ശുഭാശുഭഫലങ്ങളുടെ നിഗൂഢതകൾ കള്ളിവരച്ചിട്ടിരിക്കുന്ന ജാതകത്തിൽ നക്ഷത്രങ്ങളും ചരരാശികളുമാണ് ഭാവിസൂചനകളെങ്കിൽ ജനതതിയുടെ കൂട്ടായ രാഷ്ട്രീയ ജാതകത്തിൽ അവർ തന്നെ പ്രവർത്തിപ്പിച്ചുവിടുന്ന ചരിത്രശക്തികളാണ് ജനത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവിഭാഗധേയത്തിനു നിയാമകമാകുന്നത്.
രാശികളുടെയും നക്ഷത്രങ്ങളുടെയും സഞ്ചാരപഥങ്ങളെ ദൃഷ്ടാന്തമാക്കുന്ന ജാതകത്തിന്റെ മിഥ്യാഗണിതത്തെ ഒഴിവാക്കി അധികാരത്തിൽ ആരൂഢസ്‌തരായവരുടെ രാഷ്ട്രീയജാതകവുമായി സാധർമ്യപ്പെടുത്തിയാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജാതകത്തിൽ കാൽനൂറ്റാണ്ടുകാലത്തെ സമ്പൂർണ അധികാരവാഴ്‌വിനുശേഷം ചരിത്രശക്തികൾ വിപരീതദിശയിൽ സഞ്ചാരമാരംഭിച്ചിരിക്കുന്നുവെന്നുവേണം ഗണിക്കാൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ രാശിയിൽ ഒരു ഗതിമാനം സംഭവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സുതാര്യത ഉറപ്പാക്കാനും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തെ തന്നെ രക്ഷിക്കാനും ദൽഹിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷപ്രക്ഷോഭം ചരിത്രശക്തികളുടെ ദശമാറ്റത്തിന്റെ സൂചനയാകുന്നു. ജനമാണ് ചരിത്രശക്തികളുടെ വിധാതാക്കൾ. ആധുനിക ജനാധിപത്യത്തിൽ അവർ തന്നെ അവരുടെ ഭാഗധേയം നിർണയിക്കുന്നു.
2026 ഒക്ടോബർ ഏഴിന് നരേന്ദ്രമോദി ഭരണാധികാരത്തിൽ കാൽ നൂറ്റാണ്ട് പൂർത്തീകരിച്ചു. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ആരംഭിച്ച രാഷ്ട്രീയയാത്രയോടെയാണ് തുടക്കം. 2002-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചു, മോദി 12 വർഷത്തിലേറെക്കാലം മുഖ്യമന്ത്രിയായി തുടർന്നു. 2013-ൽ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു. ഒരു വർഷത്തിനുശേഷം, ലോക്‌സഭയിൽ ബി.ജെ.പി. 282 സീറ്റ് നേടി.
25 വർഷത്തെ ഭരണാധികാര ആഘോഷത്തിന്റെ ഭാഗമായി മോദിയുടെ ജന്മസ്ഥലമായ വഡ്‌നഗറിനെയും പാർലമെന്റ് മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിക്കുന്ന യാത്രകൾ, ജനസമ്പർക്ക പരിപാടികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' എന്ന ഒരു മാസത്തെ പരിപാടികളാണ് ബി ജെ പി നടത്തുന്നത്.

ഈ ആഘോഷപരിപാടികൾ ആരംഭിക്കുന്ന ദിവസം തന്നെ, നരേന്ദ്ര മോദിയുടെ 25 വർഷത്തിന്റെ ഭരണാധികാരത്തെ ആവോളം പുകഴ്ത്തേണ്ട ഗോദി മാധ്യമങ്ങൾക്കുപോലും അങ്ങനെ ചെയ്യാൻ പറ്റാത്തവിധം, അവയുടെ സ്ഥലവും സമയവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിടിച്ചെടുത്തു.
