‘ONOP’ ബി.ജെ.പി മുൻഗണനയായതിനുപുറകിലുണ്ട്, ഒരു ഇന്ത്യ പേടി

‘ONOP’ അംഗീകരിച്ച് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത സമയം നിർണായകമാണ്. ഇന്ത്യൻ ബഹുസ്വരതയെ ജനാധിപത്യപരമായി പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ ഐഡന്റിറ്റി ‘ഇന്ത്യ’ മുന്നണിയിലൂടെ യാഥാർഥ്യമായിരിക്കുന്നു. അത്, ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവക്കുന്ന എക്സ്ക്ലൂസീവ് ദേശീയതയുടെയും വ്യത്യസ്തകളെ റദ്ദാക്കുന്ന ദേശീയ ഐക്യ സങ്കൽപ്പത്തിന്റെയും ക്രിയാത്മക പ്രതിപക്ഷം കൂടിയാണ്. പാർലമെന്റിനുപുറത്തേക്കുകൂടി ഈയൊരു പ്രതിപക്ഷം വ്യാപിക്കുന്ന സാഹചര്യം ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രത്യയശാസ്ത്രപരമായി തന്നെ പേടിപ്പെടുത്തുന്നുണ്ട്.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' (One Nation, One Poll -ONOP) എന്ന കേന്ദ്ര സർക്കാർ നയത്തിന് യൂണിയൻ കാബിനറ്റ് അനുമതി നൽകിയതോടെ, അത് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് നരേന്ദ്രമോദി സർക്കാർ. മോദി സർക്കാറിന്റെ മൂന്നാമൂഴത്തിൽ തന്നെ, 2029- ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ ഈ നിർദേശം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഉടൻ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിസങ്കീർണം,
നിലവിൽ അപ്രായോഗികം

അതിസങ്കീർണമായ ഈ നിയമനിർമാണത്തിന് 18 ഭരണഘടനാഭേദഗതികൾ വേണ്ടിവരും. ചില ഭേദഗതികൾക്ക് സംസ്ഥാന സർക്കാറുകളുടെ കൂടി അംഗീകാരം വേണം. ചില ഭേദഗതികൾക്ക് പാർലമെന്റ് പ്രത്യേക ബിൽ പാസാക്കണം.

ഭരണഘടനാ ഭേദഗതികൾക്ക് പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിർബന്ധം. അതായത്, 543 അംഗ ലോക്‌സഭയിൽ 362 പേരുടെ പിന്തുണ വേണം.
എന്നാൽ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന് ലോക്‌സഭയിലും രാജ്യസഭയിലും കേവല ഭൂരിപക്ഷം മാത്രമാണുള്ളത്. രാജ്യസഭയിൽ 52 പേരുടെയും ലോക്‌സഭയിൽ 72 പേരുടെയും കൂടി പിന്തുണയുണ്ടെങ്കിലേ, ഈ ബില്ല് പാസാക്കാനാകൂ. കോൺഗ്രസ് അടക്കമുള്ള 15 പാർട്ടികളും നിരവധി സംസ്ഥാന സർക്കാറുകളും ഈ നിർദേശത്തെ അതിശക്തമായി എതിർക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഈ നിർദേശം നിയമമാകാനിടയില്ല.

ലോക്‌സഭ- നിയമസഭാ തെരഞ്ഞെടുപ്പുകൾ 1951 മുതൽ 1967 വരെ ഒന്നിച്ചായിരുന്നു. പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങളാൽ അത് മാറുകയായിരുന്നു.

കഴിഞ്ഞ മോദി സർക്കാറുകൾ ചെയ്തതുപോലെ, തീർത്തും ഏകപക്ഷീയമായ നീക്കത്തിലൂടെ ONOP- യുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാനാകില്ല എന്നുറപ്പാണ്.
കഴിഞ്ഞ മോദി സർക്കാറുകൾ ചെയ്തതുപോലെ, തീർത്തും ഏകപക്ഷീയമായ നീക്കത്തിലൂടെ ONOP- യുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാനാകില്ല എന്നുറപ്പാണ്.

എതിർപ്പിനെ എങ്ങനെ
കേന്ദ്രം മറികടക്കും?

