പ്രതിഷേധം കുറ്റകൃത്യമാണോ?
‘ഭരണഘടനാ തത്വങ്ങളുടെ അട്ടിമറിയാണ്
ഞങ്ങൾ, എം.പിമാരുടെ, സസ്​പെൻഷൻ’

കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിച്ചതിന് ഈ ലോക്സഭയിൽനിന്ന് ഏറ്റവുമധികം തവണ- അഞ്ചു തവണ- സസ്​പെൻഷന് വിധേയനായ എം.പി ടി.എൻ. പ്രതാപൻ സംസാരിക്കുന്നു.

മനില സി. മോഹൻ: ചരിത്രത്തിൽ മുമ്പില്ലാത്ത രീതിയിൽ പാർലമെന്റിലെ ഇരുസഭകളിലെയും എം.പിമാരെ പ്രതിഷേധത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുവരെയായി 141 എം.പിമാരെയാണ് സസ്​പെന്റ് ചെയ്തത്. മാത്രമല്ല, ഇന്നിപ്പോൾ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ സർക്കുലറും പുറത്തുവന്നിരിക്കുന്നു, ചേംബറിലോ ലോബിയിലോ ഗ്യാലറിയിലോ ഒന്നും ഇവർ പ്രവേശിക്കാൻ പാടില്ല എന്നു പറഞ്ഞ്. ഇത് പൗരാവകാശലംഘനമാണ് എന്നുമാത്രമല്ല, ജനങ്ങളുടെ പ്രാതിനിധ്യത്തെ തടയരുത് എന്ന സുപ്രീംകോടതി വിധിയുടെ ലംഘനം കൂടിയായി മനസ്സിലാക്കണം. മോദി ഭരണകാലത്ത് ഏറ്റവും കൂടുതൽ സസ്‌പെൻഷൻ ലഭിച്ച കേരളത്തിൽനിന്നുള്ള എം.പി എന്ന നിലയ്ക്ക് എങ്ങനെയാണ് ഈ സാഹചര്യത്തെ വിലയിരുത്തുന്നത്?

ടി.എൻ. പ്രതാപൻ: ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. നമ്മുടെ രാജ്യത്ത് വിയോജിപ്പിനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. അതുകൊണ്ടുതന്നെ, എം.പിമാർക്കെതിരായ നടപടി ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്ന ഒന്നാണ്. നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഭരണഘടനയോടോ പാർലമെന്ററി വ്യവസ്ഥയോടോ നീതിന്യായ വ്യവസ്ഥയോടൊ യാതൊരു തരത്തിലുള്ള വിശ്വാസവും കൂറുമില്ല എന്നതിന്റെ തെളിവാണ് എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി.
സാധാരണ പാർലമെന്റിൽ നടപടിയുണ്ടാകുക, അൺ പാർലമെന്ററി പ്രയോഗങ്ങൾക്കെതിരായാണ്. യു.പി.എ ഭരണകാലത്ത് 2 ജി സ്‌പെക്ട്രത്തിന്റെ പേരിലും അതിനുമുമ്പ് ബൊഫോഴ്‌സ് അഴിമതിയുടെ പേരിലും പാർലമെന്റ് എത്രയോ ആഴ്ചകൾ സ്തംഭിപ്പിച്ചിട്ടുണ്ട്. പാർലമെന്റിൽ ബി.ജെ.പി നടത്തിയ കോപ്രായങ്ങൾ പഴയ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. രാജീവ് ഗാന്ധിയും നരസിംഹറാവുവും മൻമോഹൻസിംഗും പ്രധാനമന്ത്രിമാരായിരുന്ന സന്ദർഭങ്ങളിലെല്ലാം അന്നത്തെ പ്രതിപക്ഷമായിരുന്ന ബി.ജെ.പി പാർലമെന്റിൽ നടത്തിയ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾ- അൺ പാർലമെന്ററി പദപ്രയോഗങ്ങൾ അടക്കം- പാർലമെന്ററി സംസ്‌കാരത്തെ ഹനിക്കുന്നതായിരുന്നു. ഇവ രേഖകളിൽനിന്ന് നീക്കും, ചില എം.പിമാരെ താക്കീത് ചെയ്യും, മറ്റു ചിലരെ സസ്‌പെന്റ് ചെയ്യും- ഇതായിരുന്നു ചെയ്തിരുന്നത്.

