പ്രധാനമന്ത്രി നരേന്ദ്രമോദി

ഒടുവിൽ പാക്കിസ്ഥാനുമായി മോദി,
രാഹുലിനും കോൺഗ്രസിനും എതിരെ വിവാദ പ്രസംഗം

‘‘കോൺഗ്രസ് ഇവിടെ മരിക്കുന്നതുകണ്ട് പാക്കിസ്ഥാൻ കരയുകയാണ്. കോൺഗ്രസിന്റെ യുവരാജാവ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് പാക്കിസ്ഥാനി നേതാക്കൾ ആഗ്രഹിക്കുന്നത്. നമുക്കറിയാം, കോൺഗ്രസ് പാക്കിസ്ഥാന്റെ ഒരു ഫാൻ ആണെന്ന്. പാക്കിസ്ഥാനും കോൺഗ്രസും തമ്മിലുള്ള പാർട്ണർഷിപ്പ് ഇപ്പോൾ പൂർണമായും വെളിച്ചത്തുവന്നിരിക്കുന്നു''- എന്നാണ് മോദി പറഞ്ഞത്.

Election Desk

2019-ലേതുപോലെ, ബി.ജെ.പിയുടെ ഇലക്ഷൻ കാമ്പയിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിൽ കൊണ്ടു കെട്ടി. ഗുജറാത്തിലെ ആനന്ദിൽ നടന്ന ബി.ജെ.പി റാലിയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെയാണ് മോദിയുടെ വിവാദ പരാമർശം.

രാഹുൽ ഗാന്ധി ബി.ജെ.പിയെ വിമർശിക്കുന്ന വീഡിയോ പാക്കിസ്ഥാനിലെ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ഷെയർ ചെയ്തതാണ് മോദിയെ പ്രകോപിപ്പിച്ചത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സർക്കാർ ക്ഷണിച്ചവരെ ചൂണ്ടിക്കാട്ടി രാഹുൽ കേന്ദ്ര സർക്കാറിനെതിരെ നടത്തുന്ന വിമർശനമാണ് വീഡിയോയിൽ. ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ വാർത്താവിനിമയ മന്ത്രിയായിരുന്നു ഫവാദ് ഹുസൈൻ.

പാക്കിസ്ഥാനിലെ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ

''നോക്കൂ, എന്തൊരു യാദൃച്ഛികതയാണ്, കോൺഗ്രസ് ഇപ്പോൾ ഇന്ത്യയിൽ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. മൈക്രോസ്‌കോപ്പിലൂടെ പോലും നോക്കിയാൽ ആ പാർട്ടിയെ കാണാനാകില്ല. അപ്പോഴാണ് പാക്കിസ്ഥാനിൽ നേതാക്കൾ കോൺഗ്രസിനുവേണ്ടി പ്രാർഥിക്കുന്നത്. കോൺഗ്രസ് ഇവിടെ മരിക്കുന്നതുകണ്ട് പാക്കിസ്ഥാൻ കരയുകയാണ്. കോൺഗ്രസിന്റെ 'ഷെഹ്‌സാദ്' (യുവരാജാവ്) ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് പാക്കിസ്ഥാനി നേതാക്കൾ ആഗ്രഹിക്കുന്നത്. നമുക്കറിയാം, കോൺഗ്രസ് പാക്കിസ്ഥാന്റെ ഒരു ഫാൻ ആണെന്ന്. പാക്കിസ്ഥാനും കോൺഗ്രസും തമ്മിലുള്ള പാർട്ണർഷിപ്പ് ഇപ്പോൾ പൂർണമായും വെളിച്ചത്തുവന്നിരിക്കുന്നു''- എന്നാണ് മോദി പറഞ്ഞത്.

ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്ന രാജ്യവും കോൺഗ്രസുമായുള്ള കൂട്ടുകെട്ട് ബി.ജെ.പി തുറന്നുകാട്ടുകയാണ് എന്നു പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 'നമുക്കെല്ലാം അറിയാം, കോൺഗ്രസും പാക്കിസ്ഥാനും തമ്മിലുള്ള കൂട്ടുകെട്ട് ഇന്നലെ നമ്മൾ കണ്ടിട്ടുണ്ട്, അതിപ്പോൾ തുറന്നുകാട്ടുകയാണ്'.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയെന്ന് കോൺഗ്രസിനെ ആക്ഷേപിച്ച മോദി രാഹുലിനെയാണ് പ്രധാനമായും ലക്ഷ്യം വച്ചത്: ''ഭരണഘടനയുമായി നൃത്തം ചെയ്യുന്ന നിങ്ങൾ എന്തുകൊണ്ട് അത് 75 വർഷമായിട്ടും രാജ്യത്ത് എല്ലായിടത്തും നടപ്പാക്കിയില്ല? ഈ രാജ്യത്തിന് രണ്ടു ഭരണഘടനകളുണ്ടായിരുന്നു, രണ്ട് കൊടികളുണ്ടായിരുന്നു, രണ്ട് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടന രാജ്യത്താകെ പിന്തുടരാൻ കോൺഗ്രസ് അനുവദിച്ചില്ല. ആർട്ടിക്കിൾ 370-ലൂടെ, കാശ്മീരിനെ ഭരണഘടനയിൽനിന്ന് മാറ്റിനിർത്തി''.

