പാർലമെന്റി​ലെ കണക്കനുസരിച്ചാണ്
കാര്യങ്ങളെങ്കിൽ ‘ഒറ്റ തെരഞ്ഞെടുപ്പ്’ നിയമമാകില്ല

ഇപ്പോഴത്തെ അംഗസഖ്യ അനുസരിച്ച്, വോട്ടെടുപ്പുദിവസം എല്ലാ എം.പിമാരും ഹാജരാകുകയാണെങ്കിൽ ഒറ്റ തെരഞ്ഞെടുപ്പ് ബിൽ പാസാകാൻ ലോക്‌സഭയിൽ 362 പേരും രാജ്യസഭയിൽ 164 പേരും അനുകൂലമായി വോട്ട് ചെയ്യണം. നിലവിലെ അംഗബലം വച്ച് എൻ.ഡി.എയ്ക്ക്, മൂന്നാം മോദി സർക്കാറിന്റെ കാലാവധിയിൽ ബിൽ പാസാക്കിയെടുക്കാനാകില്ല എന്നുറപ്പാണ്.

National Desk

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഭരണഘടനാ ഭേദഗതിബിൽ (The Constitution -129th- Amendment Bill, 2024) നരേന്ദ്രമോദി സർക്കാറിന് എളുപ്പം നിയമാക്കാൻ കഴിയില്ല എന്ന് ലോക്‌സഭയിൽ ബില്ലിന്റെ അവതരണം തെളിയിച്ചു. ഭരണമുന്നണിയിൽനിന്നുതന്നെ എതിർപ്പുണ്ടാകുമെന്നും ബിൽ പരിശോധിക്കാനുള്ള പാർലമെന്ററി സമിതിയുടെ രൂപീകരണം പോലും കേന്ദ്ര സർക്കാറിന് വലിയ വെല്ലുവിളിയാകുമെന്നും ലോക്‌സഭയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നു.

ലോക്‌സഭയിൽ 'ഇന്ത്യ' മുന്നണി ദേശീയ പ്രതിപക്ഷത്തിന്റെ റോളിലേക്ക് ഉയരുകയും ഭരണമുന്നണിയുടെ നീക്കങ്ങളെ ഒരുമിച്ച് നേരിടുകയും ചെയ്തത്, ഈ ബില്ലിന്റെ ഭാവിയെക്കുറിച്ച് കൃത്യമായ സൂചന നൽകുന്നു. ഈയൊരു പ്രതിപക്ഷ ഐക്യം മൂലമാണ് ബിൽ ജെ.പി.സിയുടെ (Joint Parliamentary Committee- JPC) പരിഗണനയ്ക്കു വിടാൻ ഭരണപക്ഷം നിർബന്ധിതമായത്.

പാർലമെന്റിലെ സംസാരിക്കുന്ന കണക്കുകൾ

129-ാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസാകാൻ, വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇരു സഭകളിലും കേവല ഭൂരിപക്ഷവും വേണം. ലോക്‌സഭയിൽ 272, രാജ്യസഭയിൽ 123 വീതം അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഇന്നലെ ബിൽ അവതരിപ്പിച്ചപ്പോൾ പോൾ ചെയ്യപ്പെട്ടത് 461 വോട്ട്. അതിൽ 307 വോട്ടാണ് ബിൽ പാസാകാൻ വേണ്ടിയിരുന്നത്. എന്നാൽ ബില്ലിന് അനുകൂലമായി 263 വോട്ടും എതിർത്ത് 198 വോട്ടുമാണ് പോൾ ചെയ്യപ്പെട്ടത്.

129-ാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസാകാൻ, വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇരു സഭകളിലും കേവല ഭൂരിപക്ഷവും വേണം.
129-ാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസാകാൻ, വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇരു സഭകളിലും കേവല ഭൂരിപക്ഷവും വേണം.

