കാരാട്ടാശങ്കകളും
‘I.N.D.I.A’ യുടെ പിറവിയും

‘ഇടതുപക്ഷത്തുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ ഉന്നതാധികാര സമിതിയിലെ പ്രമുഖാംഗമായ കാരാട്ടിന്റെ അഭിപ്രായത്തെ സ്വയം വിമർശനമായാണോ വായിക്കേണ്ടത്?’- ‘I.N.D.I.A’ എന്ന പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നതിനുമുമ്പ്​ പ്രകാശ്​ കാരാട്ട്​, പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകൾ വിലയിരുത്തി എഴുതിയ ലേഖനത്തെ വിമർശനാത്മകമായി വിലയിരുത്തുന്നു.

ഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയിൽ (ഒഞ്ചിയം @ 75 സമരസ്മരണ) സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിന്റേയും ലേഖനങ്ങളുണ്ട്.
യെച്ചൂരിയുടെ ലേഖനം ഒഞ്ചിയം സമരത്തിന്റെ ചരിത്രം വിവരിക്കുന്നതും സമരസേനാനികളുടെ ധീരതയെ ചൂണ്ടിക്കാട്ടുന്നതുമായ അനുസ്മരണ കുറിപ്പാണ്.
പ്രകാശ് കാരാട്ടിന്റെ ലേഖനം പ്രതിപക്ഷ ഐക്യം എന്ന സവിശേഷമായ വിഷയത്തെ സംബന്ധിച്ചെഴുതിയ ലേഖനമാണ്. രാജ്യത്ത് സംഘപരിവാറിനെതിരെ സാവധാനം രൂപം കൊണ്ടുവരുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ മുന്നണിയെ കുറിച്ചാണ് പ്രസ്തുത ലേഖനം. അതിനാൽ, അതിന്റെ ഉള്ളടക്കം സവിശേഷ ശ്രദ്ധ അർഹിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ ബംഗളൂരു സമ്മേളനത്തിന്റേയും ‘I.N.D.I.A’ എന്ന മുന്നണി രൂപവൽക്കരിക്കുന്നതിന്റേയും മുമ്പാണ് ലേഖനം എഴുതപ്പെട്ടത് എന്നത് അതിന്റ ഉള്ളടക്കത്തിൽ നിന്ന്​ വ്യക്തമാണ്. അതായത് സംഘപരിവാർ ഭരണകൂടത്തെ അധികാരത്തിൽ നിന്ന്​ മാറ്റുക എന്ന അടിയന്തിര പ്രാധാന്യമുള്ള ഉത്തരവാദിത്തം ഉൾക്കൊണ്ട് പ്രതിപക്ഷ പാർട്ടികൾ യോജിപ്പിലേക്ക് നീങ്ങുന്ന അവസരത്തിലാണ് പ്രകാശ് കാരാട്ടിന്റെ ലേഖനത്തിന്റെ പിറവി.

ഒരു പ്രതിപക്ഷ മുന്നണി രൂപപ്പെടുക എന്നത് ഇന്നത്തെ അവസ്ഥയിൽ അനിവാര്യമാണ് എന്ന കാര്യത്തിൽ ഊന്നുന്നതിനു പകരം അതിനകത്ത് ഉണ്ടായേക്കാവുന്ന വൈരുദ്ധ്യങ്ങളേയും വിയോജിപ്പുകളേയും ചൂണ്ടിക്കാട്ടുന്നതിലാണ് മുൻ ജനറൽ സെക്രട്ടറിയുടെ ശ്രദ്ധ.

