പൗരത്വ പരിശോധനയുടെ
‘തീവ്ര’ വർഷം

SIR ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ, അതൊരു ഭരണപരിഷ്കാരമായിരുന്നോ, അതോ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഉൾക്കൊള്ളൽ സ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവമായ ഇടപെടലായിരുന്നോ എന്ന ചോദ്യം വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്: ജോമി പി.എൽ. എഴുതുന്നു.

നാധിപത്യവ്യവസ്ഥയുടെ വിശ്വാസ്യതയും നിയമസാധുതയും നിലനിൽക്കുന്നത് സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലാണ്. ഈ സംവിധാനത്തിന്റെ അടിസ്ഥാനശിലയാണ് കൃത്യവും മുഴുവൻ പേരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമായ വോട്ടർ പട്ടിക. അതുകൊണ്ടുതന്നെ വോട്ടർ പട്ടികയുടെ കാലാനുസൃതമായ പുതുക്കലും ശുദ്ധീകരണവും ഭരണപരമായ അനിവാര്യത മാത്രമല്ല, ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. എന്നാൽ അത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ (Universal Adult Franchise) പരിമിതപ്പെടുത്തുന്നതോ, യോഗ്യരായ പൗരർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കുന്നതോ, സാമൂഹികമായി പിന്നാക്കവിഭാഗങ്ങൾക്ക് അനാവശ്യ ഭാരം സൃഷ്ടിക്കുന്നതോ ആയാൽ, അവ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി സംഘർഷത്തിലാകുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഗൗരവകരവും നിയമപരവും ഭരണപരവും രാഷ്ട്രീയപരവുമായ ചർച്ചകൾക്ക് വഴിവെച്ചത്. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രക്രിയ, അതിന്റെ നിയമപരമായ അടിത്തറ, നടപ്പാക്കൽ രീതി, തെളിവായി ആവശ്യപ്പെട്ട രേഖകളുടെ സ്വഭാവം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധി, ഭരണഘടനാപരമായ അവകാശങ്ങളിലുള്ള പ്രത്യാഘാതം എന്നിവയെക്കുറിച്ച് വ്യാപക വിമർശനങ്ങൾക്ക് കാരണമായി. കുടിയേറ്റ തൊഴിലാളികൾ, പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങൾ, ദരിദ്ര ജനവിഭാഗങ്ങൾ, സ്ത്രീകൾ, പ്രായമായവർ, രേഖകൾ അപൂർണമായ സാധാരണ പൗരർ എന്നിവർ നേരിടേണ്ടിവന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഈ നടപടിയുടെ സാമൂഹിക പ്രത്യാഘാതങ്ങളെ കൂടുതൽ ഗൗരവതരമാക്കി.

സുപ്രീംകോടതിക്ക് നൂറുകണക്കിന് ജുഡീഷ്യൽ ഓഫീസർമാരെ നിയോഗിച്ച് എതിർപ്പുകൾ പരിഗണിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ഒരു തെരഞ്ഞെടുപ്പ് ഭരണനടപടിക്ക് ഇത്രയും വലിയ ന്യായാധിപ ഇടപെടൽ ആവശ്യമായതുതന്നെ എസ്.ഐ.ആറിന്റെ നടപ്പാക്കലിലെ ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയായിരുന്നു.

SIR ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ, അതൊരു ഭരണപരിഷ്കാരമായിരുന്നോ, അതോ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഉൾക്കൊള്ളൽ സ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവമായ ഇടപെടലായിരുന്നോ എന്ന ചോദ്യം വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. നിയമപരമായും സാമൂഹ്യമായും SIR ഉയർത്തുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുകയും, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമായുമുള്ള അതിന്റെ പൊരുത്തക്കേടുകൾ വിലയിരുത്തുകയും ചെയ്യുകയെന്നത് ഈ സന്ദർഭത്തിൽ അനിവാര്യമാണ്.

