പാർലമെന്റിൽ നിറയുന്നു, ജനാധിപത്യക്കശാപ്പിന്റെ പുക

പാർലമെന്റിൽ കഴിഞ്ഞദിവസം രണ്ട് യുവാക്കൾ തുറന്നുവിട്ട പുക ഒരു സുരക്ഷാവീഴ്ച തന്നെയാണ്. എന്നാൽ, യഥാർഥത്തിൽ, ചാമ്പലാക്കപ്പെടുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽനിന്നുയരുന്ന പുകയും അതിൽനിന്ന് ചുട്ടെടുക്കുന്ന ജനവിരുദ്ധനിയമങ്ങളും ആ രണ്ട് ചെറുപ്പക്കാരുയർത്തിയ പ്രകോപനത്തേക്കാൾ എത്രയോ മടങ്ങ് ദേശവിരുദ്ധവും വിനാശകാരിയുമാണ്.

ന്ത്യൻ പാർലമെന്റ് അക്ഷരാർഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണവേദിയായി മാറിയിരിക്കുകയാണ്. പാർലമെന്റിൽ നടന്ന സുരക്ഷാവീഴ്ചയിൽ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വേണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാർലമെന്റിന്റെയും രാജ്യത്തിന്റെയുമൊക്കെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കും ഇട നൽകാത്ത ഒരു പാർട്ടിയും സർക്കാറുമാണ് രാജ്യം ഭരിക്കുന്നത് എന്നാണല്ലോ അവരുടെ നാട്യം. നാട്യം മാത്രമല്ല, അതിനായി, ഭരണഘടന പോലും അപര്യാപ്തമാണെന്നു കണ്ട് അതിനെയും മറികടന്ന് പുതിയ നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന ഒരു സർക്കാറാണ്, പാർലമെന്റിലെ സുരക്ഷാവീഴ്ചക്ക് പ്രതിപക്ഷത്തെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നത്.

49 എം.പിമാരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്, തിങ്കളാഴ്ച 78 എം.പിമാരെയും. ഈ സമ്മേളനത്തിൽ സസ്‌പെന്റ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണം 141. ഇവർക്ക് ഇപ്പോഴത്തെ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ല. അതായത്, ഇനി ഇരു സഭകളിലും വശേഷിക്കുന്നത് ഏതാനും പ്രതിപക്ഷ എം.പിമാർ മാത്രം. പുറത്തുനിന്ന് മഹുവ മൊയ്ത്ര പറഞ്ഞതുപോലെ, ലോക്‌സഭയിൽ ഇനി അദാനി ഓഹരിയുടമകളുടെ യോഗമായിരിക്കും നടക്കുക.

മഹുവ മൊയ്ത്രയുടെ പരാമർശം ഒരു പരിഹാസമായി കാണേണ്ടതില്ല. കാരണം, കേന്ദ്ര സർക്കാറിന് അതിന്റെ സ്വേച്ഛാധികാരപ്രയോഗം നടപ്പാക്കാൻ കഴിയുന്ന രണ്ട് പ്രധാന ബില്ലുകളാണ് പാർലമെന്റിനുമുന്നിലുള്ളത്. അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യതാ സംരക്ഷണം തുടങ്ങിയ അടിസ്ഥാന പൗരാവകാശങ്ങൾ നിഷേധിക്കുന്ന വകുപ്പുകളടങ്ങിയ ഈ ബില്ലുകൾ ചോദ്യങ്ങളൊന്നുമില്ലാതെ ചുട്ടെടുക്കാനുള്ള സാഹചര്യമാണ് പ്രതിപക്ഷത്തിനുനേരെയുള്ള ആക്രമണത്തിലൂടെ കേന്ദ്ര സർക്കാർ സൃഷ്ടിച്ചെടുത്തത്.

138 വർഷം പഴക്കമുള്ള ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമത്തിന് പകരമായുള്ള പുതിയ പോസ്റ്റ് ഓഫീസ് ബിൽ ഇന്നലെ ബഹളങ്ങൾക്കിടെ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭ ഡിസംബർ നാലിന് ഈ ബിൽ പാസാക്കിയിരുന്നു. ഇന്ത്യൻ തപാലിനെ നവീകരിക്കുകയാണ് പുതിയ പോസ്റ്റ് ഓഫീസ് ബില്ലിന്റെ ലക്ഷ്യമായി സർക്കാർ പറയുന്നത്. എന്നാൽ, കേന്ദ്രം നിർവചിക്കുന്ന തരത്തിലുള്ള രാജ്യസുരക്ഷയുടെയും ക്രമസമാധാനപാലനത്തിന്റെയും പേരിലുള്ള പുത്തൻ നിയന്ത്രണങ്ങളാണ് നിയമമാകാൻ പോകുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുസുരക്ഷ, നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കത്തുകളും മറ്റും തടഞ്ഞുവക്കാനും തുറന്നുപരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു. സംശയം തോന്നുന്ന ഇത്തരം വസ്തുക്കൾ നശിപ്പിക്കുകയും ചെയ്യാം.

നിരോധിത വസ്തുക്കളാണെന്ന് സംശയം തോന്നിയാൽ തപാൽ ഉരുപ്പടികൾ കസ്റ്റംസ് അധികൃതർക്ക് കൈമാറാം.

