പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സൈനിക നടപടികളും അതിർത്തിയിലെ സാഹചര്യവും വിശദീകരിക്കാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ, കഴിഞ്ഞ 36 മണിക്കൂറിനിടെ നടന്ന സംഭവവികാസങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചു. രണ്ടു മണിക്കൂർ നീണ്ട യോഗം, ദേശീയ സുരക്ഷയ്ക്കും ഐക്യത്തിനും സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും പാക്കിസ്ഥാനെതിരെ കേന്ദ്ര സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും ഐക്യകണ്‌ഠ്യേന പിന്തുണ അറിയിച്ചതായും എല്ലാ പാർട്ടി നേതാക്കളും പക്വതയോടെയാണ് നിലപാടെടുത്തതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഭീകരതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിന് എല്ലാ പാർട്ടികളും പിന്തുണ അറിയിച്ചു.
പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലും പാക്കിസ്ഥാനിലെ ഭീകരസങ്കേതങ്ങളിലും 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ നടത്തിയ സൈനിക നടപടി രാജ്‌നാഥ് സിങ് വിശദീകരിച്ചു. പ്രതിസന്ധിഘട്ടത്തിൽ എല്ലാ പിന്തുണയും ഉറപ്പുനൽകിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ, ജമ്മു കാശ്മീരിൽ സമാധാനം ഉറപ്പുവരുത്താനുള്ള നടപടികൾ കൂടിയെടുക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വേണം. പ്രധാനമന്ത്രി യോഗത്തിന് എത്താതിരുന്നതും ഖാർഗേ ഉന്നയിച്ചു.

'സർക്കാറിന് പൂർണ പിന്തുണ. ചില കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്'- ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരമൊരു നിർണായക ഘട്ടത്തിൽ രാജ്യത്ത് വിഭജനമുണ്ടാക്കാനുള്ള നീക്കങ്ങളെ മാധ്യമങ്ങളും സാമൂഹ്യമാധ്യമ ഹാൻഡിലുകളും കരുതിയിരിക്കണമെന്ന് സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവ് പറഞ്ഞു.
ഭീകരവാദത്തിനും ഭീകര സംഘടനകൾക്കും ഫണ്ട് നൽകുന്നത് തടയാൻ യു.എൻ സുരക്ഷാ കൗൺസിൽ നടപടിയെടുക്കണമെന്ന് അസദ്ദുദ്ദീൻ ഒവൈസി പറഞ്ഞു. പാക്കിസ്ഥാൻ ഇത് വർഷങ്ങളായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. തൃണമൂൽ കോൺഗ്രസ് നേതാവ് സന്ദീപ് ബന്ദോപാധ്യായ, ഡി.എം.കെ നേതാവ് ടി. ആർ. ബാലു എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കൾ, ധനകാര്യമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരും പങ്കെടുത്തു. രാം ഗോപാൽ യാദവ് (സമാജ്‌വാദി പാർട്ടി), സഞ്ജയ് സിങ് (ആപ്പ്), സഞ്ജയ് റൗട്ട് (ശിവസേന- ഉദ്ധവ്), സുപ്രിയ സുലേ (എൻ.സി.പി- എസ്.പി), സസ്മിത് പത്ര (ബി.ജെ.ഡി), ജോൺ ബ്രിട്ടാസ് (സി.പി.എം), അസദ്ദുദ്ദീൻ ഒവൈസി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

രാജ്യമാകെ യോജിച്ച് നിൽക്കേണ്ട സമയമാണെന്ന്, യോഗത്തിനുമുമ്പ് നരേന്ദ്രമോദി പ്രതിപക്ഷത്തോട് പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം തുടരുന്നതായി റിപ്പോർട്ടുണ്ട്. പുലർച്ചെ മൂന്നിനാരംഭിച്ച ഷെല്ലാക്രമണത്തിൽ ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നിരവധി വീടുകൾ തകർന്നു. പൂഞ്ചിൽ മാത്രം നിരവധി പേർക്ക് പരിക്കേറ്റു. ബാരാമുള്ള, ഉറി എന്നിവിടങ്ങളിലും പാക് പ്രകോപനമുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. പഞ്ചാബ് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആറ് അതിർത്തി ജില്ലകളിൽ സ്‌കൂളുകൾ അടച്ചു. ഫിറോസ്പുർ, പത്താൻകോട്ട്, ഫസീൽക്ക, അമൃത്‌സർ, ഗുരുദാസ്പുർ, തരൻതരൻ ജില്ലകളിലാണ് അവധി.
ഇന്ത്യൻ സൈനികനടപടിയെ തുടർന്ന് പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 12 സിവിലിയൻമാരും ഒരു സൈനികനും മരിച്ചതായി സൈനികവൃത്തങ്ങൾ ഔദ്യേഗികമായി അറിയിച്ചു.
അതിനിടെ, സംഘർഷത്തിന്റെ പാശ്ചാത്തലത്തിൽ, പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ്, കറാച്ചി, ലാഹോർ, സിയാൽക്കോട്ട് വിമാനത്താവളങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു.