'രക്തസാക്ഷികളുടെ സ്വപ്നം സാക്ഷാത്കരിക്കുക' എന്ന തലക്കെട്ടിലാണ് യെച്ചൂരിയുടെ ലേഖനം. ഒഞ്ചിയത്ത്​ 1948- ൽ നടന്ന ഭരണകൂട ഭീകരതയെക്കുറിച്ച് എഴുതിയ ശേഷം വർത്തമാന കാലത്തിലേക്ക് വരുന്ന യെച്ചൂരി സംഘപരിവാർ ഭരണകൂടത്തെക്കുറിച്ച് എഴുതുന്നു: "ഈ ഉജ്ജ്വലമായ പോരാട്ടവും നമ്മുടെ ഒഞ്ചിയത്തെ സഖാക്കളുടെ സമാനതകളില്ലാത്ത ത്യാഗവും രക്തസാക്ഷിത്വവും ചൂഷണരഹിതമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിനായിരുന്നു. എല്ലാ ഇന്ത്യക്കാരെയും തുല്യരായി കണക്കാക്കുകയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്ഥാപിക്കുകയും ചെയ്യുന്നതിനുമായിരുന്നു. ഈ കാഴ്ച്ചപ്പാട് പോലും ഇന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഫാസിസ്റ്റ് കക്ഷിയായ ആർ എസ്​ എസിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ അവസാനമില്ലാത്ത ആക്രമണപരമ്പരകളാണ്. നമ്മുടെ ഭരണഘടന സ്ഥാപിച്ച മതേതരവും ജനാധിപത്യത്തിലധിഷ്ഠിതവുമായ ഇന്ത്യ എന്ന റിപ്പബ്ലിക് തകർക്കാനാണ് അവർ ശ്രമിക്കുന്നത്. അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനാണ് ആർ എസ്​ എസ്​ ശ്രമിക്കുന്നത്”.
ലേഖനം ഉപസംഹരിച്ച്​ യെച്ചൂരി എഴുതുന്നതിങ്ങനെ: "ഒഞ്ചിയം രക്തസാക്ഷികളുടെ 75-ാം വാർഷികം ആചരിക്കുന്നതിന്റെ അർത്ഥം ഇന്ത്യയിൽ ചൂഷണരഹിതമായ സാമൂഹിക ക്രമത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള പോരാട്ടങ്ങൾ ശക്തമാക്കുക എന്നതാണ്. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ അധികാരപ്രയോഗത്തിന്റെയും ഭരണകൂടത്തിന്റെയും കടിഞ്ഞാൺ കൈക്കലാക്കുന്നതിൽ നിന്ന് ആർ എസ്​ എസ്​ / ബി ജെ പിയെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്”.

