ഹൈദരാബാദിൽ നിന്ന് തുടർച്ചയായ അഞ്ചാം വട്ടം എം.പിയായി അസദുദ്ദീൻ ഒവൈസി. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളോടെയാണ് ഒവൈസി വിജയത്തിലേക്കടുക്കുന്നത്. 2019-ൽ ബി.ജെ.പിക്കെതിരെ നേടിയ 2.82 ലക്ഷം എന്ന ഭൂരിപക്ഷത്തെയാണ് ഇത്തവണ മറികടന്നത്. ബി.ജെ.പി സ്ഥാനാർഥി മാധവി ലതയെയാണ് അദ്ദേഹം പിന്നിലാക്കിയത്. കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് വലിയുള്ള സമദാണ് മൂന്നാം സ്ഥാനത്ത്. അഖിലേന്ത്യ മജ്‌ലിസ് ഇ ഇത്ത്ഹാദുൽ മുസ്‌ലിമിനും (എ.ഐ.എം.ഐ.എം) ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന മത്സരം.
2019-ൽ ബി ജെ പിയുടെ ഭഗവന്ദ് റാവുവിനെയാണ് ഒവൈസി തോൽപ്പിച്ചത്. ടി.ആർ.എസ് മൂന്നാം സ്ഥാനത്തും കോൺഗ്രസ് നാലാം സ്ഥാനത്തുമായിരുന്നു. നാലാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്കുയർന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 1980-ലാണ് കോൺഗ്രസ് അവസാനമായി ഹൈദരാബാദിൽ ജയിച്ചത്. കാൽനൂറ്റാണ്ടിനിടെ, കോൺഗ്രസിന് ഇവിടെ രണ്ടാം സ്ഥാനത്തുപോലും എത്താനായിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് വലിലുള്ള സമീർഹൈദരാബാദ് ഡി.സി.സി പ്രസിഡന്റാണ്.
ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എ.ഐ.എം.ഐ.എമ്മിനാണ് ഭൂരിപക്ഷം. ഒരിടത്ത് ബി.ജെ.പിയും.
മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായികയായ മാധവി ലത ബി.ജെ.പിയുടെ കടുത്ത ഹിന്ദുത്വ മുഖമുള്ള നേതാവാണ്. കാമ്പയിനിലുടനീളം വിദ്വേഷ പ്രസംഗങ്ങാണ് അവർ നടത്തിയത്. രാമനവമി ദിനത്തിൽ റാലിക്കിടെ മുസ്‌ലിം പള്ളിയെ ലക്ഷ്യമാക്കി അമ്പ് തൊടുക്കുന്നതായി ആംഗ്യം കാട്ടിയത് വിവാദമായിരുന്നു. വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ നടപടിയും വിവാദമായി. രാജ്യത്തുതന്നെ, ഏറ്റവും വിദ്വേഷജനകമായ ബി.ജെ.പി കാമ്പയിൻ നടന്ന മണ്ഡലമാണ് ഹൈദരാബാദ്. അത്, വോട്ടിംഗിനെ സാരമായി സ്വാധീനിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ ഒവൈസിക്ക് അനുകൂലമായി നിരവധി വ്യാജവോട്ടുകൾ ചെയ്തിട്ടുണ്ടെന്നും ബുർഖയിട്ടുവന്ന സ്ത്രീകളാണ് ഹിന്ദു സ്ത്രീകളുടെ വോട്ടുകൾ ചെയ്തതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
ഹൈദരാബാദിൽ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും തെലങ്കാനയിൽ കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഒവൈസിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ആന്ധ്രപ്രദേശിൽ കോൺഗ്രസുമായും ടി ഡി പിയുമായും സഖ്യമുണ്ടായിരുന്ന എ ഐ എം ഐ എം തെലങ്കാന സംസ്ഥാനം രൂപീകരിച്ചശേഷം ബി ആർ എസുമായിട്ടാണ് സഖ്യം തുടരുന്നത്. തെലങ്കാനയിൽ കോൺഗ്രസിനോട് മൃദുസമീപനം സ്വീകരിക്കുന്ന ഒവൈസി മറ്റ് സംസ്ഥാനങ്ങളിലാകട്ടെ ഇന്ത്യ മുന്നണിക്ക് ഭീഷണിയുമാണ്.
ഹൈദരാബാദിലെ അടിത്തറ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ 2014 മുതൽ ബി ജെ പിയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. എന്നാൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി ജെ പിയുടെ വോട്ട് ശതമാനം കുറഞ്ഞുവരികയായിരുന്നു. 2014-ൽ 32.1 ശതമാനമായിരുന്ന വോട്ട് ശതമാനം 2019-ൽ 26.8 ശതമാനമായി.
1984- മുതൽ ഒവൈസി കുടുംത്തിന്റെ സുരക്ഷിത മണ്ഡലമാണ് ഹൈദരാബാദ്. ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ആറു തവണ ജയിച്ചിട്ടുണ്ട്. 2004 മുതൽ അസദുദ്ദീൻ ഒവൈസിക്കാണ് ജയം.
ഗദ്ദാം ശ്രീനിവാസ് യാദവായിരുന്നു ഇത്തവണ ബി.ആർ.എസ് സ്ഥാനാർഥി.