മനഃപൂർവം സേവനത്തിൽ വീഴ്ചയോ കാലതാമസമോ വരുത്തിയാലോ സാധനങ്ങൾക്ക് കേടുപാട് പറ്റിയാലോ തപാൽ ഓഫീസും ഉദ്യോഗസ്ഥരും അതിന് ഉത്തരവാദികളായിരിക്കുകയില്ല എന്നും പുതിയ ബില്ലിൽ പറയുന്നു.

ഇത് ഭരണഘടനാനുസൃതമായ അഭിപ്രായസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുള്ള അവകാശത്തിനും എതിരായ കടന്നുകയറ്റമാണ് എന്ന് പ്രതിപക്ഷം വിമർശിച്ചുവരികയായിരുന്നു.

പുതിയ ടെലികമ്യൂണിക്കേഷൻ ബില്ലാണ് ലോക്‌സഭയിൽ, അവശേഷിക്കുന്ന ബി.ജെ.പി അംഗങ്ങൾ ഒച്ചയിട്ട് പാസാക്കാൻ പോകുന്ന മറ്റൊരു ബിൽ. രാജ്യസുരക്ഷ, ദേശസുരക്ഷ, സൈബർ സുരക്ഷ എന്നിവ മുൻനിർത്തി ടെലികോം സർവീസുകളടക്കം ഏറ്റെടുക്കാം എന്ന അത്യന്തം അപകടകരമായ വ്യവസ്ഥകളടങ്ങിയ ബില്ലാണിത്. സംശയകരമെന്ന് അധികാരികൾക്ക് തോന്നുന്ന സന്ദേശങ്ങളും കോളുകളും വിലക്കാനും നിരീക്ഷിക്കാനും സർക്കാറിന് കമ്പനികൾക്ക് നിർദേശം നൽകാം. നിലവിൽ ടെലികോം സേവനങ്ങൾ മാത്രമേ ബില്ലിന്റെ പരിധിയിൽ വരൂ എന്ന് പറയുന്നുണ്ടെങ്കിലും ഭാവിയിൽ

വാട്‌സ്ആപ്പ്, ഇ മെയിൽ അടക്കമുള്ള ഇന്റർനെറ്റ് സേവനങ്ങളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയും വിധമാണ് വകുപ്പുകൾ നിർവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരാളുടെ വാട്‌സ്ആപ്പ് മെസേജുകളും ഇ മെയിലുകളും പ്രത്യേക സാഹചര്യത്തിൽ കേന്ദ്രത്തിന് നിരീക്ഷിക്കാം. ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ സാറ്റലൈറ്റ് ശൃംഖലയിലെ 19 സേവന വിഭാഗങ്ങളെ സ്‌പെക്ട്രം ലേലത്തിൽനിന്ന് ഒഴിവാക്കി. ഇവക്ക് ഭരണപരമായ നടപടികളിലൂടെ സ്‌പെക്ട്രം അനുവദിക്കാം. എന്നുവച്ചാൽ ചങ്ങാത്ത മുതലാളിത്ത കമ്പനികൾക്ക് ചുളുവിൽ അടിച്ചെടുക്കാം ഈ സേവനങ്ങൾ എന്നർഥം.

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനെയും അംഗങ്ങളെയും സ്വകാര്യമേഖയിൽനിന്ന് നിയമിക്കാം എന്നൊരു കോർപറേറ്റ് ചങ്ങാത്ത വ്യവസ്ഥയും ബില്ലിലുണ്ട്. രാജ്യസഭയുടെ അംഗീകാരം നിർബന്ധമില്ലാത്ത മണി ബില്ലായി ലോക്‌സഭയുടെ മേശപ്പുറത്തുള്ള ഈ ബിൽ പാസാക്കിയെടുക്കാൻ ഇനി കടമ്പകളൊന്നും അവശേഷിക്കുന്നില്ല.

പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന ഇത്തരം 23 ബില്ലുകളാണ് പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ നിയമമായി അംഗീകരിച്ചെടുത്തത്. വനസംരക്ഷണ ഭേദഗതി ബിൽ, ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ, ഖനനവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ എന്നിവ മിനിറ്റുകൾ കൊണ്ട്, വിരലിലെണ്ണാവുന്ന അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പാസാക്കിയെടുത്തത്. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന, വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഭൂരിഭാഗം ബില്ലുകളും ബി.ജെ.പി അംഗങ്ങളുടെ മാത്രമായ 'ഭൂരിപക്ഷ'ത്തിലാണ് പാസാക്കിയെടുത്തത് എന്ന വസ്തുത കൂടി കണക്കിലെടുത്താൽ, ഇന്ത്യൻ പാർലമെന്റിനെ ഒരു വ്യാജ ജനപ്രതിനിധിസഭയായി അധഃപ്പതിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ വിജയം വരിച്ചിരിക്കുന്നു എന്നു പറയാം.

പാർലമെന്റിൽ കഴിഞ്ഞദിവസം രണ്ട് യുവാക്കൾ തുറന്നുവിട്ട പുക ഒരു സുരക്ഷാവീഴ്ച തന്നെയാണ്. എന്നാൽ, യഥാർഥത്തിൽ, ചാമ്പലാക്കപ്പെടുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽനിന്നുയരുന്ന പുകയും അതിൽനിന്ന് ചുട്ടെടുക്കുന്ന ജനവിരുദ്ധനിയമങ്ങളും ആ രണ്ട് ചെറുപ്പക്കാരുയർത്തിയ പ്രകോപനത്തേക്കാൾ എത്രയോ മടങ്ങ് ദേശവിരുദ്ധവും വിനാശകാരിയുമാണ്.

Comments