പക്ഷെ, ഇപ്പോഴുള്ള ഈ സസ്‌പെൻഷനുകളുടെ കാരണം എന്താണ്? ഇത്തവണ ആദ്യം സസ്‌പെൻഷൻ കിട്ടിയത് എനിക്കാണ്. പാർലമെന്റിൽ നടന്ന സുരക്ഷാവീഴ്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഞാനുൾപ്പെടെയുള്ള എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്തു. സ്പീക്കർ ഈ ആവശ്യം നിരസിക്കുകയും രാജ്യരക്ഷാമന്ത്രിയായ രാജ്‌നാഥ് സിങ്ങിനോട് മറുപടി പറയാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് ആഭ്യന്തര വീഴ്ചയായതിനാൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രിയാണ് എന്നായിരുന്നു ഞങ്ങളുടെ ആവശ്യം. സഭാ നേതാവായ പ്രധാനമന്ത്രി പാർലമെന്റിനകത്തുള്ള തന്റെ ഓഫീസിലുണ്ട്, ആഭ്യന്തര മന്ത്രിയും സഭക്കകത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലുണ്ട്. ഞങ്ങൾ സ്പീക്കറോടുള്ള എല്ലാ ആദരവും പ്രകടിപ്പിച്ചുകൊണ്ടുതന്നെയതാണ് പറഞ്ഞത്, പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ വിളിച്ച് എന്താണ് സംഭവിച്ചത് എന്ന് സഭയിൽ വിശദീകരിക്കാൻ പറയൂ എന്ന്. എന്നാൽ, 'ഇത് ഞാൻ തീരുമാനിക്കും, അത് ചോദ്യം ചെയ്യേണ്ട' എന്ന് പറഞ്ഞാണ് സ്പീക്കർ ആദ്യം എന്നെയും ഹൈബി ഈഡനെയും ഡീൻ കുര്യാക്കോസിനെയും താക്കീത് ചെയ്തത്. ഞങ്ങൾ ആവശ്യത്തിൽ ഉറച്ചുനിന്നപ്പോൾ സസ്‌പെന്റ് ചെയ്തു. ഞങ്ങളെ സസ്‌പെന്റ് ചെയ്തത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടിയും ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് ആവർത്തിക്കുകയും ചെയ്ത മറ്റു എം.പിമാരെയും സസ്‌പെന്റ് ചെയ്തു. സഭയിൽ പ്ലക്കാർഡ് ഉയർത്തുന്നത് ആദ്യമായിട്ടാണോ?

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ, ഒരു പാർലമെന്റിന്റെ കാലാവധിക്കുള്ളിൽ അഞ്ചു തവണ സസ്‌പെന്റ് ചെയ്യപ്പെട്ട മറ്റൊരു എം.പിയും ഉണ്ടായിട്ടില്ല.

കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിക്കുവേണ്ടിയുള്ള ആദ്യ യോഗം മുതൽ പാർലമെന്റിൽ എത്ര തർക്കങ്ങളും വാദപ്രതിവാദങ്ങളുമുണ്ടായിട്ടുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമാണ് നമ്മുടെ പാർലമെന്റിന്റെ കരുത്ത്. നമ്മുടെ പാർലമെന്റിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ കൊടുക്കുന്ന അവസരവും ആ വിയോജിപ്പിലെ നെഗറ്റീവും പൊസിറ്റീവും അസ്സസ് ചെയ്യുന്നതിലുള്ള ഇന്ത്യൻ ഭരണകൂടങ്ങളുടെ പ്രത്യേകതകളുമാണ് ലോകത്തിനുമുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ ശക്തി. ഇതിൽനിന്ന് നേരെ മറിച്ചാണ് നരേന്ദ്രമോദിയും അമിത് ഷായും ബി.ജെ.പിയും ഇപ്പോൾ ചെയ്യുന്നത്. അഞ്ചു തവണയാണ് എന്നെ സസ്‌പെന്റ് ചെയ്തത്.