വളരെ ചുരുക്കം വഴികളേ, എതിർപ്പ് മറികടക്കാൻ കേന്ദ്ര സർക്കാറിനുമുന്നിലുള്ളൂ. ഭരണഘടനാഭേദഗതി ബില്ലുകൾ പാർലമെന്റിന്റെ സംയുക്ത സമിതിക്കോ നിയമമന്ത്രാലയത്തിന്റെ സ്ഥിരം സമിതിക്കോ വിട്ട് സമവായമുണ്ടാക്കാം. വേണ്ടിവന്നാൽ പ്രതിപക്ഷത്തിന്റെ ചില ഭേദഗതികൾ അംഗീകരിക്കാം.
എതിർപ്പ് മുൻകൂട്ടിക്കണ്ട്, ഈ നിർദേശം പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് രാജ്യവ്യാപകമായി ചർച്ച നടത്താനും ഒരു നടത്തിപ്പ് സംഘത്തിന് രൂപം നൽകാനും കേന്ദ്ര സർക്കാർ നീക്കമുണ്ട്. കഴിഞ്ഞ മോദി സർക്കാറുകൾ ചെയ്തതുപോലെ, തീർത്തും ഏകപക്ഷീയമായ നീക്കത്തിലൂടെ ONOP- യുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാനാകില്ല എന്നുറപ്പാണ്.
എന്നാൽ, ആദ്യ ഘട്ടത്തിൽ, പ്രതിപക്ഷത്തിനും പ്രാദേശിക പാർട്ടികൾക്കിടയിലും കടുത്ത ആശയക്കുഴപ്പമുണ്ടാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ചില പ്രാദേശിക പാർട്ടികളടക്കമുള്ളവർ നിർദേശത്തെ അനുകൂലിച്ചത്, നിരവധി പാർട്ടികൾ അഭിപ്രായം പറയാതെ മാറിനിൽക്കുന്നത്.
എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡി-യു, എൽ.ജെ.പി എന്നിവ നിർദേശത്തെ പിന്തുണക്കുന്നുണ്ട്. തെലുങ്കുദേശം പാർട്ടി ചില കാര്യങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്, നിലപാട് വ്യക്തമാക്കിയിട്ടില്ല.

ONOP-യെക്കുറിച്ച് 62 രാഷ്ട്രീയ പാർട്ടികളോടാണ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പാനൽ അഭിപ്രായം തേടിയത്. 47 പാർട്ടികൾ പ്രതികരിച്ചു. ഇവയിൽ 32 എണ്ണം പിന്തുണക്കുകയും 15 എണ്ണം എതിർക്കുകയും ചെയ്തു.

എതിർത്തവർ,
അനുകൂലിച്ചവർ,
നിശ്ശബ്ദരായവർ

ONOP-യെക്കുറിച്ച് 62 രാഷ്ട്രീയ പാർട്ടികളോടാണ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പാനൽ അഭിപ്രായം തേടിയത്. 47 പാർട്ടികൾ പ്രതികരിച്ചു. ഇവയിൽ 32 എണ്ണം പിന്തുണക്കുകയും 15 എണ്ണം എതിർക്കുകയും ചെയ്തു.

എതിർക്കുന്ന പ്രധാന പാർട്ടികൾ:
കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, നാഗ പീപ്പിൾസ് ഫ്രണ്ട്, എ.ഐ.യു.ഡി.എഫ്, എ.ഐ.എം.ഐ.എം, സി.പി.ഐ- എം.എൽ ലിബറേഷൻ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, ഭാരതീയ സമാജ് പാർട്ടി, ഗോർഖ നാഷനൽ ലിബറൽ ഫ്രണ്ട്, രാഷ്ട്രീയ ലോക് ജനതാ ദൾ, ഭാരതീയ സമാജ് പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക്ജൻ ശക്തി പാർട്ടി, രാഷ്ട്രവാദി കോൺഗ്രസ് പാർട്ടി (അജിത് പവാർ).

ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷാ, കൊൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ഗിരീഷ് ചന്ദ്രഗുപ്ത, മദ്രാസ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് സൻജിബ് ബാനർജി എന്നിവർ എതിർത്തു.

