ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടു സ്ഥാനത്തുനിന്ന് കോൺഗ്രസ് മാറിയതെപ്പോൾ

ഇലക്ഷന് രാമരാജ്യ ഓഫർ, പ്രചാരണത്തിന്റെ ഫ്‌ളാഗോഫ് അയോധ്യയിൽ നിന്ന്. ഇതാണ് കോൺഗ്രസ് വീണ പടുകുഴി. കാരണം, ഇവിടെവെച്ച് ആർ.എസ്.എസിന്റെ അജണ്ട രാഷ്ട്രീയശരിയായി സ്ഥാപിച്ചുകിട്ടുകയായിരുന്നു. ലെജിറ്റമസി കിട്ടിയതോടെ അവർ സ്പീഡു കൂട്ടി- രഥയാത്രയൊക്കെ കൊണ്ടുവരുന്നു.

Truecopy Webzine

കെ.കണ്ണൻ : അതിശക്തമായ ഒരു നെഹ്റൂവിയൻ ഓറയുടെ അന്തരീക്ഷമുണ്ടായിരുന്ന കാലമായിരുന്നു അത് എന്ന് കേട്ടിട്ടുണ്ട്, മുഖ്യധാരാ രാഷ്ട്രീയത്തിൽ മാത്രമല്ല, മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമേലും. ആ ഒരു ഇൻഫ്ളൂവൻസിന്റെ കെണികളെക്കുറിച്ചുള്ള കഥകൾ, പിന്നീടുള്ള തലമുറയിൽനിന്ന് പറഞ്ഞുകേട്ടിരിക്കുമല്ലോ?

വിജു വി. നായർ: പലവഴിക്കും ഡൽഹി ഒരു കെണി തന്നെയാണ്. അധികാരമുള്ളവനും ഇല്ലാത്തവനും. ഇല്ലാത്തവൻ അധികാരികളുടെ കെണിയിൽ ശാശ്വതമായി കഴിയും, മറ്റവനോ? അധികാരം ഒരുക്കുന്ന കെണികളിൽ ഉഴറിനടക്കും. കിട്ടിയ അധികാരവും കിട്ടാൻ കൊതിക്കുന്ന അധികാരവുമുണ്ട്. സദാ കൊതി ബാക്കിനിർത്തുന്നഅധികാരവുമുണ്ട്. അടങ്ങാത്ത പ്രലോഭനവും ഒടുങ്ങാത്ത ലഹരിയുമാണത്.

ചുമ്മാതാണോ നമ്മൾ മണ്ടത്തരത്തിന്റെ മെറ്റഫറാക്കിയ തുഗ്ലക്ക് ഇറങ്ങിയോടിയത്? ചരിത്രബോധമുള്ള ഏതോ കാണിപ്പയ്യൂര് കാതിലോതിയത്രേ, യമുനാതടത്തിൽ സിംഹാസനം വാഴില്ലെന്ന്. പറഞ്ഞുകേട്ട കഥയിലൊന്നാണ്; ഒന്നോർത്താൽ സംഗതി നേരല്ലേ? ഇന്ദ്രപ്രസ്ഥം തൊട്ട് മുഗൾ ചരിത്രം വരെ ഈ ശാപം കിടന്നുകളിക്കുകയല്ലേ? കൽക്കട്ടയിൽ വല്യ തട്ടുകേടില്ലാതെ കഴിഞ്ഞുപോന്ന ബ്രിട്ടീഷുകാർക്ക് ആപ്പായില്ലേ ഡൽഹിക്കുള്ള മാറ്റം? ഇനി 47നു ശേഷമോ? പാടുപെട്ട് ഒഴിപ്പിച്ച കസേര ജവഹർലാൽ നെഹ്‌റു മരണംവരെ കാത്തു. പക്ഷേ മോള്, അവരുടെ രണ്ടു സന്താനങ്ങൾ... പ്രത്യക്ഷ ദുരന്തങ്ങളായില്ലേ? നടപ്പുദുരന്തം ദാ ചുറ്റിത്തിരിയുന്നു- രാഹുൽ. ഇതൊക്കെ കേട്ടാൽ മൊഹമ്മദ് ബിൻ അല്ല ഏതു തുഗ്ലക്കായാലും ഹെഡാപ്പീസ് മാറ്റിപ്പോവും. മണ്ടനായതുകൊണ്ടല്ല, അങ്ങനെയായിപ്പോയി യമുനാതടത്തിൽ അധികാരത്തിന്റെ ചരിത്രഗതി.

സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസിനെതിരായ രാഷ്ട്രീയ മൂവ്മെന്റിന് ഭരണംവരെ സാധ്യമാക്കാനായത് എൺപതുകളിലാണ്. മൊറാർജിയേക്കാൾ വി.പി. സിങ്ങായിരുന്നു, രാഷ്ട്രീയ ചരിത്രത്തിലെ മൈൽ സ്റ്റോൺ എന്നുതോന്നിയിട്ടുണ്ട്, ഒരുപക്ഷെ ജെ.പിയേക്കാളുമേറെ.