542 അംഗങ്ങളുള്ള ലോക്‌സഭയിൽ ബിൽ പാസാകാൻ 362 പേരുടെ പിന്തുണ വേണം. ഇപ്പോൾ ലോക്‌സഭയിൽ എൻ.ഡി.എയ്ക്ക് സ്പീക്കർ ഒഴിച്ച് 292 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 'ഇന്ത്യ' മുന്നണിയ്ക്ക് 236 പേരുടെ പിന്തുണയുണ്ട്. ഒമ്പത് എം.പിമാരുള്ള ആറ് പാർട്ടികൾ തനിച്ചുനിൽക്കുന്നു. അകാലിദൾ, എ.ഐ.എം.ഐ.എം, എ.എസ്.പി (കാൻഷിറാം) എന്നീ പാർട്ടികൾ ബില്ലിനെ എതിർക്കുന്നു. ഇരുമുന്നണിയിലുമില്ലാത്ത, നാല് എം.പിമാരുള്ള വൈ.എസ്.ആർ കോൺഗ്രസും ഇപ്പോൾ എതിർപ്പിലാണ്.
എഞ്ചിനീയർ റാഷിദ്, അമൃത്പാൽ സിങ്, സരബ്ജിത് ഖൽസ, ഉമേഷ്ഭായ് പട്ടേൽ എന്നീ നാല് സ്വതന്ത്ര എം.പിമാരുടെ നിലപാട് വ്യക്തമല്ല.

ബില്ലിന്റെ അതി സങ്കീർണമായ ഘടനയും ഫെഡറലിസം അടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളുമുള്ളതിനാൽ പാർലമെന്ററി സമിതിക്ക് ബില്ലിൻമേലുള്ള ചർച്ച ഏറെ പ്രതിസന്ധി നിറഞ്ഞതാകും

ലോക്‌സഭയിൽ എൻ.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും വോട്ടു ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന വ്യവസ്ഥയനുസരിച്ച്, പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ അനിവാര്യമാണ്. പ്രതിപക്ഷത്ത് ദേശീയ പാർട്ടികളേക്കാൾ, പ്രാദേശിക താൽപര്യമുള്ള പാർട്ടികളാണ് കൂടുതൽ എന്നതിനാൽ, അവ ബില്ലിനെ അനുകൂലിക്കാനിടയില്ല. ഇപ്പോഴത്തെ അംഗബലം വച്ച് പ്രധാന പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെ, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ പിന്തുണ ബിൽ പാസാകാൻ അനിവാര്യമാണ്. എന്നാൽ, മൂന്നു പാർട്ടികളും അതിശക്തമായി ബില്ലിനെ എതിർക്കുകയാണ്.

മാത്രമല്ല, ഭരണപക്ഷത്തും ഇതേച്ചൊല്ലി കടുത്ത ആശയക്കുഴപ്പമുണ്ട്. ജെ.ഡി-യു വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല. ബി.ജെ.പിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഈ ബിൽ അവതരിപ്പിച്ചപ്പോൾ പാർട്ടിയുടെ 20 എം.പിമാർ ലോക്‌സഭയിൽ ഹാജരാകാത്തത് ശ്രദ്ധേയമാണ്. ഇവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

രാജ്യസഭയിൽ എൻ.ഡി.എയ്ക്ക് ആറ് നോമിനേറ്റഡ് അംഗങ്ങൾ അടക്കം 125 എം.പിമാരുടെ പിന്തുണയുണ്ട്. 'ഇന്ത്യ' മുന്നണിയ്ക്ക് 86. വൈ.എസ്.ആർ കോൺഗ്രസ്- 8, ബി.ജെ.ഡി- 7, എ.ഐ.എ.ഡി.എം.കെ- 4, ബി.ആർ.എസ്- 4, ബി.എസ്.പി- 1 വീതം അംഗങ്ങൾ.

പ്രതിപക്ഷത്ത് ദേശീയ പാർട്ടികളേക്കാൾ, പ്രാദേശിക താൽപര്യമുള്ള പാർട്ടികളാണ് കൂടുതൽ  എന്നതിനാൽ, അവ ബില്ലിനെ അനുകൂലിക്കാനിടയില്ല.
പ്രതിപക്ഷത്ത് ദേശീയ പാർട്ടികളേക്കാൾ, പ്രാദേശിക താൽപര്യമുള്ള പാർട്ടികളാണ് കൂടുതൽ എന്നതിനാൽ, അവ ബില്ലിനെ അനുകൂലിക്കാനിടയില്ല.