ഏറ്റവും കൂടുതൽ സസ്‌പെന്റ് ചെയ്യപ്പെട്ട എം.പിയും താങ്കളാണ് എന്നു തോന്നുന്നു.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ, ഒരു പാർലമെന്റിന്റെ കാലാവധിക്കുള്ളിൽ അഞ്ചു തവണ സസ്‌പെന്റ് ചെയ്യപ്പെട്ട മറ്റൊരു എം.പിയും ഉണ്ടായിട്ടില്ല. ഞാനൊരു അൺ പാർലമെന്ററി പ്രയോഗവും നടത്തിയിട്ടില്ല.

അഞ്ചു സസ്‌പെൻഷനും സർക്കാറിനോടുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരിലാണല്ലേ?

അതേ. 2019 നവംബർ 25നാണ് ആദ്യമായി എന്നെ സസ്‌പെന്റ് ചെയ്തത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുവിധി അട്ടിമറിക്കാൻ പാതിരാത്രി രാജ്ഭവനിൽ ഗവർണറെ ബി.ജെ.പി ഉപയോഗപ്പെടുത്തി. ഇത് പാർലമെന്റിൽ ചോദ്യം ചെയ്തപ്പോഴായിരുന്നു ആദ്യ സസ്‌പെൻഷൻ. ഇതേ വർഷം ഉന്നാവ് വിഷയം ഉന്നയി​ച്ചപ്പോഴായിരുന്നു രണ്ടാമത്തെ സസ്​പെൻഷൻ.
2020 മാർച്ച് അഞ്ചിന് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ഹിന്ദുത്വ ഭീകരർ കിഴക്കൻ ദൽഹിയിൽ നടത്തിയ കലാപം പൊലീസ് നോക്കിനിൽക്കുകയായിരുന്നു. അത് ഞാൻ പാർലമെന്റിൽ ഉന്നയിച്ചതിനായിരുന്നു മൂന്നാമത്തെ സസ്​പെൻഷൻ.
2022 ജൂലൈ 25നായിരുന്നു നാലാമത്തെ സസ്​പെൻഷൻ. അനിയന്ത്രിതമായ വിലക്കയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം കൊണ്ടുവന്ന സന്ദർഭത്തിലായിരുന്നു അത്. അതിന് സസ്‌പെന്റ് ചെയ്തു.
ഇപ്പോഴത്തേത് അഞ്ചാമത്തെ സസ്​പെൻഷൻ.
മണിപ്പുരിൽ കലാപം തടയുന്നതിൽ കേന്ദ്ര സർക്കാർപരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചതിന് താക്കീതും ചെയ്തു.

എ​ന്നോടു മാത്രമല്ല, പാർലമെന്റിൽ പ്രതിഷേധമുന്നയിച്ച എല്ലാവരോടും ഇതേ സമീപനമാണ് സ്വീകരിച്ചത്. ഇത് പാർലമെന്ററി ജനാധിപത്യ സംസ്‌കാരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ്. ഇതാണ് ബി.ജെ.പിയുടെ ഏകാധിപത്യത്തിനും ഫാഷിസത്തിനും തെളിവ്.

പ്രതിപക്ഷത്തെ അടിച്ചമർത്തുന്നതിലൂടെ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള വഴികളാണ് നരേന്ദ്രമോദിയും അമിത് ഷായും തേടുന്നത്. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുക മാത്രമല്ല, ഇത്രയേയുള്ളൂ പാർലമെന്റ് എന്ന് ജനങ്ങൾക്കുമുന്നിൽ പറയുക എന്ന ലക്ഷ്യം കൂടിയുണ്ട് എന്നു തോന്നുന്നു. കാരണം, ഇപ്പുറത്ത് ഇന്ത്യ മുന്നണി രൂപീകരിക്കുന്നു, പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കാൻ ശ്രമം നടത്തുന്നു. ഇത്രയേയുളളൂ പ്രതിപക്ഷം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയുണ്ട്. 2024ലെ തെരഞ്ഞെടുപ്പിനുമുമ്പ്, പ്രതിപക്ഷസ്വരം ഇല്ലാതാക്കിക്കഴിഞ്ഞാൽ ഇത്തരം ശ്രമങ്ങൾ എളുപ്പമാകും. ഇത്തരം ഫാഷിസ്റ്റ് രീതികൾ അടുത്ത തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സ്ഥിതിവിശേഷത്തെ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടാനാകുക?