രാഹുൽ ഗാന്ധി

ഗുജറാത്തിൽ രജപുത് സമുദായത്തിന്റെ രോഷം നേരിടുകയാണ് ബി.ജെ.പി. ഈ സമുദായത്തിന് സ്വാധീനമുളളതാണ് ആനന്ദ്, ഖേദ ലോക്‌സഭാ മണ്ഡലങ്ങൾ. ഈ സമുദായത്തെ പ്രീണിപ്പിക്കാനും മോദി മറന്നില്ല. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും അതിനാൽ അവർ മുസ്‌ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കുകയുമാണ് എന്നും മോദി ആക്ഷേപിച്ചു: ''കോൺഗ്രസ് മുസ്‌ലിം ലീഗിന് സ്വയം സമർപ്പിച്ചിരിക്കുകയാണ്. എന്നിട്ട് പട്ടികജാതി- പട്ടികവർഗക്കാരെയും പിന്നാക്കവിഭാഗങ്ങളെീയും ഇരുട്ടിൽ നിർത്തിയിരിക്കുന്നു. ഒ.ബി.സി കമീഷനുകളുടെ എല്ലാ നിർദേശങ്ങളും കോൺഗ്രസ് തള്ളിക്കളഞ്ഞു. ട്രൈബൽ ഡിപ്പാർട്ടുമെന്റ് ഒരിക്കലും കൊണ്ടുവന്നില്ല. എസ്.സി- എസ്.ടി, ഒ.ബി.സി സംവരണം അപഹരിച്ച് അത് മുസ്‌ലിംകൾക്ക് നൽകാനുള്ള കോൺഗ്രസിന്റെ ഗൂഢാലോചന ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കോൺഗ്രസ് എന്നും ന്യൂനപക്ഷ വോട്ടുബാങ്കിനെയാണ് പരിഗണിച്ചിട്ടുള്ളത്, അതിൽ മുസ്‌ലിംകളാണ് കൂടുതലും''.

ഇന്ത്യ മുന്നണി മുസ്‌ലിംകളോട് വോട്ട് ജിഹാദിന് ആഹ്വാനം നടത്തിയതായും മോദി ആക്ഷേപിച്ചു: ''നമ്മൾ ലവ് ജിഹാദ്, ലാൻഡ് ജിഹാദ് എന്നെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ, വോട്ട് ജിഹാദ് ആഹ്വാനം നടത്തിയത് മദ്രസയിൽ പഠിക്കുന്ന ഒരു കുട്ടിയല്ല, ഒരു കോൺഗ്രസ് നേതാവിന്റെ കുടുംബത്തിലെ മുതിർന്ന അംഗമാണ്. രാജ്യത്തെങ്ങുമുള്ള മുസ്‌ലിംകൾ യോജിച്ച് ഒറ്റക്കെട്ടായി വോട്ട് ജിഹാദ് ചെയ്യണം എന്നായിരുന്നു ആഹ്വാനം. ഇതിനെ കോൺഗ്രസ് എതിർത്തില്ല എന്നു മാത്രമല്ല, നിശ്ശബ്ദമായി സമ്മതം കൊടുക്കുകയും ചെയ്തു’’.

മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ബന്ധുവായ മരിയ ആലം ഖാൻ നടത്തിയ വിവാദ പ്രസംഗത്തെയാണ് മോദി പരാമർശിച്ചത്. ബി.ജെ.പി സർക്കാറിനെ പുറത്താക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ജിഹാദാണ് വഴിയെന്ന് പ്രസംഗിച്ചതിന് മരിയ ആലം ഖാനെതിരെ പെരുമാറ്റചട്ടലംഘനത്തിന് കേസെടുത്തിട്ടുണ്ട്.