അതായത്, ഇപ്പോഴത്തെ അംഗസഖ്യ അനുസരിച്ച്, വോട്ടെടുപ്പുദിവസം എല്ലാ എം.പിമാരും ഹാജരാകുകയാണെങ്കിൽ ബിൽ പാസാകാൻ ലോക്‌സഭയിൽ 362 പേരും രാജ്യസഭയിൽ 164 പേരും അനുകൂലമായി വോട്ട് ചെയ്യണം. നിലവിലെ അംഗബലം വച്ച് എൻ.ഡി.എയ്ക്ക്, മൂന്നാം മോദി സർക്കാറിന്റെ കാലാവധിയിൽ ബിൽ പാസാക്കിയെടുക്കാനാകില്ല എന്നുറപ്പാണ്.

സംസ്ഥാന അംഗീകാരം വേണോ?

ആർട്ടിക്കിൾ 368(2) അനുസരിച്ച്, ചില ഭരണഘടനാഭേദഗതികൾക്ക് പകുതിയോളം നിയമസഭകളുടെ അംഗീകാരം വേണം. ഭരണഘടനയുടെ ഫെഡറൽ ഘടന, പാർലമെന്റിൽസംസ്ഥാനങ്ങളുടെ പ്രാതിനിധ്യം, ഏഴാം ഷെഡ്യൂളിൽ പറയുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൺകറന്റ് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതികൾക്കാണ് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിലെ ചില നിർദേശങ്ങൾ, സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ലെജിസ്‌ലേറ്റീവ് ബന്ധത്തെ നേരിട്ടുതന്നെ ബാധിക്കുന്നതിനാൽ, അവ ഏഴാം ഷെഡ്യൂൾ പ്രകാരം വരുന്നതിനാൽ, സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമായി വരുമെന്ന് പാർലമെന്ററികാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിയമസഭകളുടെ കാലാവധി മാറ്റുന്നതിൽ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറയുന്നു.
എന്നാൽ, ലോക്‌സഭയും നിയമസഭയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുള്ളതിനാൽ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നും വാദമുണ്ട്. എന്നാൽ, രണ്ടാം ഘട്ടത്തിൽ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൂടി ഒന്നിച്ചാക്കാനുള്ള ഭേഗഗതിക്ക് സംസ്ഥാന അനുമതി ആവശ്യമായി വരും.

ഭരണഘടനയനുസരിച്ച്, സംസ്ഥാനങ്ങൾ കേന്ദ്രത്തിനുകീഴിലുള്ള ഭരണയൂണിറ്റുകളല്ല, അവയ്ക്ക് സ്വന്തമായ അസ്തിത്വമുണ്ട്. ബിൽ നിയമമായാൽ നിയമസഭകളും സംസ്ഥാനങ്ങളും കേന്ദ്രത്തിനുകീഴിലുള്ള ഭരണസംവിധാനങ്ങൾ മാത്രമായി ചുരുങ്ങും- ഇതാണ് ബില്ലിനെതിരായ വിമർശനങ്ങളിൽ ഒന്ന്.

ജെ.പി.സി എന്തു ചെയ്യും?

ഇരു സഭകളിലെയും അംഗങ്ങളടങ്ങുന്ന 39 അംഗ സംയുക്ത പാർലമെന്ററി സമിതിയാണ് ബിൽ ചർച്ച ചെയ്യുക. ഇവരിൽ 27 പേർ ലോകസ്ഭയിൽനിന്നും 17 പേർ രാജ്യസഭയിൽനിന്നുമാണ്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ, പാർട്ടിക്ക് 16 അംഗങ്ങളുണ്ട്. കോ​ൺഗ്രസിന് അഞ്ചും. ആകെയുള്ള 39-ൽ 22 പേർ ഭരണപക്ഷ എം.പിമാരായിരിക്കും, 15 പേർ പ്രതിപക്ഷത്തുനിന്നും.
മുൻ നിയമമന്ത്രിയും ബി.ജെ.പി എം.പിയുമായ പി.പി. ചൗധരിയാണ് സമിതി അധ്യക്ഷൻ.