ഒഞ്ചിയം @ 75 സമരസ്മരണ എന്ന സ്​മരണികയിൽ സീതാറാം യെച്ചൂരി എഴുതിയ ലേഖനം

യഥാർത്ഥത്തിൽ സീതാറാം യെച്ചൂരി ലേഖനം നിർത്തിയിടത്തു നിന്നാണ് പ്രകാശ് കാരാട്ട് തന്റെ ലേഖനം ആരംഭിക്കുന്നത് എന്ന് പറയാം. 'പ്രതിപക്ഷ ഐക്യം എങ്ങനെ അർത്ഥപൂർണമാക്കാം' എന്നതാണ് പ്രകാശ് കാരാട്ടിന്റെ ലേഖനത്തിന്റെ തലക്കെട്ട്. പക്ഷേ, പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യം അസാധ്യമാക്കുന്ന ഘടകങ്ങളെക്കുറിച്ചാണ് കാരാട്ട് ലേഖനത്തിൽ പ്രധാനമായും ഉപന്യസിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അത്തരമൊരു മുന്നണി രൂപപ്പെടുക എന്നത് ഇന്നത്തെ അവസ്ഥയിൽ അനിവാര്യമാണ് എന്ന കാര്യത്തിൽ ഊന്നുന്നതിനു പകരം അതിനകത്ത് ഉണ്ടായേക്കാവുന്ന വൈരുദ്ധ്യങ്ങളേയും വിയോജിപ്പുകളേയും ചൂണ്ടിക്കാട്ടുന്നതിലാണ് മുൻ ജനറൽ സെക്രട്ടറിയുടെ ശ്രദ്ധ. അനേകം വിയോജിപ്പുകൾക്കിടയിലും പ്രതിപക്ഷത്തെ പാർട്ടികൾ തമ്മിൽ സാവധാനമെങ്കിലും രൂപപ്പെട്ടുവരുന്ന ഐക്യത്തെ വിലകുറച്ചു കാണുന്ന ഒരു സമീപനം തുടക്കത്തിൽ തന്നെ കാരാട്ടിന്റെ ലേഖനത്തിൽ കാണാം.
അദ്ദേഹം എഴുതുകയാണ്: "അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം എല്ലാവരും ആവശ്യപ്പെടുകയും ഇ. ഡി - സി. ബി. ഐ. എന്നീ ഏജൻസികൾ പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യമിടുകയും ചെയ്തതോടെയാണ് പ്രതിപക്ഷ നേതാക്കളുടെ ഒറ്റക്കെട്ടായുള്ള എതിർപ്പിന് ശക്തികൂടിയത്. ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിന് ശേഷം രാഹുൽ ഗാന്ധിയെ ലോകസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയപ്പോഴും ഈ യോജിച്ച നിലപാട് പ്രകടമായിരുന്നു. പ്രതിപക്ഷ പാർട്ടികളിലെ മറ്റ് വിവിധ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തതതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങൾ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള നിലനിൽപ്പിനായുള്ള പോരാട്ടമായാണ് പലരും മനസ്സിലാക്കിയത്”.
അതായത്, പ്രതിപക്ഷനിരയിലെ കക്ഷികളുടെ മുന്നണി രൂപപ്പെടുന്നതിന്റെ അടിസ്ഥാനം, കക്ഷിനേതാക്കൾക്കെതിരെ ഭരണകൂടം തിരിഞ്ഞതിന്റെ ഒരു പ്രതികരണം മാത്രമായാണ് പ്രകാശ് കാരാട്ട് വിലയിരുത്തുന്നത്. അതു ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമായി വിലയിരുത്താനാവില്ല എന്ന്.

പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ ലക്ഷ്യം കാരാട്ട്​ മനസ്സിലാക്കുന്നതു തന്നെ, രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും അതേപ്പറ്റി എഴുതുന്നതിലും ഊഹിക്കുന്നതിലും നിന്നാണ്.

അദ്ദേഹം തുടരുന്നു: "എന്നാൽ പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷ്യം വിവിധ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും മുന്നോട്ടുവെക്കുകയും ഊഹിക്കുകയും ചെയ്യുന്നതിൽനിന്ന് മനസ്സിലാവുന്നത് വ്യക്തമായ ചിന്തയുടെ അഭാവവും ചില അയഥാർത്ഥ പ്രതീക്ഷകളും അതിനെ ഭരിക്കുന്നു എന്നാണ് "
പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ ലക്ഷ്യം അദ്ദേഹം മനസ്സിലാക്കുന്നതു തന്നെ, രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും അതേപ്പറ്റി എഴുതുന്നതിലും ഊഹിക്കുന്നതിലും നിന്നാണ്. അതൊരു സങ്കൽപ്പമായാണ് അദ്ദേഹം കണക്കാക്കുന്നത്: "പ്രതിപക്ഷ പാർട്ടികളുടെ എല്ലാ നേതാക്കളെയും ഒരു വേദിയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രതിപക്ഷ ഐക്യത്തിന്റെ ഏറ്റവും ലളിതമായ ആശയം. അത് പ്രതിപക്ഷ പാർട്ടികളുടെ അഖിലേന്ത്യാ മുന്നണിക്ക് കാരണമാകും എന്നാണ് സങ്കല്പം” .
‘I.N.D.I.A’ നിലവിൽ വന്ന ശേഷവും കാരാട്ടിന്റെ 'സങ്കൽപ്പ' നിലപാട് നിലനിൽക്കുന്നുണ്ടോ എന്നറിയില്ല.