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ

മോദിയുടെ പ്രസംഗം ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സർവാത്മാ ഏറ്റെടുത്തിട്ടുണ്ട്.
'കോൺഗ്രസ് പാക്കിസ്ഥാനിലെ ഇലക്ഷനിൽ മത്സരിക്കാൻ പോകുന്നുണ്ടോ' എന്നാണ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചോദിക്കുന്നത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വയനാട്ടിൽരാഹുൽ ഗാന്ധിയുടെ കാമ്പയിനിൽ മുസ്‌ലിം ലീഗ് കൊടിയെ പാക്കിസ്ഥാൻ കൊടിയാക്കി സംഘ്പരിവാർ ഉത്തരേന്ത്യയിൽ വ്യാപക വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.
2017-ൽ നടത്തിയ പ്രസംഗത്തിൽ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസിലെ ന്യൂനപക്ഷ സമുദായ നേതാക്കൾ പാക്കിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി മോദി ആരോപിച്ചിരുന്നു. പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയും പാക്കിസ്ഥാൻ ഹൈക്കമഷണറും കോൺഗ്രസ് നേതാവ് മണിശങ്കർഅയ്യരുടെ വീട്ടിൽവച്ച് നടത്തിയ ഗൂഢാലോചനയിൽ മൻമോഹൻ സിങ്ങും മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പങ്കെടുത്തതായും ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ഇതിന് വിശദീകരണം ചോദിച്ചപ്പോൾ അനൗപചാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം മോദിയുടെ പ്രസ്താവന എന്നായിരുന്നു മറുപടി.

2019-ലും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ കാമ്പയിനിൽ നരേന്ദ്രമോദി അഴിച്ചുവിട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2019 ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 42 സി.ആർ.പി.എഫ് ജവാന്മാർകൊല്ലപ്പെട്ടിരുന്നു. ഇവർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സുരക്ഷാ വീഴ്ചയാണ് ജവാന്മാരുടെ ജീവനെടുത്തതെന്ന അന്നത്തെ കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ കൂടിയായതോടെ മോദി സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്തു. പുൽവാമ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യൻ വ്യോമസേന ഫെബ്രുവരി 28ന് ബാലാകോട്ടിൽ നടത്തിയ ആക്രമണവും നിരവധി സംശയങ്ങളുയർത്തി. ബാലാകോട്ട് ആക്രമണത്തെ മുൻനിർത്തി ഹിംസാത്മക ദേശീയതയിലൂന്നിയുള്ള കാമ്പയിനാണ് ബി.ജെ.പി അഴിച്ചുവിട്ടത്. ബാലാകോട്ട് ആക്രമണത്തെക്കുറിച്ച് താൻ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് മോദി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

മുസ്‌ലിംകളെ അപരപക്ഷത്തുനിർത്താനുള്ള എല്ലാ അവസരവും, ഒരു രാഷ്ട്രീയനേതാവ് മുമ്പെങ്ങും നടത്താത്തവിധം വിദ്വേഷകരമായ പ്രയോഗിക്കുകയാണ് മോദി.

സംവരണം, തുല്യനീതി, ന്യൂനപക്ഷ പ്രാതിനിധ്യം തുടങ്ങിയ ഭരണഘടനാപരമായ അവകാശങ്ങളെ സംശയത്തിന്റെയും സാമുദായികവിദ്വേഷത്തിന്റെയും അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിലാക്കിയുള്ള കാമ്പയിൻ തീവ്രമായി ഏറ്റെടുത്തിട്ടുള്ള മോദി, ഇപ്പോൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഹിംസാത്മകമായ ദേശീയത എന്ന ആയുധമാണ് പ്രയോഗിക്കുന്നത്. ഇതിന്റെയും എതിർപക്ഷമായി മുസ്‌ലിംകളെ നിലനിർത്താം എന്ന യുക്തിയാണ് മോദിയുടേത്.

കോൺഗ്രസ്- മുസ്‌ലിം ലീഗ് രാഷ്ട്രീയസഖ്യത്തെയും പാക്കിസ്ഥാനെയും കൗശലത്തോടെ കൂട്ടിയിണക്കുന്ന മോദിയുടെ ഉന്നം, സ്വാതന്ത്ര്യാനന്ത ഇന്ത്യയുടെ ദേശീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതിലേക്കുകൂടി എത്തുന്നുണ്ട്. 'കോൺഗ്രസും പാക്കിസ്ഥാനും തമ്മിലുള്ള കൂട്ടുകെട്ട് ഇന്നലെയും നമ്മൾ കണ്ടിട്ടുണ്ട്' എന്നു പറയുമ്പോൾ, സ്വാതന്ത്ര്യലബ്ദിയുടെ കാലത്ത്, ഗാന്ധിയുടെ ഇടപെടലോടെ ഇന്ത്യ സ്വീകരിച്ച ന്യൂനപക്ഷ അനുകൂല നടപടികളെ തന്നെയാണ് മോദി തള്ളിപ്പറയുന്നത്. ന്യൂനപക്ഷ വിരോധിയായ തീവ്രദേശീയതയുടെ പതാകാവാഹകനായി, എല്ലാ തവണത്തെയും പോലെ മോദി ഇത്തവണയും അവതരിക്കുന്നുവെന്നുമാത്രം.

Comments