എന്തുകൊണ്ടാണ് ഒക്ടോബർ ഏഴിന്, മോദിയുടെ അധികാരാരോഹണത്തിന്റെ 25 വർഷം പൂർത്തിയാകുന്ന ദിവസത്തിൽ നരേന്ദ്ര മോദിയേക്കാൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം ഗോദി മാധ്യമങ്ങൾക്കുപോലും ചർച്ചചെയ്യേണ്ടിവന്നത്? കാരണം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ പ്രക്ഷോഭത്തിലാണ്. ആം ആദ്മി പാർട്ടി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ മുന്നണിക്കൊപ്പം സമരരംഗത്ത് അണിനിരന്നിട്ടില്ല. മുന്നണിയിലെ പാർട്ടികൾ തമ്മിൽ അഭിപ്രായവ്യത്യസമുണ്ടെങ്കിലും, ജനാധിപത്യപരമായ സമ്മതിദാനാവകാശം ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ നിലനിൽപിന് അനിവാര്യമായതുകൊണ്ടാണ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രതിപക്ഷം ഒരു ഐക്യനിര കെട്ടിപ്പടുത്തിരിക്കുന്നത്.
ആത്യന്തികമായി ഹിന്ദു രാഷ്ട്ര വ്യവസ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് ഹിന്ദുത്വത്തിന്റെ സമഗ്രാധികാരം സ്ഥാപിക്കണമെങ്കിൽ പ്രതിനിധാന ജനാധിപത്യത്തെയാണ് തുരങ്കം വെയ്‌ക്കേണ്ടത്.
തിരഞ്ഞെടുപ്പാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവനാഡി. ജീവനാഡിക്കുതന്നെ ക്ഷതമേറ്റാൽ പിന്നെ പ്രതിനിധാന ജനാധിപത്യം തകരും. അത് തകർന്നാൽ നിയമനിർമാണസഭകൾ അപ്രസക്തമാകും. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബി ജെ പിയെ പോലുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തിയുടെ ഏകാധിപത്യത്തിന് നിയമനിർമാണ സഭ കീഴ്‌പ്പെട്ടാൽ ഭരണഘടന തിരുത്തിയെഴുതപ്പെടും. അതോടെ രാജ്യത്തിന്റെ റിപ്പബ്ലിക്ക് സംവിധാനം നാമാവേശഷമാകും, രാജ്യം ഛിന്നഭിന്നമാകും.
അട്ടിമറിക്കപ്പെടുന്ന
പ്രതിനിധാന ജനാധിപത്യം
ആത്യന്തികമായി ഹിന്ദു രാഷ്ട്ര വ്യവസ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് ഹിന്ദുത്വത്തിന്റെ സമഗ്രാധികാരം സ്ഥാപിക്കണമെങ്കിൽ പ്രതിനിധാന ജനാധിപത്യത്തെയാണ് തുരങ്കം വെയ്‌ക്കേണ്ടത്. പ്രതിനിധാന ജനാധിപത്യത്തെ അസ്തപ്രജ്ഞമാക്കാൻ ഇതുവരെ നടത്തിയ നീക്കങ്ങളിൽ ഏറ്റവും അവസാനത്തേതാണ് വോട്ട് കൊള്ള എന്നുമാത്രം.
വോട്ട് കൊള്ളയെക്കുറിച്ച് ആരോപണമുയരുന്നതിനുമുമ്പുതന്നെ വോട്ടർ ലിസ്റ്റിൽനിന്ന് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ ഒഴിവാക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക സിയാ ഉസ് സലാമിനെപോലുള്ള മാധ്യമപ്രവർത്തകൻ ഉന്നയിക്കുന്നതാണ്. പ്രാദേശികാടിസ്ഥാനത്തിലാണ് വോട്ട് വെട്ടൽ നടന്നത്. അതിന് സ്ഥാപനപരമായ സാങ്കേതിക സമവായവും പിന്തുണയുമുണ്ടായിരുന്നില്ല.

എന്നാൽ, കർണാടക ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷവും പിന്നീട് ബീഹാർ തിരഞ്ഞെടുപ്പുവേളയിലുമാണ് തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം (Special Intensive Revision- SIR) വ്യാപക വോട്ടുവെട്ടലിനു കാരണമാകുന്നുവെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ഹരിയാനയിൽ വോട്ടർ പട്ടിക പരിഷ്‌ക്കരണം കോൺഗ്രസിന്റെ വിജയസാധ്യതയെ എങ്ങനെ ഇല്ലാതാക്കിയെന്നും രാഹുൽ അന്ന് വിശദീകരിച്ചു. ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രമുപയോഗിച്ച് പുതിയ വോട്ടറെ ചേർത്തത് ഉദാഹരിച്ചാണ് ഹരിയാന വോട്ടർപട്ടികയിലെ നിരവധി ക്രമക്കേടുകൾ രാഹുൽ ചൂണ്ടിക്കാണിച്ചത്. വോട്ട് വെട്ടലിനൊപ്പം വോട്ടു ചേർക്കലും ക്രമവിരുദ്ധമായി നടന്നു.
