വോട്ട് ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും പ്രതിപക്ഷ കക്ഷികളും നടത്തിയ മാർച്ച് ഡൽഹിയിൽ പോലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടന്നത്. രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ എംപിമാരാണ് മാർച്ചിൽ പങ്കെടുത്തത്. പാർലമെൻറിൽ നിന്ന് തുടങ്ങിയ മാർച്ച് കമ്മീഷൻ ഓഫീസിലെത്തും മുമ്പ് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്നുകൊണ്ട് മുദ്രാവാക്യം വിളികളും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമൊക്കെയായി കടുത്ത പ്രതിഷേധമാണ് നടന്നത്. എംപിമാരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള എംപിമാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പുകൾ സുതാര്യമായി നടക്കുവാൻ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന ക്യാമ്പെയിനും കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും ക്യാമ്പെയിനിൽ പങ്കാളിയാകാനും votechori.in/ecdemand എന്ന വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. “തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാവണം. ഡിജിറ്റൽ വോട്ടർ ലിസ്റ്റ് പരസ്യമായി പുറത്ത് വിടണം. എങ്കിൽ മാത്രമേ ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായി അത് പരിശോധിക്കാൻ സാധിക്കുകയുള്ളൂ,” വെബ്സൈറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട് രാഹുൽ വ്യക്തമാക്കി.
രാജ്യത്ത് ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. നിരവധി പേർ ഇതിനോടകം തന്നെ സൈറ്റിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ക്യാമ്പെയിനിൽ പങ്കാളികളാകുകയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നുമുണ്ട്. ജനങ്ങൾക്കിടയിൽ വിഷയം വലിയ ചർച്ചയാവുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പെയിൻ നടക്കുന്നത്. “വോട്ട് ക്രമക്കേട് തുറന്നുകാണിച്ച് കൊണ്ട് ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഉത്തരവാദിത്വം തുടരുകയാണ് രാജ്യത്തെ പ്രതിപക്ഷം. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യങ്ങളെ അടിച്ചമർത്താൻ നോക്കുകയാണ്. മാധ്യമങ്ങൾ വിശദാംശങ്ങൾ മറച്ചുവെക്കുന്നു. ഈ വിഷയം മുഴുവൻ മറച്ചുവെക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. വോട്ട് ക്രമക്കേടിലൂടെ ഭരണഘടനയ്ക്കെതിരായ കുറ്റകൃത്യമാണ് നടക്കുന്നത്,” രാഹുൽ വിശദീകരിച്ചു.
