രാഹുല്‍ ഗാന്ധി യു.എസില്‍

'ആദിവാസി വിഭാഗത്തിന് കിട്ടുന്നത് 100ൽ 10 പൈസ, ദലിതർക്ക് 5 രൂപ'; ഇന്ത്യയിൽ സംവരണം എങ്ങനെ അവസാനിപ്പിക്കാനാവുമെന്ന് രാഹുൽ

“ഇന്ത്യയിൽ നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ആദിവാസി വിഭാഗത്തിന് 100 രൂപയിൽ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദലിത് വിഭാഗത്തിന് 5 രൂപ മാത്രമാണ്. ഒ.ബി.സി വിഭാഗത്തിനും ചെറിയൊരു പങ്ക് മാത്രമാണ് ലഭിക്കുന്നത്. ഇവർക്കൊന്നും അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലെന്നതാണ് വസ്തുത” - യുഎസിൽ സംവരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിച്ച് രാഹുൽ ഗാന്ധി

News Desk

സംവരണത്തെക്കുറിച്ചും (Reservation) സമത്വത്തെക്കുറിച്ചുമുള്ള (Equality) തൻെറ കാഴ്ചപ്പാട് വിശദീകരിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധിയുടെ (Rahul Gandhi) പ്രസംഗം. സമത്വം ശക്തമായ ആശയമാണെന്നും ഇന്ത്യ മുന്നോട്ട് പോവണമെങ്കിൽ സമത്വം, നീതി എന്നീ ആശയങ്ങളെ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായതിനുശേഷമുള്ള ആദ്യ യു.എസ് പര്യടനത്തിൽ അവിടുത്തെ ഇന്ത്യക്കാരോട് സംസാരിക്കുകയായിരുന്നു രാഹുൽ. ഡാലസിലെ ഇന്ത്യൻ ട്രക്ക് ഡ്രൈവറുമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് പരാമർശിക്കവെയാണ് സമത്വത്തെ കുറിച്ച് രാഹുൽ പറഞ്ഞത്. യു.എസിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണെന്ന ചോദ്യത്തിന് സമത്വം എന്ന ആശയമാണെന്നാണ് രാഹുൽ മറുപടി നൽകിയത്. “ഇവിടെ ഒരു ട്രക്ക് ഡ്രൈവർ ബഹുമാനിക്കപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ ഒരു ട്രക്ക് ഡ്രൈവർക്ക് ഇതുപോലെ ബഹുമാനം ലഭിക്കില്ല. ഇന്ത്യയിൽ സമത്വവും നീതിയും തിരിച്ചുകൊണ്ടുവരാൻ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട് ,” രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ നേതാവായതിനുശേഷമുള്ള ആദ്യ യു.എസ് പര്യടനത്തിൽ അവിടുത്തെ ഇന്ത്യക്കാരോട് സംസാരിക്കുന്ന രാഹുൽ ഗാന്ധി.
പ്രതിപക്ഷ നേതാവായതിനുശേഷമുള്ള ആദ്യ യു.എസ് പര്യടനത്തിൽ അവിടുത്തെ ഇന്ത്യക്കാരോട് സംസാരിക്കുന്ന രാഹുൽ ഗാന്ധി.

ഇന്ത്യയിൽ അസമത്വം അവസാനിക്കുകയും എല്ലാവർക്കും തുല്യനീതി ഉറപ്പാവുകയും ചെയ്യുന്ന ഘട്ടത്തിൽ സംവരണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും രാഹുൽ പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യം അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യ അനീതിയില്ലാത്ത ഒരു സ്ഥലമായി മാറുമ്പോൾ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ല. നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ആദിവാസി വിഭാഗത്തിന് 100 രൂപയിൽ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദലിത് വിഭാഗത്തിന് 5 രൂപ മാത്രമാണ്. ഒ.ബി.സി വിഭാഗത്തിനും ചെറിയൊരു പങ്ക് മാത്രമാണ് ലഭിക്കുന്നത്. ഇവർക്കൊന്നും അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങൾക്ക് ഇതിന്റെ ഭാഗമാകാൻ കഴിയുന്നില്ല. ഇന്ത്യയിലെ ബിസിനസുകാരുടെ പട്ടിക നോക്കൂ. അതിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരാളുടെ പേര് കാണിച്ച് തരാൻ സാധിക്കുമോ? ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഒരാളുടെ പേര് കാണിച്ച് തരൂ. ഇന്ത്യയുടെ 50 ശതമാനത്തോളം ജനസംഖ്യ ഒ.ബി.സിയാണ്. നമ്മളിപ്പോഴും രോഗലക്ഷണത്തിന് ചികിത്സിക്കുന്നില്ല. അതാണ് പ്രധാന പ്രശ്നം,” രാഹുൽ പറഞ്ഞു.