ആയിരക്കണക്കിന് പരാതികളാണ് SIR-നെതിരെ ഉയർന്നുവന്നത്. ഗുജറാത്തിലുടനീളം ആയിരക്കണക്കിന് വേദികൾ പങ്കിട്ടിട്ടുള്ള ഗുജറാത്തിലെ ജനകീയ കലാകാരനും 2026-ലെ പത്മശ്രീ ജേതാവുമായ ഹാജി റാംകഡുവിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ബി.ജെ.പി. കൗൺസിലർ സമർപ്പിച്ചതു പോലുള്ള ആയിരക്കണക്കിന് സംഭവങ്ങളുണ്ടായിരുന്നു. ആധാറിലും വോട്ടർ ഐഡിയിലും പേരിലുണ്ടായിരുന്ന ചെറിയ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് റാംകഡുവിൻ്റെ പേര് നീക്കാൻ ശ്രമിച്ചത്. ഔദ്യോഗിക രേഖകളിൽ പതിവുള്ള ഇത്തരം ചെറിയ വ്യത്യാസങ്ങൾ പോലും വോട്ടവകാശം റദ്ദാക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യം ഈ സംഭവം തുറന്നുകാട്ടി.

എസ്.ഐ.ആർ പൗരത്വ പരിശോധനയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും പ്രായോഗിക തലത്തിൽ ചിത്രം വ്യത്യസ്തമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
എസ്.ഐ.ആർ പൗരത്വ പരിശോധനയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും പ്രായോഗിക തലത്തിൽ ചിത്രം വ്യത്യസ്തമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വെറും 974 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി. വിജയിച്ച രാജസ്ഥാനിലെ ഹവാമഹൽ നിയമസഭാ മണ്ഡലത്തിൽ നൂറുകണക്കിന് മുസ്ലിം വോട്ടർമാരുടെ പേരുകളൊഴിവാക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബൂത്തിലെ 470 മുസ്ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം ലഭിച്ചതായുള്ള ബൂത്ത് ലെവൽ ഓഫീസറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

നോബൽ ജേതാവ് അമർത്യാസെൻ, വിരമിച്ച നാവികസേനാ മേധാവി അരുൺ പ്രകാശ്, സൈനിക ഉദ്യോഗസ്ഥൻ ശശികാന്ത് തുടങ്ങിയവർക്ക് ഹിയറിങ്ങിന് നോട്ടീസ് ലഭിച്ചതു പോലുളള സംഭവങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കി. ഇവയെല്ലാം കമ്മീഷൻ്റെ നടപടിക്രമത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയർത്താൻ മതിയായിരുന്നു.

എസ്.ഐ.ആറിനെ ഏറ്റവും ശക്തമായി എതിർത്തത് പശ്ചിമബംഗാളായിരുന്നു. മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ദൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി പരാതികൾ ഉന്നയിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് ആദിവാസികളുടെയും ചായത്തോട്ട തൊഴിലാളികളുടെയും രാജ്ബംശി വിഭാഗത്തിൽപ്പെട്ടവരുടെയും പേരുകൾ അന്യായമായി ഒഴിവാക്കുകയോ അഡ്ജുഡിക്കേഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തുകയോ ചെയ്തുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിച്ചത്.

ജനാധിപത്യത്തിൽ എല്ലാ നടപടികളും നിയമപരമായി സാധുവായിരിക്കാം. എന്നാൽ അതുകൊണ്ടുമാത്രം അവ നീതിപൂർണ്ണമാകണമെന്നില്ല.

പ്രശ്നം സങ്കീർണ്ണമായതോടെ സുപ്രീംകോടതിക്ക് നൂറുകണക്കിന് ജുഡീഷ്യൽ ഓഫീസർമാരെ നിയോഗിച്ച് എതിർപ്പുകൾ പരിഗണിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ഒരു തെരഞ്ഞെടുപ്പ് ഭരണനടപടിക്ക് ഇത്രയും വലിയ ന്യായാധിപ ഇടപെടൽ ആവശ്യമായതുതന്നെ എസ്.ഐ.ആറിന്റെ നടപ്പാക്കലിലെ ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയായിരുന്നു. കേരളത്തിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്നും വെട്ടി നീക്കപ്പെട്ടു.