ഒഞ്ചിയം @ 75 സമരസ്മരണ എന്ന സ്​മരണികയിൽ പ്രകാശ്​ കാരാട്ട്​ എഴുതിയ ലേഖനം

തുടർന്നദ്ദേഹം മൂർത്തമായ യാഥാർത്ഥ്യം വിലയിരുത്തുകയാണ് എന്ന ഭാവത്തിൽ ഇങ്ങനെ എഴുതുന്നു: "അതുവഴി ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്റെ മുഖമാകാൻ സാധ്യതയുള്ള ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുക. ഫലശൂന്യമായ മറ്റൊരു ശ്രമം മാത്രമാണിത്. മറ്റൊന്ന് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രതിപക്ഷ പാർട്ടി, അത് ഒരു പ്രാദേശിക പാർട്ടിയായാലും ദേശീയ പാർട്ടിയായാലും, മറ്റ് കക്ഷികളുമായി ധാരണയിലേർപ്പെടുമ്പോൾ അതിന്റെ വ്യവസ്ഥകൾ നിർദേശിക്കാൻ ആ പാർട്ടിയെ അനുവദിക്കണം എന്നതാണ്. ഇത് ബി. ജെ. പി. യുമായി നേരിട്ടുള്ള പ്രതിപക്ഷ മത്സരം സാധ്യമാക്കും എന്നാണ് വാദം.ഈ നിർദ്ദേശങ്ങളെല്ലാം അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് വളരെ അകലെയാണ്. പ്രതിപക്ഷ പാർട്ടികളുടെ സങ്കീർണ്ണതകളും വൈവിധ്യമാർന്ന സ്വഭാവവും കണക്കിലെടുക്കാതെയാണ് ഈ നിർദേശങ്ങൾ എന്ന് പറയേണ്ടിവരും’’.
ഏതെങ്കിലും പാർട്ടിയോ നേതാവോ മാത്രം പ്രതിപക്ഷത്തിന്റെ മുഖമാവുകയോ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ ആ മുഖത്തിന് പ്രാമാണികത ഉണ്ടാവുകയോ ചെയ്യാതെ ഒരു മുന്നണി ഉണ്ടാവാനുള്ള സാധ്യത കാണുകയോ അതു പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല അദ്ദേഹം. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീകരത നടമാടുന്ന 2023- ൽ പോലും അദ്ദേഹം ആ പരിശ്രമങ്ങളിലെ വിടവുകളിലേക്കാണ് തന്റെ സിദ്ധാന്ത പാതിവ്രത്യം വഴി നോട്ടമയക്കുന്നത്. 'മൂർത്ത സാഹചര്യങ്ങളിലെ മൂർത്തമായ' ആശങ്കകൾ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: "ഒന്നാമതായി എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും സഖ്യമോ മുന്നണിയോ എന്ന രൂപത്തിലുള്ള പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ രൂപപ്പെടുത്താൻ കഴിയില്ലെന്ന കാര്യത്തിൽ വ്യക്തതവേണം. ബി.ജെ.പിക്കെതിരായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വിജയം എല്ലാ മണ്ഡലങ്ങളിലും അവർക്കെതിരെ ഏക സ്ഥാനാർത്ഥിയെ നിർത്തി പോരാടുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നത് തിരഞ്ഞെടുപ്പ് വിജയം മാത്രം എന്ന സങ്കുചിത വീക്ഷണത്തിൽ നിന്ന് ഉടലെടുത്ത തെറ്റായ ആശയമാണ്. ഇത് കേവലം ആഗ്രഹചിന്ത മാത്രമാണ്’’.
‘‘ജനാധിപത്യത്തിനെതിരായ ആക്രമണം, ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം, പ്രതിപക്ഷത്തെ ലക്ഷ്യംവച്ചുകൊണ്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യൽ, സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ഫെഡറൽ തത്വങ്ങൾക്കും എതിരായുള്ള മുറതെറ്റാതുള്ള ആക്രമണം, വിദ്യാഭ്യാസത്തിൽ ഹിന്ദുത്വ ആശയങ്ങൾ കുത്തിവെക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ സുപ്രധാന ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ സംയുക്തമായ നിലപാട് എടുത്തുകൊണ്ടാവണം പ്രതിപക്ഷ കക്ഷികളുടെ ഐക്യം കെട്ടിപ്പടുക്കേണ്ടത്”.
മുന്നണിയുടെ അടിസ്ഥാനമായി വർത്തിക്കേണ്ടുന്ന വിഷയങ്ങളെ പ്രകാശ് കാരാട്ട് കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. അതിൽ വിയോജിക്കാനാവില്ല. പക്ഷേ, പ്രായോഗികരംഗത്തെത്തുമ്പോൾ ചില സിദ്ധാന്തവാശികളിൽ അദ്ദേഹത്തിന്റെ ചിന്ത കുടുങ്ങിക്കിടക്കുന്നു എന്നു വേണം കരുതാൻ. പ്രതിപക്ഷ കക്ഷികളിലൊന്നും ഉൾപ്പെടാതെ അകന്നു നിന്നാണ് അതിന്റെ ദൗർബല്യങ്ങളെ അദ്ദേഹം വീക്ഷിക്കുന്നത് എന്ന് തോന്നുന്നു. അദ്ദേഹം തുടർന്നെഴുതുന്നു: "ഇക്കാലമത്രയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും ഫെഡറലിസത്തിനുമെതിരായ കേന്ദ്രത്തിന്റെ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി നേരിടാൻ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ മുഖ്യമന്ത്രിമാരുടെ ഒരു യോഗം പോലും നടത്താൻ കഴിഞ്ഞില്ല എന്നത് പ്രതിപക്ഷ പാർട്ടികളുടെ മൊത്തത്തിലുള്ള ചിന്താഗതിയിലെ കെട്ടുറപ്പില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്".