ബിഹാറിൽ തീവ്ര വോട്ടർ ലിസ്റ്റ് പരിഷ്‌ക്കരണം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ബി ജെ പി -നിതീഷ് കുമാർ സഖ്യം വീണ്ടും അധികാരത്തിൽ വരികയും ചെയ്തു. തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ സ്ത്രീകൾക്ക് പ്രത്യേകമായ ക്ഷേമപദ്ധതി പ്രഖ്യാപിച്ചതും ബീഹാറിലെ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്നതിൽ മുഖ്യഘടകമായി എന്നതും വസ്തുതയാണ്. തിരഞ്ഞെടുപ്പുവേളയിൽ ക്ഷേമപദ്ധതി പ്രഖ്യാപിച്ചതും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയില്ല.
ബംഗാൾ തിരഞ്ഞെടുപ്പോടെയാണ് SIR- ന്റെ ഭാഗമായുള്ള ഫോം 6 -ൽ മാറ്റം വരുന്നത്. പുതുതായി ചേരാനുള്ള വോട്ടർമാരുടെ മാതാപിതാക്കളുടെ അധിക വിവരമാണ് ആവശ്യപ്പെട്ടത്. മാതാപിതാക്കൾക്ക് വോട്ടില്ലെങ്കിൽ പുതിയ വോട്ടർമാർക്ക് വോട്ട് നിഷേധിക്കുന്ന നടപടിയിലൂടെ, അർഹരെ വ്യാപകമായി ഒഴിവാക്കി. പശ്ചിമ ബംഗാളിലും ആസാമിലും അതിനു മുമ്പ് ബീഹാറിലും ബംഗ്ലാദേശ് കുടിയേറ്റക്കാർ അനധികൃതമായി വോട്ടർ പട്ടികയിൽ കയറുന്നുവെന്ന ബി ജെ പി ആരോപണം സാധൂകരിക്കാനുള്ള നീക്കവും ഈ അധികവിവരം തേടലിൽ കാണാം.
സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയനിരീക്ഷകനുമായ പരകാല പ്രഭാകർ തീവ്ര വോട്ടർ പരിഷ്ക്കരണത്തെ ‘രക്തരഹിത രാഷ്ട്രീയ വംശഹത്യ’ (bloodless political genocide) എന്നാണ് വിളിക്കുന്നത്.
ഈ ഫോം തന്നെയാണ് കേരളത്തിലും ഉപയോഗിച്ചത്. ഇവിടെ അനധികൃത കുടിയേറ്റ ആരോപണങ്ങൾ ഇല്ലാത്തതിനാൽ SIR വലിയ വിമർശനം നേരിട്ടില്ല. രാഷ്ട്രീയപാർട്ടികൾ പുതിയ വോട്ടർമാരെ ചേർക്കുന്നതിലും വോട്ടർ പട്ടിക പുതുക്കുന്നതിലും ജാഗ്രത പാലിക്കുന്നതുകൊണ്ടും സിവിൽ സമൂഹവും മാധ്യമങ്ങളും സമാന ജാഗ്രതയിലുള്ളതിനാലും ഇവിടെ ആരോപണങ്ങളുണ്ടായില്ല.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നാകെ SIR-ലൂടെ 13 കോടിയിലേറെ വോട്ടർമാരാണ് വെട്ടിനിരത്തപ്പെട്ടത്. സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയനിരീക്ഷകനുമായ പരകാല പ്രഭാകർ തീവ്ര വോട്ടർ പരിഷ്ക്കരണത്തെ ‘രക്തരഹിത രാഷ്ട്രീയ വംശഹത്യ’ (bloodless political genocide) എന്നാണ് വിളിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ഇന്ത്യൻ എക്സ്പ്രസിലെ ലേഖിക ഋതിക ചോപ്രയുടെ അന്വേഷണാത്മക കണ്ടെത്തലുകൾ. മൂന്നു പേരടങ്ങുന്ന കമ്മീഷനിൽ ഭൂരിപക്ഷ അഭിപ്രായത്തിനു വിരുദ്ധമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തിരുമാനമെടുത്തത്തിന്റെ തെളിവുകളാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്നത്. ഫോം 6 പരിഷ്ക്കരണത്തെ മറ്റു രണ്ടു തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബീന്ദർ സന്ധുവും വിവേക് ജോഷിയും എതിർത്തിരുന്നു. ഫോം 6 ഏകപക്ഷീയമായി കമ്മീഷന് പരിഷ്‌ക്കരിക്കാനോ വിവരശേഖരണത്തിന്റെ ഭാഗമായി അധികമായി കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല, ഇതിന് പാർലമെന്റിന്റെ അംഗീകാരം വേണം.