ഏകശിലാത്മക രാഷ്ട്രീയത്തിലേക്കുള്ള വഴിയാണ് ഇവർ വെട്ടുന്നത്. ഒരു പാർട്ടി, ഒരു മതം, ഒരു നേതാവ്, ഒരു ഭാഷ, ഒരു ഭക്ഷണരീതി എന്നിങ്ങനെ ബഹുവചനങ്ങളില്ലാതാക്കുക. ഒരു ഏകാധിപതി എപ്പോഴും പ്രകടിപ്പിക്കുക ഏകവചനമാണ്. ഏകാധിപതിയുടെ ഏകവചനഭരണത്തിൽ റാൻ മൂളാത്ത ആരും ഇവിടെ വേണ്ട- അത് മാധ്യമങ്ങളായാലും പാർലമെന്റേറിയന്മാരായാലും വേണ്ട. അങ്ങനെ ഇന്ത്യയെ ഏകശിലാത്മക സംസ്‌കാരത്തിലേക്കും രാഷ്ട്രീയത്തിലേക്കും കൊണ്ടുപോകുന്നതിന്റെ സൂചനയാണിത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ത്യ മുന്നണി ശിഥിലമായി എന്നാണ് അവർ പറഞ്ഞത്. ‘ഉർവശി ശാപം ഉപകാര’മെന്ന് പറയുന്നതുപോലെ ഇന്ത്യ മുന്നണിയിലെ എം.പിമാരെ ലോക്‌സഭയിൽ നിന്നും രാജ്യ സഭയിൽ നിന്നും സസ്‌പെന്റ് ചെയ്തതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണം, ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിൽക്കാൻ തീരുമാനിച്ചു എന്നതാണ്. 22ന്, എം.പിമാരെ സസ്‌പെന്റ് ചെയ്തതിൽ ഇന്ത്യ മുന്നണി ഒരുമിച്ച് പ്രതിഷേധം പ്രകടിപ്പിക്കാൻ പോവുകയാണ്. സംസ്ഥാന പാർട്ടികളടക്കം, വിയോജിപ്പുകൾ മാറ്റി നിർത്തി, ഇതാ നമ്മുടെ ശത്രു മുന്നിലെത്തിയിരിക്കുന്നു എന്ന ചിന്തയിലേക്ക് എത്തിയിരിക്കുന്നു. നിഗ്രഹിക്കാൻ വരുന്ന ശത്രുവിനെ തോൽപ്പിക്കുക എന്നത് അവസാന ശ്വാസ പോരാട്ടമാണെന്ന് ഇന്ത്യ മുന്നണിക്ക് ബോധ്യമായ സാഹചര്യമുണ്ടായി എന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യ മുന്നണിയുടെ പോരാട്ടത്തിന് വീര്യം നൽകിയിരിക്കുകയാണ് പാർലമെന്റിലെ സസ്‌പെൻഷൻ നടപടി.

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനെയും ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികളെയും ജനങ്ങൾ വലിയൊരു പാഠം പഠിപ്പിച്ചിട്ടുണ്ട്.

സസ്‌പെൻഷൻ നടപടി ഇന്ത്യ മുന്നണിയെ ഒരുമിപ്പിച്ച് നിർത്തുന്നുണ്ടെന്ന് താങ്കൾ പറഞ്ഞല്ലോ, അവസാനത്തെ ശ്വാസം എന്ന നിലയിൽ. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലായാലും കേരളത്തിലെ നിലപാട് നോക്കുകയാണെങ്കിലും, ഒത്തൊരുമ ഇല്ലാത്ത രീതിയിലാണ് മുന്നണിയെ പുറത്തുനിന്നുള്ളവർക്ക് കാണാൻ കഴിയുന്നത്. ഇന്ത്യ മുന്നണി എന്ന ഗംഭീര ആശയത്തെ പ്രാദേശിക താൽപര്യങ്ങൾ കൊണ്ട് ഒരുമിച്ചുനിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്ന് തോന്നുന്നുണ്ട്. അതിനെ എങ്ങനെ മറികടക്കാൻ സാധിക്കും.
ഓരോ പാർട്ടിക്കും അവയുടേതായ താൽപര്യങ്ങൾ ഇപ്പോഴുമുണ്ട്. പ്രധാനമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിലും വിഭജിക്കേണ്ട സീറ്റുകളുടെ എണ്ണത്തിലുമെല്ലാം അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നുതന്നെയാണ് മനസിലാക്കുന്നത്. കൃത്യമായൊരു നേതൃത്വത്തെ സൃഷ്ടിക്കുന്നതിൽ പോലും ഇന്ത്യ മുന്നണി ദുർബലമാണെന്നാണ് തോന്നുന്നത്. പൊതുതെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ബാക്കിനിൽക്കേ, ഈ പ്രശ്നത്തെ എങ്ങനെയാണ് നേരിടാൻ ഉദ്ദേശിക്കുന്നത്?