അനുകൂലിച്ച പ്രധാന പാർട്ടികൾ:
ബി.ജെ.പി, ബി.എസ്.പി, ശിവസേന, നാഷനലിസ്റ്റ് കോൺഗ്രസ്, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്യുലർ), എ.ഐ.എ.ഡി.എം.കെ, ഓൾ ജാർക്കണ്ഠ് സ്റ്റുഡന്റ്‌സ് യൂണിയൻ, അപ്‌നാ ദൾ (സോണേ ലാൽ), അസം ഗണ പരിഷത്ത്, ബിജു ജനതാദൾ, ലോക് ജനശക്തി പാർട്ടി (ആർ), മിസോ നാഷനൽ ഫ്രണ്ട്, നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി, ജനതാദൾ-യു, സിക്കിം ക്രാന്തികാരി മോർച്ച, ശിരോമണി അകാലിദൾ, യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ.

മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, രഞ്ജൻ ഗൊഗോയ്, എസ്.എ. ബോബ്‌ഡേ, യു.യു. ലളിത് എന്നിവർ അനുകൂലിച്ചു.

തീരുമാനം അറിയിക്കാത്ത പാർട്ടികൾ:
തെലുങ്കുദേശം പാർട്ടി, ഭാരത് രാഷ്ട്ര സമിതി, മുസ്‌ലിം ലീഗ്, ജമ്മു ആന്റ് കാശ്മീർ നാഷനൽ കോൺഫറൻസ്, ജനതാ ദൾ- സെക്യുലർ, ജാർക്കണ്ഠ് മുക്തി മോർച്ച, കേരള കോൺഗ്രസ്- എം, എൻ.സി.പി, രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ആർ.എസ്.പി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി.

ഏകീകൃത തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഹൈ ലെവൽ കമ്മിറ്റി അധ്യക്ഷൻ രാം നാഥ് കോവിന്ദ്, റിപ്പോട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറുന്നു
ഏകീകൃത തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഹൈ ലെവൽ കമ്മിറ്റി അധ്യക്ഷൻ രാം നാഥ് കോവിന്ദ്, റിപ്പോട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറുന്നു

എന്തിന് ONOP-
കേന്ദ്ര സർക്കാർ വാദങ്ങൾ

2019, 2024 വർഷങ്ങളിലെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ ബി.ജെ.പി ഉറപ്പുനൽകിയിരുന്ന വാഗ്ദാനമാണ് ONOP. എന്നാൽ, അത് നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യം പാർലമെന്റിനകത്തും പുറത്തും ഇല്ലാത്തതിനാലും അതിരൂക്ഷമായ പ്രതിപക്ഷ എതിർപ്പും മൂലം ബി.ജെ.പി സർക്കാർ പിൻവാങ്ങിനിൽക്കുകയായിരുന്നു.

വോട്ടർമാരെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാകുമെന്നതാണ് പ്രധാന നേട്ടമായി സമിതി ചൂണ്ടിക്കാണിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളടക്കമുള്ളവർക്ക് എളുപ്പം വോട്ട് ചെയ്യാനെത്താം.
അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ വഴിയുണ്ടാകാനിടയുള്ള രാഷ്ട്രീയ അസ്ഥിരത മറികടക്കുന്നതിലൂടെ, രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിലടക്കം ഇത് പ്രതിഫലിക്കുമെന്നും പാനൽ അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പു ചെലവ് കുറയ്ക്കാം എന്നതാണ് മറ്റൊരു അവകാശവാദം.

അതേസമയം, ഓരോ 15 വർഷം കൂടുമ്പോഴും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുമാത്രം 10,000 കോടി രൂപ വേണ്ടിവരുമെന്നും രാം നാഥ് കോവിന്ദ് സമിതി പറയുന്നുമുണ്ട്.
1951-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ ചെലവ് 10.5 കോടിയോളം രൂപയായിരുന്നുവെങ്കില്‍ 2019-ലേത് 55,000 കോടി രൂപയായി ഉയര്‍ന്നു. 2024-ല്‍ ഇത് 1.35 ലക്ഷം കോടി രൂപയായി. അതായത്, ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി ഇന്ത്യയിലേത്. ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടിവരുന്ന തുക 1400 രൂപയാണ്.

ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയ ഘടനയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്, കേന്ദ്ര ഭരണത്തിൽ വന്നതുമുതൽ ബി.ജെ.പി ‘ഒരു രാജ്യം’ എന്ന കോൺസെപ്റ്റ് മു​ന്നോട്ടുവക്കുന്നത്. ‘ഒരു രാജ്യം’ എന്ന ആശയത്തിന്റെ എതിർപക്ഷത്തെ എളുപ്പം സൃഷ്ടിച്ച് അവരെ ‘രാജ്യദ്രോഹി’കളാക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറുപുറം.

ഘടനാപരമായ ക്രമീകരണങ്ങളിലൂടെ പരിധി നിർണയിക്കാവുന്ന നിരവധി ചെലവുകൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ട്. സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ചെലവാക്കാവുന്ന തുകയുടെ പരിധി ഇത്തരത്തിലുള്ളതാണ്. സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്ന തുക ഇലക്ഷന്‍ കമീഷന്‍ നിശ്ചയിച്ചതിന്റെ പരിധിക്കും എത്രയോ ഇരട്ടിയാണ്. ചെലവ് നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ പോലുമാകാത്ത സാഹചര്യം സൃഷ്ടിച്ചുവച്ചിരിക്കുന്ന ഭരണകൂടമാണ് ചെലവുകളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പുകളെ പണത്തിന്റെ അവിഹിത ഇടപാടുകളാക്കി മാറ്റിയ, ഇലക്ടറൽ ബോണ്ട് എന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയിലെ ഒന്നാം പ്രതി കൂടിയായ ഒരു പാർട്ടിയാണ് ചെലവുകളെച്ചൊല്ലി കണ്ണീരൊഴുക്കുന്നത് എന്ന വിരോധാഭാസം കൂടിയുണ്ട്.

എന്തുകൊണ്ട്
എതിർപ്പ്?

ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ ഘടനയ്ക്ക് തീർത്തും വിരുദ്ധമാണ് ONOP. സംസ്ഥാന- തദ്ദേശ സ്ഥാപന ഭരണകൂടങ്ങളുടെ ഘടനയും അവയുടെ ജനാധിപത്യ ​പ്രാതിനിധ്യവും ഇടപെടലുകളും മാത്രമല്ല അവയുടെ പൊളിറ്റിക്കൽ കോമ്പോസിഷൻ പോലും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.

ബഹുസ്വരതയാണ് ഫെഡറലിസത്തിന്റെ അന്തഃസ്സത്ത. വ്യത്യസ്ത തലങ്ങളിലുള്ള പൗരസമൂഹങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഐക്യമല്ല, മറിച്ച്, അവയുടെ അത്യന്തം ഭിന്നമായ ഐഡന്റിറ്റികൾ അംഗീകരിക്കുന്നതും ആ വ്യത്യസ്തകൾ നിലനിർത്തുന്നതുമായ ഒരു രാഷ്ട്രീയ ഘടനയാണ് ഫെഡറലിസത്തിന്റെ സത്ത.