എന്നാൽ, ബീഹാർ തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ രേഖ സംബന്ധിച്ച സുപ്രിംകോടതി വിധിയിൽ, ഫോം 6-ലെ മാറ്റം അംഗീകരിച്ചിരുന്നു എന്നായിരുന്നു കമ്മീഷന്റെ നിലപാട്. ഇക്കാര്യം സപ്തംബർ 30-ലെ പത്രക്കുറിപ്പിൽ കമീഷൻ ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അത്തരത്തിൽ അംഗീകാരം നൽകിയിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് തന്നെ വാക്കാൽ നീരിക്ഷിച്ചു. ഇത് പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നു.
ഇതേതുടർന്നാണ് പ്രതിപക്ഷം സമരമാരംഭിച്ചത്. ഒപ്പം, സി ജെ പിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനും തുടക്കമായി. ‘It’s done, Bro’ എന്ന ജെൻ സി ശൈലിയിലാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യമുയർത്തുന്നത്.
ഇന്ത്യയുടെ പ്രതിനിധാന ജനാധിപത്യം ബി ജെ പി അധികാരത്തിൽ വന്നശേഷം പലവിധ പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നു. EVM ഉപകരണത്തെക്കുറിച്ചുള്ള ആശങ്കൾ രാഷ്ട്രീയ പാർട്ടികൾ സ്ഥിരമായി ഉന്നയിക്കുന്നതാണ്. പഴയ രീതിയിൽ ബാലറ്റിലേക്ക് മടങ്ങണമെന്ന വാദവും ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടർമാരെ ഒഴിവാക്കുന്നത്, NRC-യുമായി ബന്ധപ്പെട്ടാണ് എന്ന വിമർശനമുണ്ട്.
വോട്ടർ പട്ടികയിലെ കൃത്രിമ ഇടപെടലുകൾ ആദ്യം രാഷ്ട്രീയ പാർട്ടികളെ അധികാരത്തിൽ നിന്നും പിന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നുതന്നെയും പുറന്തള്ളും. ഇത്തരമൊരു അപകടസന്ധിയിലാണ് ഇന്ത്യയിലെ പ്രതിനിധാന ജനാധിപത്യം.
രാഹുൽ ഗാന്ധി ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിമർശനം, സർക്കാരുകൾക്ക് ലഭിക്കുന്ന ഭരണാനുകൂല (pro-incumbency) മാൻഡേറ്റുകളെക്കുറിച്ചാണ്. ഗുജറാത്തിലെ മോദി സർക്കാരിന്റെയും ബി ജെ പിയുടെയും അനുഭവം ഭരണാനുകൂലവിധി സ്ഥിരമായി ലഭിക്കുന്നുവെന്നുള്ളതാണ്. ഇന്ത്യയുടെ ജനാധിപത്യചരിത്രം പരിശോധിക്കുകയാണെങ്കിൽ ഭരണവിരുദ്ധ (anti-incumbency) വികാരം തിരഞ്ഞെടുപ്പുകളിലെ ജനഹിതത്തിൽ ആവർത്തിക്കുന്ന കാര്യമാണ്. എന്നാൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ആവർത്തിക്കുന്ന ഭരണാനുകൂല സമ്മതിദാനം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് അനുഭവമാണ്.