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിനെയും ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികളെയും ജനങ്ങൾ വലിയൊരു പാഠം പഠിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയെ നേരിടുന്നതിന്, പ്രാദേശിക പാർട്ടികളായാലും ദേശീയ പാർട്ടികളായാലും ശരി, അവരവർ എന്ന രീതിയല്ലാതെ നമ്മൾ എന്ന കൂട്ടായ്മ വേണമെന്നതാണ് ആ പാഠം. ആ നിലക്ക്, ഈ അനുഭവത്തെ ഞങ്ങൾ ഗുരുവായി സ്വീകരിക്കും. അതിന്റെ തുടക്കം ഇന്നലെ നടന്ന യോഗങ്ങളിലുണ്ടായി. മമതാ ബാനർജിയും അരവിന്ദ് കെജ്‌രിവാളും ഉൾപ്പടെയുള്ള നേതാക്കളിൽ നിന്ന്, കോൺഗ്രസിന്റെ ഭാഗത്ത് നിന്നുതന്നെ നേതൃത്വം വേണമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. അതുപോലെ, ‘ഒരുമിച്ച് നിൽക്കാം, വിട്ടുവീഴ്ച ചെയ്യണം’ എന്ന ചിന്ത വന്നു.

സംസ്ഥാന തലത്തിലുള്ള പാർട്ടികൾ ഓരോ സംസ്ഥാനത്തെയും രീതികൾക്കനുസരിച്ച് ആത്മപരിശോധന നടത്തി സീറ്റുകളുടെ അടക്കം കാര്യത്തിൽ ധാരണയുണ്ടാകണമെന്ന് തീരുമാനിക്കുന്ന സാഹചര്യമുണ്ടായി. കോൺഗ്രസ് ഒരുമുഴം മുന്നിൽ കണ്ട്, മറ്റ് കക്ഷികളുമായി ആശയവിനിമയം നടത്തി ഒരു സബ് കമ്മിറ്റിയെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രണ്ടു മാസം കൂടിയുണ്ട്. ഈ കാലയളവിൽ തന്നെ ഞങ്ങൾ പരമാവധി വിട്ടുവീഴ്ച ചെയ്തും പരസ്പരം പൊറുത്തും സഹിച്ചും ശത്രുവിനെ അകത്ത് കടത്താതിരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മുന്നോട്ട് പോകുന്നത്. 2024-ൽ ബി.ജെ.പിയെങ്ങാനും അധികാരത്തിൽ വന്നാൽ ഭരണഘടന അട്ടിമറിച്ച് ഭേദഗതി ചെയ്യും. അതിന്റെ ആമുഖത്തിൽനിന്ന് മതേതരത്വം എന്ന വാക്ക് എടുത്തുകളയും. ഇന്ത്യയെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡൻഷ്യൽ രാഷ്ട്രമാക്കി മാറ്റും. നരേന്ദ്രമോദി എന്ന ഏകശിലാനേതാവിനെ പ്രതിഷ്ഠിക്കാൻ ഇന്ത്യയെ പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് കൊണ്ടുപോയി പാർലമെന്ററി വ്യവസ്ഥയെ ദുർബലപ്പെടുത്തും. അതുപോലെ, ഭരണഘടന സ്ഥാപനങ്ങളെയെല്ലാം. കോടതി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയടക്കം സർക്കാറിന് വിധേയമാക്കുന്ന രീതിയിലുള്ള നിയമമാറ്റങ്ങൾ കൊണ്ടുവരും. എന്തുചെയ്യാനും മടിക്കാത്തവരും നുണ പറയാൻ മടിയില്ലാത്തവരും കോർപറേറ്റുകൾക്കുവേണ്ടി നിലപാടെടുക്കാൻ താൽപര്യമുള്ളവരുമായതുകൊണ്ട് 2024-ൽ ജയിച്ചുവന്നാൽ ഇവർ എന്തും കാണിക്കും. അതുകൊണ്ട് സഹിക്കുക, മറക്കുക, പൊറുക്കുക. രാജ്യമാണ് വലുത്. രാജ്യത്തിനുവേണ്ടി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ത്യാഗം ചെയ്യാൻ തയ്യാറാണ്. അതുപോലെ, പ്രാദേശിക പാർട്ടികളും. അതൊരു നല്ല സൂചനയാണ്.