ഇന്ത്യയിൽ വൈദഗ്ധ്യത്തിന്റെ (Skill) പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പലരും പറയുന്നു. എന്നാൽ അത് ശരിയല്ലെന്നും കഴിവിനെ അംഗീകരിക്കുന്നതിലാണ് ഇന്ത്യക്ക് പോരായ്മകളുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “ഇന്ത്യയിൽ അത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഴിവിനെ ബഹുമാനിക്കുന്നതിലാണ് ഇന്ത്യയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. വിദഗ്ധരായവരെ ഇന്ത്യയിൽ ബഹുമാനിക്കുന്നില്ല. കഴിവിന്റെ കാര്യത്തിൽ ഒരു കുറവ് ഇന്ത്യയിലുണ്ടെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം വ്യക്തമാക്കി.

ഡാലസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാനെത്തിയവർ
ഡാലസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാനെത്തിയവർ

തന്റെ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും 15 വർഷത്തെ പാർലമെന്റ് കാലത്തെ കുറിച്ചും രാഹുൽ സസാരിച്ചു. “കൂടുതൽ സംസാരിക്കുന്നതിനേക്കാൾ, കേൾക്കുക എന്നതിലേക്കാണ് ഇക്കാലയളവ് കൊണ്ട് ഞാൻ എത്തിച്ചേർന്നത്. കേൾക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം കേൾവി മാത്രമല്ല. അത് മറ്റുള്ളവരെ ആഴത്തിൽ മനസിലാക്കുകയും അവരുടെ അവസ്ഥയിലേക്ക് സ്വയം എത്തിച്ചേരുകയും ചെയ്യുക എന്നതാണ്,” രാഹുൽ പറഞ്ഞു.

“ആർ.എസ്.എസ് വിശ്വസിക്കുന്നത് ഇന്ത്യ ഒരൊറ്റ ആശയമാണെന്നാണ്. എന്നാൽ ഇന്ത്യയൊരു ബഹുസ്വര രാഷ്ട്രമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ജാതി, മതം, പാരമ്പര്യം, ചരിത്രം എന്നിവ പരിഗണിക്കാതെ സ്വപ്നം കാണാനും തുല്യ പങ്കാളിത്തം ലഭിക്കാനുമുള്ള ഇടമുണ്ടാകണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു പോരാട്ടമാണ്. ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുകയാണ്. അതിനെതിരായ ചെറുത്തുനിൽപ്പാണ് നടക്കുന്നത്,” രാഹുൽ വ്യക്തമാക്കി.

നിരവധി ആശയങ്ങളുടെ ഒരു കൂട്ടമാണ് ഇന്ത്യയെന്നും ജാതി, മതം, ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും തുല്യ പങ്കാളിത്തത്തിനും സ്വപ്‌നം കാണാനുമുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നിരവധി ആശയങ്ങളുടെ ഒരു കൂട്ടമാണ് ഇന്ത്യയെന്നും ജാതി, മതം, ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും തുല്യ പങ്കാളിത്തത്തിനും സ്വപ്‌നം കാണാനുമുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ടെക്സാസ് സർവകലാശാലയിലെ വിദ്യാർഥികൾ, അമേരിക്കയിലെ നിയമനിർമാതാക്കൾ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച്ചകൾ നടത്തി. നവംബറിൽ നടക്കാനിരിക്കുന്ന സുപ്രധാന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് അദ്ദേഹത്തിന്റെ യു.എസ് സന്ദർശനം.

Comments