മികച്ച ഭരണമാണ് ഭരണാനുകൂല ജനവിധിക്ക് കാരണമെന്ന് ബി ജെ പി ന്യായീകരിക്കുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ ആ സർക്കാരുകളെ മറിച്ചിടുന്നതും പാർട്ടികളെ പിളർത്തുന്നതും ബി ജെ പി സർക്കാരിനെ അവരോധിക്കുന്നതും സമീപകാല ചരിത്രത്തിൽ ആവർത്തിക്കുന്ന സംഗതിയാണ്. പ്രതിനിധാന ജനാധിപത്യത്തെ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയിൽ അവിശ്വാസം സൃഷ്ടിക്കുന്നതിനാണ് ഈ നീക്കങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർലമെന്ററി സംവിധാനം മാറ്റി പ്രസിഡൻഷ്യൽ ഭരണം കൊണ്ടുവരിക എന്ന ബി ജെ പി - ആർ എസ് എസ് സംഘടനകളുടെ സ്വകാര്യ ലക്ഷ്യവുമായി ചേർത്തുവായിക്കുമ്പോൾ പ്രതിനിധാന പാർലിമെന്ററി ജനാധിപത്യത്തിനേൽക്കേണ്ടിവരുന്ന ഓരോ ആഘാതവും ബി ജെ പിയുടെ ബോധപൂർവമായ ഇടപെടലായി തന്നെ അനുമാനിക്കേണ്ടിവരും.

ഭൂഖണ്ഡവൈവിധ്യം പ്രകടമാക്കുന്ന ഇന്ത്യയിൽ ബഹുസ്വരതയെയും വൈവിധ്യമാർന്ന രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ആവിഷ്‌ക്കരിക്കാനുതകുന്ന പാർലിമെന്ററി പ്രതിനിധാന ജനാധിപത്യമാണ് അഭികാമ്യം. അതുകൊണ്ടാണ് രാഷ്ട്രനിർമാതാക്കൾ പ്രതിനിധാന ജനാധിപത്യ പാർലിമെന്ററി പാത സ്വീകരിച്ചത്. രാഷ്ട്രത്തിന്റെ അടിത്തറ പാകുന്ന ഭരണഘടനാ അസംബ്ലി പോലുള്ള വേദികളിൽ ഹിന്ദുത്വ ശക്തികളുടെ പ്രാതിനിധ്യം തീർത്തും ഇല്ലായിരുന്നുവെന്നു മാത്രമല്ല നെഹ്റുവിയൻ ആശയങ്ങളെ വെല്ലുവിളിക്കാൻ കെല്പുള്ള ഹിന്ദു വലതുപക്ഷ നേതാക്കളുമുണ്ടായിരുന്നുമില്ല.
വൈവിധ്യമാർന്ന ജനാധിപത്യ പ്രതിനിധാനത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന തിരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങൾ വ്യത്യസ്ത വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടികളെ അപ്രധാനമാക്കും.
സി പി ഐ- എം ജനറൽ സെക്രട്ടറി എം.എ. ബേബി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ ഫോണിൽ വിളിച്ച് സംസാരിച്ചത് ജനാധിപത്യത്തിന്റെ ഉന്നത മാതൃക സൃഷ്ടിക്കുന്ന കാര്യമാണ്.
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ വൈവിധ്യം യഥാർത്ഥത്തിൽ ഇന്ത്യൻ പാർലമെന്ററി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരിച്ഛേദമാണ്. രാഷ്ട്രം കെട്ടുറപ്പോടെ നിൽക്കുന്നതും വൈവിധ്യമാർന്ന ജനാധിപത്യ പ്രതിനിധാനങ്ങൾക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ്. ഇതിനുപകരം, പ്രസിഡൻഷ്യൽ ഭരണാധികാരം വ്യവസ്ഥാപിതമായാൽ ജനാധിപത്യത്തിന്റെ മരണവാറണ്ടായിരിക്കും സംഭവിക്കുക. പ്രതിനിധാനത്തെ കേന്ദ്രീകരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ആത്യന്തികമായി ഭൂരിപക്ഷാത്മക രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിലേക്കാണ് നയിക്കുക. ഇന്ത്യയെ സംബന്ധിച്ച് അതു ഹിന്ദുത്വ സമഗ്രാധികാര വ്യവസ്ഥയാകും.