എസ് ഐആറിൻ്റെ സമ്മർദ്ദം വോട്ടർമാരെ മാത്രമല്ല ബാധിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാരും വലിയ വെല്ലുവിളികൾ നേരിട്ടു. കോടിക്കണക്കിന് വീടുകൾ സന്ദർശിക്കുക, ഫോമുകൾ ശേഖരിക്കുക, രേഖകൾ പരിശോധിക്കുക, എതിർപ്പുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ ചുമതലകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിവന്നു. ഈ സമ്മർദ്ദത്തിനിടെ ചില സംസ്ഥാനങ്ങളിൽ ബി. എൽ.ഒമാരുടെ മരണങ്ങളും ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ഭരണപരിഷ്കരണത്തിന്റെ വിജയം വിലയിരുത്തുമ്പോൾ അതിന്റെ ഭാഗമായി ഹോമിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ വിലയും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവങ്ങൾ നൽകുന്നത്.

എസ്.ഐ.ആറിനെ കുറിച്ചുള്ള സുപ്രീംകോടതി വിധിയിലേയ്ക്ക് വരാം. തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് കോടതി ശരിവെച്ചെങ്കിലും, ആ അധികാരം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന ചോദ്യത്തിന് വിധി പൂർണമായ മറുപടി നൽകിയില്ലെന്ന വിമർശനം നിരവധി ഭരണഘടനാവിദഗ്ധർ ഉയർത്തിയിട്ടുണ്ട്.

എസ് ഐആറിൻ്റെ സമ്മർദ്ദം വോട്ടർമാരെ മാത്രമല്ല ബാധിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാരും  വലിയ വെല്ലുവിളികൾ നേരിട്ടു. കോടിക്കണക്കിന് വീടുകൾ  സന്ദർശിക്കുക, ഫോമുകൾ ശേഖരിക്കുക, രേഖകൾ പരിശോധിക്കുക, എതിർപ്പുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ ചുമതലകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിവന്നു.
എസ് ഐആറിൻ്റെ സമ്മർദ്ദം വോട്ടർമാരെ മാത്രമല്ല ബാധിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാരും വലിയ വെല്ലുവിളികൾ നേരിട്ടു. കോടിക്കണക്കിന് വീടുകൾ സന്ദർശിക്കുക, ഫോമുകൾ ശേഖരിക്കുക, രേഖകൾ പരിശോധിക്കുക, എതിർപ്പുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ ചുമതലകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിവന്നു.

കോടതി പ്രധാനമായും നാല് കാര്യങ്ങളാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് എസ്.ഐ.ആർ നടത്താൻ അധികാരമുണ്ടോ, അതിന്റെ ലക്ഷ്യം നിയമപരമായി ന്യായീകരിക്കാനാകുമോ, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, പൗരത്വ നിർണയവുമായി ഇതിന് ബന്ധമുണ്ടോ എന്നീ ചോദ്യങ്ങളായിരുന്നു അവ.
"നിയമപരമായി എസ് ഐ ആർ അനുവദനീയമാണ്" എന്ന നിഗമനത്തിലെത്തിയ കോടതി, "പ്രായോഗികമായി അത് എങ്ങനെ നടപ്പാക്കപ്പെടുന്നു" എന്ന വിഷയത്തിൽ നിശ്ശബ്ദത പാലിച്ചു.

നിയമസാധുതയും ജനാധിപത്യനീതിയും

ജനാധിപത്യത്തിൽ എല്ലാ നടപടികളും നിയമപരമായി സാധുവായിരിക്കാം. എന്നാൽ അതുകൊണ്ടുമാത്രം അവ നീതിപൂർണ്ണമാകണമെന്നില്ല. എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച കോടതിയ്ക്ക്, വിപുലമായ വോട്ടർ ഒഴിവാക്കലിന്റെ അപകടസാധ്യത, ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ, ഭരണപരമായ ഉത്തരവാദിത്തം, സുതാര്യത എന്നിവയുടെ കാര്യത്തിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അവകാശം ഉറപ്പിച്ചുപറഞ്ഞ കോടതി, ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശമായ വോട്ടവകാശത്തെ ബാധിക്കുന്ന ഒരു പ്രക്രിയയിൽ സുതാര്യതയും ഉത്തരവാദിത്തവുമുണ്ടാകേണ്ടതിൻ്റെ ആവശ്യകത വിട്ടുകളഞ്ഞു.