പിണറായി വിജയൻ സർക്കാറിന്റെ കെടുകാര്യസ്ഥതയുംം സാമ്പത്തിക അച്ചടക്കമില്ലായ്മയും പാർലമെന്റിനകത്തും പുറത്തും ഞങ്ങൾ തുറന്നുകാണിക്കാറുണ്ട്.

ഇപ്പോൾ എം.പിമാരെ സസ്‌പെന്റ് ചെയ്തത് ഭരണഘടാവിരുദ്ധമാണ്. മാത്രമല്ല, പാർലമെന്റിൽ നിന്നും നിയമസഭകളിൽ നിന്നും അനിശ്ചിത കാലത്തേക്ക് അംഗങ്ങളെ സസ്‌പെന്റ് ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധികളുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ സസ്​പെന്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടിയിലെ രാഘവ് ഛദ്ദ നൽകിയ പരാതി പരിഗണിച്ചപ്പോഴും സുപ്രീംകോടതി പറഞ്ഞത് ഇതാണ്. അതിനുമുമ്പ് മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി എം.എൽ.എമാരെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലും, ജനപ്രാതിനിധ്യത്തിന്റെ അഭാവം ഭരണഘടനാവിരുദ്ധമാണ് എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അതുകൊണ്ട്, അംഗങ്ങളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്യാൻ പാടില്ലെന്ന് വിധിയിൽ പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഈ സസ്‌പെൻഷനെതിരെ സുപ്രീംകോടതി വഴി നിയമപരമായി നീങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ?

ഇപ്പോൾ ഞങ്ങൾ ജനങ്ങളുടെ കോടതിയിലേക്കാണ് പോകുന്നത്. 23-ാം തിയ്യതി എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഞങ്ങൾക്ക് ജനങ്ങളുടെ കോടതിയാണ് ഏറ്റവും വലുത്. ഈ വിഷയം ജനങ്ങളുടെ കോടതിയിൽ കൊണ്ടുവരുന്നതിന് തെരുവിലിറങ്ങുകയാണ് ആദ്യം ചെയ്യുന്നത്. മറ്റ് കാര്യങ്ങൾ പാർട്ടിയും മുന്നണിയിലെ നേതൃത്വവും ആലോചിച്ചുവരുന്നുണ്ട്.

23-ാം തിയ്യതി സംഘടിപ്പിക്കുന്ന പ്രക്ഷോഭം മാത്രമാണോ അതോ തുടർ പ്രക്ഷോഭങ്ങളും ആലോചിക്കുന്നുണ്ടോ?

ഉറപ്പായും ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് കേന്ദ്രസർക്കാരിന്റെ അവഗണനയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം താങ്കൾ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതിനെ സി.പി.എമ്മും മുഖ്യമന്ത്രിയുമടക്കം സ്വാഗതം ചെയ്തിരുന്നു. അത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം എന്ന നിലയിൽ മാത്രമാണോ അതോ കോൺഗ്രസ് പാർട്ടി എന്ന നിലയിലാണോ, അതായത് കേരളത്തിലെ പ്രതിപക്ഷം എന്ന നിലയിലാണോ? എങ്ങനെയാണ് അതിനെ സമീപിച്ചത്?