ലോക്സഭയിൽനിന്നുള്ള ഭരണപക്ഷ അംഗങ്ങൾ:
ബി.ജെ.പി: പി.പി. ചൗധരി (അധ്യക്ഷൻ), സി.എം. രമേഷ്, ബാംസുരി സ്വരാജ്, പുരുഷോത്തം രൂപാല, അനുരാഗ് ഠാക്കൂർ, വിഷ്ണുദയാൽ റാം, ഭർതൃഹരി മെഹ്താബ്, സംബിത് പത്ര, അനിൽ ബലൂനി, വിഷ്ണുദത്ത് ശർമ, ബൈജയന്ത് പാണ്ഡേ, സഞ്ജയ് ജയ്സ്‍വാൾ.
ടി.ഡി.പി: ജി.എം. ഹരീഷ് ബാലയോഗി.
ശിവസേന: ശ്രീകാന്ത് ഷിൻഡേ.
ആർ.എൽ.ഡി: ചന്ദൻ ചൗഹാൻ.
ജനസേന പാർട്ടി: ബാലാഷോരി വല്ലഭാനേനി.
എൽ.ജെ.പി: ശാംഭവി ചൗധരി.

പ്രതിപക്ഷ അംഗങ്ങൾ:

കോൺഗ്രസ്: പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദേവ് ഭഗത്.
എസ്.പി: ധർമേന്ദ്ര യാദവ്, ഛോട്ടേലാൽ.
തൃണമൂൽ കോൺഗ്രസ്: കല്യാൺ ബാനർജി.
ഡി.എം.കെ: ടി.എം. സെൽവ ഗണപതി.
എൻ.സി.പി (ശരത് പവാർ): സുപ്രിയ സുളെ.
ശിവസേന (ഉദ്ധവ്): അനിൽ ദേശായി.
സി.പി.എം: കെ. രാധാകൃഷ്ണൻ.

രാജ്യസഭയിൽനിന്ന്:

ഘനശ്യാം തിവാരി, ഭുവനേശ്വർ കലിത, കെ. ലക്ഷ്മൺ, കവിത പാട്ടിദാർ (ബി.ജെ.പി).
സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു).
രൺദീപ് സുർജേവാല, മുകുൾ വാസ്നിക് (കോൺ​ഗ്രസ്).
സാകേത് ഗോഖലേ (ടി.എം.സി).
പി. വിൽസൺ (ഡി.എം.കെ).
സഞ്ജയ് സിങ് (ആപ്).
മാനസ് രഞ്ജൻ (ബി.ജെ.ഡി).
വി. വിജയ്സായ് റെഡ്ഢി (വൈ.എസ്.ആർ.സി.പി)

90 ദിവസമാണ് സാധാരണ ജെ.പി.സി കാലാവധി. ഇത് പിന്നീട് നീട്ടി നൽകാം. വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ വിദഗ്ധരുമായും നിയമ പണ്ഡിതരുമായും നിയമസഭാ സ്പീക്കർമാരുമായും ഇലക്ഷൻ കമീഷൻ പോലുള്ള സംവിധാനങ്ങളുമായും സമിതി അംഗങ്ങൾ ചർച്ച നടത്തും. തുടർന്ന്, നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ലോകസ്ഭയിൽ സമർപ്പിക്കും. തുടർന്ന് റിപ്പോർട്ട് സഭ ചർച്ച ചെയ്യും. ബില്ലിൽ ഭേഗഗതികൾ നിർദേശിക്കുന്നില്ലെങ്കിൽ നേരെ വോട്ടിഗിനുപോകും. ഭേദഗതികളുണ്ടെങ്കിൽ അവയിൽ വോട്ടെടുപ്പ് നടക്കും. പിന്നീട് ഫൈനൽ വോട്ടിങ്. ബിൽ ലോക്‌സഭയിൽ പാസായാൽ രാജ്യസഭയിലേക്കുപോകും.

ഒറ്റ തെരഞ്ഞെടുപ്പിനുള്ള ബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം താൽപര്യത്തിനുള്ളതാണ് എന്നാണ് പ്രതിപക്ഷ വിമർശനം.
ഒറ്റ തെരഞ്ഞെടുപ്പിനുള്ള ബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം താൽപര്യത്തിനുള്ളതാണ് എന്നാണ് പ്രതിപക്ഷ വിമർശനം.