രാഷ്ട്രീയപാർട്ടികളുടെ പ്രതിസന്ധി
വോട്ടർ പട്ടികയിൽ നിന്നുള്ള പുറന്തള്ളൽ രാഷ്ട്രത്തെയും പ്രതിനിധാന ജനാധിപത്യത്തെയും രാഷ്ട്രീയ പാർട്ടികളെയും എന്നെന്നേക്കുമായി അപകടത്തിലാക്കും. രാഷ്ട്രീയ പാർട്ടികളുടെ അസ്തിത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. വൈവിധ്യമാർന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ. ദേശീയ- സംസ്ഥാന- പ്രാദേശിക പാർട്ടികളും പ്രത്യയശാസ്ത്ര പാർട്ടികളും ന്യൂനപക്ഷ പ്രതിനിധാന പാർട്ടികളും ആം ആദ്മി പോലുള്ള നവജന്യപാർട്ടികളുമൊക്കെ ചേർന്നതാണിത്. വോട്ടർ പട്ടികയിലെ കൃത്രിമ ഇടപെടലുകൾ ആദ്യം രാഷ്ട്രീയ പാർട്ടികളെ അധികാരത്തിൽ നിന്നും പിന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നുതന്നെയും പുറന്തള്ളും. ഇത്തരമൊരു അപകടസന്ധിയിലാണ് ഇന്ത്യയിലെ പ്രതിനിധാന ജനാധിപത്യം. ഈ അപകടാവസ്ഥ മുന്നിൽക്കണ്ടാണ്, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷവും രാഹുൽ ഗാന്ധിയും നരേന്ദ്ര മോദി, അമിത് ഷ, മോഹൻ ഭഗവത്, ഗ്യാനേഷ് കുമാർ എന്നിവരെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ധ്വംസകരായി വിശേഷിപ്പിക്കുന്നത്. പല നിലയിലും പരസ്പരം രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന പാർട്ടികൾക്ക് ഇത്തരമൊരു അപകടമുഹൂർത്തത്തിൽ ഒരുമിച്ചു ജനാധിപത്യ സംരക്ഷണത്തിനും രാഷ്ട്രത്തിന്റെ രക്ഷയ്ക്കുമായി ഐക്യനിരയിൽ അണിചേരാതെ കഴിയില്ല.

സി പി ഐ- എം ജനറൽ സെക്രട്ടറി എം.എ. ബേബി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ ഫോണിൽ വിളിച്ച് സംസാരിച്ചത് ജനാധിപത്യത്തിന്റെ ഉന്നത മാതൃക സൃഷ്ടിക്കുന്ന കാര്യമാണ്. സംസ്ഥാനത്ത് പ്രധാന എതിരാളിയായിരിക്കെ ഭരണഘടനപരമായ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ ഒരുമിച്ച് അണിചേരണമെന്ന ജനാധിപത്യ പക്വതയാർന്ന ബേബിയുടെ സമീപനം ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും പിന്തുടരേണ്ടതാണ്. ജനാധിപത്യ സംരക്ഷണത്തിന് പ്രതിപക്ഷ ഐക്യം അനിവാര്യമാണെങ്കിൽ അതിനായി എന്തു വീട്ടുവീഴ്ച്ചയ്ക്കും പ്രായോഗിക നീക്കുപോക്കുകൾക്കും തയാറാകേണ്ടതുണ്ട്. ഇതിനൊപ്പം, പ്രതിപക്ഷ ഐക്യത്തെ ചിതറിപ്പിക്കാനുള്ള കുറുമുന്നണി ധാരണകളും സൈദ്ധാന്തിക ദുഷ്പ്രചാരണങ്ങളും മൗഢ്യങ്ങളും സ്വാർത്ഥബോധ്യങ്ങളും നിഷ്ക്കരുണം തള്ളിക്കളയേണ്ടതുമാണ്.
ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള വിധ്വംസക അട്ടിമറികൾക്കെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടുന്നത് നിലവിലെ കേന്ദ്ര ഭരണാധികാരത്തിന്റെ ദശാസന്ധികൂടി പ്രകടമാക്കുന്നു. 2029- തിരഞ്ഞെടുപ്പോടെ ജനാധിപത്യത്തിന് അനുകൂലമായൊരു ദശാമാറ്റത്തിനായി ജനതതിയുടെ ചരിത്രശക്തികൾ വിധിയെഴുതുമ്പോൾ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ സംരക്ഷണ പോരാട്ടം അർത്ഥവത്താകും.