കോൺഗ്രസിനേക്കാൾ അനേകം മടങ്ങ് ജനവിരുദ്ധമായ നടപടികളിലൂടെ മുമ്പോട്ട് പോകുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളൊന്നും ഇപ്പോൾ സംഭവിക്കുന്നില്ല.

ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ഉത്തരവാദിത്തമുള്ള, ഒരു സംസ്ഥാനത്ത്​ ഭരണത്തിലിരിക്കുന്ന ഒരു പ്രതിപക്ഷ പാർട്ടിയുടെ അഖിലേന്ത്യനേതാവാണ് അദ്ദേഹം. മുമ്പ് കേരളത്തിലും ബംഗാളിലും സി പി എം അധികാരത്തിലിരുന്നപ്പോൾ കേന്ദ്ര അവഗണനക്കെതിരെ മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെ സംഘടിപ്പിച്ച്​ ദൽഹിയിൽ ഉൾപ്പെടെ സമരം നടത്തിയിരുന്നു എന്ന കാര്യം ഓർക്കണം. കോൺഗ്രസ് രാജ്യം ഭരിക്കുന്ന കാലഘട്ടത്തിലായിരുന്നു അത്. കോൺഗ്രസിനേക്കാൾ അനേകം മടങ്ങ് ജനവിരുദ്ധമായ നടപടികളിലൂടെ മുമ്പോട്ട് പോകുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ അത്തരം പ്രത്യക്ഷ സമരപരിപാടികളൊന്നും ഇപ്പോൾ സംഭവിക്കുന്നില്ല. ഇടതുപക്ഷത്തുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ ഉന്നതാധികാര സമിതിയിലെ പ്രമുഖാംഗമായ കാരാട്ടിന്റെ ഈ വാക്യങ്ങൾ അപ്പോൾ സ്വയം വിമർശനമായാണോ വായിക്കേണ്ടത്?