ബില്ലിന്റെ അതി സങ്കീർണമായ ഘടനയും ഫെഡറലിസം അടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളുമുള്ളതിനാൽ പാർലമെന്ററി സമിതിക്ക് ബില്ലിൻമേലുള്ള ചർച്ച ഏറെ പ്രതിസന്ധി നിറഞ്ഞതാകും. ചർച്ചക്കുശേഷം ജെ.പി.സിയുടെ നിർദേശങ്ങൾ പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കണം. വിവിധ പാർട്ടികളുടെ യോജിപ്പും വിയോജിപ്പും ഏകകണ്ഠമായ തീർപ്പിലെത്തുന്നതിൽ വലിയ വെല്ലുവിളിയാകാനിടയുണ്ട്.

എന്താണ് ബിൽ പറയുന്നത്?

2034-ൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക (One Nation, One Election -ONOE).
ഇതിനായി, ആർട്ടിക്കിൾ 82A എന്ന അനുച്‌ഛേദം ഭരണഘടനയിൽ പുതുതായി ചേർക്കുക. ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി ഒന്നിപ്പിക്കാനുള്ളതാണ് ഈ പുതിയ അനുച്‌ഛേദം. ഇതിന് ഭരണഘടനയുടെ അഞ്ച് അനുച്‌ഛേദങ്ങൾ ഭേദഗതി ചെയ്യണം. ആർട്ടിക്കിൾ 83, 85, 172, 174 എന്നിവക്കൊപ്പം ആർട്ടിക്കിൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ആർട്ടിക്കിൾ 356 കൂടി ഭേദഗതി ചെയ്യേണ്ടിവരും.

സെൻസസിന് അനുസൃതമായി മണ്ഡല പുനർനിർണയം, പാർലമെന്റിന്റെ പ്രവർത്തന കാലാവധി വിശദീകരിക്കുന്ന അനുച്‌ഛേദം, നിയമസഭകളുടെ കാലാവധിയെക്കുറിച്ച് വിശദീകരിക്കുന്ന അനുച്‌ഛേദം, പാർലമെന്റിന്റെ അധികാരം സംബന്ധിച്ച അനുച്‌ഛേദം എന്നിവയിൽ ഭേദഗതികൾ നിർദേശിച്ചാണ് രാം നാഥ് കോവിന്ദ് സമിതി പുതിയ നിയമത്തിനുള്ള 129-ാമത് ഭരണഘടനാ ഭേദഗതി ബിൽ തയാറാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ മൗലികഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാനുള്ള അനിയന്ത്രിതമായ അധികാരം പാർലമെന്റിനില്ല. അതുകൊണ്ടുതന്നെ, പാർലമെന്റിന്റെ നിയമനിർമാണ അധികാരങ്ങൾക്ക് പുറത്തുള്ളതാണ് ഈ ബിൽ എന്ന വിമർശനമുയരുന്നുണ്ട്.

ആദ്യം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം ആദ്യ സിറ്റിങ് തീയതി കണക്കാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. ഈ തീയതി മുതലുള്ള അഞ്ചു വർഷമാണ് പാർലമെന്റ് കാലാവധി. ഈ കാലാവധിയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പുകളും ഏകീകരിക്കും. ഇങ്ങനെ ഏകീകരിക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ ചില നിയമസഭകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല.
ഉദാഹരണത്തിന് 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പമാണ് ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നത്. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകൾ 2023-ലായിരുന്നു. ദൽഹി, ബിഹാർ സംസ്ഥാനങ്ങളിൽ 2025-ലും കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും 2026-ലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

അഞ്ചു വർഷ കാലാവധിക്കുമുമ്പ് പാർലമെന്റ് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന കാലയളവിനെ പൂർത്തിയാകാത്ത കാലാവധിയായി കണക്കാക്കും. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ നിലവിൽവരുന്ന ലോക്‌സഭക്ക് ഈ കാലാവധി മാത്രമേ നിലനിൽക്കാനാകൂ. നിയമസഭകളുടെ കാര്യത്തിലും ഇത് ബാധകമാണ്.