കോൺഗ്രസിനെതിരായ രാഷ്ട്രീയ ചലനം നേരത്തെയുണ്ട്. പ്രശ്നം, കോൺഗ്രസിസം എന്നു പറയാവുന്ന ഒരു രാഷ്ട്രീയമാണ്. അത് പൊതുവിൽ എല്ലാ കക്ഷികളെയും കലശലായി ബാധിച്ചിരുന്നു. 1950നുശേഷം പല സംസ്ഥാനങ്ങളിലും ജെ.പിയുടെ സ്ഥാനം ഒരാനമയിലൊട്ടകമായിരുന്നു. കമ്യൂണിസ്റ്റുകാർ തൊട്ട് ജനസംഘക്കാർ വരെയുണ്ട്. പ്രത്യയശാസ്ത്രപരമായി മാത്രമല്ല വ്യക്തിപരമായിപ്പോലും യാതൊരു ചേർച്ചയുമില്ലാത്തവരെ ഏച്ചുവെച്ചാൽ എന്താ ഫലം? മുഴച്ചുപൊട്ടി. ഇന്ദിര വേഗം തിരിച്ചുവന്നു. പക്ഷെ കാതലായ ഒരുമാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നു- ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടു സ്ഥാനത്തുനിന്ന് കോൺഗ്രസിസം മാറി. പകരം വയ്ക്കാൻ പെട്ടെന്ന് ഒന്നുമുണ്ടായില്ല. കാരണം ഈ പായിൽ കിടന്നു പെഴച്ചവരാണല്ലോ സകലരും. അങ്ങനെ അച്ചുതണ്ടുസ്ഥാനത്തൊരു വാക്വം വന്നു. എഴുപതുകളുടെ അവസാനം തൊട്ട് മൂന്ന് പതിറ്റാണ്ടിൽ അതങ്ങനെ തന്നെ കടന്നു. ഒഴിവു നികത്താൻ പല ശ്രമങ്ങളുമുണ്ടായി. റാഡിക്കലായ ചലനങ്ങൾ രണ്ടു ഭാഗത്തുനിന്നാണുണ്ടായത്. ഒന്ന് വി.പി സിങ്. മറ്റേത്, ആർ.എസ്.എസ്. ഈ രണ്ടു ചലനങ്ങളും ഡയമെട്രിക്കലി ഓപ്പസിറ്റായ രണ്ടു രാഷ്ട്രീയങ്ങളാണ്. അവ ഇന്ത്യൻ രാഷ്ട്രീയത്തിന് കാമ്പുള്ള ഒരു ബൈനറി സൃഷ്ടിച്ചുതന്നു. കോൺഗ്രസിന്റെ എതിരാളികൾ ഭരണം പിടിച്ചിട്ടുണ്ട്. അപ്പോഴും രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് കോൺഗ്രസായിരുന്നു. മറ്റുള്ളവർ ഒന്നുകിൽ അനുകൂലികൾ, അല്ലെങ്കിൽ എതിരാളികൾ. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നീക്കുപോക്കുകളെ ചുറ്റിപ്പറ്റിയുള്ള ചലനങ്ങൾ മാത്രമാണ് മറ്റുള്ളവരും നടത്തിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പ്രമുഖ ചലനമുണ്ടാകുന്നത് ജെ.പി. വഴിയാണ്- ലോക് സംഘർഷ് പ്രസ്ഥാനവും നവനിർമാൺ മൂവ്മെന്റും. അതിന് ലോഹ്യ തിസീസ് തൊട്ട് ഇന്ദിരാഭരണം വരെ പല പ്രേരകങ്ങളുണ്ട്. അടിസ്ഥാനപരമായി ഒരു സിമ്പിൾ പോയന്റിലാണ് അതിന്റെ ഉയിര്. ചില തെക്കൻ ദേശങ്ങളിലൊഴിച്ച് ഇന്ത്യയിലൊരിടത്തും സാധാരണ പൗരൻ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരുന്നില്ല. അവൻ/അവൾ വെറും വോട്ടർ മാത്രമായിരുന്നു. പോളിങ് ദിവസം മാത്രം കറവയുള്ള കന്നാലി. അങ്ങനെയാണ് കോൺഗ്രസിസത്തിൽ പൗരന്റെ സ്ഥാനം. അതിനെതിരായ ആദ്യത്തെ ദേശീയ ചലനമായിരുന്നു ജെ.പിയുടേത്. സ്വഭാവികമായും വോട്ടറുടെ രാഷ്ട്രീയവൽക്കരണത്തെ, അതുകൊണ്ട് ചേതമുള്ളവർ പേടിക്കും. ആ പേടിയുടെ റിയാക്ഷനായിരുന്നു അടിയന്തരാവസ്ഥ.

ആർ.എസ്.എസിന്റെ "നിക്കർ വളണ്ടിയറിസ'ത്തിനകത്ത് പൊതിഞ്ഞുവച്ചിരുന്ന "പൊളിറ്റിക്കൽ വളണ്ടിയറിസം' പ്രായപൂർത്തിയാകുകയും ഉദ്ധാരണശേഷി നേടുകയും ചെയ്ത കാലം കൂടിയാണല്ലോ അത്.

