ഭരണഘടനയുമേന്തി, അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഓർമിപ്പിച്ച് പ്രതിപക്ഷം,
18-ാം ലോക്സഭക്ക് തുടക്കം

ഭരണഘടനയുടെ കോപ്പികളുമായാണ് പ്രതിപക്ഷ എം.പിമാർ 18-ാംലോക്സഭയുടെ ആദ്യ സമ്മേളനത്തിനെത്തിയത്.

National Desk

നാളെ 50-ാം വർഷത്തിലേക്ക് കടക്കുന്ന, 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമിപ്പിച്ച് ​പ്രധാനമന്ത്രി നരേന്ദ്രമോദി.
മോദിയുടെ ഭരണത്തിൽ തുടരുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമിപ്പിച്ചും തിരിച്ചടിച്ചും കോൺഗ്രസ്, ഭരണഘടനയുടെ കോപ്പികളുമായി പ്രതിപക്ഷ എം.പിമാർ- 18-ാംലോക്സഭയുടെ ആദ്യ സമ്മേളനം, ന​രേന്ദ്രമോദി സർക്കാറിന്റെ ജനാധിപത്യനിഷേധങ്ങൾക്കെതിരായ ​പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനവേദിയായി.

പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷനേതാക്കൾ ഒറ്റക്കെട്ടായി ഭരണഘടനയുടെ കോപ്പികളുമായാണ് എത്തിയത്. സമ്മേളനം തുടങ്ങുന്നതിനുമുമ്പ് ഗാന്ധി പ്രതിമക്കുമുന്നിൽ കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗേ, രാഹുൽഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു തുടങ്ങിയവർ ‘ഭരണഘടന നീണാൾ വാഴട്ടെ’, ‘ഭരണഘടന സംരക്ഷിക്കുക’, ‘ജനാധിപത്യത്തെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. ഭരണഘടനയെ ആക്രമിക്കുന്ന നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നടപടികളോടുള്ള പ്രതിഷേധം കൂടിയാണിതെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തൊടാനാകില്ല എന്ന സന്ദേശമാണ് പ്രതിപക്ഷം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘മോദി ഭരണഘടന അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ജനാധിപത്യ തത്വങ്ങളെയും ഈ സർക്കാർ ലംഘിക്കുകയാണ്. അതുകൊണ്ടാണ് ഭരണഘടനയുയർത്തി പ്രതിപക്ഷം പ്രതിഷേധിക്കുന്നത്’’- രാഹുൽ പറഞ്ഞു.

18ാ-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.
18ാ-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.

എട്ടു തവണ എം.പിയായി തുടരുന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെ പ്രൊ ടൈം സ്പീക്കർ സ്ഥാനത്തിന് പരിഗണിക്കാത്തിലും നീറ്റ്- നെറ്റ് പരീക്ഷാക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധിച്ചു. കൊടിക്കുന്നിൽ സുരേഷിനെ പ്രൊ ടൈം സ്പീക്കറാക്കാത്തത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സമവായത്തെക്കുറിച്ചും പ്രതിപക്ഷ ധർമത്തെക്കുറിച്ചും ഓർമിപ്പിച്ച് പ്രസംഗം തുടങ്ങിയ മോദി അടിയന്തരാവസ്ഥയിലേക്ക് കടന്നു: ‘‘നാളെ ജൂൺ 25. ഇന്ത്യൻ ജനാധിപത്യത്തിനുമേൽ പടർന്ന കളങ്കത്തിന്റെ 50 വർഷങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന ദിവസം. ഇന്ത്യൻ ഭരണഘടന പൂർണമായി തിരസ്‌കരിക്കപ്പെട്ട, ഭരണഘടനയുടെ ഓരോ ഭാഗവും തുണ്ടുതുണ്ടായി പിച്ചിച്ചീന്തിയ, രാജ്യം മുഴുവൻ തടവറയായി മാറിയ, ജനാധിപത്യം പൂർണമായി അടിച്ചമർത്തപ്പെട്ട ആ ദിനത്തെ പുതിയ തലമുറ ഒരിക്കലും മറക്കില്ല. നമ്മുടെ ഭരണഘടനയും രാജ്യത്തിന്റെ ജനാധിപത്യവും ജനാധിപത്യ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ രാജ്യത്തുള്ളവരെല്ലാവരും പ്രതിജ്ഞയെടുക്കണം. 50 വർഷം മുമ്പ് സംഭവിച്ചത് ആവർത്തിക്കാൻ ഇനിയാരും ധൈര്യപ്പെടില്ലെന്ന ഓർമപ്പെടുത്തലായിരിക്കണം ആ പ്രതിജ്ഞ. ഇന്ത്യൻ ഭരണയനുസരിച്ച് സാധാരണ ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാനുള്ള പ്രതിജ്ഞ ഞങ്ങളും എടുക്കുന്നു''.

ലോക്സഭയിൽ പ്രധാനമ​ന്ത്രി പ്രസംഗിക്കുമ്പോൾ പ്രതിപക്ഷനേതാക്കൾ ഭരണഘടനയുടെ കോപ്പികൾ ഉയർത്തിക്കാട്ടുന്നു.
ലോക്സഭയിൽ പ്രധാനമ​ന്ത്രി പ്രസംഗിക്കുമ്പോൾ പ്രതിപക്ഷനേതാക്കൾ ഭരണഘടനയുടെ കോപ്പികൾ ഉയർത്തിക്കാട്ടുന്നു.

രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യത്തിലാണ് മോദി 50 വർഷം മുമ്പത്തെ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ പറഞ്ഞു. പ്രഖ്യാപനമില്ലാതെ തന്നെ അടിയന്തരാവസ്ഥ നടപ്പാക്കുകയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞക്ക് വേദിയിലെത്തിയപ്പോൾ 'നീറ്റ്' ഷെയിം വിളികളുയർന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു പ്രൊ ടൈം സ്പീക്കറായ ബി.ജെ.പിയിലെ ഭർതൃഹരി മഹതാബിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹ്താവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക്‌സഭാംഗമായി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ എം.പിമാർ പ്രൊ ടൈം സ്പീക്കറെ സഹായിക്കുന്നതിൽനിന്ന് വിട്ടുനിന്നു.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകളാണ് ഇനി പ്രധാനമായും നടക്കാനുള്ളത്. ജൂൺ 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.

Comments