എസ്.ഐ.ആർ പൗരത്വ പരിശോധനയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയെങ്കിലും പ്രായോഗിക തലത്തിൽ ചിത്രം വ്യത്യസ്തമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട ഒരാൾക്ക് പിന്നീട് വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിലും തടസ്സമുണ്ടാകാമെന്ന് ആശങ്കകളുണ്ട്. ചില സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനങ്ങളും ആശങ്ക വർധിപ്പിച്ചു. വോട്ടർ പട്ടികയും പൗരത്വവും തമ്മിൽ നിയമപരമായി വ്യത്യാസമുണ്ടെങ്കിലും, ഭരണപരമായി അവ തമ്മിൽ വ്യത്യാസമില്ലാതാവുന്ന സാഹചര്യം ജനാധിപത്യത്തിന് അപകടകരമാണ്.

വോട്ടർ പട്ടിക കൃത്യമായി സൂക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ എസ്.ഐ.ആറിൽ പൗരരോടാണ് വീണ്ടും വീണ്ടും സ്വന്തം അർഹത തെളിയിക്കാൻ ആവശ്യപ്പെടുന്നത്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട മറ്റൊരു വിമർശനം കൂടി ഉന്നയിക്കാം.

വോട്ടർ പട്ടിക കൃത്യമായി സൂക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ എസ്.ഐ.ആറിൽ പൗരരോടാണ് വീണ്ടും വീണ്ടും സ്വന്തം അർഹത തെളിയിക്കാൻ ആവശ്യപ്പെടുന്നത്. ഒരു ജനാധിപത്യത്തിൽ സർക്കാർ പൗരരെ വിശ്വസിക്കണമോ, അതോ പൗരർ ഓരോ അഞ്ച് വർഷം കൂടുമ്പോഴും സർക്കാരിനുമുന്നിൽ തന്റെ ജനാധിപത്യാവകാശം തെളിയിക്കണമോ?
ഇതാണ് എസ്.ഐ.ആർ ഉയർത്തുന്ന പ്രധാന ചോദ്യം.

എസ്.ഐ.ആറിനെതിരെയുയർന്ന ആക്ഷേപങ്ങളിൽ പലതും തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിവാക്കാൻ കഴിയുമായിരുന്നു. ഓരോ ജില്ലയിലെയും ഒഴിവാക്കപ്പെട്ടവരുടെ പൂർണ്ണ കണക്കുകൾ പ്രസിദ്ധീകരിക്കുക, പട്ടികയിൽ വീണ്ടും ചേർക്കപ്പെട്ടവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, Form-7 അപേക്ഷകളുടെ സ്വതന്ത്ര ഓഡിറ്റ് നടത്തുക, ‘മരിച്ചവർ’, ‘സ്ഥലംമാറിയവർ’, ‘ഇരട്ട രജിസ്ട്രേഷൻ’ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് നൽകുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ എസ്.ഐ.ആറിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളിൽ പലതും ഒഴിവാക്കാനാകുമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ കാവൽക്കാരാകേണ്ട ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ദൗർഭാഗ്യവശാൽ സംശയത്തിൻ്റെ നിഴലിലായിരിക്കുന്നു. ഭരണഘടന നൽകിയ അധികാരത്തിനും മുകളിലാണ് ജനം പകർന്നു നൽകുന്ന വിശ്വാസം. ആ വിശ്വാസം തകർക്കപ്പെട്ടാൽ ഭരണഘടനാപരമായ അധികാരങ്ങൾ പോലും സ്ഥാപനത്തെ സംരക്ഷിക്കാൻ മതിയാവുകയില്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ കേവലം നിഷ്പക്ഷത നടിച്ചാൽ മാത്രം പോരാ; നിഷ്പക്ഷമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം. അർഹരായ ഒരാളും പുറത്താകരുത്; അനർഹരായ ഒരാളും പട്ടികയിൽ ഉൾപ്പെടരുത് എന്നതായിരുന്നു എസ്.ഐ.ആറിൻ്റെ പ്രഖ്യാപിത ലക്ഷ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ ലക്ഷ്യത്തോട് ആർക്കും വിയോജിപ്പുണ്ടാകാനിടയില്ല.

