‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’:
ചെലവ് സൂത്രം, രാഷ്ട്രീയ സൂത്രവും

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം, യഥാർഥത്തിൽ കേന്ദ്ര സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഏർപ്പാടാണ്. അത് മറച്ചുപിടിച്ച് ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.’

ബി.ജെ.പിയും കേന്ദ്ര സർക്കാരും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന ഒരു വ്യാജ പോപ്പുലിസ്റ്റ് വാദമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം. കേൾക്കുമ്പോൾ കൊള്ളാമല്ലോ എന്നുതോന്നുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഈ ആശയത്തിൽ ഒരുപാട് പ്രശ്നങ്ങളും അപകടങ്ങളുമുണ്ട്. ഒന്നാകുക, ഒന്നിപ്പിക്കുക എന്നൊക്കെ കേൾക്കുമ്പോൾ അതിന് ഒരു പോസിറ്റീവിറ്റിയുണ്ട്. അതിൻ്റെ മറ പിടിച്ചാണ് ഇന്ത്യയുടെ ദേശീയ സങ്കൽപ്പത്തിനുതന്നെ വലിയ പരിക്കേൽപ്പിക്കാൻ പോന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന വാദവുമായി ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയത ഫെഡറൽ സംവിധാനത്തിൻ്റെ കെട്ടുറപ്പിൽ അധിഷ്ഠിതമായതാണ്. നാനാത്വങ്ങളെയും ബഹുത്വങ്ങളെയും ചേർത്ത് നിർത്തുക എന്നതാണ് നമ്മുടെ ദേശീയ സങ്കല്പത്തിൻ്റെ ആത്മാവ്. ഈ ചേർത്തുനിർത്തലിനെ ഇല്ലാതാക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന വാദമായിരിക്കും, അതിനെ ഒന്നിപ്പിക്കുക എന്നത്. കാരണം അടിമുടി വൈജാത്യങ്ങളും ബഹുത്വങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന ഇന്ത്യയിലെ വൈവിധ്യം നിറഞ്ഞ ജനതകളെ മുറിവേൽപ്പിച്ചും അവരുടെ അസ്തിത്വബോധങ്ങളെ പരിക്കേൽപ്പിച്ചും മാത്രമേ വ്യാജമായ ഏകത്വം അവരിൽ അടിച്ചേൽപ്പിക്കാൻ സാധിക്കൂ.

ബി.ജെ.പിയും കേന്ദ്ര സർക്കാരും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന ഒരു വ്യാജ പോപ്പുലിസ്റ്റ് വാദമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം

ലോകത്തെ എല്ലാ ജനാധിപത്യരാജ്യങ്ങളും വലിയ തുക ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നത്. ജനാധിപത്യം എന്ന ആശയത്തിന്മേൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താൻ കൂടിയാണ് ഈ ചെലവുകൾ. ആ ചെലവുകൾ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഏറ്റവും അനിവാര്യവുമാണ്. ചെലവു ചുരുക്കൽ എന്ന വാദം ഉയർത്തിയാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് പുറകെ കേന്ദ്ര സർക്കാർ ഇപ്പോൾ കൂടിയിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾക്കുവേണ്ടി രാജ്യം ചെലവഴിക്കുന്ന ഭീമമായ സംഖ്യ ചൂണ്ടിക്കാണിച്ചാണ് അവർ ഈ വാദത്തെ ബലപ്പെടുത്താൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചെലവുകൾ എന്ന വിഷയത്തിൽ കൂടി നാം ചില വ്യക്തത വരുത്തേണ്ടതുണ്ട്.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഇരട്ടിയോളം വോട്ടിങ് മെഷീനുകൾ അധികമായി വാങ്ങേണ്ടിവരും. ഒറ്റയടിക്ക് അറുപത് ശതമാനം വരെ ചെലവ് കൂട്ടുന്ന ഒരു പ്രക്രിയയെ ചെലവ് ചുരുക്കൽ എന്ന പേരിൽ അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

