെയും തൻ്റെ പ്രധാനമന്ത്രി പദത്തെയും നിഷ്പ്രഭമാക്കി, ഇന്ത്യൻ മുസ്‍ലിംകളെ വെറുപ്പോടെയും അപകടകരമാം വിധം വിദ്വേഷത്തോടെയും ലക്ഷ്യം വെക്കുമെന്ന യാഥാർത്ഥ്യം മനഃസാക്ഷിക്ക് നിരക്കാത്തതെങ്കിലും അതിൽ അത്ഭുതമൊന്നുമില്ല എന്ന് The Council on American-Islamic Relations നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ നിഹാദ് അവാദ് പറയുന്നു.

തീവ്രവലതുപക്ഷ നേതാവായ നരേന്ദ്രമോദി, മതവിശ്വാസത്തിൻ്റെ ബഹുസ്വരമായ ഇന്ത്യൻ ചരിത്രത്തെയും തൻ്റെ പ്രധാനമന്ത്രി പദത്തെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യൻ മുസ്‍ലിംകളെ വെറുപ്പോടെയും അപകടകരമാം വിധം വിദ്വേഷത്തോടെയും ലക്ഷ്യംവെക്കുമെന്ന യാഥാർത്ഥ്യം മനഃസാക്ഷിക്ക് നിരക്കാത്തതെങ്കിലും അതിൽ അത്ഭുതമൊന്നുമില്ല എന്ന് നിഹാദ് അവാദ് പറയുന്നു. യു.എസ് പ്രസിഡൻ്റ് ജോ ബൈഡനോട് ഇന്ത്യയെ പ്രത്യേക ജാഗ്രതയോടെ സമീപിക്കേണ്ട രാജ്യമായി (Country of particular Concern) പ്രഖ്യാപിക്കണമെന്നും CAlR ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ നിരീക്ഷകർ സൂക്ഷ്മമായി തിരിച്ചറിയുന്നതുപോലെ ഇന്ത്യൻ ജനത ജനാധിപത്യരാഷ്ട്രീയത്തിൻ്റെ കരുത്ത് തിരിച്ചു പിടിക്കുമെന്ന് തന്നെയാണ് വോട്ടെടുപ്പിൻ്റെ അവസാന നാളുകളിൽ അറിയാനാവുന്നത്. ആർ.എസ്. എസിനും സംഘപരിവാറിനും നരേന്ദ്രമോദിക്കും ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും രാഷ്ട്രീയവും മാത്രമാണ് അടിസ്ഥാനപരമായി കയ്യിലുള്ളത്. ജനാധിപത്യത്തിൻ്റെ സാധ്യതകളെയാണ് എല്ലാക്കാലവും ഹിന്ദുത്വ സംസ്ഥാപനത്തിന് ആ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ജനാധിപത്യത്തിൻ്റെ സാധ്യതകൾക്ക് ഹിന്ദുത്വയ്ക്ക് മനസ്സിലാവുന്നതിനേക്കാൾ വലിയ മാനങ്ങളുണ്ടെന്ന് ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. മനുഷ്യർ മനുഷ്യർക്കു വേണ്ടി ചെയ്ത സമരങ്ങളും മനുഷ്യർ രാജ്യത്തിനു വേണ്ടി ചെയ്ത സമരങ്ങളും വെറുതെയാവില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ വർഗ്ഗീയ കലാപം നടത്തുന്ന ഒരു പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും ആ ജനത ജനാധിപത്യത്തിൻ്റെ സൂക്ഷ്മവും രാഷ്ട്രീയവും മനോഹരവുമായ സാധ്യതകൾ ഉപയോഗിച്ചു തന്നെ പ്രതിരോധിക്കും.

Comments