എല്ലാ വിഷയങ്ങളിലും ബദൽ നിലപാട് ഉയർത്തിപ്പിടിക്കാൻ കഴിയുന്ന കാലത്തേ പ്രതിപക്ഷ ഐക്യം സാധ്യമാവൂ എന്ന നിലപാട് എത്രമാത്രം പ്രായോഗികമാണ്? ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സംഭരിക്കാനുതകുന്ന തരത്തിൽ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ്. കേരളം, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സാധ്യമല്ല എന്ന് ലേഖനത്തിൽ അദ്ദേഹം അസന്നിഗ്ദമായി പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു: "സി.പി.ഐ- എമ്മിനോടും എൽ.ഡി.എഫ് സർക്കാരിനോടും കോൺഗ്രസിന്റെ നിഷേധാത്മകവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവം കണക്കിലെടുത്ത് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ മത്സരിക്കും. അതുപോലെ, തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു സർക്കാരിനോടും ഭരണകക്ഷിയായ ബി ആർ എസി നോടും കോൺഗ്രസ് അചഞ്ചലമായ ശത്രുത പുലർത്തുന്നു. പശ്ചിമ ബംഗാളിൽ ജനാധിപത്യധ്വംസനം നടത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന തൃണമൂൽ കോൺഗ്രസുമായി സി.പി.ഐ.എമ്മും ഇടതുമുന്നണിയും ധാരണയുണ്ടാക്കുന്ന പ്രശ്‌നമില്ല".
തന്റെ  നിലപാട് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: "അതുകൊണ്ടാണ് എല്ലാ പ്രതിപക്ഷ പാർട്ടികളെയും കൂട്ടിച്ചേർക്കുന്നതിനുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ പ്രധാന ദേശീയ പ്രശ്‌നങ്ങളിൽ വ്യക്തമായ ബദലുമായി ഐക്യപ്പെടാനും സാധ്യമാകുന്നിടത്തെല്ലാം യോജിച്ച പ്രവർത്തനങ്ങൾ വളർത്താനും സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ നേരിടാൻ അണിനിരക്കാനുമുള്ള വ്യക്തമായ ദിശയിൽ നീങ്ങേണ്ടത് പ്രധാനമാണ് എന്ന് പറയുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കാൻ കഴിയുമെന്ന് ഇത്തരം ഒരു നീക്കം ഉറപ്പുവരുത്തും’’.

ചില കക്ഷിനേതാക്കൾക്കെതിരെയുള്ള അന്വേഷണ ഏജൻസികളുടെ നടപടികൾ ഭാവിയിൽ ഒഴിവാക്കി കിട്ടും എന്ന പ്രതീക്ഷയാണ്​ പുതിയ സഖ്യത്തിനുപിന്നിൽ എന്നതരത്തിലുള്ള നരേറ്റീവുകൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ ശക്തികളാണ്.