പിണറായി വിജയൻ സർക്കാറിന്റെ കെടുകാര്യസ്ഥതയുംം സാമ്പത്തിക അച്ചടക്കമില്ലായ്മയും പാർലമെന്റിനകത്തും പുറത്തും ഞങ്ങൾ തുറന്നുകാണിക്കാറുണ്ട്. ഇപ്പോഴും അത് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സർക്കാരിന് ഒരു സാമ്പത്തിക അച്ചടക്കവുമില്ല. കെടുകാര്യസ്ഥതയുള്ള സർക്കാരാണിപ്പോഴുള്ളത്. അത് ഞങ്ങൾ തുറന്നുകാണിക്കും. അതോടൊപ്പം, കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പാർലമെന്റിൽ ഞങ്ങൾ നിരന്തരം ഉന്നയിക്കാറുമുണ്ട്. 2019-ൽ ആദ്യമായി എം.പിയായി പാർലമെന്റിലെത്തിയപ്പോൾ കേരളത്തിന്റെ മണ്ണെണ്ണ ക്വാട്ട കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച വാർത്തയാണ് ആദ്യം കേൾക്കുന്നത്. 2019-ൽ ആദ്യ പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ ഞാൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുകയും സീറോ അവറിൽ ഈ വിഷയം ചർച്ചെക്കെടുകയും ചെയ്തു. കേരളത്തിന് കേന്ദ്രം കൊടുക്കുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങളിൽമത്സ്യബന്ധനത്തിന് പോകുന്നവർക്ക് മണ്ണെണ്ണ ലഭിക്കാതാവുകയും അവർ പട്ടിണിയിലാവുകയും ചെയ്യും. റിലയൻസ് പോലെ, പെട്രോളിയം വിൽക്കുന്ന കമ്പനികൾക്ക് അതിന്റെ ലാഭവും കിട്ടും. അതുകൊണ്ട് കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടവരാണ് ഞാനടക്കമുള്ള എം.പിമാർ.
ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രം മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതുപോലുള്ള വിഹിതം കേരളത്തിന് നൽകുന്നില്ല എന്നു പറഞ്ഞ് പാർലമെന്റിൽ ബഹളമുണ്ടാക്കിയിട്ടുണ്ട്.
ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ വിഹിതം ചില സന്ദർഭങ്ങളിൽ കേരളത്തിന് ലഭിക്കാതെ വന്നപ്പോൾഞങ്ങൾ പാർലമെന്റിൽ അതുന്നയിച്ചിട്ടുണ്ട്. ഇതൊരു തുടർപ്രക്രിയയാണ്.
ഏറ്റവുമൊടുവിൽ രാജ്യസഭയിലെയും ലോക്‌സഭയിലെയും യു.ഡി.എഫ് എം.പിമാർ എല്ലാവരും ചേർന്നാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര മന്ത്രി നിർമല സീതാരാമനെ കണ്ട് നിവേദനം നൽകിയത്. കേരളത്തിന്റെ ധനകാര്യ സാഹചര്യം വഷളായതിൽ സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടുണ്ടെങ്കിൽ പോലും, സംസ്ഥാനത്തിന് കടമെടുക്കാൻ കുറച്ചുകൂടി അവസരം നൽകണം, ജി.എസ്.ടി വിഹിതത്തിലെ ബാലൻസ് നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഞങ്ങൾ ആ നിവേദനത്തിൽ ഉന്നയിച്ചത്.

പൊതുകാര്യത്തിനായി ഞങ്ങൾ കേരളത്തിനുവേണ്ടി വാദിക്കും. അതേസമയം, സംസ്ഥാന സർക്കാറിന്റെ കഴിവുകേടും തെറ്റും അഴിമതിയും പാർലമെന്റിൽ ഉന്നയിച്ചിക്കുകയും ചെയ്യും. പൊലീസ് അതിക്രമം, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്, കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന പണം വക മാറ്റി ചെലവഴിച്ചത് തുടങ്ങി കേരള സർക്കാറിന്റെ പിടിപ്പുകേടുകൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഒപ്പം, ന്യായമായ കാര്യങ്ങൾ തരണം എന്നു പറയാനും ഞങ്ങൾക്ക് മടിയില്ല. കാരണം, ജനങ്ങളുടെ കാര്യങ്ങൾ പാർലമെന്റിൽ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Comments