ലോകസ്ഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെങ്കിൽ അത് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടാകും. പിന്നീട്, സൗകര്യപ്രദമായ സമയത്ത് ആ തെരഞ്ഞെടുപ്പ് നടത്താം. അങ്ങനെ, പിന്നീട് നിലവിൽ വരുന്ന നിയമസഭയുടെ കാലാവധിയും നേരത്തെ നിലവിൽ വന്ന ലോക്‌സഭയുടെ കാലാവധി വരെയാകും.

ലോക്സഭയിലെ പ്രതിപക്ഷ ഐക്യം മൂലമാണ് ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ജെ.പി.സിയുടെ പരിഗണനയ്ക്കു വിടാൻ ഭരണപക്ഷം നിർബന്ധിതമായത്.
ലോക്സഭയിലെ പ്രതിപക്ഷ ഐക്യം മൂലമാണ് ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ജെ.പി.സിയുടെ പരിഗണനയ്ക്കു വിടാൻ ഭരണപക്ഷം നിർബന്ധിതമായത്.

ബിൽ അനുസരിച്ച് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രമാണ് ഒറ്റത്തവണയായി നടത്തുന്നത്. ഇതിന്റെ തുടർച്ചയായാണ്, അടുത്ത വർഷങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്തുക. ഇതിനായി മറ്റു ഭരണഘടനാഭേദഗതികൾ കൂടി വേണ്ടിവരും.

​പ്രതിപക്ഷ വിമർശനങ്ങൾ:

  • ഫെഡറലിസം അടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് ബിൽ.

  • ഭരണഘടനയനുസരിച്ച്, സംസ്ഥാനങ്ങൾ കേന്ദ്രത്തിനുകീഴിലുള്ള ഭരണയൂണിറ്റുകളല്ല, അവയ്ക്ക് സ്വന്തമായ അസ്തിത്വമുണ്ട്. ബിൽ നിയമമായാൽ നിയമസഭകളും സംസ്ഥാനങ്ങളും കേന്ദ്രത്തിനുകീഴിലുള്ള ഭരണസംവിധാനങ്ങൾ മാത്രമായി ചുരുങ്ങും.

  • ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതികളില്ലാത്തതും അനിയന്ത്രിതവുമായ ഒന്നല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഭരണഘടനയുടെ മൗലികഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാനുള്ള അനിയന്ത്രിതമായ അധികാരം പാർലമെന്റിനില്ല. അതുകൊണ്ടുതന്നെ, പാർലമെന്റിന്റെ നിയമനിർമാണ അധികാരങ്ങൾക്ക് പുറത്തുള്ളതാണ് ഈ ബിൽ.

  • പ്രസിഡൻഷ്യൽ ഭരണരീതിയിലേക്കുള്ള ചുവടുവെപ്പ്, പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന ബിൽ.

  • ലോക്‌സഭയുടെ കാലാവധിക്ക് അനുസൃതമായി നിയമസഭകളുടെ കാലാവധി നിശ്ചയിക്കാനാകില്ല.

  • നിയമസഭകളുടെ കാലാവധി, തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം എന്നീ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് വിട്ടുകൊടുക്കുന്നത് അമിതമായ കേന്ദ്രീകരണത്തിനിടയാക്കും.

  • സാമ്പത്തിക ചെലവ് കുറയ്ക്കാം എന്നത് അപ്രായോഗികം.

  • ബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം താൽപര്യത്തിനായുള്ളത്.

  • സംസ്ഥാന- പ്രാദേശിക വിഷയങ്ങൾക്കുപകരം ദേശീയ തലത്തിലുള്ള പാർട്ടികളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടും. അത്, ഫലത്തിൽ ബി.ജെ.പിക്ക് ഗുണകരമാകും.

  • പ്രാദേശിക പാർട്ടികളുടെ പ്രസക്തി ഇല്ലാതാക്കും

  • തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വരും.

  • നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ച് ബില്ലിൽ കൃത്യമായ വ്യവസ്ഥകളില്ല.

Comments