പ്രകാശ് കാരാട്ട് ഈ ലേഖനം എഴുതിയതിനുശേഷമുള്ള കാലയളവിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യത്തിനുള്ള സാഹചര്യം ശക്തിപ്പെടുകയാണുണ്ടായത്. സംഘപരിവാർ ഭരണകൂടത്തെ ഏതുവിധേനയും താഴെയിറക്കണമെന്ന പ്രതിപക്ഷത്തുള്ള കക്ഷികളുടെ ആഗ്രഹം അധികാരത്തോടുള്ള ആ കക്ഷികളുടെ ആർത്തിയായി വിലയിരുത്താനാവില്ല. ചില കക്ഷിനേതാക്കൾക്കെതിരെയുള്ള അന്വേഷണ ഏജൻസികളുടെ നടപടികൾ ഭാവിയിൽ ഒഴിവാക്കി കിട്ടും എന്ന പ്രതീക്ഷയായും അതിനെ വിലയിരുത്താനാവില്ല. അത്തരം നരേറ്റീവുകൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ ശക്തികളാണ്. ഇന്ത്യൻ ജനതയുടെ ആഗ്രഹാഭിലാഷങ്ങൾ കണ്ടറിഞ്ഞ് ഏറ്റെടുത്തതുകൊണ്ടു തന്നെയാണ് ‘I.N.D.I.A’ യുടെ രൂപീകരണം സാക്ഷാത്കരിക്കപ്പെട്ടത്. ഏറെ വിയോജിപ്പുകൾക്കിടയിലും അതു സാധ്യമായത് സിദ്ധാന്തവാശികൾക്കപ്പുറം പൊതുലക്ഷ്യത്തിൽ ഊന്നിയുള്ള നിലപാടുകൾ വിട്ടുവീഴ്ചകളോടെ വിവിധ രാഷ്ട്രീയപാർട്ടികൾ എടുത്തതിനെ തുടർന്നാണ്. വിവിധ സംസ്ഥാനങ്ങളെയും അവിടങ്ങളിലുള്ള മനുഷ്യരുടെ വൈജാത്യങ്ങളേയും അവയെ പ്രതിനിധീകരിക്കുന്ന വിവിധങ്ങളായ രാഷ്ട്രീയത്തേയും ഉൾക്കൊള്ളുന്ന ഒരു പ്രതിപക്ഷ സഖ്യമാണ് രൂപംകോണ്ടിരിക്കുന്നത്. സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലൂടെ രൂപംകൊണ്ട ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാനാശയങ്ങളാണ് ആ സഖ്യത്തെ മുന്നോട്ടു കൊണ്ടുപേവുക. അത്​ ഇന്ത്യ എന്ന ആശയത്തെ തകർക്കുന്ന സംഘപരിവാർ പരിപാടിക്ക് വിരുദ്ധമായ ഒന്നാണ്. അതിന്റെ ഫലം ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിട്ടുമുണ്ട്. പ്രധാനമന്ത്രി മോദിക്ക് തന്റെ അടച്ചുവച്ചിരുന്ന വായ തുറന്ന് മണിപ്പുരിനെക്കുറിച്ച് സംസാരിക്കേണ്ടിവന്നത് ഉദാഹരണം.

ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ സഖ്യ രൂപീകരണ യോഗം

2024-ലെ തെരഞ്ഞെടുപ്പുവിജയം എന്ന ഏകമാത്രലക്ഷ്യമല്ല ‘I.N.D.I.A’ എന്ന പൊതു പ്ലാറ്റ്ഫോമിനെ രൂപപ്പെടുത്തിയത്. 26 പാര്‍ട്ടികളാണ് ഇപ്പോൾ അതിലുള്ളതെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനേകം ചെറുപാർട്ടികളും സാമൂഹ്യവിഭാഗങ്ങളും നവസാമൂഹ്യപ്രസ്ഥാനങ്ങളും വ്യക്തികളും ആക്ടിവിസ്റ്റുകളും എല്ലാം അതിന്റെ ഭാഗമായി മാറുമെന്നത് ഉറപ്പാണ്. ഫെഡറലിസത്തിനു നേരെയും വൈവിധ്യങ്ങൾക്കു നേരേയും കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണങ്ങൾ വലിയ തോതിൽ ഇത്തരം വിഭാഗങ്ങളെ പുതിയ കൂട്ടായ്മയോടു അടുപ്പിക്കും. ഭാഷയുടെ, സംസ്‌കാരത്തിന്റെ, ജീവിതരീതികളുടെ എല്ലാം വൈജാത്യത്തിനും സ്വത്വപരമായ സഹവർത്തിത നിലനിൽപ്പിനും നേരെയാണ് ഭരണകൂടത്തിന്റെ അധിനിവേശങ്ങൾ ഉണ്ടായത്. അതിനെതിരെ കൂടിയാണ് ഈ കൂട്ടായ്മ പിറവികൊണ്ടത്. ഈ കൂട്ടായ്മയെ അതിനിരയായ ജനത ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും വികസിപ്പിക്കുയും ചെയ്യും. ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കുനേരെ നടന്ന കേന്ദ്ര ഭരണകൂടത്തിന്റെ നടപടികൾ അത്രകണ്ട് വിവിധ വിഭാഗങ്ങളെ ആശങ്കകളിലാഴ്ത്തിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ മുന്നണി എന്ന രൂപത്തിൽ ഇതു ഭാവിയിൽ തകർന്നുപോയേക്കാം. അതിനാൽ വസ്തുനിഷ്ഠമല്ലാത്ത പ്രതീക്ഷകൾക്ക് സ്ഥാനമുണ്ടാവരുത് എന്ന മുൻകരുതൽ പ്രസക്തമാണ്. അപ്പോഴും ഇതു ആവശ്യമാക്കിത്തീർത്ത സാഹചര്യങ്ങളേയും അതിന്റെ ലക്ഷ്യങ്ങളേയും ഓർത്തുകൊണ്ട് ഇതു മുമ്പോട്ടു കൊണ്ടുപോയേ പറ്റൂ.

ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണങ്ങളുടെ നേർക്കുള്ള എതിർപ്പുകൾക്കപ്പുറം കൂടുതൽ മേഖലകളിലേക്ക് വികസിക്കേണ്ടതുണ്ട് ഈ കൂട്ടായ്മ. കൂടുതൽ ജനാധിപത്യപരവും തുല്യനീതിയിലധിഷ്ഠിതവുമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ഇടം നൽകുന്ന വിധം അതു രൂപാന്തരപ്പെടേണ്ടതുണ്ട്. ദളിതരും കീഴാളരും ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും ആ കടമ ഏറ്റെടുക്കും എന്നു പ്രതീക്ഷിക്കാം. രാഷ്ട്രീയ പാർട്ടികളുടെ മുന്നണി എന്ന രൂപത്തിൽ ഇതു ഭാവിയിൽ തകർന്നുപോയേക്കാം. അതിനാൽ, വസ്തുനിഷ്ഠമല്ലാത്ത പ്രതീക്ഷകൾക്ക് സ്ഥാനമുണ്ടാവരുത് എന്ന മുൻകരുതൽ പ്രസക്തമാണ്. ആന്തരിക ശൈഥില്യങ്ങളാൽ കക്ഷികൾ പിരിഞ്ഞുപോയേക്കാം. അപ്പോഴും ഇതു ആവശ്യമാക്കിത്തീർത്ത സാഹചര്യങ്ങളേയും അതിന്റെ ലക്ഷ്യങ്ങളേയും ഓർത്തുകൊണ്ട് വിവിധ പ്രാന്തവൽകൃത ജനവിഭാഗങ്ങൾക്ക് ഇതു മുമ്പോട്ടു കൊണ്ടുപോയേ പറ്റൂ. അതിന് ഇതുപോലുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാകേണ്ടതും നിലനിൽക്കേണ്ടതുമുണ്ട്. അക്കാര്യത്തിൽ അശുഭകരമായ പിൻവാങ്ങലുകൾ പാടില്ല. അതു സംഘപരിവാറിനെയേ പരോക്ഷമായി സഹായിക്കൂ. അതാതു കാലഘട്ടങ്ങളിലെ ജനാഭിലാഷങ്ങൾക്ക് മൂർത്തരൂപം കൊടുക്കുകയും ജനകീയ മുന്നേറ്റങ്ങളുടെ പ്രതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് ഉരുത്തിരിയുന്ന ഇത്തരം വിശാലസഖ്യങ്ങൾ ഭാവിതലമുറകൾക്ക് ആവശ്യമുണ്ട്. ഹിന്ദുത്വരാഷ്ട്രീയ ശക്തികൾ  നിലനിർത്താനാഗ്രഹിക്കുന്ന വോട്ടുബാങ്കിനെ ഇല്ലാതാക്കാൻ ഇത്തരം വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന കൂട്ടായ്മകളാണ് ഫലപ്രദമാവുക. അതുകൊണ്ട് ഇപ്പോൾ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള കൂട്ടായ്മ തോറ്റു കൂടെന്ന് ജനാധിപത്യവാദികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

Comments