മാത്രമല്ല, വിവിധ ജാതി- മത വിഭാഗങ്ങളും അവയുടെ പേരിലുള്ള കടുത്ത വിവേചനങ്ങളും അസമത്വങ്ങളും സാമ്പത്തികവും സാമൂഹികവുമായ അടിച്ചമർത്തലുകളുമെല്ലാം തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയുടെ രാഷ്ട്രീയമായ അന്തഃസ്സത്തയെ ഏറെ സ്വാധീനിക്കുന്നവയാണ്. ഇവയെയെല്ലാം ഒറ്റയടിക്ക് ഒരു നിയമനിർമാണം കൊണ്ട് റദ്ദാക്കുന്നത്, ദേശീയതയെക്കുറിച്ചുള്ള വളരെ യാന്ത്രികവും ഹിംസാത്മകവുമായ ഐഡിയോളജിയുടെ അടിച്ചേൽപ്പിക്കൽ കൂടിയാകുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടർമാർക്കുമുന്നിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ വ്യത്യസ്ത മാനങ്ങളുള്ളവയാണ്. ഓരോ സംസ്ഥാനത്തും ഓരോ പഞ്ചായത്തിലുമുള്ള വ്യത്യസ്ത മണ്ഡലങ്ങളുടെയും അവയെ പ്രതിനിധീകരിക്കുന്ന മനുഷ്യരുടെയും പ്രശ്‌നങ്ങൾക്കും ആവശ്യങ്ങൾക്കും അർഹിക്കുംവിധം ഊന്നൽ ഒരു പൊതു തെരഞ്ഞെടുപ്പിൽ ലഭിക്കാനിടയില്ല എന്ന് പ്രാദേശിക പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ദേശീയപാർട്ടികളുടെ വൻതോതിലുള്ള ആധിപത്യം പ്രാദേശിക പാർട്ടികളെ പാർശ്വവൽക്കരിക്കുമെന്നും ആശങ്കയുണ്ട്.

2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ് ONOP നിലവിൽ വരുന്നത് എങ്കിൽ, കേരളം, ബംഗാൾ, തമിഴ്‌നാട്, ആസാം, പുതുച്ചേരി നിയമസഭകളുടെ കാലാവധി മൂന്നുവർഷമായി ചുരുങ്ങും.

ഒന്നിച്ച് നടന്നിരുന്ന ലോക്സഭാ- നിയമസഭാ തെഞ്ഞെടുപ്പുകൾ 1967-നുശേഷം അസാധ്യമായതിനുപുറകിൽ, അതുവരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഏകകക്ഷി ഭരണ​ത്തിന്റെ തകർച്ചക്ക് പ്രധാന പങ്കുണ്ട്. 1969-ൽ കോൺഗ്രസിലുണ്ടായ പിളർപ്പും തുടർന്ന് പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളുടെയും മൂവ്മെന്റുകളുടെയും പങ്കാളിത്തമുള്ള ദേശീയ പ്രതിപക്ഷത്തിന്റെ വരവുമാണ് ഒരൊറ്റ തെരഞ്ഞെടുപ്പിനെ അപ്രായോഗികമാക്കിയത്.

ONOP അംഗീകരിച്ച് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത സമയം നിർണായകമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക പാർട്ടികളുടെയും കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികളുടെയും യോജിപ്പിൽ നിലവിൽവന്ന ‘ഇന്ത്യ’ മുന്നണി, ദേശീയ പ്രതിപക്ഷമെന്ന നിലയ്ക്ക് നേടിയ അംഗീകാരമാണ് അതിൽ പ്രധാനം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നണിക്കുണ്ടായ നേട്ടത്തേക്കാളുപരി, ഇന്ത്യൻ ബഹുസ്വരതയെ, അതിന്റെ പലതരം പ്രതിനിധ്യങ്ങളെ ജനാധിപത്യപരമായി ഉൾ​ക്കൊള്ളുന്ന രാഷ്ട്രീയ ഐഡന്റിറ്റിയെ യാഥാർഥ്യമാക്കാനായി എന്നതാണ് ‘ഇന്ത്യ’ മുന്നണിയുടെ പ്രാധാന്യം. അത്, ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവക്കുന്ന എക്സ്ക്ലൂസീവ് ദേശീയതയുടെയും വ്യത്യസ്തകളെ റദ്ദാക്കുന്ന ദേശീയ ഐക്യ സങ്കൽപ്പത്തിന്റെയും ക്രിയാത്മക പ്രതിപക്ഷം കൂടിയാണ്. പാർലമെന്റിനുപുറത്തേക്കുകൂടി ഈയൊരു പ്രതിപക്ഷം വ്യാപിക്കുന്ന സാഹചര്യം ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രത്യയശാസ്ത്രപരമായി തന്നെ പേടിപ്പെടുത്തുന്നുണ്ട്.

