‘മുസ്ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കയ്യും കെട്ടി നോക്കിയിരിക്കുന്ന മോദി’; ന്യൂനപക്ഷ വേട്ട തുടരുന്നുവെന്ന് രാഹുൽ

“വിദ്വേഷം പ്രചരിപ്പിച്ച് അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുകയാണ്. ഭയത്തിന്റെയും വിദ്വേഷത്തിന്റയും അന്തരീക്ഷം വർദ്ധിച്ചുവരുന്നു എന്നത് ആശങ്ക ഉണ്ടാക്കുന്നു,” രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് രാഹുൽ ഗാന്ധി.

News Desk

ലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുംറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെയാണ് മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയത്. ഒന്നാം ടേമിലും രണ്ടാം ടേമിലും ബിജെപി ഭരിക്കുമ്പോൾ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയായിരുന്നു. മൂന്നാം ടേമിൽ സർക്കാരിന് പാർലമെൻറിൽ തങ്ങൾ ലക്ഷ്യം വെച്ച രീതിയിൽ നിയമങ്ങളോട നയങ്ങളോ നടപ്പാക്കാൻ സാധിക്കുന്നില്ലെങ്കിലും മുസ്ലിങ്ങൾക്കെതിരായ ആക്രമങ്ങൾ തുടരുകയാണ്. മഹാരാഷ്ട്രയിലെ താനെയിൽ ട്രെയിനിൽ യാത്ര ചെയ്യവേ, ബീഫ് കൈവശം വെച്ചെന്നാരോപിച്ച് വയോധികനെ ആൾക്കൂട്ടം ആക്രമിച്ചത് അതിൻെറ ഏറ്റവും പുതിയ ഉദാഹരണമാണ്.

രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നതിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭയത്തിന്റെയും വിദ്വേഷത്തിന്റയും അന്തരീക്ഷം വർദ്ധിച്ചുവരുന്നു എന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. “വിദ്വേഷം പ്രചരിപ്പിച്ച് അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ തുടർക്കഥയാവുമ്പോഴും സർക്കാർ കാഴ്ച്ചക്കാരായി നോക്കിയിരിക്കുക മാത്രമാണ് ചെയ്യുന്നത്. ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മറഞ്ഞുനിൽക്കുന്ന വിദ്വേഷക്കൂട്ടങ്ങൾ ആക്രമങ്ങൾ വ്യാപിപ്പിച്ച് നിയമവാഴ്ച്ചയെ ചോദ്യം ചെയ്യുകയാണ്,” രാഹുൽ എക്സിൽ കുറിച്ചു. അക്രമ സംഭവങ്ങളുടെ വീഡിയോ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് എക്സിൽ രാഹുൽ ഗാന്ധി പോസ്റ്റ് ഇട്ടിരിക്കുന്നത്.

ആഗസ്റ്റ് 28നാണ് മഹാരാഷ്ട്രയിലെ താനെയിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 72-കാരൻ ട്രെയിനിൽ വെച്ച് മർദ്ദിക്കപ്പെട്ടത്. ധൂലെ സി.എസ്.എം.ടി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ജാൽഗാവോൺ സ്വദേശി അഷ്റഫ് അലി സയ്യിദ് ഹുസൈനായിരുന്നു മർദ്ദനത്തിനിരയായത്. ട്രെയിനിൽ വെച്ച് സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടയിൽ, ഓടിയെത്തിയ ഒരു കൂട്ടം യുവാക്കൾ ഹുസൈനിനെ ആക്രമിക്കുക്കയായിരുന്നു. രണ്ട് കണ്ടെയ്നറുകളിലായി ഹുസൈൻ ബീഫ് കൈവശം വെച്ചെന്നാരോപിച്ചായിരുന്നു കൂട്ട മർദ്ദനം. പ്രതികളായ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഫ് കൈവശംവെച്ചെന്നാരോപിച്ച് ആഗസ്റ്റ് 27ന് ഹരിയാനയിലും അക്രമസംഭവമുണ്ടായിരുന്നു. പശ്ചിമബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി സാബിർ മാലികിനെ ഗോ സംരക്ഷണ സേനാംഗങ്ങൾ അടിച്ചുകൊല്ലുകയായിരുന്നു. ഈ കേസിൽ, പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

“ഇത്തരം ആക്രമണങ്ങൾക്കെതിരേ കർശന നടപടി കൈക്കൊണ്ടേ മതിയാകൂ. രാജ്യത്തിന്റെ ഐക്യത്തിനു നേരെയും പൗരൻമാരുടെ അവകാശങ്ങൾക്കു നേരെയുമുള്ള ഏത് ആക്രമണവും ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. അത് ഒട്ടും ക്ഷമിക്കാൻ കഴിയാത്തതാണ്. ബി.ജെ.പി എത്ര ശ്രമിച്ചാലും വിദ്വേഷത്തിനെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. അക്രമം നടത്തുന്നവർക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് ബിജെപി സർക്കാർ. കർശന നടപടികൾ ഇല്ലാത്തത് കൊണ്ടാണ് ഇവർക്ക് ഇത്തരത്തിൽ പ്രവർത്തിക്കാൻ ധൈര്യം ലഭിച്ചത്. ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മറഞ്ഞുനിൽക്കുന്ന വിദ്വേഷക്കൂട്ടങ്ങൾ ആക്രമങ്ങൾ വ്യാപിപ്പിച്ച് നിയമവാഴ്ച്ചയെ ചോദ്യം ചെയ്യുകയാണ്” രാഹുൽ ഗാന്ധി പ്രതികരിച്ചു.

മൂന്നാം മോദി സർക്കാർ അധികാരമേറ്റെടുത്തത് മുതൽ തന്നെ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തുണ്ട്. മുന്നോട്ടുവെച്ച പല വിഷയങ്ങളിൽ നിന്നും ഇതിനോടകം ബിജെപി സർക്കാർ പിന്നോട്ട് പോവുകയുണ്ടായി. ബ്രോഡ്കാസ്റ്റ് ബില്ലിൻെറ കാര്യത്തിലും വഖഫ് ബോർഡ് ഭേദഗതി ബില്ലിൻെറ കാര്യത്തിലും യു.പി.എസ്.സി ലാറ്ററൽ എൻട്രി നിയമനത്തിൻെറ കാര്യത്തിലുമെല്ലാം മോദി സർക്കാരിന് പിന്നോട്ട് പോവേണ്ടി വന്നിരുന്നു.

Comments