ലഭ്യമായ കണക്കുകൾ പ്രകാരം 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ചെലവായ തുക മൊത്തം കേന്ദ്ര ബജറ്റിൻ്റെ 0.33 ശതമാനം മാത്രമാണ്. ഏതാണ്ട് ഈയൊരു വിഹിതം മാത്രമാണ് പതിറ്റാണ്ടുകളായി രാജ്യം തെരഞ്ഞെടുപ്പുകൾക്ക് ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ എന്നത് ഭരണകൂടത്തിൻ്റെ തെരഞ്ഞെടുപ്പ് മാത്രമല്ല. ഒരു ജനാധിപത്യ രാജ്യം അതിൻ്റെ പൗരരിൽ ജനാധിപത്യം എന്ന ആശയത്തെ സംബന്ധിച്ച് നടത്തുന്ന ഏറ്റവും വലിയ വിഭ്യാഭ്യാസ പ്രക്രിയ കൂടിയാണ്. തെരഞ്ഞെടുപ്പുകളിൽ ചെലവഴിക്കപ്പെടുന്ന പണം അടിസ്ഥാനപരമായി രാജ്യത്തിൻ്റെ ഭരണഘടനാപരമായ നിലനില്പിന് വേണ്ടിയാണ്. വസ്തുതകൾ ഇതായിരിക്കെ, ഖജനാവിലെ പതിനായിരക്കണക്കിന് കോടി രൂപ കൽപ്രതിമകൾ നിർമ്മിച്ച് വൃഥാ പാഴാക്കിക്കളയുന്നവർക്കും കോർപറേറ്റുകൾക്ക് സമ്പത്ത് വാരിക്കോരി നൽകി ക്രോണി ക്യാപിറ്റലിസത്തിൻ്റെ പാതയിലേക്ക് രാജ്യത്തെ നയിക്കുന്നവർക്കും തെരഞ്ഞെടുപ്പ് ചെലവിനെ സംബന്ധിച്ച് പുതിയ വേവലാതികൾ ഉണ്ടാകുന്നതിനെ അത്രക്ക് നിഷ്കളങ്കമായി നോക്കിക്കാണാനാകില്ല.

കോർപറേറ്റുകൾക്ക് സമ്പത്ത് വാരിക്കോരി നൽകി ക്രോണി ക്യാപിറ്റലിസത്തിൻ്റെ പാതയിലേക്ക് രാജ്യത്തെ നയിക്കുന്നവർക്കും തെരഞ്ഞെടുപ്പ് ചെലവിനെ സംബന്ധിച്ച് പുതിയ വേവലാതികൾ ഉണ്ടാകുന്നതിനെ അത്രക്ക് നിഷ്കളങ്കമായി നോക്കിക്കാണാനാകില്ല.

ഇനി ഈ പ്രചാരവേലകൾക്ക് നേതൃത്വം കൊടുക്കുന്നവർ ഉയർത്തുന്ന കണക്കുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ചെലവായ തുക 8966 കോടിയാണ്. ഈ ചെലവിനെ മാനദണ്ഡമാക്കിയാണ്, നിയമസഭകളിലേക്കും മറ്റും നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിച്ചാൽ ഈ ചെലവുകൊണ്ട് എല്ലാ തെരഞ്ഞെടുപ്പുകളും നടത്താനാകും എന്ന വാദം കേന്ദ്ര സർക്കാർ ഉയർത്തുന്നത്. എന്താണ് ഈ വാദങ്ങളുടെ വസ്തുത എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്തുന്ന സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ മുഴുവനും സ്വന്തം കൈപ്പിടിയിൽ ഒതുക്കാം എന്നൊരു വ്യാമോഹം ബി.ജെ.പിക്കുണ്ട്.

മുകളിൽ കാണിച്ച തുകയുടെ ഏതാണ്ട് അറുപത് ശതമാനവും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വാങ്ങുന്നതിന് ചെലവാക്കിയതാണ്. ലോക് സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇതേ മെഷീനുകൾ തന്നെയാണ് ഓരോ സംസ്ഥാനങ്ങളും അവരുടെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ഉപയോഗിക്കുന്നത്. അതായത് കേന്ദ്ര സർക്കാർ ഉയർത്തുന്ന 'ഭീകരമായ അധിക ചെലവ്' എന്ന വാദത്തിൻ്റെ അറുപത് ശതമാനവും അവിടെ തന്നെ തകർന്നുവീണു എന്ന് സാരം.

തെരഞ്ഞെടുപ്പിൻ്റെ നടത്തിപ്പിനും സുരക്ഷക്കുമായാണ് ബാക്കി തുക ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ വാദ പ്രകാരം, തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഇരട്ടിയോളം വോട്ടിങ് മെഷീനുകൾ അധികമായി വാങ്ങേണ്ടിവരും. കാരണം, ഒരേ വോട്ടിങ് മെഷീനുകൾ ലോക് സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരും. ഒറ്റയടിക്ക് അറുപത് ശതമാനം വരെ ചെലവ് കൂട്ടുന്ന ഒരു പ്രക്രിയയെ ചെലവ് ചുരുക്കൽ എന്ന പേരിൽ അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

കേന്ദ്ര സർക്കാരിൻ്റെ വാദ പ്രകാരം, തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഇരട്ടിയോളം വോട്ടിങ് മെഷീനുകൾ അധികമായി വാങ്ങേണ്ടിവരും. കാരണം, ഒരേ വോട്ടിങ് മെഷീനുകൾ ലോക് സഭാ- നിയമ സഭാ തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരും

ഇനി നടത്തിപ്പുചെലവ് നോക്കുകയാണെങ്കിൽ, ഇരട്ടിയോളം ഭൗതിക സാഹചര്യങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കിവേണം ഇതൊക്കെ നേരിടാൻ. ഇതിനെല്ലാം ഭീമമായ ചെലവുകൾ അധികം വഹിക്കേണ്ടിവരും. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ ചെലവുകളൊക്കെ സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. പുതിയ നിർദേശ പ്രകാരം അതൊക്കെ കേന്ദ്ര സർക്കാർ തന്നെ വഹിക്കേണ്ടി വരും. ചുരുക്കത്തിൽ, അധികം ആഴത്തിലുള്ള പരിശോധനകളൊന്നും കൂടാതെ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം കേന്ദ്ര സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന ഒരു ഏർപ്പാടാണ് എന്ന് മനസ്സിലാക്കാം.

കൺകറൻ്റ് ലിസ്റ്റ്, നിയമസഭക്കുള്ള അധികാരങ്ങൾ എന്നിവയൊക്കെ ഇല്ലാതാക്കി കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾ എന്ന സംഘപരിവാർ രാഷ്ട്രീയ കാമനയുടെ അടിക്കല്ല് സ്ഥാപിക്കുകയാണ് ലക്ഷ്യം.

അധികച്ചെലവ് എന്നും ഒന്നിപ്പിക്കുക എന്നുമുള്ള വാദങ്ങൾ ഉയർത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. രാജ്യത്തിൻ്റെ സംസ്കാരിക നാനാത്വത്തെ അതിൻ്റെ വൈവിധ്യപൂർണമായ വേരുകളിൽ നിന്ന് അടർത്തിമാറ്റി ഹിന്ദുത്വ എന്ന ഒറ്റ വേരിലേക്ക് പരിവർത്തിപ്പിക്കുക എന്നതാണ് ആർ. എസ്.എസിൻ്റെ പ്രഖ്യാപിത ലക്ഷ്യം. അതിൻ്റെ ഏറ്റവും വലിയ തടസമായി അവർ കാണുന്നത് ഫെഡറൽ സംവിധാനമാണ്. പ്രാദേശികമായ സാംസ്കാരിക വൈവിധ്യങ്ങളെയാണ് ഫെഡറലിസം ഉയർത്തിപ്പിടിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്തുന്ന സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ മുഴുവനും സ്വന്തം കൈപ്പിടിയിൽ ഒതുക്കാം എന്നൊരു വ്യാമോഹം ബി.ജെ.പിക്കുണ്ട്. ആസൂത്രിതവും സംഘടിതവുമായി നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും എന്നവർ കണക്കുകൂട്ടുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് കേന്ദ്രീകൃതമായ ഒരു പ്രചാരണരീതി കൈക്കൊള്ളാൻ സാധിക്കുന്നത്. പ്രചാരവേല നടത്തിയും ജനഹിതം അട്ടിമറിച്ചും ബി.ജെ.പിക്ക് അനുകൂലമായ നിയമസഭാ സംവിധാനങ്ങൾ രാജ്യത്തുടനീളം കൊണ്ടുവരാമെന്നും അതുവഴി ഫെഡറലിസത്തെ തകർക്കാമെന്നും അവർ കണക്കു കൂട്ടുന്നുണ്ടാകണം.

അധികച്ചെലവ് എന്നും ഒന്നിപ്പിക്കുക എന്നുമുള്ള വാദങ്ങൾ ഉയർത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് സംസ്ഥാനത്തിൻ്റെ വിഷയങ്ങളും വികസനവുമാണ്. ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവർത്തികമായാൽ ഇത്തരം ചർച്ചകൾക്കോ പ്രാദേശികമായ രാഷ്ട്രീയത്തിനോ പിന്നീട് പ്രസക്തിയില്ലാകും. രാജ്യത്തിൻ്റെ ഫെഡറൽ നയത്തിൻ്റെ കാതലായി നിലനിൽക്കുന്ന കൺകറൻ്റ് ലിസ്റ്റ്, നിയമസഭക്കുള്ള അധികാരങ്ങൾ എന്നിവയൊക്കെ ഇല്ലാതാക്കി കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾ എന്ന സംഘപരിവാർ രാഷ്ട്രീയ കാമനയുടെ അടിക്കല്ല് സ്ഥാപിക്കുക എന്ന കർമമാണ് ‘ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന വ്യാജമായ മുദ്രാവാക്യം മുഴക്കുന്നതിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.

Comments