ആർ.എസ്.എസിന്റെ നീക്കം നേരത്തേയുള്ളതാണ്. മെജോറിറ്റേറിയൻ സ്റ്റേറ്റ്. അവരുടെ അവതാരോദ്ദേശ്യം തന്നെ അതാണല്ലോ. ബ്രിട്ടീഷുകാർ പോയ ഉടനേ പക്ഷെ, പത്തി താഴ്‌ത്തേണ്ടിവന്നു. കാരണം ഗാന്ധി വധം. പിന്നെ ഓരോരോ മുഖംമൂടിയിട്ടുനോക്കി. ജനസംഘമുണ്ടാക്കി, ക്ലച്ചു പിടിച്ചില്ല. ആറ്റുനോറ്റിരിക്കുമ്പോൾ ജെ.പിയുടെ മൂവ്‌മെന്റ് വന്നു, അടിയന്തരാവസ്ഥയും. മുഖ്യധാരയിലെ കോൺഗ്രസിസമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ പൊതുവിൽ ഒഴിപ്പിച്ചുനിർത്തിയിരുന്നത്. ആ അച്ചുതണ്ട് പോയി, ശൂന്യത വന്നപ്പോൾ ആർ.എസ്.എസ് നീക്കങ്ങൾ ഉഷാറാക്കി. മുഖംമൂടി കളഞ്ഞ് ബി.ജെ.പിയുണ്ടാക്കുന്നു. വി.എച്ച്.പി വഴി അനക്കം വയ്പിച്ചിരുന്ന ഗോവധവും അയോധ്യയും ചൂടാക്കുന്നു. ഇന്ദിര പോയി, ഡൈയിംഗ് ഇൻ ഹാർനെസിൽ മകൻ വന്നതോടെ ആർ.എസ്.എസ് ഗിയറുമാറ്റി. കമ്പ്യൂട്ടർയുഗവും യുവത്വത്തിന്റെ കുതിപ്പുമൊക്കെ പറഞ്ഞിറങ്ങിയ രാജീവ് റോക്കറ്റ് വേഗത്തിൽ ആ ചിരപുരാതന കെണിയിലായി- വർഗീയ രാഷ്ട്രീയം. ഷാബാനു കേസ് പ്രശ്‌നത്തിൽ മുസ്‌ലിംകളെ സുഖിപ്പിക്കാൻ പോയി. ബാലൻസ് ചെയ്യാൻ അയോധ്യയിൽ ശിലാന്യാസപൂജ.

ചടങ്ങിലേക്ക് മന്ത്രി ബൂട്ടാസിംഗിനെ സ്വന്തം പ്രതിനിധിയായി വിടുന്നു. അതുകഴിഞ്ഞ് ഇലക്ഷന് രാമരാജ്യ ഓഫർ, പ്രചാരണത്തിന്റെ ഫ്‌ളാഗോഫ് അയോധ്യയിൽ നിന്ന്. ഇതാണ് കോൺഗ്രസ് വീണ പടുകുഴി. കാരണം, ഇവിടെവെച്ച് ആർ.എസ്.എസിന്റെ അജണ്ട രാഷ്ട്രീയശരിയായി സ്ഥാപിച്ചുകിട്ടുകയായിരുന്നു. ലെജിറ്റമസി കിട്ടിയതോടെ അവർ സ്പീഡു കൂട്ടി- രഥയാത്രയൊക്കെ കൊണ്ടുവരുന്നു. വി.പി. സിങ്ങിന്റെ ചലനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

അഭിമുഖത്തിൻറെ പൂർണ രൂപം ട്രൂകോപ്പി വെബ്സീനിൽ വായിക്കാം

എ ജേണലിസ്റ്റ് ഇൻഎഡിറ്റഡ് | വിജു വി. നായർ / കെ. കണ്ണൻ

മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യൻ സിവിൽ സമൂഹം കടന്നുപോന്ന പാരഡൈം ഫിഷ്റ്റുകൾ രേഖപ്പെടുത്തുകയാണ്, അവയ്ക്ക് സാക്ഷിയായ പ്രമുഖ മാധ്യമപ്രവർത്തകൻ വിജു വി. നായരുമായുള്ള ഈ സംഭാഷണം.


Summary: ഇലക്ഷന് രാമരാജ്യ ഓഫർ, പ്രചാരണത്തിന്റെ ഫ്‌ളാഗോഫ് അയോധ്യയിൽ നിന്ന്. ഇതാണ് കോൺഗ്രസ് വീണ പടുകുഴി. കാരണം, ഇവിടെവെച്ച് ആർ.എസ്.എസിന്റെ അജണ്ട രാഷ്ട്രീയശരിയായി സ്ഥാപിച്ചുകിട്ടുകയായിരുന്നു. ലെജിറ്റമസി കിട്ടിയതോടെ അവർ സ്പീഡു കൂട്ടി- രഥയാത്രയൊക്കെ കൊണ്ടുവരുന്നു.


Comments