അതുകൊണ്ടാണ്, ജാതി സെൻസസ് എന്ന വിഷയം അവഗണിക്കാനാകാത്തവിധം ദേശീയശ്രദ്ധയിൽ വന്നപ്പോൾ, അതിന്റെ യഥാർഥ ലക്ഷ്യം മറച്ചുപിടിച്ച്, ‘ഹിന്ദു ഐക്യം’, ‘അഖണ്ഡത’ എന്നീ ആശയങ്ങളുമായി ജാതി സെൻസസിനെ ആർ.എസ്.എസ് സമർഥമായി ബന്ധിപ്പിച്ചത്. ജാതിരഹിതമായ ഒരു ഹിന്ദു സമൂഹം എന്ന വ്യാജ​പ്രതീതി മുന്നോട്ടുവച്ച് അതിലെ ‘അവിഭാജ്യ ഘടക’ങ്ങളെന്ന നിലയ്ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവരെ അവതരിപ്പിക്കുന്നതാണ് ആർ.എസ്.എസ് സൂത്രം.
ഇതേ സൂത്രമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നയത്തിലും ബി.ജെ.പി സ്വീകരിക്കാൻ പോകുന്നത്. ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയ ഘടനയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്, കേന്ദ്ര ഭരണത്തിൽ വന്നതുമുതൽ ബി.ജെ.പി ‘ഒരു രാജ്യം’ എന്ന കോൺസെപ്റ്റ് മു​ന്നോട്ടുവക്കുന്നത്. ‘ഒരു രാജ്യം’ എന്ന ആശയത്തിന്റെ എതിർപക്ഷത്തെ എളുപ്പം സൃഷ്ടിച്ച് അവരെ ‘രാജ്യദ്രോഹി’കളാക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറുപുറം. പത്തുവർഷത്തിനിടെ തെരുവിലിറങ്ങിയ വിദ്യാർഥികളും കർഷകരും കലാകാരരും തൊഴിലാളികളുമെല്ലാം ഭരണകൂടവേട്ടയിൽ കൊല്ലപ്പെട്ടതും ആക്രമിക്കപ്പെട്ടതുമെല്ലാം ഈയൊരു ‘രാജ്യനീതി’യുടെ നടപ്പാക്കലിലൂടെയാണ്. ആ ‘രാജ്യനീതി’ തന്നെയാണ് ONOP എന്ന ആശയവും മുന്നോട്ടുവക്കുന്നത്.

ആദ്യ ഘട്ടത്തിൽ, പ്രതിപക്ഷത്തിനും പ്രാദേശിക പാർട്ടികൾക്കിടയിലും കടുത്ത ആശയക്കുഴപ്പമുണ്ടാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ചില പ്രാദേശിക പാർട്ടികളടക്കമുള്ളവർ നിർദേശത്തെ അനുകൂലിച്ചത്, നിരവധി പാർട്ടികൾ അഭിപ്രായം പറയാതെ മാറിനിൽക്കുന്നത്.

ഖാർഗേ മുതൽ മമത വരെ

ONOP എന്ന നിർദേശം പ്രായോഗികമോ യാഥാർഥ്യബോധത്തോടെയുള്ളതോ അല്ല എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ പറയുന്നു: ''അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽനിന്ന് വിഷയം മാറ്റാനുള്ള നീക്കമാണിത്'', അദ്ദേഹം പറയുന്നു.

രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പാനലിനുമുമ്പാകെ കടുത്ത എതിർപ്പാണ് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രകടിപ്പിച്ചത്: ഒരു രാജ്യം എന്ന ആശയത്തെ നിലവിലെ ചരിത്ര- രാഷ്ട്രീയ- സാംസ്‌കാരിക പരിപ്രേക്ഷ്യത്തിൽ വേണം പരിഗണിക്കാൻ. ഇതിന്റെ ഭരണഘടനാപരമായ സാംഗത്യത്തെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നില്ല. ഒരു രാജ്യം ഒരു സർക്കാർ എന്ന ആശയത്തെ ഭരണഘടന പിന്തുടരുന്നുണ്ടോ?'', പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള ഭരണസംവിധാനത്തിനുള്ള തയാറെടുപ്പാണ് ഈ നിർദേശമെന്നും മമത പറയുന്നു.

സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിർദേശമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ.

എന്നാൽ, പൊതുതാൽപര്യത്തിനും ദേശീയ താൽപര്യത്തിനും അനുയോജ്യമായ നിർദേശമെന്നാണ് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞത്.