പക്ഷേ ഈ പ്രക്രിയ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്.

  • അഞ്ച് കോടിയിലേറെ പേരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയത് പൂർണമായും സാധുവായിരുന്നോ?

  • ഒഴിവാക്കപ്പെട്ട മുഴുവൻ പേർക്കും അപ്പീലിന് അവസരം ലഭിച്ചുവോ? കുടിയേറ്റ തൊഴിലാളികളും സ്ത്രീകളും ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും കൂടിയ തോതിൽ ബാധിക്കപ്പെട്ടോ?

  • Form-7 രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടോ?

  • തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംശയങ്ങൾക്കും സുതാര്യമായ മറുപടി നൽകിയോ?

ഈ ചോദ്യങ്ങൾക്ക് വ്യക്തവും വിശ്വാസ്യതയുള്ളതുമായ ഉത്തരങ്ങൾ ലഭിക്കാതെ എസ്.ഐ.ആറിനെ പൂർണവിജയമായി വിശേഷിപ്പിക്കാനാവില്ല.

ജനാധിപത്യത്തിൽ വ്യാജ വോട്ട് എന്നത് അപകടകരമാണ്. എന്നാൽ യഥാർത്ഥ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നത് അതിലും അപകടകരമാണ്. വ്യാജവോട്ട് ഒരു മണ്ഡലത്തിന്റെ ഫലത്തെ മാത്രമേ ബാധിക്കൂ. എന്നാൽ ഒരു യഥാർത്ഥ പൗരരുടെ വോട്ടവകാശം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ധാർമ്മികതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട ഒരാൾക്ക് പിന്നീട് വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിലും തടസ്സമുണ്ടാകാമെന്ന് ആശങ്കകളുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട ഒരാൾക്ക് പിന്നീട് വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിലും തടസ്സമുണ്ടാകാമെന്ന് ആശങ്കകളുണ്ട്.

എസ്.ഐ.ആറിന്റെ ഒരു വർഷം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്.

തെരഞ്ഞെടുപ്പ് വിശ്വാസ്യതയും ജനാധിപത്യ ഉൾക്കൊള്ളലും പരസ്പരവിരുദ്ധങ്ങളല്ല. രണ്ടും ഒരുപോലെ സംരക്ഷിക്കപ്പെടണം.

ശുദ്ധമായ വോട്ടർ പട്ടിക വേണം. എന്നാൽ അതിലും പ്രധാനമായി ശുദ്ധമായ മനസ്സാക്ഷിയുള്ള തെരഞ്ഞെടുപ്പ് സംവിധാനം വേണം.

ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ആ അധികാരത്തിന് ജനാധിപത്യപരമായ ന്യായീകരണം ലഭിക്കുന്നത് ഓരോ അർഹരായ പൗരരുടെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ്.

എസ്.ഐ.ആറിന്റെ യഥാർത്ഥ പരീക്ഷണം സുപ്രീംകോടതിയുടെ വിധിയിലല്ല. വരും തെരഞ്ഞെടുപ്പുകളിൽ അർഹരായ ഇന്ത്യൻ പൗരർ തങ്ങളുടെ പേര് വോട്ടർ പട്ടികയിലില്ലെന്ന് കണ്ടെത്തി പോളിങ് ബൂത്തിൽ നിന്ന് നിരാശരായി മടങ്ങിപ്പോകേണ്ടിവരരുത്, ആ ദിവസമാണ് ആ പരീക്ഷണത്തിന്റെ വിജയദിനം.


Summary: SIR, a year away, warrants a critical examination of whether it was a governance reform or a deliberate attempt to undermine the inclusive electoral process.


ജോമി പി.എൽ.

വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളിൽ എഴുതുന്നു.

Comments