ഇന്ത്യൻ രാഷ്ട്രീയത്തിൻെറ ദിശ മാറുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര വ്യക്തിപരമായി തന്നെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം യുഎസിൽ വെച്ച് നടത്തിയ പ്രസംഗം തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് ബി.ജെ.പിയിലും നരേന്ദ്ര മോദിയിലും ഉണ്ടായിരുന്ന ഭയം മാറിയെന്നും ആർ.എസ്.എസ്. പിന്തിരിപ്പൻ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു. പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യമായാണ് രാഹുൽ അമേരിക്കയിലെ ഇന്ത്യക്കാരോട് സംസാരിക്കുന്നത്. ഡാലസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലായിരുന്നു രാഹുലിൻെറ പ്രസംഗം.
“സ്വയം നവീകരണത്തിനുള്ള ഒരു ശ്രമമാണ് ഭാരത് ജോഡോ യാത്രയിലുടനീളം ഉണ്ടായത്. ആദ്യത്തെ 3-4 ദിവസം എന്താണ് ചെയ്തതെന്ന് പോലും കൃത്യമായി ഓർമ്മയില്ല. തുടങ്ങിയ സമയത്ത് യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന് പോലും ആശങ്കയുണ്ടായിരുന്നു. 4000 കിലോമീറ്റർ യാത്ര രാഷ്ട്രീയത്തിൽ പുതിയ ചിന്താഗതി തന്നെ ഉണ്ടാക്കിത്തന്നു. ഇന്ത്യൻ ജനതയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ശാരീരികമായും മാനസികമായും എനിക്ക് നേരെ തന്നെ നടന്ന ഒരു ആക്രമണമായിരുന്നു ഈ യാത്ര. സ്നേഹമെന്ന ആശയം ഞങ്ങൾ ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിപ്പിക്കുകയായിരുന്നു,” രാഹുൽ പറഞ്ഞു. സ്നേഹം, ബഹുമാനം, വിനയം എന്നിവ എങ്ങനെയാണ് രാഷ്ട്രീയത്തിൽ സംയോജിപ്പിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. “എല്ലാ മനുഷ്യരെയും സ്നേഹിക്കുക. ഏതെങ്കിലും വിഭാഗത്തിലുള്ളവരെയോ മതത്തിലുള്ളവരെയോ പ്രത്യേകമായി സ്നേഹിക്കുകയല്ല വേണ്ടത്. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നവരെയെല്ലാം ബഹുമാനിക്കുക. കരുത്തരായവരെ മാത്രമല്ല, ദുർബലരെയും ബഹുമാനിക്കുക. മറ്റുള്ളവരിലല്ല, നമ്മളിൽ തന്നെയാണ് വിനയം വേണ്ടത്,” രാഹുൽ വ്യക്തമാക്കി.
ഏകത്വത്തിലാണ് ഇന്ത്യ നിലനിൽക്കുന്നതെന്ന ആർഎസ്എസ് ആശയത്തെയും രാഹുൽ തൻെറ യുഎസ് പ്രസംഗത്തിൽ വിമർശിച്ചു. വ്യത്യസ്ത ആശയങ്ങളുടെ സമന്വയമെന്ന രീതിയിലാണ് കോൺഗ്രസ് ഇന്ത്യയെ കാണുന്നത്. നാനാത്വത്തിൽ ഏകത്വമാണ് അതിൻെറ അടിസ്ഥാനം. “രാജ്യത്തിൻെറ മുന്നോട്ടുപോക്കിൽ എല്ലാവരും പങ്കാളികളാകണമെന്നും സ്വപ്നം കാണണമെന്നും, ജാതി, മതം, വിഭാഗം, സംസ്കാരം, ചരിത്രം എന്നിവയ്ക്കെല്ലാം അതീതമായി എല്ലാവർക്കും അർഹിച്ച പ്രാതിനിധ്യം ലഭിക്കണമെന്നും കോൺഗ്രസ് ആഗ്രഹിക്കുന്നു,” രാഹുൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടി ലഭിച്ചത് രാജ്യത്ത് വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. “ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ രാജ്യത്ത് ആരും തന്നെ നരേന്ദ്ര മോദിയെയോ ബിജെപിയെയോ ഭയക്കുന്നില്ലെന്ന അവസ്ഥ വന്നിരിക്കുന്നു,” രാഹുൽ കൂട്ടിച്ചേർത്തു. സമൂഹത്തിൻെറ വ്യത്യസ്ത മേഖലകളിലുള്ളവരെ ഒരുമിച്ച് നിർത്തുകയാണ് കോൺഗ്രസിൻെറ രീതിയെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയും ആർ.എസ്.എസും പിന്തുടരുന്ന പിന്തിരിപ്പൻ ആശയങ്ങളെയും അദ്ദേഹം തുറന്ന് കാണിച്ചു. “സ്ത്രീകൾ അടുക്കളയിൽ തന്നെ കഴിയേണ്ടവരാണെന്നും അധികം സംസാരിക്കരുതെന്നും കരുതുന്നവരാണ് ബിജെപിയും ആർഎസ്എസും. സ്ത്രീകൾക്ക് പ്രത്യേക തരത്തിലുള്ള ജോലികളേ ചെയ്യാൻ സാധിക്കൂവെന്നും അവർ കരുതുന്നു. എന്നാൽ സ്ത്രീകൾക്ക് അങ്ങനെ യാതൊരുവിധ പരിമിതികളും ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ (കോൺഗ്രസ്),” രാഹുൽ പറഞ്ഞു.
സെപ്റ്റംബർ 8 മുതൽ 10 വരെ ദിവസങ്ങളിൽ ജോർജ്ജ്ടൗൺ സർവകലാശാലയിലും യുഎസ് കോൺഗ്രസ് അംഗങ്ങളുമായും രാഹുൽ ഗാന്ധി ചർച്ചകൾ നടത്തുന്നുണ്ട്.