100 ദിവസം,
ഒറ്റ തെരഞ്ഞെടുപ്പ്

100 ദിവസം കൊണ്ട് ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പുകളും നടത്തണമെന്നാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ പ്രധാന ശുപാർശ.
മറ്റു ശുപാർശകൾ:

  • ഒറ്റ തവണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താം. ആദ്യ ഘട്ടത്തിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ടാം ഘട്ടത്തിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളും. രണ്ടു ഘട്ടങ്ങളും 100 ദിവസം എന്ന സമയപരിധിക്കകത്ത് നടത്തണം.

  • ഒറ്റ വോട്ടർപട്ടിക, ഒറ്റ തിരിച്ചറിയൽ കാർഡ്.

  • ആർക്കും ഭൂരിപക്ഷമില്ലെങ്കിലോ അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുകയോ ചെയ്താൽ മാത്രം ഇടക്കാല തെരഞ്ഞെടുപ്പ്.

  • ഇടക്കാല തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകളുടെ കാലാവധി അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ മാത്രം.

ലോക്സഭ മുതൽ
പഞ്ചായത്ത് വരെ

543 ലോകസ്ഭാ മണ്ഡലങ്ങളും 4120 നിയമസഭാ മണ്ഡലങ്ങളുമാണ് രാജ്യത്തുള്ളത്. കൂടാതെ, 665 ജില്ലാ പഞ്ചായത്തുകൾ, 6711 ബ്ലോക്ക് പഞ്ചായത്തുകൾ, 2,55,216 ഗ്രാമപഞ്ചായത്തുകൾ, 255 കോർപറേഷനുകൾ, 1897 നഗരസഭകൾ, 2437 ടൗൺ പഞ്ചായത്തുകൾ.

സംസ്ഥാന സർക്കാറുകൾക്ക്
നഷ്ടം

2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ് ONOP നിലവിൽ വരുന്നത് എങ്കിൽ, കേരളം, ബംഗാൾ, തമിഴ്‌നാട്, ആസാം, പുതുച്ചേരി നിയമസഭകളുടെ കാലാവധി മൂന്നുവർഷമായി ചുരുങ്ങും. കാരണം ഈ സംസ്ഥാനങ്ങളിൽ അടുത്ത സർക്കാർ നിലവിൽ വരിക 2026-ലാണ്.

ഇപ്പോൾ ​നിയമസഭാ തെര​ഞ്ഞെടുപ്പുകൾ നടന്ന ഒഡിഷ, ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾക്കുമാത്രമാണ് അഞ്ചു വർഷം തികച്ചുകിട്ടുക.

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കമായി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ജാർക്കണ്ഠ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾ ഈ വർഷമുണ്ടാകും.

കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ വർഷമാണ് നടന്നത്. ഇവയിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിയും കർണാടകയിലും തെലങ്കാനയിലും കോൺഗ്രസുമാണ് അധികാരത്തിൽ വന്നത്. 2028 വരെ ഈ നിയമസഭകൾക്ക് കാലാവധിയുണ്ട്. ഇവയുടെ കാലാവധി വെട്ടിക്കുറക്കാൻ കോൺഗ്രസ് തയാറായേക്കില്ല.
അതായത്, മിക്കവാറും സംസ്ഥാന ഭരണകൂടങ്ങളുടെ കാലാവധി വെട്ടിക്കുറക്കേണ്ടിവരുന്ന തീരുമാനം കൂടിയാണിത്. അത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്നതിനാൽ, കടുത്ത എതിർപ്പുയരുമെന്നുറപ്പ്.

2023 സപ്തംബർ രണ്ടിനാണ് മോദി സർക്കാർ, രാംനാഥ് കോവിന്ദ് പാനലിനെ നിയമിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ രാം മേഖ്‌വാൾ എന്നിവരാണ് പാനൽ അംഗങ്ങൾ. 191 ദിവസത്തെ ചർച്ചകൾക്കുശേഷം 18,626 പേജുള്ള റിപ്പോർട്ടാണ് പാനൽ സമർപ്പിച്ചത്.

Comments